നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നഴ്‌സിംഗ് സമരവുമായി ബന്ധപ്പെട്ട് ഞാൻ പങ്കുവെച്ച എഴുത്തുകൾക്ക് താഴെ UNA പ്രവർത്തകർ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയുണ്ടായി.

ഒരു രൂപതാംഗം എന്ന നിലയിൽ, ഈ കാര്യങ്ങളിലെ നിജസ്ഥിതി ബോധ്യപ്പെടാൻ ഞാൻ ജൂബിലി മിഷൻ ആശുപത്രി അധികൃതരുമായി നേരിട്ട് ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. എനിക്ക് ലഭിച്ച വ്യക്തമായ മറുപടികൾ താഴെ നൽകുന്നു:

===================================

* ജൂബിലി മിഷൻ ഹോസ്പിറ്റലിൽ നേഴ്സ്മാരുടെ സമരം ആയതുകൊണ്ട് രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല എന്ന് കേൾക്കുന്നുണ്ട് ശരിയാണോ?

അത് പൂർണ്ണമായും ശരിയല്ല. അനുവാദമില്ലാതെ അനധികൃതമായി കുറച്ച് നേഴ്സുമാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നുണ്ട് . ജൂബിലിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് ദുഷ്പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇന്നും സാധാരണപോലെ അഡ്മിഷനുകൾ ഉണ്ടായിട്ടുണ്ട്. സേവനങ്ങൾക്ക് യാതൊരുവിധ തടസ്സവും ഉണ്ടായിട്ടില്ല.

* നേഴ്സുമാർക്ക് ശമ്പളം കുറവ് കൊടുക്കുന്നത് കൊണ്ടല്ലേ അവർ സമരത്തിന് ഇറങ്ങേണ്ടി വരുന്നത്?

കാലാകാലങ്ങളിൽ ഗവൺമെൻറ് നിർദ്ദേശിക്കുന്ന വേതനവും അതിൽ കൂടുതലും ജൂബിലിയിൽ നൽകി വരാറുണ്ട് . ഇപ്പോൾ വേതനം പരിഷ്കരണത്തിനായി സർക്കാർ കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട് രണ്ടുമാസം ഈ വിജ്ഞാപനത്തിലുള്ള ആക്ഷേപങ്ങൾ സമർപ്പിക്കുവാനുള്ള സമയമാണ്. അതിനെ തുടർന്ന് വേതന വ്യവസ്ഥ പ്രാബല്യത്തിൽ വരുന്ന മുറക്ക് വേതനം കൂട്ടി നൽകുന്നതാണ്

* നഴ്സുമാർക്ക് മാത്രമാണോ ശമ്പള പരിഷ്കരണം നടത്തുന്നത്?

ജൂബിലി മിഷൻ ആശുപത്രിയിൽ എന്നൊക്കെ ശമ്പള പരിഷ്കരണം നടത്തിയിട്ടുണ്ടോ അപ്പോഴൊക്കെ നേഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ശമ്പള പരിഷ്കരണം നടത്തിയിരിക്കുന്നത് . സമരം ചെയ്താലും ഇല്ലെങ്കിലും സർക്കാരിൻ്റെ പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വരുമ്പോൾ എല്ലാ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കുന്നതാണ് . ഏകദേശം 3500 ൽ പരം ജീവനക്കാർ ജൂബിലിയിൽ സേവനം ചെയ്യുന്നുണ്ട്.

* ന്യായമായ കൂലി ചോദിക്കുന്നത് തൊഴിലാളികളുടെ അവകാശമല്ലേ?

ഏതാണ് അല്ലെങ്കിൽ എത്രയാണ് ന്യായമായ കൂലി?. ന്യായം എന്നത് തൊഴിലാളികൾക്ക് മാത്രമാണോ അതോ തൊഴിലുടമകൾക്കും വേണ്ടതല്ലേ? ന്യായമായ കൂലി നിശ്ചയിക്കുന്നത് ആരാണ്? തൊഴിലാളികൾ പറയുന്ന സംഖ്യ ആണോ ന്യായമായ കൂലി ?ന്യായവും അന്യായവും കണക്കിലെടുത്തല്ലേ ഗവർമെൻറ് കൂലി നിശ്ചയിക്കുന്നത് ?എന്നിട്ട് ന്യായ അന്യായങ്ങളെ കുറിച്ച് സംസാരിക്കുന്ന നേഴ്സുമാർ നീതിന്യായ കോടതിയെ എന്തുകൊണ്ട് അനുസരിക്കുന്നില്ല .

