നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് സന്യാസിനി സാധാരണക്കാർ ധരിക്കുന്ന വസ്ത്രം ധരിച്ചു എന്ന കാരണത്താൽ ക്രൈസ്തവ സന്യാസിനികളുടെ പരമ്പരാഗത വസ്ത്രത്തെ പുച്ഛിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഘോരഘോരം ആഘോഷങ്ങൾ നടത്തുന്ന മോഡേണിസത്തിൻ്റെ ഒരുകൂട്ടം വക്താക്കൾ ഉയർത്തിയ ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി:

റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ഒന്നാമൻ റോമാസാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് A D 313 – ൽ മിലാൻ വിളംബരം പുറപ്പെടുവിച്ചതോടെ ക്രിസ്ത്യാനികൾക്ക് സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാൻ പീഡനങ്ങൾ ഏൽക്കേണ്ടതില്ലാതായി. സമൂഹത്തിൽ ക്രൈസ്തവർ അംഗീകരിക്കപ്പെടുകയും ക്രിസ്ത്യാനികൾ പലപ്പോഴും അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. ഈ പുതിയ ജീവിത രീതിയിൽ താല്പര്യം ഇല്ലാതെ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഒരുപറ്റം ക്രിസ്ത്യാനികൾ ദൈവാത്മാവിനാൽ പ്രചോദിതരായി മരുഭൂമികളിലേക്കും വനാന്തരങ്ങളിലേക്കും പലായനം ചെയ്യുകയും അവിടെ ഏകാന്തതയിലും പ്രാർത്ഥനയിലും ധ്യാനത്തിലും പ്രായശ്ചിത്തത്തിലും മുഴുകി ജീവിക്കുകയും ചെയ്തു തുടങ്ങി. ആ ജീവിതരീതിയിൽ ആകൃഷ്ടരായി അനേകം ക്രിസ്ത്യാനികൾ അവരെ അനുഗമിച്ചു. പുരുഷന്മാർ മരുഭൂമിയുടെ ഏകാന്തതയിൽ ജീവിച്ചപ്പോൾ പലപ്പോഴും സ്ത്രീകൾ ഒരു സമൂഹമായാണ് ജീവിച്ചുപോന്നത്. ഇവിടെയാണ് ക്രൈസ്തവ സന്യാസം എന്ന ആശയം ഉടലെടുക്കുന്നത്. ക്രിസ്തുവിൻ്റെ ജീവിതം അതുപോലെതന്നെ അനുകരിക്കുന്നതിനായി ബ്രഹ്മചര്യവും ദാരിദ്ര്യവും അനുസരണവും ദൈവത്തോടുള്ള ഒരു ഉടമ്പടിയായി അവർ ജീവിതത്തിൽ പ്രാവർത്തികമാക്കി.

യഹൂദപാരമ്പര്യത്തിൽ കന്യകകളായിരുന്ന സ്ത്രീകൾ ധരിച്ചിരുന്ന കൈകളും, പാദങ്ങളും മൂടി കിടന്ന നീണ്ട വസ്ത്രവും, നൂറ്റാണ്ടുകളായി യഹൂദരും ക്രൈസ്തവരും പിന്തുടർന്നുപോന്ന ശിരോവസ്ത്രവും സമർപ്പിത സ്ത്രീകളുടെ വസ്ത്രധാരണത്തിൻ്റെ ഭാഗമായി മാറി. ലോകസുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുന്ന അനേകർക്ക് നൽകുന്ന ഒരു സാക്ഷ്യമാണ് ഇന്ന് സന്യാസിനികളുടെ നീണ്ട വസ്ത്രം. അത് “നശ്വരമായ ഈ ലോകത്തിനപ്പുറം അനശ്വരമായ ഒരു ലോകമുണ്ട്” എന്ന പ്രഘോഷണമാണ്. അവർ ധരിക്കുന്ന ശിരോവസ്ത്രം ലോക സുഖഭോഗങ്ങൾക്ക് മുന്നിൽ മരണമടഞ്ഞവൾ എന്ന അടയാളവുമാണ്.

ക്രൈസ്തവ സന്ന്യാസം ആരംഭിച്ച് രണ്ട് സഹസ്രാബ്ദങ്ങളോടടുക്കുമ്പോൾ ക്രിസ്തുവിനായി ജീവനും ജീവിതവും മാറ്റിവെച്ച സന്യസ്തർ മൂന്നു വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തേത് മൊണാസ്ട്രി ലൈഫ്, രണ്ടാമത്തേത് സെമി ആക്ടീവ് ലൈഫ്, മൂന്നാമത്തേത് ആക്ടീവ് ലൈഫ് (സെക്യുലർ).

