ബഹിരാകാശത്തു ദൈവത്തെ കണ്ടില്ല!

ബഹിരാകാശത്തു പോയവൻ ദൈവത്തെ കണ്ടില്ല!

കാണാഞ്ഞതിന്റെ പേരിൽ യാത്ര വെറുതെയായി എന്ന് ശാസ്ത്ര ലോകമോ ദൈവ വിശ്വാസികളോ കരുതിയതുമില്ല! ശാസ്ത്രലോകത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. വിശ്വാസികൾ ബഹിരാകാശത്തു ദൈവമിരിപ്പുണ്ട് എന്നു കരുതുന്നുമില്ല! എങ്കിലും കുറേക്കാലം ചിലരെല്ലാം, യൂറി ഗഗാറിൻ ബഹിരാകാശത്ത് ദൈവത്തെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ടു നടന്നു!

അടുത്ത കാലത്തു ശ്രദ്ധയിൽപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ ഇതു പറയാൻ കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഹൃദ്യമായി മലയാളികൾക്കു പകർന്നു നൽകിക്കൊണ്ടിരുന്ന സന്തോഷ്‌ ജോർജ് കുളങ്ങര, പെട്ടെന്നൊരുനാൾ ചോദിക്കുന്നു, “ഭൂമിയിൽ ഒരു പണിയുമില്ലാത്ത ദൈവം സ്വർഗത്തിൽ എന്തു ചെയ്യാനാണ്” എന്ന്!

ഇന്നലെ വരെ മലയാളം സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ, ഇന്നു നേരം വെളുത്തപ്പോൾ ഗ്രീക്കു മാത്രമേ സംസാരിക്കൂ എന്നപോലുളള ഒരനുഭവം!

അദ്ദേഹം ഉദ്ദേശിച്ച തൊഴിൽ രഹിതനായ ദൈവം ഏതാണോ ആവോ? ലോകം മുഴുവൻ സഞ്ചരിച്ചിട്ടും ദൈവികമായി യാതൊന്നും കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല പോലും! ലോക ചരിത്രവും സംസ്കാരങ്ങളും മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ ഗതി വിഗതികളും പറഞ്ഞുകൊണ്ടിരുന്ന ഒരാൾക്ക്, അതിലൊന്നും ദൈവത്തിനോ ദൈവ സങ്കൽപ്പങ്ങൾക്കോ ഒരു പങ്കും ഉണ്ടായിരുന്നതായി കാണാൻ കഴിയുന്നില്ല!

ലോകത്തു നിലനിൽക്കുന്ന നന്മകളിലൊന്നും ദൈവത്തിന്റെ കരസ്പർശമുള്ളതായി അദ്ദേഹത്തിനു തോന്നുന്നുമില്ല!

മൂവായിരം വർഷങ്ങൾക്കു മുൻപ്, ഹെബ്രായ കവിയും സങ്കീർത്തകനുമായ ദാവീദ് ഇങ്ങനെ പറഞ്ഞു: “ആകാശങ്ങൾ ദൈവത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്നു! ആകാശ വിതാനം അവന്റെ കരവേല വെളിപ്പെടുത്തുന്നു!”

ഭൂമിയും മനുഷ്യനും പക്ഷി മൃഗാദികളും സസ്യ ലതാദികളുമെല്ലാം ദൈവിക ചൈതന്യം പ്രതിഫലിപ്പിക്കുന്നു എന്നു ദൈവ വിശ്വാസികൾ കരുതുന്നു!

അവർ അത് അവരുടെ വിശ്വാസ ബോധ്യങ്ങളുടെ ഭാഗമായി ആവിഷ്കരിക്കുന്നു.

പറുദീസ, സ്വർഗം, നരകം, ദൈവദൂതന്മാർ, മാലാഖമാർ, പിശാചുക്കൾ തുടങ്ങിയവയൊക്കെ, അവരുടെ അനുഭവം ആവിഷ്കരിക്കുന്ന സവിശേഷമായ ഭാഷാ പ്രയോഗങ്ങളാണ്! കവിതപോലെ! പ്രണയാനുഭവം പോലെ! സ്നേഹം പോലെ!

എനിക്കങ്ങനെയൊന്ന് ഇന്നുവരെ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എന്നു പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്! ‘ആർക്കും അങ്ങനെ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല, ഇതെല്ലാം ചില കവികളുടെയും ഭ്രാന്തന്മാരുടെയും ഭാവന മാത്രമാണ്’ എന്നു പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലിക അവകാശവും നമുക്കുണ്ട്! അതുകൊണ്ട്, സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്ക് ദൈവമില്ലെന്നോ, ദൈവം പൊട്ടനാണെന്നോ, വികലാങ്കനാണെന്നോ, ഉത്പാദന ശേഷിയില്ലാത്തവനാണെന്നോ ഒക്കെ പറയാം.

പക്ഷേ, അദ്ദേഹം യാത്രയുടെ അനുഭവം പങ്കു വയ്ക്കുമ്പോഴുള്ള രസമോ, കേൾക്കാനുള്ള സുഖമോ, മാനസിക സന്തോഷമോ, ഇത്തരം കാര്യങ്ങൾ പറയുന്നതു കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നില്ല!

കോരിത്തരിപ്പും കുന്തളിപ്പും ഉണ്ടാകുന്നവർ കണ്ടേക്കാം എന്നതു നിഷേധിക്കുന്നുമില്ല!

ഫാ. വർഗീസ് വള്ളിക്കാട്ട്

Hand reaching to sky.

നിങ്ങൾ വിട്ടുപോയത്