ജൂബിലി മിഷൻ ഹോസ്പിറ്റൽ ന്യായമല്ലാത്ത കൂലിയാണ് നഴ്സുമാർക്ക് നൽകുന്നത് എന്ന് പറയുന്നവർ തന്നെ പറയുന്നു 32,000 മുതൽ 65,000 രൂപ വരെ ജൂബിലി ശമ്പളം നൽകുന്നുണ്ടെന്ന്. കേരളത്തിലെ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ആശുപത്രികളിൽ ഒന്നാണ് ജൂബിലി. അങ്ങനെയെങ്കിൽ മറ്റു ആശുപത്രികൾ ജൂബിലി മിഷൻ ഹോസ്പിറ്റലിനേക്കാൾ താഴെയാണ് വേതനം നൽകുന്നത് . അതായത് സമരക്കാരുടെ ഭാഷയിൽ അവരും അന്യായമായ വേതനമാണ് നൽകുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മറ്റു ആശുപത്രികളിൽ സമരമില്ല , ജൂബിലിയിൽ മാത്രം സമരം ചെയ്യുന്നു. മറ്റു ആശുപത്രികളിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് ഈ നീതിയും ന്യായവും ഒന്നും വേണ്ടേ ? ചികിത്സ തേടിവരുന്ന രോഗികൾക്കും ഈ ന്യായം നടത്തി കൊടുക്കേണ്ടതല്ലേ?

* നേഴ്സുമാരുടെ വേതനം തീരുമാനിക്കുന്നത് ആരാണ് ?

2013ലും 2018 ലും വേതന വ്യവസ്ഥ കൊണ്ടുവന്നത് സർക്കാരാണ് . ഓരോ തവണയും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വേതനം ജൂബിലിയിലെ നഴ്സുമാർ ഉൾപ്പെടുന്ന 3500ൽ പരം വരുന്ന എല്ലാ ജീവനക്കാർക്കും ജൂബിലി നൽകിയിട്ടുണ്ട്. 2018 ല്‍ സർക്കാർ നിർദ്ദേശിച്ച വേതന വ്യവസ്ഥയ്ക്ക് കോടതിയിൽ നിന്ന് സ്റ്റേ വന്നിട്ടും ജൂബിലി ആ വ്യവസ്ഥ പാലിച്ചിട്ടുണ്ട് . 2023ല്‍ വേതന വ്യവസ്ഥ സർക്കാർ പരിഷ്കരിക്കേണ്ടതായിരുന്നു . എന്നാൽ അതിന് കാലതാമസം വന്നപ്പോൾ ഇടക്കാല ആശ്വാസമായി 2023 ൽ എല്ലാ ജീവനക്കാർക്കും ജൂബിലി വേതനം കൂട്ടി നൽകിയിട്ടുണ്ട് . ഇപ്പോൾ സർക്കാർ വേതനം പരിഷ്കരിക്കാനുള്ള കരടുരേഖ പുറത്തിറക്കിയിട്ടുണ്ട് . എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അത് അറിയിക്കാനുള്ള രണ്ട് മാസത്തെ സാവകാശവും സർക്കാർ നൽകിയിട്ടുണ്ട് . ആക്ഷേപങ്ങൾ തീർപ്പാക്കി പരിഷ്കരിച്ച വിജ്ഞാപനം പ്രാബല്യത്തിൽ വരുമ്പോൾ നിർദ്ദേശിക്കുന്ന സംഖ്യ എല്ലാ ജീവനക്കാർക്കും നൽകാൻ ജൂബിലി തയ്യാറാണെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ശമ്പളപരിഷ്കരണം നടത്തേണ്ടത് സർക്കാരാണ്. ജൂബിലിയോട് അല്ല, സർക്കാരിനോടാണ് സമരം ചെയ്യേണ്ടത്.