മൊണാസ്ട്രി ലൈഫ് തെരഞ്ഞെടുക്കുന്നവർ ലോകവുമായുള്ള ബന്ധം പൂർണ്ണമായി ഉപേക്ഷിക്കുകയും പ്രാർത്ഥനയും കഠിന ത്യാഗങ്ങളും അനുഷ്ഠിക്കുകയും ഒപ്പം അനുദിന ജീവിതത്തിനു വേണ്ടിയുള്ള വിവിധതരം ജോലികളുമായി സന്യാസഭവനത്തിനുള്ളിൽ തന്നെ കഴിയുകയും ചെയ്യുന്നു.

കത്തോലിക്കാസഭയുടെ മർമ്മം ആണ് സെമി ആക്ടീവ് ലൈഫ് നയിക്കുന്ന റിലീജിയസ് ഓഡേഴ്‌സിലും റിലീജിയസ് കോൺഗ്രിഗേഷനുകളിലും ഉൾപ്പെട്ട സന്യസ്തർ. അവർ ലോകത്തിലേക്ക് ഇറങ്ങി തൻ്റെ ചുറ്റുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കായി അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്തി കാരുണ്യ, സേവനപ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നു.

അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നി മൂന്നു വ്രതങ്ങളിലൂടെ ആദ്യത്തെ രണ്ട് വിഭാഗം സന്യസ്തർ ദൈവത്തോട് ഉടമ്പടി ചെയ്യുകയും സമൂഹജീവിതത്തിനും സമൂഹപ്രാർത്ഥനയ്ക്കും വളരെ പ്രാധാന്യം കൊടുക്കുകയും നിയമ സംഹിത അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.

സെക്യുലർ ലൈഫ് നയിക്കുന്നവർ സമൂഹമായി ജീവിക്കണം എന്ന് നിർബന്ധമില്ല (കേരളത്തിൽ സെക്യുലർ ലൈഫ് നയിക്കുന്ന സമർപ്പിതർ പൊതുവേ സമൂഹമായിട്ടാണ് ജീവിക്കുന്നത്). സ്വന്തം ഭവനങ്ങളിൽ തന്നെ ജീവിച്ച് സമർപ്പിത ജീവിതം നയിക്കാൻ അനുമതിയുള്ള ഇവർക്ക് ദാരിദ്ര്യവും അനുസരണവും വ്രതങ്ങൾ അല്ല, ഓരോരുത്തരും അവരവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് എളിമയോടെ ജീവിച്ചാൽ മതി. വസ്ത്രധാരണത്തിലും ഏറെ നിബന്ധനകൾ ഇല്ല. ഓരോ ദേശത്തിൻ്റെയും സംസ്ക്കാരത്തിന് അനുസരിച്ച് അവർക്ക് മാന്യമായ വസ്ത്രധാരണരീതി തെരഞ്ഞെടുക്കാം. രൂപതാ മേലധികാരിയുടെ മുമ്പിൽ ഒരു വാഗ്ദാനമായിട്ടാണ് ബ്രഹ്മചര്യം എന്ന ജീവിത ശൈലി ഇവർ സ്വീകരിക്കുന്നത്. പ്രത്യക്ഷത്തിൽ ലോകത്തിൽ ഒരുവളായിത്തന്നെ നിലകൊണ്ട് അപരന് നന്മ ചെയ്യുന്നതിനൊപ്പം തൻ്റെ ശരീരത്തെയും ഹൃദയത്തെയും ക്രിസ്തുവിനായി സമർപ്പിക്കുകയാണ് സെക്കുലർ ലൈഫ് തെരഞ്ഞെടുക്കുന്ന ഒരു സമർപ്പിത ചെയ്യുന്നത്.

ക്രൈസ്തവ സന്യാസിനികളുടെ ദാരിദ്ര്യമെന്ന വ്രതം:

