“അതുമിതുമൊക്കെ വിറ്റ് ഉപജീവനം നടത്തുന്ന പ്രായംചെന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ ഒരു മണ്ടനെപോലെയായിരുന്നു. കാരണം, ആളുകൾ പലപ്പോഴും കള്ളനാണയം ആണ് കൊടുക്കുക. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം അത് സ്വീകരിക്കും. ചിലർ പണം കൊടുക്കാതെ കൊടുത്തെന്ന് പറയും. അതും അദ്ദേഹം സമ്മതിക്കും. മരണസമയം അടുത്തപ്പോൾ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു. കരുണാനിധിയായ ദൈവമേ ആളുകളിൽ നിന്ന് പലപ്പോഴും ഞാൻ കള്ളനാണയം സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ഞാൻ അവരെ ഹൃദയത്തിൽ വിധിച്ചിട്ടില്ല. തങ്ങൾ ചെയ്യുന്നതെന്തെന്ന് അവർക്കറിയില്ലായിരുന്നു. ഞാനും എടുക്കാത്ത നാണയമാണ്, എന്നെ വിധിക്കരുതെ. അപ്പോൾ ഒരു അശരീരി ഉണ്ടായി. മറ്റുള്ളവരെ വിധിക്കാത്ത ഒരുവനെ എനിക്കെങ്ങനെ വിധിക്കാൻ കഴിയും!”

ചുവന്ന് തുടുത്ത മുഖവും വെള്ളിത്തലമുടിയും താടിയുമുള്ള കാവിക്കുപ്പായക്കാരൻ ലീനസ് മരിയ സുക്കോൾ എന്ന ഇറ്റാലിയൻ ജെസ്യുട്ട് മിഷനറി വൈദികനെ അടയാളപ്പെടുത്താൻ ഇതിലും മികച്ച ഉപമയുണ്ടാവില്ല. പദവികൾ നേടാനുള്ള ആവേശം കാണിക്കാതെയും അതിനായി തന്റെ നിലപാടുകളെ ബലിയർപ്പിക്കാതെയുമാണ് അദ്ദേഹം ജീവിച്ചത്. സഹായമഭ്യർത്ഥിച്ച് കാത്തുനിൽക്കുന്നവരുടെ മുൻപിൽ ഔദാര്യത്തിന്റെ പെരുമ്പറ മുഴക്കി അവരുടെ ആത്മാഭിമാനത്തെ ഒരിക്കൽ പോലും സുക്കോളച്ചൻ വേദനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മപ്രശംസയോ അഹങ്കാരമോ ഉണ്ടായില്ല.

“To live life by denying life”- സമൃദ്ധമായി കഴിയാനുള്ള ജീവിത സാഹചര്യമുണ്ടായിട്ടും അതെല്ലാം വിട്ടെറിഞ്ഞ് സർവ്വസംഗ പരിത്യാഗിയായി ഒരു സാധാരണക്കാരനെപ്പോലെ ജനക്കൂട്ടത്തിൽ അലിഞ്ഞു ജീവിക്കുക എന്നത് അസാധാരണമാം വിധം സാധാരണത്വം നിറഞ്ഞു നിൽക്കുന്ന സുക്കോളച്ചന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ്. 2006 ൽ സുക്കോളച്ചന്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കുകയുണ്ടായി. പത്രത്തിൽ അച്ചടിക്കാൻ മാത്രം മികച്ച ഫോട്ടോ കണ്ടെത്താനായി പരിശ്രമിച്ചെങ്കിലും അങ്ങനെ ഒരു ഫോട്ടോ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഫോട്ടോഗ്രാഫറുടെ സഹായത്തോടെ സുക്കോളച്ചന്റെ ഒരു ചിത്രം എടുത്തു. ഊന്നുവടി കുത്തിപ്പിടിച്ച് തലയിൽ തൊപ്പി ധരിച്ച് നിൽക്കുന്ന സുക്കോളച്ചന്റെ പ്രശ്‌സ്തമായ ചിത്രം ദീപികയുടെ അന്നത്തെ മുഖചിത്രമായിരുന്നു.