* റൗണ്ട് ദ ക്ലോക്ക് , അതായത് 24 മണിക്കൂറും ജോലി ചെയ്യുന്നവരല്ലേ നേഴ്സുമാർ അവർക്ക് അതിനുള്ള പ്രതിഫലം നൽകേണ്ടതല്ലേ?

രോഗി പരിചരണത്തിന് 24 മണിക്കൂറും നഴ്സുമാരുടെ സേവനം ആവശ്യമാണ് . എന്നാൽ ഒരു വ്യക്തി ഒരു ദിവസം മുഴുവനും അതായത് 24 മണിക്കൂറും സേവനം ചെയ്യുന്നില്ല . തൊഴിൽ നിയമം അനുസരിച്ച് എട്ടുമണിക്കൂറാണ് ഒരു ദിവസത്തിൽ ഒരു വ്യക്തി ജോലി ചെയ്യേണ്ടത് . അങ്ങനെ വരുമ്പോൾ എട്ടു മണിക്കൂറുകളുടെ മൂന്ന് ഷിഫ്റ്റുകൾ ആണ് ജോലിക്കായി വേണ്ടി വരിക. ഈ മൂന്ന് ഷിഫ്റ്റുകൾ നഴ്സുമാർക്ക് അസൗകര്യങ്ങൾ ഉളവാക്കുന്നതുകൊണ്ട് അവരുമായി ആലോചിച്ച് ആറു മണിക്കൂറുകളുടെ മോണിംഗ് ഷിഫ്റ്റും ഈവനിംഗ് ഷിഫ്റ്റും 12 മണിക്കൂറിന്റെ നൈറ്റ് ഷിഫ്റ്റും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മാസത്തിൽ മൂന്ന് ആഴ്ചകൾ ആറുമണിക്കൂറിന്റെ ഷിഫ്റ്റുകളും ഒരു ആഴ്ച 12 മണിക്കൂറിന്റെ ഷിഫ്റ്റും ഒരു വ്യക്തിക്കു ലഭിക്കുന്നു. എട്ടു മണിക്കൂർ അനുസരിച്ച് ഒരു മാസം ജോലി ചെയ്യുകയാണെങ്കിൽ 208 മണിക്കൂറുകൾ തൊഴിൽ നിയമമനുസരിച്ച് ജോലി ചെയ്യേണ്ടതാണ് . എന്നാൽ ഈ പുതിയ വ്യവസ്ഥയനുസരിച്ച് ഒരു മാസം 180 മണിക്കൂറോളം മാത്രമാണ് നഴ്സുമാർ ജോലി ചെയ്യുന്നത് .

* നേഴ്സുമാർക്ക് വേണ്ടത്ര പരിഗണനയും ആനുകൂല്യവും നൽകാതെ അവരെ ചൂഷണം ചെയ്യുകയല്ലേ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ ചെയ്യുന്നത് ?

തികച്ചും തെറ്റായ പ്രസ്താവനയാണത് . ജൂബിലിയിലെ ഒരു സ്റ്റാഫ് നേഴ്സിന് നൽകുന്ന ആനുകൂല്യങ്ങൾ നമുക്ക് നോക്കാം സ്റ്റാഫ് നേഴ്സിന് തുടക്കം നൽകുന്ന മാസശമ്പളം 32718 രൂപയാണ്

ഞായറാഴ്ച അവധികൾ 52 ദിവസങ്ങൾ

സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അവധികൾ 13 ദിവസങ്ങൾ

Sick leave, casual leave, annual leave എന്നിവ അടക്കം 36 ദിവസങ്ങൾ ആറുമാസത്തെ വേതനത്തോടുകൂടിയുള്ള maternity leave, സ്റ്റാഫുകൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ചികിത്സയ്ക്കായുള്ള ക്ഷേമ പദ്ധതികൾ സ്റ്റാഫുകൾക്ക് ഭക്ഷണത്തിനായുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ….