ദാരിദ്ര്യവ്രതം സ്വീകരിക്കുന്നു എന്നതിനർത്ഥം “ജീവിതകാലം മുഴുവൻ കാന്താരിമുളകും പഴങ്കഞ്ഞിയും കുടിച്ചോളാം” എന്നല്ല, മറിച്ച്, സ്വന്തമായി ഒന്നും സ്വരൂപിക്കാതെയും ആർഭാടങ്ങളിൽ ജീവിക്കാതെയും ഓരോരുത്തരുടെയും അധ്വാനത്തിൻ്റെ ഫലം പൊതുവായി കരുതി തങ്ങളുടെ സന്യാസ സഭയുടെ വിവിധ സേവനമേഖലകളിലൂടെ അനേകായിരങ്ങളുടെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ്. സ്വന്തമായി അധ്വാനിച്ച് ലക്ഷങ്ങൾ സമ്പാദിച്ചാലും അവനവൻ്റെ ആവശ്യത്തിനുള്ളവ മാത്രം മേലധികാരികളിൽ നിന്നും കൈപ്പറ്റുക എന്നത് ലോകത്തിൻ്റെ ദൃഷ്ടിയിൽ ഒരു മോശം കീഴ്വഴക്കമായി തോന്നിയേക്കാം. ഓരോ സന്യാസ സഭകളിലെയും ഒരു ചെറിയ വിഭാഗം മാത്രമാണ് ശമ്പളം കൈപ്പറ്റും വിധമുള്ള ജോലികൾ ചെയ്യുക. ബാക്കി ബഹുഭൂരിപക്ഷം സന്യസ്തരും അനാഥാലയങ്ങളിലോ വൃദ്ധസദനങ്ങളിലോ മിഷൻ ദേശങ്ങളിലോ ദിനവും 18 മണിക്കൂറും ശമ്പളം പ്രതീക്ഷിക്കാതെ കഠിനാധ്വാനം ചെയ്യുന്നവരാണ്. പുറത്തൊരു സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നാൽ വലിയ ശമ്പളം കൈപ്പറ്റാവുന്നവരാണ് അവരെല്ലാം. അതുകൊണ്ടുതന്നെ വലിയ ശമ്പളം മേടിക്കുന്ന ഒരു ഡോക്ടറും, താരതമ്യേന കുറഞ്ഞ ശമ്പളം കൈപ്പറ്റുന്ന ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചറും, ശമ്പളം പ്രതീക്ഷിക്കാതെ തങ്ങളുടെ ശുശ്രൂഷാ മേഖലകളിൽ ആയിരിക്കുന്ന ഭൂരിപക്ഷം വരുന്ന മറ്റുള്ളവരും തമ്മിൽ സന്യാസ സഭകളിൽ വേർതിരിവില്ല.

ഒരു കുടുംബത്തിൽ ജോലിക്കാരായ ഭർത്താവും ഭാര്യയും ജോലി ചെയ്തു കിട്ടുന്ന ശമ്പളം ആ കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്ന അതേ ശൈലി തന്നെയാണ് ഓരോ കോൺവെൻ്റുകളും അനുവർത്തിക്കുന്നത്.

ഏതൊരു സാധാരണ വ്യക്തിയെയും എന്നപ്പോലെ തന്നെ ആരോഗ്യം പരിരക്ഷിക്കാൻ ആവശ്യമായ ആഹാരം കഴിക്കുക എന്നുള്ളത് ഓരോ സന്യസ്തരുടെയും അടിസ്ഥാന ആവശ്യമാണ്. ചില സന്യാസഭവനങ്ങളിൽ സസ്യസ്തർ തന്നെ ഭക്ഷണം തയ്യാറാക്കുമ്പോൾ മറ്റ് ചില സന്യാസഭവനങ്ങളിൽ ജോലിക്കാർ സഹായത്തിനുണ്ടാവുക എന്നത് സ്വാഭാവികമാണ്. കാരണം അവരിൽ അനേകരുടെ സേവന മേഖലകൾ പലപ്പോഴും 18 മണിക്കൂർ വരെ കഠിനാധ്വാനം ആവശ്യപ്പെടുന്നു. അതിനിടയിൽ ഭക്ഷണം ഉണ്ടാക്കാനും മറ്റ് ജോലികൾ ചെയ്യാനും സമയം കിട്ടാറില്ല എന്നതാണ് വാസ്തവം.

ക്രൈസ്തവ സന്യാസിനികളുടെ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘നിങ്ങൾ എന്ത് ദാരിദ്ര്യമാണ് പാലിക്കുന്നത്’ എന്ന് ചോദിക്കുന്നവരോട് പറയാനുള്ള ഉത്തരം ഇത്രമാത്രം: ആ വലിയ മതിൽകെട്ടുകൾക്ക് ഉള്ളിൽ പരിപാലിക്കപ്പെടുന്നത് നിങ്ങളിൽ ചിലർ തെരുവിലേക്ക് വലിച്ചെറിഞ്ഞ അനാഥരായ കുഞ്ഞുങ്ങളും, മാതാപിതാക്കളും, സഹോദരങ്ങളും, പിന്നെ ചിലർ സമൂഹത്തിൻ്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തിയ, ശാരീരികവും മാനസികവുമായ വൈകല്യങ്ങളും ബലഹീനതയും നേരിടുന്ന കുഞ്ഞുങ്ങളും, സഹോദരങ്ങളും ഒക്കെയാണ്… ക്രൈസ്തവ സന്യാസിനികളെ നിന്ദിക്കുവാൻ മുന്നിട്ടുനിൽക്കുന്നവരിൽ പലരുടെയും മക്കൾ സന്യസ്തരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട് എന്ന കാര്യവും ആരും മറക്കരുത്…

