സ്നേഹം പകരാനും ജീവൻ നൽകാനുമുള്ള ദൈവിക പദ്ധ്യതിയുടെ അടിസ്ഥാനമാണ് വിവാഹം.


കത്തോലിക്ക വിശ്വാസികൾക്ക് ഇതൊരു പ്രധാന കൂദാശയാണ്. ഈ ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കാൻ ശരിയായ ഒരുക്കം അത്യന്താപേക്ഷിതമാണ്.

സന്യാസ പൗരോഹിത്യ ജീവിതാന്തസ്സുകളിൽ പ്രവേശിക്കുന്നവർക്ക് വർഷങ്ങൾ നീണ്ട പരിശീലനം സഭയിൽ നൽകുന്നുണ്ട്.അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് വൈവാഹിക ജീവിതാന്തസ്സിലേയ്ക്ക് പ്രവേശിക്കുന്നവർക്കുള്ള ഒരുക്കവും. ശരിയായ ഒരുക്കം ഒരുങ്ങുന്നവന്റെ മനസ്സിനെ രൂപപ്പെടുത്തുകയും പകപ്പെടുത്തുകയും ചെയ്യും. സ്വന്തം ഭവനത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന അറിവും അനുഭവങ്ങളുമാണ് ഏറ്റവും നല്ല പരിശീലനം. നല്ല കുടുംബങ്ങളിൽ നിന്നുമാത്രമേ മികച്ച കുടുംബങ്ങൾ രൂപകൊള്ളുകയുള്ളു.
ജോലി ലക്ഷ്യമാക്കിയുള്ള പഠനം മക്കൾക്ക്‌ നൽകുന്ന മാതാപിതാക്കൾ, അവരെ നല്ല കുടുംബങ്ങൾ രൂ പികരിക്കാനുള്ള പരിശീലനവും നൽകുവാൻ മറന്നുപോകരുത്.

ജോലിലഭിച്ച ശേഷം പിന്നെ പെട്ടെന്നൊരു വിവാഹ ആലോചനകൾ. അടുത്തറിയാവുന്ന കുടുംബങ്ങളിൽ നിന്നും മക്കൾക്ക്‌ ഉചിതമായ പങ്കാളികളെ കണ്ടെത്തുന്ന പഴയ സാഹചര്യങ്ങൾ ഇപ്പോൾ കുറഞ്ഞുവരുന്നു. പത്രങ്ങളിലെ പരസ്യം, മാട്രിമോണിയുടെ സേവനം, ജോലിസ്ഥലങ്ങളോ പഠനസ്ഥലത്തൊ പരിചയപ്പെട്ടവർ.. ഒക്കെയാണ് പലപ്പോഴും വിവാഹത്തിന് വഴിയൊരുക്കുന്നത്.

കുറെ വർഷങ്ങൾ ഒരുമിച്ച് പഠിച്ചതും ജോലിചെയ്തതും വഴി വ്യക്തിയെ കണ്ടതും പരിചയപ്പെട്ടതും വിവാഹത്തിന് അടിസ്ഥാനമാകുന്നത് ഉചിതമോ? യഥാർത്ഥത്തിൽ കുടുംബജീവിത പങ്കാളികളെ കണ്ടെത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? ഒരുക്കങ്ങൾ എപ്പോൾ ആരംഭിക്കണം? എന്തെല്ലാം പരിശീലനം , അന്വേഷണം ആവശ്യമാണ്? ഇത്തരം കാര്യങ്ങൾ ” മംഗളവാർത്ത “- വരുംദിവസങ്ങളിൽ വിശദമായി ചർച്ചനടത്തുന്നു.


വിശുദ്ധ കുടുംബം വിശുദ്ധ വിവാഹത്തിന് ആവശ്യമാണ്.തിരുപ്പട്ടം എന്നതുപോലെ തിരുവിവാഹം നമ്മുടെ കുടുംബങ്ങളിൽ നടക്കണം.


വിശ്വാസവും വിവേകവുമുള്ള യുവാവും യുവതിയും വിശുദ്ധിയോടെ ജീവിക്കുന്ന കുടുംബത്തിൽ നിന്നും ഉചിതമായ പങ്കാളികളെ കണ്ടെത്തുമ്പോൾ വിശുദ്ധ കുടുംബം ( Holy Family ഹോളി ഫാമിലി )ജനിക്കുന്നു.


