ദൈവത്തിന്‍റെസൗന്ദര്യബോധം

പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ (Fyodor Ivanovich Tyutchev) “വസന്തം വരുന്നു, വസന്തം വരുന്നു” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് “ഉറങ്ങുന്ന തീരത്തെ വിളിച്ചുണര്‍ത്തി” തുള്ളിച്ചാടിയൊഴുകുന്ന വസന്തകാല അരുവിയെ ഓർമ്മ വരും (“സ്പ്രിംഗ് വാട്ടര്‍”)

വസന്തമാകുന്നതോടെ കുരുവി വര്‍ഗ്ഗത്തില്‍പെട്ട നൂറുകണക്കിന് ദേശാടനക്കിളികളെ യോര്‍ക്ഷിയറിലുള്ള എന്‍റെ വാസസ്ഥലത്തിനു ചുറ്റും കാണാം. നീലയും മഞ്ഞയും ചുവപ്പും കലര്‍ന്ന നിറങ്ങളിലുള്ളവര്‍. കുരുവികളെ കൂടാതെ പ്രാവുകളും തുത്തുകുണുക്കി പക്ഷികളും കരിയിലക്കിളികളുമുണ്ട്. തലയെടുപ്പുള്ള വന്മരങ്ങള്‍ക്കു കീഴില്‍ വള്ളിപ്പടര്‍പ്പുകളുണ്ട്. കാട്ടുപൊന്തകളില്‍ നിറയെ ചൊറിതനത്തിന്‍റെ ആധിപത്യമാണ്; അതിനുള്ളില്‍ വിവിധയിനം മൃഗങ്ങള്‍ – അണ്ണാനും മാനുകളും മുയലുകളും കുറുക്കനും ഹെഡ്ജോഗുമെല്ലാം – സൈര്യവിഹാരം നടത്തുന്നു.

പകല്‍ സമയത്ത് ഇരതേടി മാനത്ത് റാഗിപ്പറക്കുന്ന സ്വര്‍ണ്ണപ്പരുന്തുകളുണ്ട്. ലീഡ്സ് നഗരത്തിന്‍റെ പ്രതീകം സ്വര്‍ണ്ണമൂങ്ങകളാണ്. രാത്രിയില്‍ പലപ്പോഴും ചില ആര്‍ത്തനാദങ്ങള്‍ കേട്ട് ഞാന്‍ ഉറക്കമുണര്‍ന്നിരുന്നു. ഏറനാടന്‍ നാടോടിക്കഥകളിലെ പൊട്ടി, ചുടലമാടൻ പോതി തുടങ്ങിയ ദുര്‍മൂര്‍ത്തികളെക്കുറിച്ചു കേട്ട കഥകൾ ഓര്‍മ്മവരും. ഒരിക്കല്‍ യൂട്യൂബിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഈ ഭീകരനാദത്തിന്‍റെ ഉടമ സ്വര്‍ണ്ണമൂങ്ങകളാണെന്ന് തിരിച്ചറിഞ്ഞത്.

നമ്മുടെ കായലും കടലും നീലഗിരി മലനിരകളും ഗോവന്‍ കടല്‍ തീരങ്ങളും വടക്കേയിന്ത്യന്‍ ഗ്രാമങ്ങളുമെല്ലാം പ്രകൃതിയുടെ വിസ്മയങ്ങള്‍ തന്നെയാണ്. അറേബ്യന്‍ മണലാരണ്യങ്ങളും അതിലെ ഒട്ടകങ്ങളും മരുപ്പച്ചകളും സമാനതകളില്ലാത്തവിധം സുന്ദരമാണ്. ഫ്രാന്‍സിലെയും ഇറ്റലിയിലെയും വില്ലേജുകളുടെ സൗന്ദര്യം വിസ്മയിപ്പിക്കുന്നതാണ്. യൂറോപ്യന്‍ നഗരങ്ങളുടെയും മണിമന്ദിരങ്ങളുടെയും കൊട്ടാരങ്ങളുടെയും സൗന്ദര്യത്തേക്കാള്‍ യൂറോപ്യന്‍ കൃഷിയിടങ്ങളുടെ സൗന്ദര്യം നമ്മെ ഉന്മത്തരാക്കും. ഗോതമ്പുവയലുകളും കടുകുപാടങ്ങളും മുന്തിരിത്തോട്ടങ്ങളുമെല്ലാം സൗന്ദര്യമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നു തോന്നും. യോര്‍ക്ഷിയറിലെ കുന്നിന്‍ചരിവുകളും കുംപ്രിയന്‍ മലനിരകളും സ്കോട്ടിഷ് ഹൈലാന്‍റുകളും അവയ്ക്കിടയില്‍ കാണപ്പെടുന്ന ചെറുതടാകങ്ങളുമെല്ലാം പ്രകൃതിസൗന്ദര്യത്തിന്‍റെ ആറാട്ടുത്സവം നടക്കുന്ന ഇടങ്ങളാണ്.

