1. ചാരം

അഗ്നിയോട് ചേർന്നാൽ മനുഷ്യനെന്നോ മരമെന്നോ മൃഗമെന്നോ പക്ഷിയെന്നോ പിന്നെ ഭേദങ്ങളില്ലല്ലോ. എല്ലാറ്റിലും എല്ലാവരിലും ഒടുക്കം അവശേഷിക്കുന്നത് എന്ത് മാത്രമാണെന്ന് അപ്പോൾ വെളിപ്പെടുന്നുണ്ട്- ഒരു പിടി ചാരം. എന്റേത് എന്ന് അഹങ്കരിക്കുന്ന ദൃശ്യമായ സകലത്തിന്റെയും യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി.

വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന വാക്കിനു പുറമെ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർഥങ്ങളുണ്ട്. അഗ്നിയിൽ ഭസ്മമൊഴികെ മറ്റെന്തു നിക്ഷേപിച്ചാലും മറ്റൊരു വസ്തുവായി തിരികെത്തരും. ചാരമാകട്ടെ അഗ്നിയിലും സത്താഭേദമില്ലാതെ നിലകൊള്ളും. “ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതാണെന്ന് അഗ്നി തെളിയിക്കും” എന്ന് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (1 കോറി. 3: 13). അഗ്നിയെ അതിജീവിക്കുന്നതെന്തോ അതു മാത്രമാണ് യാഥാർഥ്യം. ബാക്കിയെല്ലാം ഊതി വീർപ്പിച്ച കുമിളകൾ പോലെ നശ്വരങ്ങളാണ്. പൊട്ടിക്കഴിഞ്ഞാൽ പിന്നെ എല്ലാ കുമിളകളിലെയും വായു തമ്മിൽ ഭേദമില്ലാത്തതു പോലെ മണ്ണോടു ചേർന്നാൽ പിന്നെ അതുവരെ എന്റേത്, നിന്റേത് എന്ന് നിനച്ചു പോന്ന സകലതും തമ്മിൽ വ്യതിരക്തതയില്ലാതാകുന്നു.

എവിടെ നിന്നാണ് ആരംഭിച്ചതെന്നും എന്തിലാണ് നിലനിൽക്കുന്നതെന്നും എവിടേക്കാണ് എത്തിച്ചേരേണ്ടതെന്നുമുള്ള വിനീതമായ ഓർമ്മപ്പെടുത്തലാണ് നോമ്പ് ദിനങ്ങൾ. അഹന്തയുടെ പ്രതീകമായ തിരുനെറ്റിയിൽ നിസ്സാരതയുടെ പ്രതീകമായ ഭസ്മം പൂശിയാണ് ഈ നാളുകളിലേക്ക് പ്രവേശിക്കേണ്ടത്. പ്രപഞ്ചത്തിനു തിരികെ ആവശ്യപ്പെടാനാവാത്ത അനശ്വരമായ ഈശ്വരാംശമാണ് യഥാർഥത്തിൽ നമ്മളെന്നും അതൊഴികെ മറ്റെല്ലാം പഞ്ച ഭൂതങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇമ പൂട്ടി ധ്യാനിക്കാനുള്ള വിശുദ്ധ നാളുകളിലേക്ക് വീണ്ടും സ്വാഗതം !

ഫാ. ജോസഫ് കുമ്പുക്കൽ

നിങ്ങൾ വിട്ടുപോയത്