ലിയോ പതിനാലാമൻ പാപ്പായുടെ ചാക്രിക ലേഖനം MAGNIFICA HUMANITAS വായിക്കാൻ തുടങ്ങിയതേയുള്ളൂ. അതിൽ ഏറ്റവുമാദ്യം ദൃഷ്ടി പതിഞ്ഞത്, സഭയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ പരിശുദ്ധ പിതാവു നൽകിയ നിർദ്ദേശത്തിലാണ്. തൻ്റെ മുൻഗാമി ലിയോ 13-ാമൻ ( 1878 -1903) പാപ്പായുടെ കാലഘട്ടത്തിൽ നിന്നു വ്യത്യസ്തമായി ചിന്തിക്കേണ്ടതിൻ്റെ അവശ്യകത ലിയോ പുതിനാലാമൻ പാപ്പാ തിരിച്ചറിയുന്നു; ഇത് വിപ്ളവകരമായ മാറ്റങ്ങളിലേക്കു സഭയെ നയിക്കാൻ പര്യാപ്തമായ കാഴ്ചപ്പാടാണ്. “While Leo XIII spoke in his time of “new things” (rerum novarum), today we cannot limit ourselves simply to repeating his insightful teachings. Instead, we must ask God for the wisdom to interpret the great trends of our time, particularly technological advances” (Paragraph 4).

കത്തോലിക്കാ സഭ കാലത്തിനനുസരിച്ചു പരിഷ്കരിക്കപ്പെടണം എന്നത് രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ സഭ ഗൗരവമായി ചർച്ച ചെയ്യുന്ന വിഷയമാണ്. എന്നാൽ ഈ പരിഷ്കരണങ്ങൾ പലതും ആരാധനക്രമവുമായും, ഭരണപരമായ വിഷയങ്ങളുമായും ബന്ധപ്പെട്ടാണ് നടന്നിട്ടുള്ളത്. കാലികമായ മാറ്റങ്ങൾ മറ്റ് പല മേഖലകളിലേക്കും വ്യാപിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആധുനിക സമൂഹത്തിൽ സഭ കൂടുതൽ പ്രസക്തമാകാൻ അടിയന്തര പ്രാധാന്യത്തോടെ പരിഷ്കരിക്കേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

🔷 വൈദികർക്ക് വിവാഹജീവിതം

എന്തുകൊണ്ട് അനുവദിക്കണം ?

കാലത്തിന്റെ അടയാളങ്ങളെയും സാങ്കേതിക-സാമൂഹിക മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് സഭാ നിയമങ്ങളെ പുനർവ്യാഖ്യാനിക്കണം എന്ന പാപ്പായുടെ ആഹ്വാനത്തിന്റെ വെളിച്ചത്തിൽ, കത്തോലിക്കാ സഭയിൽ വൈദികർക്ക് വിവാഹജീവിതം അനുവദിക്കണം എന്ന വാദത്തിന് ഇന്ന് എക്കാലത്തേക്കാളും പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

ഡിജിറ്റൽ യുഗത്തിൽ മനുഷ്യർ കൂടുതൽ ഒറ്റപ്പെട്ടുപോകുമ്പോൾ, വൈദികനു സ്വന്തം കുടുംബത്തിന്റെ സാന്നിധ്യവും വൈകാരിക പിന്തുണയും ആവശ്യമാണെന്നതു ന്യായമായ പരിഷ്കരണം തന്നെയാണ്. കുടുംബജീവിതം നയിക്കുന്ന ഒരു വൈദികന്, വിശ്വാസികളുടെ കുടുംബപ്രശ്നങ്ങൾ, ദാമ്പത്യ പ്രതിസന്ധികൾ, മക്കളെ വളർത്തുന്നതിലെ വെല്ലുവിളികൾ എന്നിവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അവർക്ക് കൃത്യമായ ഉപദേശം നൽകാനും സാധിക്കും.

