ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ
ആശ്രമകവാടത്തിലുള്ള ലാസലെറ്റ് മാതാവിൻ്റെ രൂപത്തിനു മുമ്പിൽ,
മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു യുവാവിനെ പതിവായി കാണാറുണ്ട്.

ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു:
”ഒരു ദിവസം പോലും മുടങ്ങാതെ
ഇവിടെ കാണാമല്ലോ?
എന്ത് ജോലിയാണ് താങ്കൾ ചെയ്യുന്നത്?”

പുഞ്ചിരിയോടെ അയാൾ
പറഞ്ഞു;

‘അച്ചാ,
ഞാൻ കെട്ടിടത്തിൻ്റെ വാർക്കപ്പണിക്കാണ് പോകുന്നത്. ജോലികഴിഞ്ഞ് വരുമ്പോൾ
ഇവിടെ അല്പനേരം മുട്ടുകുത്തി നിൽക്കും.
അന്നത്തെ ദിവസം ജോലി ചെയ്യാൻ
ശക്തി ലഭിച്ചതിന് നന്ദി പറയും.
ഭാര്യയുടെയും മക്കളുടെയും
ആവശ്യങ്ങളും പറയും.
ചിലപ്പോൾ ഒന്നും പറയില്ല.
എല്ലാം അറിയാമല്ലോ എന്നു പറയും.
അപ്പോൾ മാതാവ് നൽകുന്നത് വലിയൊരു സമാശ്വാസമാണ്. അതുകൊണ്ടാകാം
ഇതുവഴി കടന്നു പോകുമ്പോൾ
ഇവിടെ കയറാതെ പോയാൽ
വല്ലാത്ത വിഷമം തോന്നും.”

അയാൾ യാത്ര പറഞ്ഞ് മടങ്ങിയപ്പോൾ,
ഹൃദയത്തിൽ അവാച്യമായൊരു
ആനന്ദമാണ് അനുഭവപ്പെട്ടത്.

അനുദിനം ജോലിക്കായും
മറ്റു പല കാര്യങ്ങൾക്കായും
യാത്ര ചെയ്യുന്നവരാണല്ലോ നമ്മളിലേറെപ്പേരും.
എത്രയെത്ര ദൈവാലയങ്ങളും കുരിശുപള്ളികളും നമ്മുടെ യാത്രാവഴികളിലുണ്ട്?
ഒരു മിനിട്ട് സമയമെങ്കിലും
ഏതെങ്കിലും ഒരു സ്ഥലത്ത്,
മൗനമായ് പ്രാർത്ഥിക്കാൻ കഴിയാറുണ്ടോ?

“നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.” (മത്തായി 6: 6)
നമ്മെ അറിയുന്ന ദൈവത്തിനു മുമ്പിൽ ഒരു മിനിട്ട് ഏകാന്തമായി ഹൃദയം ചേർത്ത് വെക്കാൻ കഴിയുന്നത് വലിയൊരു കൃപയാണ്.

നമ്മളെ പരിപാലിക്കുന്ന ദൈവമുണ്ടെന്നതിൻ്റെ ഓർമപ്പെടുത്തലാണ് വഴിയോരങ്ങളിൽ കാണുന്ന ദൈവാലയങ്ങളും കുരിശുപള്ളികളും.
അവയ്ക്കു മുമ്പിലൂടെ കടന്നുപോകുമ്പോൾ ഒരു നിമിഷമെങ്കിലും ദൈവസന്നിധിയിൽ ഹൃദയം ഉയർത്തുവാൻ നമുക്ക് കഴിയട്ടെ! അപ്പോൾ നമുക്ക് ലഭിക്കുന്ന ഹൃദയ ശാന്തത അനുഭവിച്ച് തന്നെ അറിയുക…

ഫാദർ ജെൻസൺ ലാസലെറ്റ്
ഫെബ്രുവരി 17-2021.

നിങ്ങൾ വിട്ടുപോയത്