സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസം കേട്ട ഒരു കമന്റാണ് ജനാഭിമുഖബലിയർപ്പണം എന്നത് കേവലം അനുസരണയുടെ പ്രശ്നമല്ല, മറിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണെന്ന്. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. അനുസരണം എന്നത് വിശ്വാസത്തിന്റെ ഭാഗമല്ലേ? എന്റെ ആത്മീയ മേലധികാരി വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം നൽകുമ്പോൾ അത് അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനല്ലേ? വൈദികപട്ടം സ്വീകരിക്കുമ്പോൾ ഒരു പുരോഹിതാർത്ഥി അനുസരണം വാഗ്ദാനം ചെയ്യുന്നതും ഇതാണല്ലോ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞദിവസം “സീറോ മലബാർ സഭയുടെ പിതാക്കന്മാർക്ക് മുമ്പിൽ സമർപ്പിക്കുന്ന ഒരപേക്ഷ” എന്ന പേരിൽ പ്രസിദ്ധ ബൈബിൾ പണ്ഡിതനായ ബഹു. മൈക്കിൾ കാരിമറ്റത്തിലച്ചൻ പ്രസിദ്ധീകരിച്ച ഒരു കത്ത് വായിക്കാനടിയായി. ആ കത്തിന്റെ സംഗ്രഹം സീറോ മലബാർ സഭയിലെ സമകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്.സഭയുടെ ഐക്യത്തിനു വേണ്ടി സിനഡ് പിതാക്കന്മാർ വിട്ടുവീഴ്ച ചെയ്യണം എന്നാണ് ഈ കത്തിന്റെ കാതൽ. ഇവിടെ ചില ചോദ്യങ്ങൾ പ്രസക്തമെന്ന് കരുതുന്നു.

1. സീറോ മലബാർ സഭയുടെ സിനഡ് 2021 നവംബർ 28ന് എടുത്ത ‘പുതിയ’ തീരുമാനത്തെക്കുറിച്ച് ബഹു. അച്ചൻ തന്റെ കത്തിൽ പറയുന്നുണ്ട്. ഈ പുതിയ തീരുമാനം തീർച്ചയായും സീറോ മലബാർ സഭയുടെ ഐക്യത്തിനു വേണ്ടിയാണ്. നമ്മുടെ അല്മായ സഹോദരന്മാർ പലപ്പോഴും പറയുന്നതുപോലെ “ഓരോ പഞ്ചായത്തിലും ഓരോ തരത്തിൽ വിശുദ്ധ കുർബാനയർപ്പണം” എന്ന രീതിയിൽ സീറോ മലബാർ സഭയിലെ ഓരോ രൂപതയിലും വ്യത്യസ്ത രീതിയിലായിരുന്നു വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു പോന്നത്! ഒരു സ്വയാധികാരസഭയിൽ ഇപ്രകാരം വ്യത്യസ്ത രീതികളിൽ ബലിയർപ്പിക്കപ്പെടുന്നു എന്നത് വിചിത്രവും തിരുത്തപ്പെടേണ്ടതുമാണ്. അത് തിരുത്താനുള്ള ആർജ്ജവമാണ് 2021ലെ സിനഡ് നടപ്പിലാക്കിയത്.

2. ബലിപീഠത്തിലെ ഭിന്നതയെക്കുറിച്ച് കോറിന്തോസിലെ സഭയെ ഉദാഹരണമാക്കി അച്ചൻ പറയുന്നുണ്ട്. 2021ൽ സിനഡ് ഏകീകൃത ബലിയർപ്പണം നടപ്പിലാക്കിയതും സീറോ മലബാർ സഭയിലെ ഇപ്രകാരമുള്ള ഭിന്നതയുടെ പശ്ചാത്തലത്തിൽത്തന്നെ ആയിരുന്നു. മാത്രവുമല്ല, ഈ തീരുമാനം 1999 ലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതുമായിരുന്നു. 2021ൽ സീറോ മലബാർ സഭയിലെ 35 രൂപതകളിൽ 34 രൂപതകളും സിനഡിന്റെ നിർദ്ദേശം അനുസരിച്ചു. എന്തേ ഒരു രൂപതയ്ക്ക് മാത്രം അത് അനുസരിക്കാൻ സാധിക്കുന്നില്ല? ഈ 34 രൂപതകളുടെ അനുസരണത്തിന് വിലയില്ലേ?