ലോകമെമ്പാടും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ വൈദികരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നുണ്ട്. ബ്രഹ്മചര്യം നിർബന്ധമാക്കാതിരുന്നാൽ കൂടുതൽ യോഗ്യരായ യുവാക്കൾ വൈദിക ശുശ്രൂഷയിലേക്ക് കടന്നുവരാൻ ഇത് കാരണമാകും. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള സിറോ മലബാർ, മലങ്കര സഭകൾ ഒഴികെയുള്ള പൗരസ്ത്യ സഭകളിൽ വിവാഹിതരായവർക്ക് വൈദികരാകാൻ അനുവാദമുണ്ട്. അവരുടെ ശുശ്രൂഷാ ജീവിതം മറ്റെല്ലാ സഭകളെയും പോലെ സുഗമമായി പോകുന്നുണ്ട്.

പുരോഹിതരുടെ ബ്രഹ്മചര്യമെന്നത് (Clerical Celibacy) സഭയിൽ ആദ്യകാലം മുതൽക്കേയുള്ള ഒരു കടുംപിടുത്തമായിരുന്നില്ല. ,ഇതു വിവിധ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന ഒരു അച്ചടക്ക നിയമം മാത്രമാണ്. യേശുവിന്റെ ശിഷ്യന്മാരിൽ പലരും (പത്രോസ് ഉൾപ്പെടെ) വിവാഹിതരായിരുന്നു. ആദ്യകാല സഭയിൽ മെത്രാന്മാരും വൈദികരും വിവാഹിതരായിരുന്നു. വിശുദ്ധ പൗലോസ് അപ്പസ്തോലൻ 1 തിമോത്തിയോസ് 3:2-ൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എ.ഡി 306-ൽ നടന്ന എൽവിരാ കൗൺസിലാണ് (Council of Elvira) വൈദികർ വിവാഹജീവിതത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന് ആദ്യമായി ഒരു പ്രാദേശിക നിയമം കൊണ്ടുവന്നത്. എന്നാൽ ഇത് സാർവത്രികമായി അന്നു സ്വീകരിക്കപ്പെട്ടില്ല.

1123-ലെ ഒന്നാം ലാറ്ററൻ കൗൺസിലും, തുടർന്ന് 1139-ലെ രണ്ടാം ലാറ്ററൻ കൗൺസിലുമാണ് പാശ്ചാത്യ (ലത്തീൻ) സഭയിൽ വൈദികർക്ക് ബ്രഹ്മചര്യം ഔദ്യോഗികമായി നിർബന്ധമാക്കിയത്. അതോടെ വിവാഹിതരായ വൈദികരുടെ വിവാഹങ്ങൾ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ വൈദികരുടെ മക്കൾ സഭയുടെ സ്വത്തുക്കൾ അവകാശപ്പെടുത്തുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. സഭാ സ്വത്തുക്കൾ വികേന്ദ്രീകരിച്ചു പോകാതിരിക്കാൻ ബ്രഹ്മചര്യം ഒരു സാമ്പത്തിക-ഭരണപരമായ ആവശ്യമായി മാറുകയായിരുന്നു. എന്നാൽ ഇന്ന് ആഗോളതലത്തിൽ പൊതുസ്വത്ത് സംബന്ധിച്ച നിയമങ്ങൾ വളരെയധികം മാറിയിട്ടുണ്ട്. അതിനാൽ സഭാ സ്വത്തുക്കളുടെ സംരക്ഷണത്തിൻ്റെ പേരിൽ പുരോഹിതർക്കു വിവാഹം നിഷേധിക്കേണ്ടതില്ല.

പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങൾ വൈദികരുടെ വിവാഹത്തെ അനുകൂലിച്ചപ്പോൾ, കത്തോലിക്കാ സഭ ബ്രഹ്മചര്യ നിയമത്തെ ശക്തമായി പ്രതിരോധിക്കുകയും അത് കൂടുതൽ കർശനമായി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ന് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങൾ സഭയക്ക് ഒരു വെല്ലുവിളിയേ അല്ലെന്നോർക്കണം. പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് മാറ്റാൻകഴിയാത്ത ഒരു വിശ്വാസപ്രമാണമല്ല (Dogma), തിരുസ്സഭയ്ക്ക് എപ്പോൾ വേണമെങ്കിലും മാറ്റാൻ സാധിക്കുന്ന ഒരു നിയമം (Ecclesiastical Law) മാത്രമാണത്. അതിനാൽ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ സഭ ഈ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നു തോന്നുന്നു.

🔷 വനിതാ പൗരോഹിത്യം

കാലഘട്ടത്തിൻ്റെ ആവശ്യം

സുവിശേഷങ്ങളിൽ യേശുക്രിസ്തു സ്ത്രീകളോട് പുലർത്തിയിരുന്ന സമീപനം വിപ്ലവാത്മകമായിരുന്നു. അക്കാലത്തെ സാമൂഹിക വിലക്കുകളെ ലംഘിച്ചുകൊണ്ട് യേശു സ്ത്രീകളെ തന്റെ പ്രമുഖ അനുയായികളാക്കി. യേശുവിന്റെ പുനഃരുത്ഥാന വാർത്ത അപ്പസ്തോലന്മാരെ അറിയിക്കാൻ നിയോഗിക്കപ്പെട്ട മഗ്ദലന മറിയം “അപ്പസ്തോലന്മാരുടെ അപ്പസ്തോല” (Apostle to the Apostles) എന്നാണല്ലോ അറിയപ്പെടുന്നത്. ആദ്യകാല സഭയിൽ സ്ത്രീകൾ സഭാനേതൃത്വത്തിൽ സജീവ പങ്കുവഹിച്ചിരുന്നതായി റോമാ ലേഖനം 16:1 ൽ കാണാം. ” I commend to you our sister Phoebe, a deaconess of the church at Cen′chreae…”

സ്ത്രീകളെ ‘ഡീക്കൻ’ (Deaconess) പദവിയിലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് പഠിക്കാൻ വത്തിക്കാൻ പ്രത്യേക കമ്മീഷനുകളെ നിയോഗിച്ചു എന്നൊരു വാർത്ത കുറെ നാളുകൾക്കു മുമ്പ് വായിച്ചിരുന്നു. . ഇത് വനിതാ പൗരോഹിത്യത്തിലേക്കുള്ള ആദ്യപടിയായിട്ടാണ് അന്നു പലരും വിലയിരുത്തിയത്. എന്നാൽ, 1994-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച Ordinatio Sacerdotalis എന്ന രേഖ പ്രകാരം യേശു പുരുഷന്മാരെ മാത്രമാണ് അപ്പസ്തോലന്മാരായി തെരഞ്ഞെടുത്തത് എന്നതിനാൽ സ്ത്രീകൾക്ക് പൗരോഹിത്യം നൽകാൻ സഭയ്ക്ക് അധികാരമില്ല എന്നാണ് വ്യക്തമാക്കിയത്. ഇവിടെയാണ് ലിയോ 14-ാമൻ പാപ്പയുടെ ചാക്രിക ലേഖനത്തിലെ നിർദ്ദേശം പ്രസക്തമാകുന്നത്.

മുൻഗാമികളുടെ ഉപദേശങ്ങളാൽ സ്വയം പരിമിതപ്പെടാതെ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉൾക്കൊണ്ട്, സ്ത്രീകളുടെ ആത്മീയ നേതൃത്വത്തെയും പൗരോഹിത്യ വിളിയെയും അംഗീകരിക്കേണ്ടതുണ്ട്. ഈ കാലത്ത് സഭയെ പരിമിതപ്പെടുത്തുന്ന പരമ്പരാഗത ചിന്താഗതികളിൽ നിന്നു മാറി, യേശുവിന്റെ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പൂർണ്ണമായി ഉൾക്കൊള്ളാൻ വനിതാ പൗരോഹിത്യം സഭയ്ക്ക് പുതിയൊരു ഊർജ്ജം നൽകും.