വൈവാഹിക ജീവിതാന്തസ്സിൽ പരസ്പര സഹകരണത്തിന്റെയും വിട്ടുവീഴ്ചാ മനോഭാവത്തിന്റെയും ഒരു മാനസിക രൂപപ്പെടൽ അനിവാര്യമാണ്. ദൈവകല്പനകളും ധാർമ്മിക മൂല്യങ്ങളും അടിത്തറ പാകിയ ഒരു നല്ല ക്രിസ്തിയ കുടുംബം രൂപപ്പെടുത്താൻ തക്ക ബോധ്യങ്ങളും പരിശീലനവും വിവാഹത്തിന് മുമ്പും ശേഷവും നമ്മുടെ യുവതിയുവാക്കൾക്ക് ലഭ്യമാക്കണം.


യുവതി യുവാക്കൾക്കും യുവദമ്പതികൾക്കും അവരുടെ കുടുംബജീവിത പാതകളിൽ വഴിവിളക്കായി വ്യക്തികളും കുടുംബങ്ങളും പ്രസ്ഥാനങ്ങളും പരിശീലന പരിപാടികളും ഉണ്ടാകണം. മാർഗ്ഗരേഖകളായി സഭയുടെ പഠനങ്ങൾ ഉൾകൊള്ളുന്ന പുസ്തകങ്ങൾ വായിക്കുവാൻ ശ്രദ്ധിക്കണം.


വിവാഹം വേണ്ടെന്നും, കുട്ടികൾ വേണ്ടെന്നും കരുതി, കുറെനാൾ ഒത്തുവസിക്കുന്ന” സൗഹൃദ വാസം ” മതിയെന്ന് കരുതുന്ന , വികല കാഴ്ചപ്പാടുകൾ തലയിലേറ്റിയ ഒരു വിഭാഗവും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് അറിയാതെ പോകരുത്.


മനുഷ്യജീവനെ ആദരിക്കാനും കരുതലോടെ വളർത്താനും, തന്റെ പങ്കാളിയെ സകല ജീവിത സാഹചര്യങ്ങളിലും തന്റെ തന്നെ ഭാഗമായി കണ്ട് ആദരിക്കാനും സ്നേഹിക്കാനും അതുവഴി നല്ല കുടുംബം റുപ്പിക്കരിക്കാനുമുള്ള ചിന്തകൾ മനസ്സിൽ രൂപപ്പേട്ട ശേഷം വേണം വിവാഹലോചനകൾ ആരംഭിക്കാൻ.

വ്യക്തമായ കഴപ്പാടുകൾ രൂപപ്പെടുത്തുവാൻ മാതാപിതാക്കൾ, സഹോദരങ്ങൾ, പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ എന്നിവയ്ക്കെല്ലാം സാധിക്കണം.
പ്രൊ ലൈഫ്, കരിസ്മാറ്റിക് കൂട്ടായ്മകൾ “ഹോളിഫാമിലികൾ ” രൂപപ്പെടുത്തുവാൻ സഹായിക്കുന്ന പ്രേരക ശക്തിയായി വർത്തിക്കുന്നതിൽ അനുമോദനങ്ങൾ.

സമർപ്പിത പ്രേഷിത
കുടുംബങ്ങൾ
എന്ന ലക്ഷ്യത്തോടെയാണ് കെസിബിസി പ്രൊ ലൈഫ് സമിതി ഇപ്പോൾ പ്രവർത്തിക്കുന്നത് .കേരളത്തിൽ ഒരു ലക്ഷം കുടുംബങ്ങളെ കണ്ടെത്തി, പരിശീലത്തിലൂടെ ബോധ്യങ്ങൾ നൽകി, സഭയിലും സമൂഹത്തിലും കുടുംബ പ്രേഷിത -പ്രൊ ലൈഫ് ശുശ്രുഷകൾക്കായി ഒരുക്കുന്നു .

“കുടുംബം ” സഭയിലും സമൂഹത്തിലും അനുഗ്രഹമായി മാറി ഭൂമിയിലെ സ്വർഗ്ഗമാക്കുവാൻ നമുക്ക് ഈ നോയമ്പുകാലത്തു പ്രത്യേകം പ്രാർത്ഥിക്കാം
.

നാളെ വിവാഹമെന്ന ദൈവവിളിയെക്കുറിച്ച് നമുക്ക് ചിന്തിക്കാം

സാബു ജോസ്

(ലേഖകൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡണ്ടും ,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ എക്സിക്യൂട്ടീവ് സെക്രെട്ടറിയുമാണ് )

നിങ്ങൾ വിട്ടുപോയത്