സൗന്ദര്യം ദൈവത്തിന്‍റെ സൃഷ്ടിയാണ്. ദൈവം സമസ്തവും അതതിൻ്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചുവെന്നാണ് സഭാപ്രസംഗി (3:11) പറയുന്നത്. ദൈവസൃഷ്ടികളുടെ സൗന്ദര്യം ഇന്നും വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നു, ”നവതാരുണ്യം നിരന്തരം വീണമീട്ടുന്ന” പ്രകൃതിയില്‍ സൗന്ദര്യത്തിന് പഴയതാകാന്‍ കഴിയില്ല, അതെന്നും പുതുതാകണം. വചനത്തിലൂടെയുള്ള ദൈവിക വെളിപാടുകളെല്ലാം പ്രോഗ്രസീവ് (Progressive revelation) ആണെങ്കില്‍ പ്രകൃതിസൗന്ദര്യത്തിലൂടെ ദൈവം മനുഷ്യന് നിരന്തരം വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സൗന്ദര്യത്തെ ദൈവത്തോടു ചേര്‍ത്തു സങ്കല്‍പ്പിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന മതങ്ങളും മതദര്‍ശനങ്ങളുമുണ്ട്. ചില മതചിന്തകളില്‍ സൗന്ദര്യത്തിനോ സംഗീതത്തിനോ കലയ്ക്കോ സാഹിത്യത്തിനോ സ്ഥാനമില്ല. ഈശ്വരവിശ്വാസം അസ്ഥിപോലെ വരണ്ടുണങ്ങിയതാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ദൈവം വസിക്കുന്നത് “സൗന്ദര്യത്തികവായ സീയോനി”ലാണെന്നും സൗന്ദര്യത്തിനെല്ലാം ആധാരമായ പ്രകാശത്തിന്‍റെ പശ്ചാത്തലത്തിലാണ് അവിടുന്നു സ്ഥിതിതനായിരിക്കുന്നതെന്നുമാണ് സങ്കീര്‍ത്തന(50:2)ത്തില്‍ കാണുന്നത്.

പ്രപഞ്ചത്തിലെങ്ങും ദൈവം സ്വയം വെളിപ്പെട്ടിരിക്കുന്നു (റോമ 1:20), പ്രകൃതി ദൈവത്തിന്‍റെ തിയോഫനിയാണ് (theophany). അതിനാല്‍ സൃഷ്ടപ്രപഞ്ചത്തിലെ ഓരോന്നിലും ദൈവത്തിന്‍റെ സൗന്ദര്യമാണ് നമ്മള്‍ ദര്‍ശിക്കുന്നതെന്നാണ് പ്രമുഖ ഓര്‍ത്തഡോക്സ് ദൈവശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ലോത്ത് പറയുന്നത്. മലകളിലും കാടുകളിലും നദികളിലും തടാകങ്ങളിലും സമുദ്രങ്ങളിലും അതിലെ ജീവികളിലുമെല്ലാം ദൈവികസൗന്ദര്യം വിളയാടുന്നു. കിളിക്കൂടുകളിലും മൃഗങ്ങളുടെ ഗുഹകളിലും മലയിടുക്കുകളിലുമെല്ലാം ഈ സൗന്ദര്യമുണ്ട്. മനുഷ്യനിര്‍മ്മിതമായ മണ്‍കുടിലുകയും വലിയ രമ്യഹര്‍മ്മങ്ങളും കൊട്ടാരങ്ങളും ആരാധനാലയങ്ങളുമെല്ലാം വിളിച്ചോതുന്നത് ദൈവത്തിന്‍റെ സൗന്ദര്യത്തെയാണെന്ന് ആന്‍ഡ്രൂ ലോത്ത് നിരീക്ഷിക്കുന്നു. മനുഷ്യസൃഷ്ടിയായ മലമ്പാതകളും മലകളെ ബന്ധിക്കുന്ന പാലങ്ങളുമെല്ലാം ഈ സൗന്ദര്യത്തിന്‍റെ ഭാഗം തന്നെയാണ്. എന്നാല്‍ ഈ സൗന്ദര്യത്തിനെല്ലാം പിന്നിലുള്ള ദൈവത്തെക്കുറിച്ച് മനുഷ്യന്‍ പലപ്പോഴും ഓര്‍മ്മിക്കാറില്ല.