നൂറുകണക്കിന് ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുകയും പതിനായിരക്കണക്കിനാളുകൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്ത സുക്കോളച്ചന്റെ മുഖം ഒറ്റനോട്ടത്തിൽ ആളുകൾ ഓർമ്മിക്കത്തക്കവിധം ആളുകളുടെ മനസ്സിൽ അടയാളപ്പെടുത്താനായി മാധ്യമ ബന്ധങ്ങളോ ഡിപ്ലോമാറ്റിക് ശൈലിയോ അദ്ദേഹം ഉണ്ടാക്കിയെടുത്തില്ല. ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല. എന്നാൽ അദ്ദേഹത്തെ കണ്ടുമുട്ടിയവരുടെ ഹൃദയങ്ങളിൽ ആ പേര് മായാതെ നിൽക്കുന്നു. തന്റെ ചുറ്റിലുമുള്ള പാവപെട്ടവരിൽ ക്രിസ്തുവിനെ കണ്ട് മുട്ടിയ സുക്കോളച്ചൻ തീർച്ചയായും ആത്മീയ മണ്ഡലത്തിലെ ഒരപൂർവ്വ വ്യക്തിത്വമായിരുന്നു. മരണത്തിനപ്പുറം ഒരു ദശാബ്ദത്തിനുള്ളിൽ അദ്ദേഹം ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തപെടുമ്പോൾ സുക്കോളച്ചനെ അടുത്തറിയാവുന്നവർക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.

ഫാ. ജോബിൻ വലിയപറമ്പിൽ

മംഗലപ്പുഴ സെമിനാരിയുടെ അൾത്താരക്ക് മുകളിൽ കോറിയിട്ടിരിക്കുന്ന മനോഹരമായ വാക്കുകളുണ്ട് PASCE OVES MEAS അതിനർത്ഥം “എൻ്റെ ആടുകളെ മേയ്ക്കുക”

മലബാറിൻ്റെ നല്ലിടയൻ ആരാണ്. . .?

നവ കേരളത്തിന് ഒരു ചരിത്രമെഴുതി അതിൽ ഏറ്റവും വലിയ മിഷനറിയാരെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരുത്തരമേയുള്ളു,ഫാ.ലീനസ് മരിയ സുക്കോൾ.വടക്കേ ഇറ്റലിയിലെ വാൽ ദി നോണിൽപ്പെട്ട സർനോണിക്കയിലാണ് സുക്കോൾ ജുസെപ്പെ ബാർബര ദമ്പതികളിൽ നിന്നും 1916 ഫെബ്രുവരി 8ന് ലീനസ് മരിയ ജനിച്ചത്. 1940 മാർച്ച് 4–ന് ത്രെന്ത്രോ അതിരൂപതയിലെ ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. മൂന്നു വർഷത്തിനുശേഷം ഈശോ സഭയിൽ അംഗമായി. 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് ട്രെയിനിൽ കോഴിക്കോടും വന്നെത്തി. മലബാറിൻ്റെ മണ്ണിൽ ക്രൈസ്തവക്ക് നട്ടല്ലായിതീർന്ന ജന്മം കൊണ്ട് ഇറ്റലിക്കാരനായ സുക്കോളച്ചൻ. കേരള സഭാചരിത്രത്തിൽ ഒരു പക്ഷേ അധികം കേട്ടുകേൾവിയില്ലാത്ത പേരും ഇതുതന്നെയാകും. 7000 ഓളം കുടുംബങ്ങൾക്ക് ജാതിമതഭേദമന്യേ വീടുകൾ പണിത് കൊടുക്കുകയും അത്രയും വീട് വയ്ക്കാൻ സ്‌ഥലം കൊടുക്കുകയും ചെയ്തൊരച്ചൻ. അനേകര്‍ക്ക് പഠനത്തിനും ചികിത്സയ്ക്കും അച്ചൻ സഹായം നല്‍കിയിരുന്നു. സുക്കോളച്ചനെ കാണാന്‍ എത്തുന്നവരെ സ്വാഗതം ചെയ്തിരുന്നത് ‘അച്ചനെ കാണുന്നതിനു മുമ്പ് ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുക’ എന്ന ലിഖിതമായിരുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നവന്‍ അവിടെയാണ് എന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയിരുന്നു ആ വാചകം. ദേവാലയത്തില്‍ എത്തുന്നവര്‍ ദൈവത്തെ കാണുന്നു, തനിക്കരികില്‍ എത്തുന്ന അശരണരില്‍ താന്‍ ദൈവത്തെ കാണുന്നു എന്ന് തന്റെ ജീവിതം കൊണ്ട് അച്ചന്‍ പഠിപ്പിച്ചു.

