കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി തലവൻ കൂടിയായ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍ വ്യക്തമാക്കി. ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് കത്തോലിക്ക സഭ മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള നിലപാടാണ് തനിക്കുള്ളതെന്ന് ബൈഡൻ അംഗീകരിക്കാൻ തയ്യാറാകണമെന്നും ഉത്തമ കത്തോലിക്കനാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്വയം അവകാശപ്പെടുമ്പോൾ അതിനെ തിരുത്താൻ മെത്രാന്മാർക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങൾ അദ്ദേഹത്തിന് ഭരിക്കാൻ വേണ്ടിയുള്ള അധികാരം നൽകിയിട്ടുണ്ടെങ്കിലും ഒരു കത്തോലിക്ക വിശ്വാസി എങ്ങനെ ആയിരിക്കണമെന്ന് നിർവചിക്കാനോ, കത്തോലിക്ക സഭയുടെ പഠനങ്ങളെ പറ്റി അഭിപ്രായം പറയാനോ ജോ ബൈഡന് അവകാശമില്ലെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനം അനുസരിച്ച് ഭ്രൂണഹത്യ എന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധിക്കാത്ത മാരകപാപമാണ്. 2019ൽ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോളിനയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ സേവനം ചെയ്തിരുന്ന ഫാ. റോബർട്ട് മൂറി എന്ന വൈദികൻ ബൈഡന് അദ്ദേഹത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടുകൾ മൂലം വിശുദ്ധ കുർബാന കാനോൻ നിയമപ്രകാരം നിഷേധിച്ചിരുന്നു.

നാം ദൈവവുമായും, സഭയുമായും, വിശ്വാസി സമൂഹവുമായും ഒരുമിച്ച് ചേരുന്നതിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് വിശുദ്ധ കുർബാനയെന്നും നമ്മുടെ പ്രവർത്തികൾ അതിന് വിരുദ്ധമായിരിക്കരുതെന്നും ഫാ. റോബർട്ട് മൂറി മാധ്യമപ്രവർത്തകരോട് പിന്നീട് പറഞ്ഞു. ഫാ. റോബർട്ടിന്റെ നിലപാടിനെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ അഭിമുഖത്തിൽ പിന്തുണച്ചു. പാപാവസ്ഥയിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വലിയ തെറ്റായതിനാൽ അതിന് ബൈഡൻ മുതിരരുതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് വിശ്വാസ സംബന്ധമായ വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും നൗമാൻ കൂട്ടിച്ചേർത്തു.

ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട് അടക്കമുള്ള നിരവധി മെത്രാന്‍മാര്‍ ബൈഡന്റെ ഗര്‍ഭഛിദ്ര അനുകൂല നയത്തെ അപലപിച്ചു രംഗത്തുവന്നിരിന്നു. എന്നാൽ ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ മുന്നോട്ടുവന്നാൽ നിരസിക്കാൻ തയ്യാറാകില്ലായെന്നാണ് വാഷിംഗ്ടൺ ആർച്ചുബിഷപ്പ് വിൽട്ടൺ ഗ്രിഗറി അഭിപ്രായപ്പെട്ടിരിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്