ഒരു വർഷത്തിലെ 365 ദിവസത്തിൽ 264 ദിവസം മാത്രമാണ് ജോലി ചെയ്യുന്ന ദിവസങ്ങൾ. അതായത് ഒരു മാസത്തിൽ 22 ദിവസങ്ങൾ വെച്ച് 12 മാസം 264 ദിവസങ്ങൾ അങ്ങനെയെങ്കിൽ ഒരു മാസം ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന വ്യക്തിക്ക് 32718 രൂപ ലഭിക്കുന്ന വ്യക്തിക്ക് ദിവസവേതനം 1487 രൂപയിൽ അധികം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ കൃത്യമായ ഇൻഗ്രിമെന്റുകളും നിയമപരമായ മറ്റാനുകൂല്യങ്ങളും നൽകിവരുന്നുണ്ട്.

* നഴ്സിംഗ് പഠനം വളരെ ചിലവേറിയതാണെന്നും 12 ഉം 15 ഉം ലക്ഷം വരെ ഫീസ് കൊടുത്താണ് അവർ പഠിക്കുന്നതെന്നും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ?

നഴ്സിംഗ് പഠനത്തിന് ഏതൊരു കോഴ്സിനെ പോലെയും അതിൻ്റേതായ ചെലവ് വരുന്നുണ്ട്. കഴിവും മാർക്കുമുള്ള കുട്ടികൾക്ക് സർക്കാർ കോളജുകളിൽ നേഴ്സിങ് പഠിക്കുന്നതിന് തുച്ഛമായ ഫീസ് മാത്രമേ വരുന്നുള്ളൂ . ജൂബിലിയിൽ നഴ്സിംഗ് പഠനത്തിനായി വരുന്ന ഫീസ് താഴെ പറയുന്നതുപോലെയാണ്. ബി എസ് സി നേഴ്സിങ് പഠനം കഴിഞ്ഞ് ഒരു വിദ്യാർത്ഥി പുറത്ത് ഇറങ്ങുമ്പോൾ ആ കുട്ടിക്ക് വരുന്ന ആകെ ഫീസ് 426182 രൂപയാണ് . എന്നാൽ ജനറൽ നഴ്സിംഗ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു കുട്ടിക്ക് 157500 രൂപ മാത്രമേ ആകെ ഫീസായി വരുന്നുള്ളു.യാതൊരുവിധ സംഭാവനയും നഴ്സിങ്ങ് പഠനത്തിൻ്റെ സീറ്റിനായി ജൂബിലി സ്വീകരിക്കുന്നില്ല.

* ജൂബിലി മിഷൻ ആശുപത്രിയിൽ കൊടുക്കുന്ന ശമ്പളം തുച്ഛമാണെന്നും എന്തെങ്കിലും ഇടക്കാല ആശ്വാസമായി നൽകിയാൽ സമരം അവസാനിക്കുമെന്ന് കേട്ടല്ലോ?

ജൂബിലിയിൽ 32718 രൂപ മുതൽ 65,000 രൂപ വരെ വേതനം ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. സർക്കാരിന്റെ കരട് വിജ്ഞാപനം അനുസരിച്ച് നേഴ്സുമാരുടെ വേതനം താഴെപ്പറയുന്ന രീതിയിലാണ്

അടിസ്ഥാന വേതനം – 25450 , അഡീഷണൽ അലവൻസ് – 12725

ഡി. എ.-1740.

ആകെ-39915.00.

ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങൾ അടക്കം ഏറ്റവും കുറവ് വേതനം വാങ്ങുന്ന വ്യക്തിക്ക് 40,000 ത്തോളം വേതനം ലഭിക്കും . വർഷങ്ങളുടെ എക്സ്പീരിയൻസ് അനുസരിച്ച് ബാക്കിയുള്ളവർക്ക് അതിൽ കൂടുതൽ വേതനം ലഭിക്കും.

* നേഴ്സുമാരും 40000 രൂപ നൽകണമെന്നല്ലേ പറയുന്നത് ?

