കേരളത്തെ മുഴുവൻ നടുക്കിയതാണ് പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം.ഭ്രൂണഹത്യക്ക് മഹത്വമാർന്ന പരിവേഷം ചാർത്തികൊടുക്കുന്ന ജനങ്ങൾ അരങ്ങു വാഴുന്ന കേരളത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.ഗർഭസ്ഥശിശുവിന് ജീവൻ വന്നതിനുശേഷം അതിനെ നശിപ്പിക്കുന്നത് കൊലപാതകമാണ്. ഭൂമിയിലേക്ക് ജനിച്ചു വീണിട്ടില്ല എന്ന് മാനദണ്ഡപ്പെടുത്തി ഒരു ജീവൻ ഇല്ലായ്മചെയ്യാൻ നമുക്കൊരിക്കലും അവകാശമില്ല. അങ്ങനെ അവകാശം നൽകുന്ന ഏത് നിയമവും മനുഷ്യത്വരഹിതവും ധാർമികരഹിതവുമാണ്.ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത ശിക്ഷകൾ നൽകാൻ നിയമവ്യവസ്ഥിതിയുണ്ടാകണം.

“കൊല്ലരുത്” എന്ന അര്‍ത്ഥസംപുഷ്ടവും സ്പഷ്ടവുമായ വിധം രൂപപ്പെടുത്തപ്പെട്ട ചിന്ത നമ്മുടെ മാനുഷികബന്ധങ്ങളുടെ മൗലിക മൂല്യത്തെ സംരക്ഷിക്കുന്ന ഒരു മതിലായി ഉയര്‍ന്നുനിൽക്കണം.മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാന മൂല്യം ജീവന്‍റെ മൂല്യമാണ്. അതുകൊണ്ടു തന്നെ,ആരും ആരെയും കൊല്ലരുത്.ഇന്ന് ജീവനെതിരായ ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഭ്രൂണഹത്യയാണ്.ഓരോ ദിവസവും പത്ര മാധ്യമങ്ങള്‍ ഇത്തരം നരഹത്യയുടെ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തില്‍ സംഭവിക്കുന്ന സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നു പറയാം. യുദ്ധങ്ങളാലും മനുഷ്യനെ ചൂഷണം ചെയ്യുന്ന സംഘടനകളാലും ജീവന്‍ ആക്രമിക്കപ്പെടുന്നു.സൃഷ്ടിയെ വച്ചുള്ള ചൂതാട്ടത്താലും വലിച്ചെറിയല്‍ സംസ്കൃതിയാലും പ്രയോജനത്തിന്‍റെ കണക്കുകള്‍ക്ക് മാനവാസ്തിത്വത്തെ വിധേയമാക്കുന്ന സംവിധാനങ്ങളാലും ജീവന്‍റെ മൂല്യം ആക്രമിക്കപ്പെടുന്നു. നിരവധിപ്പേര്‍ മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന അപകീര്‍ത്തികരമായ അവസ്ഥ നിലനില്ക്കുന്നു. ഇത് ജീവനെ നിന്ദിക്കലാണ്.മനുഷ്യ ജീവനെതിരായ ലൗകിക ബിംബങ്ങള്‍ ധനം,സുഖം,അധികാരം, നേട്ടം എന്നിവയാണ്.ഇവ ജീവന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്ന തെറ്റായ മാനദണ്ഡങ്ങളാണ്.

24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന ഇന്ത്യൻ നിയമങ്ങൾ അധാർമികമാണ്. ശാരീരിക മാനസിക ദൗർബല്യങ്ങളുടെ പേരിലും, വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാലും ഗർഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ല. തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ കൊലശിക്ഷയ്ക്കു വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണിത്.

ജീവന്‍റെ മൂല്യത്തെക്കുറിച്ച് ആഴത്തില്‍ അവബോധമുള്ളൊരു ജനതയും ജീവനെ വിലമതിക്കുന്ന സംസ്കാരവുമുള്ള ഇന്ത്യയെ പോലുള്ള രാജ്യവും ഭ്രൂണഹത്യയ്ക്കു നിയമപരമായ അംഗീകാരം നല്‍കുന്നത് ശരിയായ നടപടിയല്ല. ഇത് മരണനാഗരീകതയെ പ്രോല്‍സാഹിപ്പക്കലാണെന്ന് മാത്രമല്ല, ഗര്‍ഭസ്ഥശിശുക്കളെ ഇല്ലായ്മ ചെയ്യുന്നത് തെറ്റല്ല എന്ന സാഹചര്യ ധാര്‍മ്മീകത പ്രചരിപ്പിക്കല്‍കൂടിയാണെന്ന് അൽമായ ഫോറം വിലയിരുത്തുന്നു.

അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,

നിങ്ങൾ വിട്ടുപോയത്