
കാത്തോലിക്ക് എൻസൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ “ഈറ്റില്ലം” എന്നാണ് 1557 -ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേൽക്കുന്ന ബഹുമാനപ്പെട്ട അൻ്റെണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂർവ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചൻ രണ്ടുമൂന്നു വാക്കുകളിൽ നടത്തുന്ന സുഖാന്വേഷണം ഏത് പ്രശ്നമുള്ളവർക്കും സമാശ്വാസം പകരുന്നത്, അദ്ദേഹം വികാരിയായിരിക്കുന്ന കുമ്പളം സെൻറ് ജോസഫ് ഇടവകാഗങ്ങൾക്കും അദ്ദേഹം മേലുത്തരവാദിത്വം വഹിക്കുന്ന ഫോർട്ട് കൊച്ചി മെത്രാസന മന്ദിരത്തിലെ അരമന കോടതിയിൽ എത്തുന്നവർക്കും ഒരു സ്ഥിരാനുഭവമാണ്.

ഫോർട്ട് കൊച്ചി മൗണ്ട് കാർമൽ പെറ്റി സെമിനാരിയിൽ 1986-ൽ തുടങ്ങിയ ഒന്നിച്ചുള്ള ഒരു സ്നേഹ യാത്രയാണ് എനിക്ക് നിയുക്ത മെത്രാനുമായി ഉള്ളത്.
സൗഹാർദ്ദത്തെ ആത്മീയത നിറയുന്ന സാഹോദര്യ -സ്നേഹമായി വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിൻറെ കഴിവ് അപാരമാണ്. വിനയവും പക്വതയും ലാളിത്യവും നിറഞ്ഞ ഈ വൈദികനെ കൊച്ചി രൂപതാ ഭരണമേൽപ്പിക്കുന്ന ലെയോ പതിനാലാമൻ പാപ്പാ ഒരു യഥാർത്ഥ ഇടയനെ തന്നെയാണ് കൊച്ചിയിലെ അജഗണത്തിന് നൽകുന്നത്.
1970 ഒക്ടോബർ 14-ാം തീയതി മുണ്ടംവേലി കാട്ടിപ്പറമ്പിൽ ജെയ്ക്കബിന്റെയും ട്രീസയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച അദ്ദേഹം മുണ്ടംവേലി സെന്റ് ലൂയിസ് സ്കൂളിലെ ഹൈസ്കൂൾ തലംവരെയുള്ള പഠനകാലത്തുതന്നെ സ്കൂളിനടുത്തുള്ള ദേവാലയത്തിലെ ശുശ്രൂഷകളിൽ കൗതുകപൂർവ്വം പങ്കുകൊണ്ടിരുന്നു. എസ്എസ്എൽസി കഴിഞ്ഞ് ഫോർട്ട് കൊച്ചി മൈനർ സെമിനാരിയിൽ ചേർന്ന ഞങ്ങൾക്ക് ഒരു വർഷത്തെ പരിശീലന കാലം പൗരോഹിത്യത്തിന്റെ ചില ചിത്രങ്ങൾ പകർന്നു തന്നു. പിന്നീടുള്ള രണ്ടു വർഷങ്ങൾ കൊച്ചി രൂപത വൈദിക പരിശീലന പദ്ധതിയിൽ നടത്തിയ ഒരു പരീക്ഷണത്തിൽ ഞങ്ങളും ഭാഗഭാക്കുകളായി മാറി. അതായത് ആൻ്റെണി അച്ചനും കൂട്ടുകാരായ ഞങ്ങൾ 20 പേരും സ്വന്തം വീടുകളിൽ താമസിച്ചുകൊണ്ട് പ്രീ ഡിഗ്രി പഠനത്തിന് പോകുവാൻ ഉള്ളതായിരുന്നു ആ പരീക്ഷണം. നാലു ബാച്ചുകളിൽ രൂപത നടത്തിയ ആ രീതി പിന്നീട് പിൻവലിച്ചു, കാരണം വളരെ കുറച്ചുപേർ മാത്രമാണ് തിരികെ സെമിനാരിയിലേക്ക് പഠനം പൂർത്തിയാക്കുവാൻ എത്തിയത്. ആൻ്റെണി യച്ചനടക്കം ഞങ്ങൾ ആറു പേർ തിരികെ എത്തി. വീണ്ടും ഒരു വർഷം നീളുന്ന പ്രത്യേക പഠനസമയം. അപ്പോഴും
പൗരോഹിത്യജീവിതത്തിൻറെ ആഴത്തിലുള്ള അറിവുകൾ സ്വായത്തമാക്കാനായില്ല, എങ്കിലും ആത്മീയ പരിശീലനമുറകൾ കൂടുതലായി അഭ്യസിച്ചു തുടങ്ങിയിരുന്നു. ഈ കാലയളവിലൊക്കെയും ഹൃദ്യമായ സൗഹാർദ്ദത്തോടെ എല്ലാ കൂട്ടുകാരുടെയും പ്രിയപ്പട്ടവനായി ആൻ്റെണിയച്ചൻ മാറിയിരുന്നു.

