വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാന്‍

എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്‍മങ്ങള്‍
ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം
ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വിശ്വാസ സത്യത്തിൻ്റെ വിശ്വസ്ത പരിപാലകനായി ദൈവജനത്തെ നയിക്കാൻ നിയുക്ത മെത്രാന് സാധിക്കട്ടെയെന്ന് ആർച്ച്ബിഷപ്പ് ആമുഖ സന്ദേശത്തിൽ പറഞ്ഞു


അജപാലന അധികാരത്തിൻ്റെ അടയാളമായ അംശമുടിയും മോതിരവും അധികാര ദണ്ഡും പ്രധാനകാർമികൻ പുതിയ സഹായ മെത്രാന് നൽകി.
വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമികരായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം ദർശിക്കാൻ ദൈവജനത്തിന് കഴിയുന്ന മെത്രാനായിരിക്കും ഡോ. ആൻ്റണി വാലുങ്കലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ എബ്രഹാം ജൂലിയോസ്, മാർ ജോസഫ് പെരുന്തോട്ടം, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്‌സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോഷ്വ ഇഗ്നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, എബ്രാഹം മാര്‍ ജൂലിയോസ്,മാര്‍ പോളി കണ്ണൂക്കാടന്‍, മാർ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മെത്രാഭിഷേക തിരുകര്‍മങ്ങള്‍ക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍. റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നീതി ന്യായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫാ. ടിജോ കോലോത്തും വീട്ടിൽ,
കെസ്റ്റർ, ഗാഗുൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സിഎസി
ക്വയർ മെത്രാഭിഷേക പരിപാടികൾക്ക് മിഴിവേകി.