വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം.
ഏതാനും വർഷങ്ങളായി
ഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു
ആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്.

”അച്ചനറിയാവുന്നതു പോലെ
വർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ള
കുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും പ്രാർത്ഥിച്ചതിൻ്റെ ഫലമാണ് ഇങ്ങനെ ലഭിച്ചതെന്ന് ഉറച്ച ബോധ്യമുണ്ട്. വലിയ നോമ്പിനു ശേഷം കല്യാണമുണ്ടാകും.

ഈയിടെ എൻ്റെ ഭാവി മരുമകൻ വിളിച്ചിരുന്നു. അവൻ പറഞ്ഞതിങ്ങനെയാണ്.
ഈ നിയോഗത്തിനായി ഒരു വർഷത്തിലധികമായ്
ജപമാലയും കരുണ കൊന്തയും ചൊല്ലി അവനും കുടുംബവും പ്രാർത്ഥിക്കുകയാണത്രേ.
അവൻ്റെ അമ്മ കഴിഞ്ഞ വർഷം ഈ നിയോഗം വച്ച് പ്രാർത്ഥനയും തുടങ്ങി.
ഈ കഴിഞ്ഞ ജനുവരിയിൽ ഉത്തരം കിട്ടണം എന്നതായിരുന്നു അവൻ്റെ മമ്മിയുടെ പ്രാർത്ഥന.

അവർ ആഗ്രഹിച്ചതുപോലെ ഈ വർഷം ജനുവരിയിൽ അവൻ്റെ അമ്മ പ്രാർത്ഥിച്ച്, മാട്രിമോണിയൽ സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത ഒരേയൊരു
വിവാഹാലോചന ഇതായിരുന്നു.
കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പ്രാർത്ഥനാ ജീവിതമുള്ള നല്ലൊരു കുടുംബമാണെന്ന് അവർക്കും ബോധ്യമായി.
വിവാഹത്തിനു ശേഷവും ഈ സന്തോഷവും സമാധാനവും കൈവെടിയാതെ ജീവിക്കണമെന്നാണ് പയ്യൻ്റെ ആഗ്രഹം.”

വലിയ സന്തോഷത്തോടെ
അദ്ദേഹം തുടർന്നു:
“അവൻ്റെ വാക്കുകൾ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമാണ് പ്രദാനം ചെയ്തത്.
കഷ്ടതകളും ദുരിതങ്ങളുമെല്ലാം ജീവിതത്തിലുണ്ടെങ്കിലും
അവയിലൊന്നും പതറാതെ ദൈവത്തെ മുറുകെപ്പിടിച്ചാൽ ഉത്തരം ലഭിക്കുമെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.”

എന്തുമാത്രം ഊർജം പകരുന്ന
വാക്കുകൾ അല്ലേ?

ക്രിസ്തുവിൻ്റെ വാക്കുകൾ
നമുക്ക് ശക്തി പകരട്ടെ:
“ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും”
(മത്തായി 7 : 7).

അതെ, ജീവിതം പ്രതീക്ഷിക്കാത്ത കയങ്ങളിലൂടെ നീങ്ങുമ്പോഴും
പ്രത്യാശയോടെ ദൈവത്തിലേക്കുറ്റു
നോക്കാൻ നമുക്ക് കഴിയണം. അപ്പോഴാണ് നമ്മുടെ ജീവിതം ദൈവകൃപയുടെ സാഗരമായി മാറുക.

ഫാദർ ജെൻസൺ ലാസലെറ്റ്