നേഴ്സുമാർ ആവശ്യപ്പെടുന്നത് അടിസ്ഥാന വേതനം 40000 രൂപയാക്കണമെന്നാണ് .അതായത് അടിസ്ഥാനവേ തനം 40,000 എന്ന് പറയുമ്പോൾ, അഡീഷണൽ വേതനം ഈ അടിസ്ഥാന വേദനത്തിന്റെ പകുതിയും കൂടി ചേർത്ത് 60,000 രൂപയാകും.ഇതുകൂടാതെ ഡി. എ.1740 , ലേബർ വെൽ ഫെയർ ഫണ്ട്, പി. ഫ്. ഉൾപ്പെടെയുള്ള മറ്റ് അനുകൂല്യങ്ങൾ അടക്കം തുടക്കക്കാർക്ക് 61000 ത്തിൽ പരം രൂപ നൽകേണ്ടതായി വരും. അനുഭവസമ്പത്തുള്ളവർക്ക് അതനുസരിച്ച് കൂടുന്നതാണ്. ഇത് ഹോസ്പിറ്റലിന് വലിയ സാമ്പത്തിക ബാധ്യത വരുത്തും . അപ്പോൾ രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ ചാർജ്ജു വർദ്ധിപ്പിക്കുവാൻ ആശുപത്രി നിർബന്ധിതരാകും. ഇത് രോഗികളുടെ ചികിൽസാ ചെലവ് വർദ്ധിക്കുവാൻ കാരണമാകും .

* മറ്റുള്ള ആശുപത്രികളിൽ സമരം ഒത്തുതീർപ്പായി. എന്നിട്ടും ജൂബിലിയിൽ എന്തുകൊണ്ട് സമരം തീരുന്നില്ല ?

മറ്റുള്ള ആശുപത്രികളിൽ സമരം ഒത്തുതീർപ്പായി എന്നും ശമ്പളം കൂട്ടിക്കൊടുത്തു എന്നും പറയുന്നുണ്ട് . പക്ഷേ എന്തായിരുന്നു ഈ ഒത്തുതീർപ്പിൻ്റെ ഫോർമുല? എത്രയാണ് കൂട്ടിക്കൊടുത്തത്? കൂട്ടിയ സംഖ്യയനുസരിച്ച് അവർ ഇപ്പോൾ എത്ര രൂപയാണ് കൊടുക്കുന്നത് ? ഒന്നു അറിയാൻ കഴിഞ്ഞില്ല . വെളിപ്പെടുത്താൻ പാടില്ലാത്ത സൂത്രവാക്യം വല്ലതുമാണോ ആവോ ! പക്ഷേ എൻ്റെ അറിവ് അനുസരിച്ച് ഒത്തുതീർപ്പിലെത്തി എന്ന് പറയുന്നവർ , ഇപ്പോൾ കൊടുക്കുന്ന സംഖ്യയെക്കാൾ കൂടുതൽ ജൂബിലി നൽകിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ്. അതായത് ഇപ്പോഴല്ല വർഷങ്ങളായി ജൂബിലിയിലെ നഴ്സുമാർ വേതനമായി സ്വീകരിക്കുന്നത്, മറ്റു ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ, അന്നും ഇന്നും ഉയർന്ന ശമ്പളം തന്നെയാണ്. എന്നിട്ടും ജൂബിലിയിൽ എന്തുകൊണ്ട് സമരം തീരുന്നില്ല?

* എന്തുകൊണ്ടാണ് നേഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്ന് പറയുന്നത് ?

പല കാരണങ്ങൾ കൊണ്ടും നേഴ്സുമാരുടെ സമരം നിയമവിരുദ്ധമാണ് .

1.ഹൈക്കോടതിയുടെ ഡബ്ലിയു പി സി 26 716 / 2012ലെ ഓർഡർപ്രകാരം സമരത്തിന് മുന്നോടിയായി 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ സമരത്തിന് ഇറങ്ങരുതെന്ന വിധി ലംഘിക്കപ്പെട്ടിരിക്കുന്നു.