ക്രൈസ്തവ സന്യാസിനികളുടെ വസ്ത്രധാരണം:

ഓരോ സന്യാസസഭകൾക്കും അവരുടെ സ്ഥാപക പിതാവ് അല്ലെങ്കിൽ സ്ഥാപക മാതാവ് നിഷ്കർഷിച്ചിരിക്കുന്നത് പ്രകാരം പിന്തുടർന്ന് പോരുന്ന സന്യാസവസ്ത്രം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കാലഘട്ടങ്ങൾക്ക് അനുസരിച്ച് സന്യാസ വസ്ത്രത്തിൽ മാറ്റങ്ങൾ വരുത്താൻ ഒന്നോ രണ്ടോ പേർ ശബ്ദകോലാഹലങ്ങളുണ്ടാക്കിയാലോ, വിലപിച്ചാലോ സാധിക്കില്ല. അഞ്ചോ ആറോ വർഷം കൂടുമ്പോൾ സന്യാസ സഭകളുടെ ജനറൽ ചാപ്റ്ററിൽ പുതിയ ആശയം കൊണ്ടുവരികയും മാറ്റത്തിൻ്റെ ആവശ്യകത ചർച്ച ചെയ്തു വോട്ടിംഗിലൂടെ ഭൂരിപക്ഷത്തിൻ്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നാണത്.

ഇന്ത്യൻ ആർമിയിൽ സേവനം ചെയ്യുന്ന ഒരു പട്ടാളക്കാരൻ, ‘ആർമിയുടെ യൂണിഫോം ധരിക്കാൻ തനിക്ക് പറ്റില്ല, നാളെ മുതൽ ബർമുഡയും ബനിയനും ധരിക്കണ’മെന്ന് വാശിപിടിച്ചാൽ എന്തായിരിക്കും പരിണിതഫലം? ഓട്ടോ ഡ്രൈവർ മുതൽ പോലീസ്, പട്ടാളം തുടങ്ങിയ ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവർ പോലും അവരുടെതായ യൂണിഫോം ധരിക്കണമെന്ന് നിഷ്കർഷയുള്ള ഒരു രാജ്യത്ത് സ്വന്തം സന്യാസസഭ നിഷ്കർഷിച്ചിരിക്കുന്ന ഡ്രസ്സ് കോഡ് പറ്റില്ല എന്നും ഒരാൾക്ക് വേണ്ടി 7000 സന്യാസിനികൾ സിവിൽ ഡ്രസ്സ് ധരിക്കണമെന്നും പറയുന്നത് എന്തൊരു വിരോധാഭാസമാണ്…!!!

പട്ടാളവും പോലീസും ഡ്രൈവറും ഒക്കെ ഡ്യൂട്ടിക്കിടയിൽ മാത്രമേ യൂണിഫോം ധരിക്കുന്നുള്ളല്ലോ എന്ന ചോദ്യം ഉയർന്നുവന്നേക്കാം… അതിനുള്ള മറുപടി ഇതാണ്. ഒരു സന്യാസിനിയുടെ ജീവിതം തൊഴിൽ സമയത്തിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് മരണം വരെ തുടർന്നു പോകേണ്ട ഒരു ജീവിതചര്യയാണ്.

സന്യാസ ജീവിതം തിരഞ്ഞെടുത്തെങ്കിൽ തന്നെയും ഒരാൾക്ക് താൻ തെരഞ്ഞെടുത്ത ജീവിതത്തോട് വിശ്വസ്തത പുലർത്താൻ സാധിക്കുന്നില്ലെങ്കിലോ തൃപ്തി തോന്നുന്നില്ലെങ്കിലോ സന്തോഷപൂർവ്വം ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. മറ്റൊരു സന്യാസ സമൂഹത്തിൽ പ്രവേശനം നേടാനോ സ്വന്തമായൊരു സന്യാസ സമൂഹം തന്നെ സ്ഥാപിക്കാനോ പോലും ഒരാൾക്ക് കഴിയുമെന്നുള്ളതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങളേയും സാധ്യതകളെയും ഉപയോഗിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് എപ്പോഴും അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയും ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ചയും ആയിരിക്കും.