‘നിങ്ങള്‍ എന്റെ ഈ സഹോദരരിലൊരുവനോട് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത്’ എന്ന ബൈബിള്‍ വചനത്തെ ഏറെ ഇഷ്ടപ്പെട്ട സുക്കോളച്ചന്‍, കഷ്ടപ്പെടുന്ന അപരനില്‍ ദൈവത്തെ കണ്ടു. അതുകൊണ്ടു തന്നെയാവാം തന്റെ മുറിയിലേക്കുള്ള വാതിലിനോടു ചേര്‍ന്ന ഭിത്തിയില്‍ തന്റെ പേരെഴുതിയ ഫലകത്തിനു തൊട്ടുമുകളിലായി ഈ വാക്കുകള്‍ രേഖപ്പെടുത്തി വച്ചത്. ആലംബഹീനര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ചോര്‍ന്നൊലിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് വിരിച്ച ഓടുമേഞ്ഞ കെട്ടിടത്തില്‍ രണ്ട് ബഞ്ചുകള്‍ ചേര്‍ത്തുവച്ച് അതിനു മുകളില്‍ ഒരു പായ വിരിച്ചാണ് സുക്കോളച്ചന്‍ കിടന്നുറങ്ങിയിരുന്നത്. മാത്രമല്ല ക്രൈസ്തവിശ്വാസത്തിന് അടിത്തറപാകി കണ്ണൂരിൽ ഒരു രൂപതതന്നെ സ്‌ഥാപിക്കാൻ കാരണക്കാരനായ അമരക്കാരനായിരുന്നു അദ്ദേഹം.മലബാറിനെ കര്‍മമേഖലയായി തിരഞ്ഞെടുത്ത ഫാ. സുക്കോളിന് ആഗ്രഹംപോലെ ഈ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമംകൊള്ളാനും സാധിച്ചു. 2014 ജനുവരി 6 ന് 98-ാമത്തെ വയസിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്.

ലാളിത്യമായ ജീവിതം നയിച്ചും മറ്റുള്ളവരെ സഹായിച്ചും അച്ചൻ ഇന്ന് ദൈവദാസനായി തീർന്നു.. 2023 ജനുവരി 6–ന് ആഘോഷിക്കുമ്പോഴാണ് ദൈവദാസനെന്ന പ്രഖ്യാപനം. 2022 നവംബർ 11–ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അനുമതി വത്തിക്കാനിൽ നിന്നും ലഭിച്ചു. കണ്ണൂർ രൂപതയിലെ പരിയാരത്തിനടുത്ത് മരിയാപുരത്ത് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന നിത്യസഹായ ദേവാലയത്തിലാണ്. സുക്കോളച്ചനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. അത് നാഴികമണിയുടെ ചലനം പോലെ അനസ്യൂതം തുടരുകയാണ്. സുക്കോളച്ചന്‍ എന്ന മനുഷ്യസ്‌നേഹിയോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് ആ ഘടികാരത്തിന്റെ ഊര്‍ജ്ജം; അത് നിലയ്ക്കുന്നില്ല. ഇത്തരം ജീവിതങ്ങളായിരിക്കണം നമ്മള്‍ മാതൃകയാക്കേണ്ടത്. അല്ലാതെ വീണുപോയ ഒരു സന്യസ്തയുടെയോ, പുരോഹിതന്റെയോ ജീവിതം കണ്ട് സഭയെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. സുക്കോളച്ചനെപ്പോലെയുള്ള മഹത് വ്യക്തികളുടെ ജീവിതം കൊണ്ട് സഭ സമ്പന്നമാണ്. സഭയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ സുക്കോളച്ചനെക്കുറിച്ചാണ് അറിയേണ്ടത്. അച്ചൻ വിശുദ്ധൻ എന്ന പദവിക്ക് ഏറെദൂരം അകലെയല്ല. . .

Prince Augustine Nellariyil 

നിങ്ങൾ വിട്ടുപോയത്