അധികാരം

ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്. സഭയുടെ ശ്രേണി ഘടനയുടെ ദൈവികതയെ ഈ തിരുനാൾ പൂർണ്ണമായും ആവഹിക്കുന്നുണ്ട്. പത്രോസിന്റെ കസേര ക്രിസ്തു നൽകിയ ദൈവീക അധികാരത്തിന്റെ പ്രതീകമാണ്. ആ അധികാരത്തെ വണങ്ങുകയും ബഹുമാനിക്കുകയും ചെയ്യുക, അത് ദൈവികമാണ് എന്ന സന്ദേശമല്ലേ ഈ തിരുനാൾ നമുക്ക് നൽകുന്നത്? ഉത്തരം; അതേ.

കത്തോലിക്ക ആത്മീയതയിൽ അധികാരം ദൈവികമാണ്. അധികാരമുള്ളവൻ പരിപൂർണ്ണനായിരിക്കണം എന്ന സങ്കല്പം ഈ ആത്മീയതയിൽ ഇല്ല. പത്രോസിനെ പോലെ തീർത്തും ദുർബലനായ ഒരു വ്യക്തിക്ക് ലഭിക്കുന്ന ദാനമാണ് ഈ അധികാരം. അത് ഭരിക്കാൻ ഉള്ളതല്ല സേവിക്കാനുള്ളതാണ്. അത് ദൈവീകതയെ ഭൂമിയിലേക്ക് ഇറക്കി കൊണ്ടു വരാനുള്ളതാണ്. പാപങ്ങളുടെ ഒരു കണക്കെടുത്തു നോക്കിയാൽ ഈ അധികാരമുള്ളവൻ ചിലപ്പോൾ മറ്റുള്ളവരേക്കാൾ ദുർബലൻ ആയിരിക്കാം. എങ്കിലും അവന് ലഭിച്ചിരിക്കുന്ന അധികാരം ദൈവീകം തന്നെയാണ്. അതുകൊണ്ടാണ് കൗദാശികമായ അധികാരമുള്ള ഒരു വ്യക്തിക്ക് അഥവാ ഒരു പുരോഹിതന് അവന്റെ യോഗ്യതയല്ല അത് പരികർമ്മം ചെയ്യുന്നതിന് പ്രാപ്തനാക്കുന്നത്. അവനു ലഭിച്ചിരിക്കുന്ന ദൈവീക അധികാരം മാത്രമാണ്.

ഉന്നതത്തിൽ നിന്നും നൽകപ്പെടാതെ ആർക്കും ഒരു അധികാരവും ലഭിക്കുന്നില്ല എന്ന് യേശു പറയുന്നത് ഇവിടെ പ്രത്യേകം ഓർക്കുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ ഓരോ വിധേയത്വവും നമ്മൾ നൽകുമ്പോൾ അത് ആ വ്യക്തിക്ക് നൽകുന്നതിന് ഉപരിയായി അവന്റെ അധികാരത്തിന്റെ സ്രോതസ്സായ ഉന്നതത്തിലുള്ളവനു തന്നെയാണ് നൽകുന്നത്.

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല. അധികാരത്തിലെ ദൈവികതയാണ് സഭയുടെ തനിമ. ആ ദൈവികതയെ ഒഴിവാക്കുകയാണെങ്കിൽ സഭ ഒരു സംഘടനയ്ക്ക് തുല്യമാകും. സഭ ഒരു സംഘടനയല്ല, അതൊരു ദൈവിക യാഥാർത്ഥ്യമാണ്. സഭയെ ഒരു സംഘടനയായി കാണുന്നവർക്ക് അധികാരത്തിലെ ദൈവികതയെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും.

അധികാരത്തിന്റെ ശ്രോതസ്സ് ഉന്നതത്തിൽ നിന്നാണ് എന്ന ബോധ്യമുള്ളതു കൊണ്ടായിരുന്നു പീലാത്തോസ് എഴുതി കുറിച്ച മരണവിധിയെ യേശു തന്റെ പിതാവിന്റെ ഇഷ്ടമായി കരുതി എല്ലാം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ട് നിറവേറ്റിയത്. പീലാത്തോസിന്റെ കുറിപ്പിലെ നിയതിയുടെ തിരിമറികൾ മനോഹരമാണ്. അയാളുടെ മരണവിധി വാചകങ്ങൾ തന്നെയാണ് പിൽക്കാലത്ത് ഓരോ ക്രൈസ്തവന്റെയും വിശ്വാസപ്രമാണമായി മാറിയത് – Jesus of Nazareth, the King of Jews.

///ഫാ . മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്