സന്യാസ വസ്ത്രം ധരിച്ചതുകൊണ്ട് എനിക്ക് കടലിൽ ഇറങ്ങി തിരകളോട് കൊഞ്ചിക്കളിക്കാൻ പറ്റിയില്ല എന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ തോന്നുന്ന ഒരു സംശയം നമ്മുടെ കൊച്ചു കേരളത്തിലെ സ്ത്രീകൾ കടൽ കാണാൻ പോകുമ്പോൾ സാധാരണ എങ്ങനെയാണ് കടലിൽ ഇറങ്ങുന്നത്? നാതാലി ബെക്കാർട്ട് എന്ന ഫ്രഞ്ച് കന്യാസ്ത്രീ ധരിച്ചിരിക്കുന്ന വസ്ത്രം ആകർഷണീയം ആണെങ്കിൽ എന്തിനാണ് ചിലർ ഇത്രയും വിഷമിച്ച് അടിമത്തത്തിൽ ആണെന്ന് കരുതുന്നിടത്ത് തന്നെ നിൽക്കുന്നത്…?? സന്യാസത്തിൽ നിന്ന് വിടുതൽ സ്വീകരിച്ച് അടിമത്തത്തിൽ നിന്നിറങ്ങി ഒരു സെക്കുലർ സമർപ്പിതയായി ജീവിക്കാനുള്ള നടപടികൾ എടുത്താൽ ബർമുഡയും ടീഷർട്ടും ഇട്ട് ആഴക്കടലിലേക്ക് ബോട്ട് ഓടിച്ചു ഉല്ലസിക്കാൻ സാധിക്കില്ലേ…? ലോകത്തുള്ളവരെ മുഴുവനും മാറ്റിയിട്ടേ ഞാൻ മാറൂ എന്നതിനേക്കാൾ ആദ്യം സ്വയം മാറുന്നതല്ലേ നല്ലത്…?

ആദിമ നൂറ്റാണ്ടിൽ ക്രിസ്തുവിനെ അനുകരിച്ചിരുന്നവർ ഒരു ആത്മാവും ഒരു ഹൃദയവും എന്ന കാഴ്ചപ്പാടോടെ തങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു നൽകുകയും ചെയ്തു. ഈ പാരമ്പര്യമാണ് ലക്ഷകണക്കിന് വരുന്ന ക്രൈസ്തവ സന്യസ്തർ നൂറ്റാണ്ടുകളായ് പിന്തുടരുന്നത്…

“നിനക്ക്‌ ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്‌ഥയില്‍ നിന്നാണ്‌ അധഃപതിച്ചതെന്നു ചിന്തിക്കുക” എന്ന വെളിപാട്‌ പുസ്തകത്തിലെ ദൈവവചനങ്ങൾ ഇടയ്ക്കിടെ ഒന്ന് ഓർക്കുന്നത് വളരെ നല്ലതാണ്. എത്രമാത്രം തീഷ്ണതയോടും സ്നേഹത്തോടും കൂടിയാണ് സന്യാസത്തിലേക്ക് കടന്നുവന്നത് എന്ന് ഒരുനിമിഷം ധ്യാനിക്കുക. ലോകം പല പ്രലോഭനങ്ങളും കാണിച്ച് മാടിവിളിച്ചപ്പോൾ പാതിവഴിയിൽ ആ സ്നേഹം കൈമോശം വന്നുപോയി എങ്കിൽ… ആ ആദ്യസ്നേഹം തിരികെ പിടിക്കുവാൻ ഒന്നുകിൽ തിരിഞ്ഞ് നടക്കുക… അല്ലാത്തപക്ഷം, ലോകത്തിൻ്റെ പ്രലോഭനങ്ങളുടെ വഴി തെരഞ്ഞെടുക്കുകയും, അപരൻ്റെ കൈകളിലെ ഒരു ഉപകരണം മാത്രമായി തീരുകയും ചെയ്യുക… സ്വാതന്ത്ര്യം മനുഷ്യ വ്യക്തിയുടേതാണ്, എന്തായാലും ദൈവം ആരുടെയും സ്വാതന്ത്ര്യത്തിൽ കൈകൾ കടത്തില്ല… വഴികൾ ഓരോരുത്തരും സ്വയം തിരഞ്ഞെടുക്കുക…

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്