കലയും സംസ്കാരവും കവിതയും നാടകവും ശില്‍പ്പങ്ങളും പെയിന്‍റിംഗുകളുമെല്ലാം തിയോഫനികളില്‍ പങ്കാളികളായ മനുഷ്യന്‍റെ വിവിധരീതിയിലുള്ള ദൈവാവിഷ്കാരങ്ങളുടെ പ്രതിഫലനങ്ങളാണ്. സൃഷ്ടികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ തിയോഫനികളെ കാണുമ്പോള്‍ പലപ്പോഴും മനുഷ്യന്‍ ദൈവത്തെ ഓര്‍മ്മിക്കാറില്ല. കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ അനന്തനീലാകാശത്തിന്‍റെ പശ്ചാത്തലത്തില്‍ കടലിന്‍റെയും ഓളങ്ങളുടെയും സൗന്ദര്യം നാം കാണും. എന്നാല്‍ അതില്‍ നിറഞ്ഞുനില്‍ക്കുന്നത് ദൈവികസൗന്ദര്യത്തിന്‍റെ വെളിപ്പെടലുകളാണെന്ന് നാം തിരിച്ചറിയുന്നില്ല.

സീയോനെ സൗന്ദര്യത്തില്‍ സൃഷ്ടിച്ചവന്‍ അതിന്‍റെ കേടുപാടുകള്‍ തീര്‍ത്താണ് ഭൂമിയെ പിന്നീടു സൃഷ്ടിച്ചതെന്നു പറയുന്നവരുണ്ട്. അതിവര്‍ണ്ണനയാണ് ഇതെങ്കിലും ഭൂമിയുടെ സൗന്ദര്യം ഭൗതികതയുടെ സൗന്ദര്യമാണ്. ഇതിനെ സ്വര്‍ഗ്ഗവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ സുന്ദരന്‍ ക്രിസ്തുവാണെന്നാണ് ഉത്തമഗീതത്തില്‍ ശലോമോന്‍ പറയുന്നത്. ശാരോനിലെ പിനിനീര്‍ പുഷ്പംപോലെയും ഓഫീര്‍ തങ്കംപോലെയും സുന്ദരന്‍. ഈ സുന്ദരനെ മനുഷ്യവംശത്തിലേക്ക് വെളിപ്പെടുത്താന്‍ ദൈവത്തിന് ഇഷ്ടം തോന്നിയെന്ന് പൗലോസ് സ്ലീഹാ ഗലാത്യലേഖനത്തില്‍ എടുത്തു പറയുന്നു.

മനുഷ്യന്‍റെ സൗന്ദര്യദര്‍ശനങ്ങളിലും ഭാവനകളിലും ഹൃദയത്തിലെ ചിന്തയിലും ദുഷിപ്പുകടന്നുകൂടിയ ഒരു കാലഘട്ടത്തെപ്പറ്റി ഉല്‍പ്പത്തി 6:5ല്‍ വായിക്കുന്നു. ഈ ദുഷിപ്പിന്‍റെ സ്വാധീനം തുടര്‍ന്ന് എല്ലാ മേഖലയിലും വ്യാപിച്ചു. സിനിമയിലും നാടകത്തിലും കവിതയിലും സാഹിത്യത്തിലുമെല്ലാം ഈ ദുഷിപ്പാകുന്ന കളകളും വളരുന്നുണ്ട്. ദൈവത്തെ വെളിപ്പെടുത്തേണ്ടതിനു പകരം തിന്മയെ വെളിപ്പെടുത്തുന്നതിലൊന്നും ദൈവത്തിന്‍റെ കൈയൊപ്പില്ല. ഉത്തമവും പൂര്‍ണവുമായ ദാനങ്ങള്‍ മാത്രമേ ഉന്നതത്തില്‍നിന്നുള്ളൂ (യാക്കോബ് 1:17).

