ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു!

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴമുള്ള മുറിവായി മാറിയിരിക്കുന്നു. ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ചേരി പ്രദേശത്തോ, അപരിഷ്കൃത മേഖലയിലോ അല്ല, കേരളത്തിലെ പ്രധാന പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്. ഈ മരണത്തിൽ മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നിഷ്കരുണം കൊല്ലപ്പെട്ട എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും കാര്യത്തിലും.

അബദ്ധത്തിലോ ചതിയിൽ പെട്ടോ ഗർഭിണികളാകുന്ന പെൺകുട്ടികളുടെ എണ്ണവും ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങളുടെ എണ്ണവും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലത്ത് കല്ലുവാതിൽക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരണപ്പെട്ടതും, തിരുവനന്തപുരത്ത് പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും കൊച്ചിയിൽ പതിനേഴ് വയസുകാരി പ്രസവിച്ച കുഞ്ഞിനെ ഹോസ്പിറ്റലിന്റെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും പഴയ കഥകളല്ല. ഉപേക്ഷിച്ച നിലയിൽ തിരുവല്ല കവിയൂരിൽ ഒരു പുരയിടത്തിൽ കണ്ടെത്തിയ നവജാത ശിശുവിനെ കഷ്ടിച്ച് രക്ഷപെടുത്താൻ കഴിഞ്ഞ സംഭവം ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം നടന്നതാണ്.

ഇന്ന് പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് ഗർഭിണിയായിരുന്ന വിവരം അവളുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. സമാനമായ മറ്റൊരു സംഭവം മുമ്പ് കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാസർഗോഡ് ചെടേക്കാലിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മതന്നെ ഫോൺ കേബിൾ കഴുത്തിൽ കുരുക്കി കുഞ്ഞിനെ കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മറ്റൊരു സംഭവം ഇടുക്കി മുരിക്കാശേരിക്ക് അടുത്ത് വാത്തിക്കുടിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇരുപതുവയസുകാരിയായ അമ്മ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ മേല്പറഞ്ഞ വിരലിലെണ്ണാവുന്ന വാർത്തകളിൽ ഒതുങ്ങുന്നില്ല. പ്രസവത്തോടെ മരിച്ചു എന്നപേരിലും, ആരുമറിയാതെ പോയതിനാലും വർത്തയാകാതെ പോകുന്ന സംഭവങ്ങൾ ഇതിലും എത്രയോ അധികമായിരിക്കാം. അതിന്റെ നൂറിരട്ടി ഗർഭാവസ്ഥയിൽ തന്നെ പല ഘട്ടങ്ങളിലായി കൊല്ലപ്പെടുന്ന കുട്ടികളുണ്ട് എന്ന് കണക്കുകളിൽ വ്യക്തം. ഗർഭത്തിന്റെ ആദ്യ ആഴ്ചകളിൽ രഹസ്യമായി ഗർഭച്ഛിദ്രം നടത്താൻ നിയമം അനുമതിയും നിരുപാധിക പിന്തുണയും നൽകുന്നു. അത്തരം സാധ്യതകളുടെ ദുരുപയോഗം ആയിരക്കണക്കിന് ഗർഭസ്ഥ ശിശുക്കളുടെ കൂട്ടക്കൊലയ്ക്ക് കാരണമാകുന്നുണ്ട് എന്നുള്ളത് നിശ്ചയം.

ജനിച്ച ശേഷം മാത്രം കുഞ്ഞ് കൊല്ലപ്പെട്ടതിനാലാണ് ഇപ്പോൾ കൊച്ചിയിലും മുമ്പ് കേരളത്തിൽ മറ്റു പലയിടങ്ങളിലും നടന്ന ശിശുഹത്യകൾ വലിയ വാർത്തകളും വിവാദങ്ങളും ആയിട്ടുള്ളത്. ജനനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം പോലും ഗർഭാവസ്ഥയിൽ കോടതി ഉത്തരവിന്റെ ബലത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് പലപ്പോഴും വാർത്തയാകാത്ത ഒരവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിച്ചേർന്നിരിക്കുന്നു. “എന്റെ ശരീരം എന്റെ അവകാശം” എന്ന മുദ്രാവാക്യം നിയമത്തെയും കോടതിയെയും സാമാന്യ മനുഷ്യന്റെ മനഃസാക്ഷിയെയുംപോലും വരുതിയിലാക്കിയിരിക്കുന്ന പരിതാപകരമായ സാഹചര്യം!

ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴും, പ്രസവിച്ച ശേഷവും മനുഷ്യക്കുഞ്ഞ് മനുഷ്യക്കുഞ്ഞ് തന്നെയാണ്. ഏതവസ്ഥയിലും മനുഷ്യജീവൻ വിലമതിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണമെന്നതാണ് എക്കാലത്തെയും കത്തോലിക്കാ സഭയുടെ നിലപാട്. അക്കാരണത്താലാണ് കേരളത്തിലും ലോകമെമ്പാടും കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ജീവസംരക്ഷണ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം ഊർജ്ജവും സമ്പത്തും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറുകണക്കിന് അനാഥാലയങ്ങളാണുള്ളത്. എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അഡോപ്‌ഷൻ സെന്ററുകളിൽ ഭൂരിഭാഗവും കത്തോലിക്കാ സന്യസ്തരാണ് നോക്കി നടത്തുന്നത്. അവിവാഹിതരായ അമ്മമാരെ പ്രത്യേകം പരിപാലിക്കാൻ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളും കേരളത്തിലുടനീളമുണ്ട്. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഈ ഭൂമിയിൽ ജീവിച്ച് വളരാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് ആ പ്രവർത്തനങ്ങളുടെ മുഖ്യ ലക്‌ഷ്യം. അത്തരം കേന്ദ്രങ്ങളിൽ സുരക്ഷിതമായി ഗർഭകാലം ചെലവഴിച്ച് പ്രസവശേഷം കുഞ്ഞിനെ അവിടെയേൽപ്പിച്ച് സമാധാനത്തോടെ മടങ്ങുന്ന അമ്മമാരും ധാരാളമുണ്ട്. തിരിച്ചു മടങ്ങാൻ മടിയുള്ള അമ്മമാരെ ജീവിതാവസാനം വരെയും സംരക്ഷിച്ചിട്ടുള്ള ചരിത്രങ്ങൾ ധാരാളമുള്ള ഒട്ടേറെ ഭവനങ്ങൾ നമുക്കിടയിലുണ്ട്.

കേരളത്തിന്റെ മനഃസാക്ഷിയിൽ കനൽ കോരിയിടുന്ന നിഷ്ടൂര കൃത്യങ്ങൾക്ക് മടികാണിക്കാത്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു വാക്ക് മാത്രമാണ് പറയാനുള്ളത്. കുഞ്ഞുങ്ങളെയും അമ്മമാരെയും ഗർഭിണികളെയും ഉപാധികളില്ലാതെ സംരക്ഷിക്കാൻ മനസായിട്ടുള്ള കത്തോലിക്കാ സ്ഥാപനങ്ങൾ ഒന്നും നിങ്ങളുടെ കണ്മുന്നിൽ പെടുന്നില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ സന്യാസിനി മഠത്തിലേക്ക് കയറിച്ചെല്ലുക, അവർ നിങ്ങളെ കൈവിടുകയില്ല. അബദ്ധത്തിൽ സംഭവിച്ചതോ, ചതിയിൽ പെടുത്തിയതോ, മാനസിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ സംഭവിച്ചതോ ആകട്ടെ, ഒരു മനുഷ്യ ജീവനും അമ്മമാരുടെ അറിവോടെ പൊലിഞ്ഞുപോകാതിരിക്കട്ടെ.

✍️ Voice of Nuns

നിങ്ങൾ വിട്ടുപോയത്