3. ഇവിടെ വിശ്വാസത്തെയും ധാർമ്മികതയെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അച്ചൻ തന്റെ കത്തിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തിനാണ് വിശ്വാസ സമൂഹത്തെയും പൊതുസമൂഹത്തെയും അസ്വസ്ഥതപ്പെടുത്തുന്ന ഈ അനുസരണക്കേട്? സഭയുടെ തീരുമാനത്തോട് ചേർന്ന് നിൽക്കുക എന്നതല്ലേ പ്രധാനപ്പെട്ടത്?

4. ചർച്ചയ്ക്ക് ഇനിയും തയ്യാറാകണം എന്ന് അച്ചൻ പറയുന്നതും വിചിത്രമായിത്തോന്നുന്നു. 2021ലെ സിനഡൽ തീരുമാനത്തതിനു ശേഷം അഭിവന്ദ്യ പിതാക്കന്മാരുമായി പലതരത്തിലുള്ള ചർച്ചകൾ വിഘടിച്ച് നിൽക്കുന്നവർ നടത്തിയിട്ടുണ്ട്. ഇത് ഒരു രാഷ്ട്രീയ ചർച്ച അല്ലല്ലോ. വിശ്വാസവും സന്മാർഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഭയുടെ പ്രബോധനാധികാരത്തിനാണ് പ്രസക്തി. സിനഡ് ഇതുമായി ബന്ധപ്പെട്ട് വളരെയധികം സമയം അനുവദിച്ചെങ്കിലും ഇക്കാലമത്രയും വേണ്ട രീതിയിലുള്ള മതബോധനമോ വിശ്വാസബോധവൽക്കരണമോ നടത്താത്തത് ആരുടെ കുഴപ്പമാണ്?

5. വിശുദ്ധ കുർബാനയിലെ വൈവിധ്യങ്ങളെക്കുറിച്ച് അച്ചൻ തന്റെ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.തീർച്ചയായും സഭ നിർദ്ദേശിക്കുന്ന വൈവിധ്യങ്ങൾ മനോഹരമാണ്. എന്നാൽ സ്വാർത്ഥത നിറഞ്ഞ വൈവിധ്യങ്ങൾ വിശുദ്ധ കുർബാനയുടെ ഭംഗിയെ തകർത്തു കളയുന്നു. അതിനൊരുദാഹരണമാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധന ക്രമത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പറയുന്ന ഒരു നിർദ്ദേശം. അതിപ്രകാരമാണ്: “ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളെ മാത്രം അതായത്, പരിശുദ്ധ സിംഹാസനത്തെയും നിയമം അനുവദിക്കുന്നുവെങ്കിൽ മെത്രാനെയും ആശ്രയിച്ചിരിക്കുന്നു. ആരാധനക്രമസംബന്ധമായ നിയമനിർമ്മാണം ചെയ്യുന്നത് മെത്രാന്മാരാണ്. തന്മൂലം, മറ്റാർക്കും ഒരു വൈദികന് പോലും സ്വയാധികാരത്താൽ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല”(SC,22). ഇത് സഭയുടെ കൃത്യമായ ഒരു നിർദ്ദേശമാണ്. എന്നാൽ ഈ നിർദ്ദേശത്തെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ആരെങ്കിലും അലങ്കോലപ്പെടുത്തിയാൽ അവിടെ അരാജകത്വം ഉണ്ടാകുന്നു. ആരാധനക്രമത്തിന്റെ ഭംഗി നഷ്ടപ്പെട്ടു പോകുന്നു. അതുകൊണ്ടാണ് ആരാധനക്രമവുമായി ബന്ധപ്പെട്ട കൃത്യമായ നിയമങ്ങൾ തിരുസഭ നൽകുന്നത്.

6. എല്ലാ അവയവങ്ങളും ശിരസ്സിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു എന്ന് അച്ചൻ തന്റെ കത്തിൽ പറയുന്നുണ്ട്. വാസ്തവത്തിൽ ഇതല്ലേ ചെയ്യേണ്ടത്? സഭയിലെ ഐക്യമാണ് പ്രധാനമെങ്കിൽ ആ ഐക്യം സാധ്യമാക്കാൻ അനുസരണം എന്ന മൂല്യത്തിന് സ്ഥാനം ഇല്ലേ? അനുസരണം എന്നത് ഏതാനും ചിലർക്കായി സംവരണം ചെയ്യപ്പെട്ട ഒന്നാണോ?