ഭൂമിയെ സൗന്ദര്യത്തോടെ സൃഷ്ടിച്ചിരിക്കുന്ന ദൈവത്തെ അദൃശ്യനായ പൂന്തോട്ടക്കാരനോടാണ് കാള്‍ റാനര്‍ (Karl Rahner) ഉപമിക്കുന്നത്. ഒരിക്കല്‍ ഒരു വനത്തിന്‍റെ നടുവിലുള്ള വെളിമ്പ്രദേശത്തൂകുടി കടന്നുപോയ രണ്ടു സഞ്ചാരികള്‍ അവിടെ മനോഹരമായൊരു പൂന്തോട്ടം കണ്ടു. ആരാണ് ഈ പൂന്തോട്ടത്തെ ഇത്രമേല്‍ പരിപാലിച്ച് മനോഹരമാക്കി നിര്‍ത്തിയിരിക്കുന്നത് എന്നവര്‍ പരസ്പരം ചോദിച്ചു. ഈ ഗാര്‍ഡനറെ കണ്ടുപിടിക്കാന്‍ അവര്‍ അവിടെ കൂടാരമടിച്ചു താമസിച്ചു. ആരെയും കണ്ടില്ല, അവര്‍ പൂന്തോട്ടത്തിനു ചുറ്റും വേലികെട്ടിനോക്കി, ആരും വേലിചാടി വരുന്നതിന്‍റെ ലക്ഷണങ്ങളുമില്ല. ഒടുവില്‍ അവര്‍ ഉറപ്പിച്ചു, ഇത് അദൃശ്യനായ ഒരു പൂന്തോട്ടക്കാരനാണ്. ആളെ കാണാന്‍ കഴിയില്ല എന്നു മാത്രമല്ല, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും ഗ്രഹിക്കാന്‍ കഴിയാത്തവനുമാണ് ഈ പൂന്തോട്ടക്കാരന്‍. രക്ഷകനായ ദൈവം സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ് (ഏശയ്യ 45:15). സൃഷ്ടിക്കു മറഞ്ഞിരിക്കുമ്പോഴും സൃഷ്ടിയുടെ സൗന്ദര്യത്തിലൂടെ അവിടുന്നു വെളിപ്പെടുകയും ചെയ്യുന്നു.

ശോഭയേറിയതും നിര്‍മ്മലവുമായ മൃദുലവസ്ത്രംധരിച്ചു സുന്ദരിയായ സഭയെയാണ് വെളിപ്പാട് പുസ്തകം 19ല്‍ കാണുന്നത്. അമൂല്യരത്നങ്ങളും സൂര്യകാന്തക്കല്ലും നവരത്നങ്ങളും മുത്തുകളുമായി അലംകൃതയായ സുന്ദരിയാണ് ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ. സഭയുടെ സന്താനങ്ങളുടെ സൗന്ദര്യത്തിനും ദൈവവചനം പ്രാധാന്യം നല്‍കുന്നുണ്ട്.

മനുഷ്യന്‍റെ ബാഹ്യസൗന്ദര്യമാണ് പരസ്പരം നമ്മെ ആകര്‍ഷിക്കുന്നത്. അതിനായി മനുഷ്യന്‍ സൗന്ദര്യവര്‍ദ്ധിതമാകുവാന്‍ എന്നും ശ്രമിക്കുന്നു. മനുഷ്യന്‍റെ ബാഹ്യസൗന്ദര്യത്തെ ദൈവം ഇഷ്ടപ്പെടുമ്പോഴും മനുഷ്യനില്‍ നിറച്ചിരിക്കുന്ന ആന്തരികസൗന്ദര്യത്തെയാണ് ദൈവത്തിന്‍റെ കണ്ണുകള്‍ പരതുന്നത്. മനുഷ്യന്‍ പുറം നോക്കുമ്പോള്‍ ദൈവം അകം നോക്കുന്നു (1 സാമുവേല്‍ 16:7). ദൈവം മനുഷ്യന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്ന സൗന്ദര്യത്തിന്‍റെ പേരാണ് നിത്യത -Eternity (സഭാപ്രസംഗി 3:11). “കാലത്തിൻ്റെ സമഗ്രതയെക്കുറിച്ചുള്ള ബോധമെന്നും”, “വരാന്‍പോകുന്ന ലോകത്തെക്കുറിച്ചുള്ള അവബോധമെന്നും വ്യത്യസ്ത പരിഭാഷകളില്‍ നിത്യതയെ വിശേഷിപ്പിക്കുന്നു. സമയാതീതനായ ദൈവത്തോടൊത്തുള്ള നിതാന്തകൂട്ടായ്മയിലാണ് നിത്യതയുടെ സൗന്ദര്യം കുടികൊള്ളുന്നത്. നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്‍റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്