2. കാഷ്വലിറ്റി, ഓപ്പറേഷൻ തിയേറ്റർ ,ലേബർ റൂം , തീവ്രപരിചരണ കേന്ദ്രങ്ങൾ, ഐ സി യു , നവജാത ശിശു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോടതിയുടെ മീഡിയേഷൻ കമ്മിറ്റിയെ മുൻകൂട്ടി അറിയിക്കാതെ സമരത്തിന് ഇറങ്ങരുതെന്ന കോടതിവിധിയുടെ ലംഘനം.

3. 2026 മാർച്ച് 13 ലെ ഇടകാല വിധിയിൽ സമരം ചെയ്യരുതെന്നും പ്രകോപനപരമായ പ്രവർത്തികൾ ഉണ്ടാകരുതെന്നും എന്ന കോടതിയുടെ നിർദ്ദേശത്തെ തള്ളിക്കളഞ്ഞ് സമരത്തിന് ഇറങ്ങി

4. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ വിലമതിക്കാതെ രണ്ടുമാസത്തെ ആക്ഷേപങ്ങൾ അറിയിക്കാനുള്ള സാവകാശത്തെ പരിഗണിക്കാതെ സമരത്തിന് ഇറങ്ങി .

5. കോടതി വിധിയുടെ നഗ്നമായ ലംഘനവും കോടതി അലക്ഷ്യവും സർക്കാർ വിജ്ഞാപനത്തെ ധിക്കരിക്കലും ഈ സമരത്തെ നിയമവിരുദ്ധമാക്കിയിരിക്കുന്നു .

* മറ്റുള്ള ആശുപത്രികളിൽ സമരം അവസാനിച്ചതെങ്ങനെയാണ?40000 രൂപ അടിസ്ഥാന വേതനം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് പറഞ്ഞായിരുന്നല്ലോ സമരം ആരംഭിച്ചത്?

നാൽപ്പതിനായിരം രൂപ അടിസ്ഥാനവേതനമാക്കണമെന്ന ആവശ്യവുമായി ആരംഭിച്ച നഴ്സുമാരുടെ സമരം പലസ്ഥലങ്ങളിലും അവസാനിച്ചു എന്ന് കേൾക്കുന്നു .അപ്പോൾ അവർക്ക് ആ സ്ഥാപനങ്ങളിൽ 40000 രൂപ അടിസ്ഥാനവേതനം ആയി ലഭിച്ചു കാണുമല്ലോ? അങ്ങനെയെങ്കിൽ അവിടെയുള്ളവർക്ക് ഒത്തിരി വലിയ വേതനം ലഭിക്കുന്നുണ്ടാകുമല്ലോ ?പക്ഷേ പലയിടത്തുനിന്നും കേട്ടത് അനുസരിച്ച് ഒരിടത്തും 40000 രൂപ അടിസ്ഥന വേതനമായി നൽകിയിട്ടില്ലെന്നാണ് . ജൂബിലിയിൽ ഇപ്പോൾ കൊടുക്കുന്ന വേതനത്തിന്റെ താഴെയാണ് അവിടെയുള്ളവർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.. അപ്പോൾ 40,000 അടിസ്ഥാന വേതനം? ആ….. ആർക്കറിയാം.

