ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം ശ്രവിച്ചു ഈശോയെ അനുഗമിക്കലാണ് , ദൈവേഷ്ടം ആരായുന്നതും പ്രവർത്തിക്കുന്നതുമാണ് ,ദൈവകൃപ യാചിക്കുന്നതാണ് .നാല് തിരു വചന ഭാഗങ്ങൾ ഈ ക്രിയാത്മകതയിലേക്കു വിരൽ ചൂണ്ടുന്നുണ്ട് .

” പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിര്ജീവമാണ് .എന്നാൽ ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം നിനക്ക് വിശ്വാസമുണ്ട് എനിക്ക് പ്രവൃത്തികളുമുണ്ട് .പ്രവൃത്തികൾ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക .ഞാൻ എന്റെ പ്രവൃത്തികൾ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം ” യാക്കോബ് 2 : 17 -18

അതെ നമ്മുടെ വിശ്വാസം പ്രവൃത്തിയിലൂടെ സദാ പ്രഘോഷിക്കപ്പെടേണ്ടതാണ് .

” ലൗകീക സമ്പത്തു ഉണ്ടായിരിക്കെ ഒരുവൻ തന്റെ സഹോദരനെ സഹായം അർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും ?കുഞ്ഞു മക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടതു പ്രവൃത്തിയിലും സത്യത്തിലുമാണ് ” 1 യോഹ 3 : 17 -18

2.നമ്മുടെ സ്നേഹം സഹോദരരെ സേവിക്കുന്നതിലൂടെ നാം പ്രകടിപ്പിക്കേണ്ടതാണ് .

” അത് കൊണ്ട് ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്യ ശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ ,നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമർപ്പിക്കരുത് .പ്രത്യുത മരിച്ചവരിൽ നിന്ന് ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ .പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല .കാരണം നിങ്ങൾ നിയമത്തിനു കീഴിലല്ല കൃപയ്ക്ക് കീഴിലാണ് ” റോമാ 6 :12 -14

3.നിരന്തരം പാപത്തിനു വഴിപ്പെടാതെയിരിക്കാൻ നാം ജാഗരൂകത കാണിക്കുകയും ദൈവകൃപ യാചിക്കുകയും വേണം .

“കർത്താവേ കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക .” (മത്തായി 7 :21 )

4,എന്നും ദൈവഹിതം ആരായാനും അത് നിറവേറ്റാനും നാം ശ്രദ്ധാലുക്കളാവണം

നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ നമുക്കെങ്ങനെ സജീവമാകാൻ സാധിക്കും .മാർക്കോസ് 1 : 15 “അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ “അനുതാപമാണ് ആദ്യം വേണ്ടത് .മാനസാന്തരം എന്നാൽ കേവലം കുറ്റബോധമല്ല . പാപകരമായതു ഉപേക്ഷിച്ചു ദൈവീകമായതിനെ പുല്കുന്നതാണ്.അത് കൊണ്ടാണ് ലൂക്കാ സുവിശേഷം 3 :8 ൽ മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ പറയുക .ഫലങ്ങളില്ലെങ്കിൽ , പഴയതിനെ മാറ്റുന്നില്ലെങ്കിൽ അത് മാനസാന്തരമല്ല .

ഇനി വേണ്ടത് വിശ്വാസമാണ് .”യേശു പറഞ്ഞു കഴിയുമെങ്കിലെന്നോ ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും ” മാർക്കോസ് 9 : 23 .നമുക്കറിയാം വിശ്വസിക്കുന്നവൻ ഈശോയുടെ കല്പന പാലിക്കും .”നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും ” (യോഹ 14 :15 ) ഈശോയെ അനുധാവനം ചെയ്യുകയാണ് അടുത്തത് .”എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു .”(യോഹ 10 :27 ).ഈശോയെ അനുഗമിക്കുക ശ്രമകരമാണ് പരിത്യാഗം ആവശ്യമുള്ള പ്രവൃത്തിയാണ് .”തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല ” (ലൂക്കാ 14 :33 )

മുഖ്യമായ മറ്റൊന്ന് ശരീരത്തെ വിശുദ്ധമാക്കി കാക്കുന്നതാണ് .”നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്ക്ക് അറിഞ്ഞുകൂടേ .?നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല .നിങ്ങൾ വിലക്ക് വാങ്ങപ്പെട്ടവരാണ് .ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ .(1 കോറി 6 : 19 -20 )

അടുത്തതായി നാം ദൈവരാജ്യത്തെ തേടുന്നവരാകണം .

“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )അവസാനമായി നാം ദൈവകൃപയിൽ പൂർണമായും ആശ്രയിക്കണം .”വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപെട്ടതു .അത് നിങ്ങൾ നേടിയെടുത്തതല്ല ദൈവത്തിന്റെ ദാനമാണ് “. (എഫെസോസ് 2 :8 ) ദൈവം അനുഗ്രഹിക്കട്ടെ .

നിങ്ങൾ വിട്ടുപോയത്