തപസ്സുകാലം രണ്ടാം ഞായർവിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36)

മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും രാത്രിയിലെ ദൈവീകപ്രഭയിലേക്ക് അത് നമ്മെ വഴിനടത്തുന്നു. നമ്മളിതാ, യേശുവിനോടൊപ്പം താബോറിൽ എത്തിയിരിക്കുന്നു. ഒരു പ്രഭാവലയം നമ്മെയും പൊതിയുന്നു.

ആദിയിൽ നിഴലുകൾ ഇല്ലായിരുന്നു. കാരണം വെളിച്ചത്തിന്റെ ഒരു വിത്ത് ദൈവം നമ്മിലും വിതച്ചിട്ടുണ്ടായിരുന്നു. ആ വിത്ത് കിളിർത്ത് ഒരു മരമാകാനാണ് സകല പ്രപഞ്ചവും ഉറ്റുനോക്കുന്നത്. സ്വർണ്ണ പ്രതലത്തിൽ വരച്ച അപൂർണ ചിത്രം പോലെ അത് അമൂല്യമാണ്; ദൈവത്തിന്റെ രൂപവും സാദൃശ്യവും എന്നപോലെ ഉള്ളിൽ വെളിച്ചമുള്ളവർ നമ്മൾ.താബോറിലെ പ്രഭാനുഭവം പത്രോസിനെ സ്തംഭിതനാക്കുന്നു: “താന്‍ എന്താണു പറയുന്നതെന്ന്‌ അവനുതന്നെ നിശ്‌ചയമില്ലായിരുന്നു” (v.33). പക്ഷെ നമ്മെ സംബന്ധിച്ച് ഈ അനുഭവം ബാഹ്യമായി തന്നെ നമ്മിൽ അവശേഷിക്കുകയാണ്. ഒരു ആന്തരിക ഊർജ്ജമാകുന്നില്ല അത്. കാരണം യേശു നടന്ന പാതയിലൂടെ നമ്മൾ നടക്കുന്നില്ല എന്നത് തന്നെയാണ്. സുവിശേഷകൻ യേശുവിന്റെ രണ്ട് സഞ്ചാര വഴികളെ ഇവിടെ ചിത്രീകരിക്കുന്നുണ്ട്.

ഒന്ന്, പ്രാർത്ഥനയുടെ വഴിയാണ്; “അവൻ… മലയിലേക്ക് കയറി പോയി. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി” (v.28-29). പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അവനിൽ രൂപാന്തരം സംഭവിച്ചു. പ്രാർത്ഥനയെന്നാൽ രൂപാന്തരീകരണമാണ്, ഹൃദയ പരിവർത്തനമാണ്. വാക്കുകളുടെ ഉരുവിടൽ മാത്രമല്ല പ്രാർത്ഥന. നമ്മൾ ആരോടാണ് പ്രാർത്ഥിക്കുന്നത് ആ സത്യവുമായി ഒന്നാകുന്ന ആന്തരിക ആൽകെമിയാണത്. ഈ ഒന്നാകൽ ഉണ്ടെങ്കിൽ മാത്രമേ പ്രാർത്ഥനകൾ നമ്മിൽ മാറ്റമുണ്ടാക്കൂ. ദൈവവുമായുള്ള ഇഴയടുപ്പമാണത്. ഈ ഇഴയടുപ്പത്തിലൂടെയാണ് നമ്മൾ ആരാണെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത്. അപ്പോൾ നമ്മൾ പത്രോസിനെ പോലെ പറയും; “ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്” (v.33).

രണ്ട്, ശ്രവണത്തിന്റെ വഴിയാണ്. സുവിശേഷകൻ പറയുന്നു, മേഘത്തിൽ നിന്നും ഒരു സ്വരം കേട്ടു: “ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍” (v.35). ശ്രവണം അനുസരണയാണ്. യേശുവിനെ ശ്രവിക്കുന്നവൻ യേശുവിനെ പോലെയാകും. അവനെ ശ്രവിക്കുകയെന്നാൽ രൂപാന്തരപ്പെടുകയെന്നതുതന്നെയാണ്. അവന്റെ വാക്കുകൾ ജീവസ്സുറ്റതാണ്. അത് നിന്നിൽ പ്രവർത്തിക്കും, നിന്നെ വിളിക്കും, സുഖപ്പെടുത്തും, ഹൃദയ പരിവർത്തനമുണ്ടാക്കും, നിന്റെ ജീവിതത്തെ പൂവണിയിക്കും, അതിന് സൗന്ദര്യം നൽകും, അതിന് വെളിച്ചമാകുകയും ചെയ്യും.

രൂപാന്തരീകരണത്തിന്റെ ആ ചെറിയ പ്രഭാവലയം അണഞ്ഞു കഴിയുമ്പോൾ താബോറിൽ യേശു ഏകനാണ് (v.36). മനുഷ്യകുലത്തിന്റെ സുന്ദരമുഖമാണത്. ദൈവത്തിന്റെ അവസാന വാക്കുമാണത്. ഇനി നമ്മൾ കാണേണ്ടത് ആ മുഖം മാത്രമായിരിക്കണം. ഇനി നമ്മൾ കേൾക്കേണ്ടത് അവന്റെ സ്വരം മാത്രമായിരിക്കണം. കാണാനാണ് അവർ മലയിൽ കയറിയത്, പക്ഷേ കേൾക്കാനാണ് സ്വർഗ്ഗം അവരോട് ആവശ്യപ്പെട്ടത്. കാഴ്ചയല്ല, കേൾവിയാണ് പ്രധാനം. യേശുവിനെ ശ്രവിക്കുക, അപ്പോൾ കാഴ്ചകളിൽ വ്യക്തതയുണ്ടാകും. ദൈവമെന്ന രഹസ്യത്തിന്റെ പൂർണതയും മനുഷ്യനെന്ന നിഗൂഢതയുടെ ലാളിത്യവും അപ്പോൾ നമ്മൾ തിരിച്ചറിയും. അവന്റെ പ്രഭാപൂരിതമായ മുഖമാണ് സകലത്തിന്റെയും ആരംഭവും അവസാനവും, ആൽഫയും ഒമേഗയുമെന്ന് നമ്മൾക്ക് ബോധ്യമാകും. അപ്പോഴും സുവിശേഷം ഒരു കാര്യം പറഞ്ഞുവയ്ക്കുന്നുണ്ട് ആത്മഹർഷത്തിന്റെ താബോറനുഭവം മാത്രമല്ല ജീവിതമെന്ന സമസ്യ, ഒലിവു മലയിലെ നിണനിറത്തിലെ വിയർപ്പുതുള്ളികളും കുരിശിന്റെ വഴിയിലെ വീഴ്ചകളും കാൽവരിയിലെ മരണവും അതിന്റെ ചേരുവകളാണ്. താബോറനുഭവമില്ലാത്ത കുരിശ് അന്ധമായിരിക്കുന്നതുപോലെ കുരിശില്ലാത്ത താബോറനുഭവം ശൂന്യവുമാണ്. യഥാർത്ഥ വിശ്വാസം ആത്മഹർഷത്തെയും സഹനത്തെയും ഒരുപോലെ സ്വീകരിക്കും. ആത്മഹർഷം മാത്രമല്ല വിശ്വാസം, അത് സഹനത്തിന്റെ പാത കൂടിയാണ്.

/// ഫാ മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്