2026 ഫെബ്രുവരി 21നും 2026 മാർച്ച് നാലിനും സർക്കാരിനെതിരെയായി ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു നടത്തിയ സമരം പെട്ടെന്ന് എങ്ങനെയാണ് ജൂബിലി യുടെ നേരെയായത്? സർക്കാരിനോട് ചെയ്യേണ്ട സമരം എങ്ങനെയാണ് മാനേജ് മെൻ്റിനു നേരെ തിരിഞ്ഞത്?എന്തുകൊണ്ടാണ് ജൂബിലിയിലെ CEO യെയും കുടുംബത്തിനെയും സാമൂഹ്യ മാധ്യമങ്ങളിൽ കരിവാരി തേച്ചത്?എന്തുകൊണ്ടാണ് വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്ന തരത്തിൽ സമരക്കാർ അധ:പതിച്ചത്? നഴ്സുമാർക്ക് എവിടെയോ വഴി തെറ്റി പോയിരിക്കുന്നു. അതോ ആരുടെയോ കയ്യിലിരിക്കുന്ന ചരട് വലിക്കുന്നത് അനുസരിച്ച് ഇവർ പാവക്കൂത്ത് നടത്തുകയാണോ? ചിന്തിക്കാനുള്ള ഇവരുടെ കഴിവ് നഷ്ടപ്പെട്ടുപോയോ? നഴ്സുമാരുടെ നേരെ മുതല കണ്ണീർ വീഴ്ത്തി, മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയുവാനുള്ള വിവേകം നഷ്ടപ്പെട്ടു പോയോ?ഗതിയറിയാതെ അതിരൂപത കേന്ദ്രം പോലുള്ള ഓരോ സ്ഥലങ്ങളിലേക്ക് മാർച്ച് നടത്തുന്നുന്നതിൻ്റെ ഔന്നത്യം എന്താണ്?. കേരളത്തിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന ജൂബിലി ആശുപത്രിയിലുള്ള സേവനത്തിലും വേതനത്തിലും താൽപര്യമില്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ വേതനം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളിലേക്ക് മാന്യമായി ഇറങ്ങിപ്പോകുന്നതല്ലേ നല്ലത്?

ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ശമ്പള പരിഷ്കരണം: വസ്തുതകൾ തിരിച്ചറിയുക

ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ശമ്പളത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ പലപ്പോഴും വസ്തുതകൾ വിസ്മരിക്കപ്പെടാറുണ്ട്.

1. ട്രെയിനിംഗ് കാലയളവ് (Training Period)

കോഴ്സ് കഴിഞ്ഞാലുടൻ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ ട്രെയിനിംഗ് പീരിയഡ് ആയിരിക്കും. ഈ സമയത്ത് അവർ ഒരു സീനിയർ സ്റ്റാഫിന്റെ മേൽനോട്ടത്തിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ. ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കാനുള്ള പ്രായോഗിക പരിചയം ലഭിക്കുന്നതുവരെ നൽകുന്ന ഈ വേതനത്തെ ആ രീതിയിൽ തന്നെ കാണണം.

2. ട്രെയിനിംഗിന് ശേഷമുള്ള ശമ്പളം

വിജയകരമായി ട്രെയിനിംഗ് പൂർത്തിയാക്കി തൊട്ടടുത്ത വർഷം മുതൽ ജൂബിലിയിൽ നൽകുന്ന ശമ്പളം 32,718/- രൂപയാണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഇത് അർഹമായ വേതനമാണ്.

3. മറ്റ് ആശുപത്രികളുമായുള്ള താരതമ്യം

ജൂബിലിയിലെ വേതനം കുറവാണെന്ന് വിമർശിക്കുന്നവർ മറ്റ് പ്രമുഖ ആശുപത്രികളിലെ ട്രെയിനിംഗ് കാലയളവിലെ ശമ്പളത്തെക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതുണ്ട്:

ഹാർട്ട് ഹോസ്പിറ്റൽ

എലൈറ്റ് ഹോസ്പിറ്റൽ

കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ

ഈ സ്ഥാപനങ്ങളിൽ ട്രെയിനിംഗ് സമയത്ത് എത്ര രൂപയാണ് നൽകുന്നതെന്ന് താരതമ്യം ചെയ്താൽ മാത്രമേ ജൂബിലി നൽകുന്ന വേതനത്തിന്റെ മൂല്യം മനസ്സിലാക്കാൻ സാധിക്കൂ.

പ്രായോഗിക പരിജ്ഞാനം നേടുന്ന ഘട്ടത്തിലെ ശമ്പളത്തെ മാത്രം മുൻനിർത്തി സ്ഥാപനത്തെ വിമർശിക്കുന്നത് ശരിയല്ല. ട്രെയിനിംഗ് കഴിഞ്ഞ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന കൃത്യമായ വേതനവും മറ്റ് ആനുകൂല്യങ്ങളും കൂടി പരിഗണിച്ചാവണം ആരോഗ്യകരമായ ചർച്ചകൾ നടക്കേണ്ടത്.

Wilphy Wilson

നിങ്ങൾ വിട്ടുപോയത്