🔷 CCC 841-ലെ ഗുരുതരമായ പിഴവ്

തിരുത്തേണ്ടത് കാലത്തിൻ്റെ ആവശ്യം

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലെ (CATECHISM OF THE CATHOLIC CHURCH) 841, 846 ഖണ്ഡികകൾ തമ്മിലുള്ള വൈരുദ്ധ്യവും ആധുനിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ അവ സൃഷ്ടിക്കുന്ന ആശങ്കകളും സഭയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള വിഷയമാണ്. “സഭയ്ക്ക് പുറത്ത് രക്ഷയില്ല” (Extra Ecclesiam Nulla Salus) എന്ന പരമ്പരാഗത വിശ്വാസപ്രമാണം CCC 846 അടിവരയിട്ടു പറയുമ്പോൾ, CCC 841-ാം ഖണ്ഡിക ഇതര മതങ്ങളോടുള്ള സഭയുടെ അനുരഞ്ജന നിലപാടാണ് വ്യക്തമാക്കുന്നു. അതിൽ “അബ്രഹാമിന്റെ വിശ്വാസത്തെ മുൻനിർത്തി മുസ്ലീങ്ങൾ ഏകദൈവത്തെ ആരാധിക്കുന്നു” എന്നു സഭ പഠിപ്പിക്കുന്നത് സമകാലീന സാഹചര്യങ്ങളിൽ കത്തോലിക്കാ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മതപരിവർത്തന ലക്ഷ്യത്തോടെയുള്ള പൊളിറ്റിക്കൽ ഇസ്ളാമിൻ്റെ തന്ത്രങ്ങൾക്ക് സഭയുടെ ഔദ്യോഗിക രേഖകളെത്തന്നെ അവർ കൂട്ടുപിടിക്കുന്നു എന്ന വിമർശനം സഭാ നേതൃത്വം ഗൗരവമായി കാണണം.

“യേശു ക്രിസ്തു ഏക രക്ഷകൻ” എന്ന അടിസ്ഥാന സഭാ പഠനത്തെ ദുർബലപ്പെടുത്തുന്ന CCC 841 -ലെ പരാമർശം കാലഹരണപ്പെട്ടതാണെന്നും അവ കാലോചിതമായി പരിഷ്കരിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നുമുള്ള ആവശ്യത്തിന് ഇന്ന് പ്രസക്തിയേറുന്നുണ്ട്. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ ത്രിത്വൈക ദൈവവും (Trinity) യേശുക്രിസ്തുവിന്റെ ദൈവത്വവും പൂർണ്ണമായി നിഷേധിക്കുന്ന ഒരു മതത്തെ, സഭ ആരാധിക്കുന്ന അതേ ദൈവത്തിന്റെ ആരാധകരായി ചിത്രീകരിക്കുന്നത് വിശ്വാസപരമായ അപചയമായി പല ദൈവശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആധുനിക കാലഘട്ടത്തിലെ സങ്കീർണ്ണമായ സാമൂഹിക സാഹചര്യങ്ങളിൽ, സ്വന്തം വിശ്വാസികളുടെ ആത്മീയ ഭദ്രത ഉറപ്പാക്കാനും സഭയുടെ തനിമ നിലനിർത്താനും വത്തിക്കാൻ ഈ വിഷയത്തിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ട്. വംശീയവും രാഷ്ട്രീയവുമായ അജണ്ടകൾക്ക് സഭാ രേഖകൾ ആയുധമാക്കപ്പെടാതിരിക്കാൻ, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിഞ്ഞ് ഇത്തരം അപകടകരമായ ഖണ്ഡികകൾ തിരുത്തുന്നത് സഭയുടെ സുരക്ഷയ്ക്കും വിശ്വാസസംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്