7.അച്ചന്റെ കത്തിൽ അനുസരണയെക്കുറിച്ച് വളരെ കുറച്ചു മാത്രം പറഞ്ഞിട്ടുള്ളത് ഖേദകരമാണ്. 2021 ആഗസ്റ്റ് മാസം മുതലിങ്ങോട്ട് മേജർ ആർച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റും മാർപാപ്പയുടെ പ്രതിനിധിയായ സിറിൽ വാസിൽ പിതാവും നൽകിയ ഇടയ ലേഖനങ്ങൾ വായിക്കാതിരിക്കുകയും അപ്രകാരം ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുകയും ചെയ്ത ഒരു കൂട്ടം വൈദികർ ദൈവജനത്തിന് എന്ത് സന്ദേശമാണ് നൽകിയത്? തങ്ങൾക്ക് ഇഷ്ടമില്ലാത്തവയാണെങ്കിലും ഇക്കാര്യങ്ങൾ ദൈവ ജനത്തെ അറിയിക്കാനുള്ള ഗൗരവമായ ഉത്തരവാദിത്വം അവർക്കില്ലേ? പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ ഇക്കഴിഞ്ഞ ദിവസം തന്നെ സന്ദർശിച്ച സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിനെയും സംഘത്തെയും ഓർമ്മിപ്പിച്ചതും അനുസരണയെക്കുറിച്ചായിരുന്നു. മാർപാപ്പ ഇപ്രകാരമാണ് പറഞ്ഞത്:

പരിശുദ്ധ കുർബാനയോട് കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേർന്നു പോകുന്നതല്ലെന്ന മുന്നറിയിപ്പാണ് മാർപ്പാപ്പ നൽകിയത്. ഈ അനാദരവ് ന്യായമായ സഭാധികാരത്തോടുള്ള അനുസരണമില്ലായ്മയിൽ അധിഷ്ഠിതമാണ്. ഇക്കഴിഞ്ഞ ദിവസം എറണാകുളം അതിരൂപതയിൽപ്പെട്ട ഒരു വീട്ടമ്മ പങ്കുവെച്ചത് ഇപ്രകാരമാണ്.”എന്റെ ഇടവകപള്ളിയിൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ ഞാൻ പലപ്പോഴും കരയാറുണ്ട്. ഈശോ ഐക്യത്തിന്റെ ആത്മാവിനെയാണ് നമുക്ക് നൽകിയത്. പരിശുദ്ധ കുർബാന ഐക്യത്തിന്റെ കൂദാശയാണ്. എന്നാൽ ഇവിടെ ഐക്യവും അനുസരണയുമില്ലാതെയാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്. അനുസരണം ഉള്ളിടത്തല്ലേ ഈശോയുടെ സാന്നിധ്യം ഉണ്ടാവുകയുള്ളൂ”. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വൈദികരെക്കുറിച്ചുള്ള ഡിക്രി ഇപ്രകാരം പറയുന്നു:

” വൈദികധർമ്മം സഭ മുഴുവനോടും ഹയരാർക്കിയോടുമുള്ള കൂട്ടായ്മ വഴി മാത്രമേ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. അജപാലന സ്നേഹം ആവശ്യപ്പെടുന്നത് ഈ ഐക്യത്തിൽ വ്യാപരിച്ചുകൊണ്ട് വൈദികർ സ്വമനസ്സിനെ അനുസരണം വഴി ദൈവശുശ്രൂഷയ്ക്കും പരസേവനത്തിനുമായി സമർപ്പിക്കണമെന്നാണ്. മാർപാപ്പയും സ്വന്തം മെത്രാനും മറ്റ് അധികാരികളും കൽപ്പിക്കുന്നതും നിർദ്ദേശിക്കുന്നതും തികഞ്ഞ വിശ്വാസ ചൈതന്യത്തോടെ സ്വീകരിക്കാനും പ്രാവർത്തികമാക്കാനും ഇടയനടുത്ത സ്നേഹം അവരോടാവശ്യപ്പെടുന്നുണ്ട്”

(PO, No.15).

ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

നിങ്ങൾ വിട്ടുപോയത്