തുടർന്ന് 1990-93 കാലയളവിൽ അന്ന് മംഗലപ്പുഴ സെമിനാരിയുടെ കൂടെ ഭാഗമായിരുന്ന കാർമ്മൽഗിരി സെമിനാരിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ആൻറണി അച്ചൻ തന്റെ ജീവിതത്തെ പൗരോഹിത്യത്തിന്റെ രീതികളിലേക്ക് പരുവപ്പെടുത്തിയിരുന്നു. അന്നത്തെ കൊച്ചി രൂപതാ മെത്രാനായിരുന്ന സ്നേഹ സ്മരണാർഹനായ അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ ജീവിത മാതൃകയും സമീപനങ്ങളും ആന്റണി അച്ചനിലും കൂട്ടരിലും നല്ല സ്വാധീനം ചെലുത്തിയിരുന്നു. തൻ്റെ പ്രിയ സെമിനാരിക്കാരായ അഞ്ചു പേരെയും വിദേശത്ത് തുടർപഠനം നടത്തുവാൻ വേണ്ടി അദ്ദേഹം വിട്ടു. അന്ന് റോമിലെ പ്രൊപ്പഗന്ത ഫീദെയുടെ സെമിനാരിയിലെ വൈസ് റെക്ടറും പിന്നീട് കൊച്ചി രൂപത മെത്രാനുമായ റൈറ്റ് റവ. ഡോ. ജോൺ തട്ടുങ്കൽ, ആന്റണി അച്ചനും എനിക്കും അവിടെ പ്രവേശനം തരപ്പെടുത്തി. പൊന്തിഫിക്കൽ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിൽ ബിരുദവും ബൈബിൾ അധിഷ്ഠിത ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തീകരിച്ച് നാട്ടിലെത്തിയ അദ്ദേഹം 1998 ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വന്തം ഇടവകയായ മുണ്ടംവേലി പള്ളിയിൽ വച്ച് കുരീത്തറ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

“നിനക്ക് എൻ്റെ കൃപ മതി” (2കൊറി, 12:9) എന്ന തിരുവചനങ്ങൾ ആപ്തവാക്യമായി ഏറ്റെടുത്താണ് അദ്ദേഹം വൈദികൻ ആകുന്നത്. തുടർന്ന് കൊച്ചി രൂപതയിലെ വിവിധ ദേവാലയങ്ങളിലും ഇറ്റലിയിലെ മിലാൻ, റോം എന്നീ രൂപതകളിലെ ചില ഇടവകകളിലും വൈദിക ശുശ്രൂഷകൾ ചെയ്ത അദ്ദേഹം ഈ കാലയളവിൽ തന്നെ കാനോനിക നിയമത്തിൽ കൂടി ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം കൊച്ചി രൂപതയുടെ വിവാഹ കോടതിയുടെ ജുഡീഷ്യൽ വികാരിയായും കുമ്പളം സെൻറ് ജോസഫ് ഇടവകയുടെ വികാരിയായും സേവനമനുഷ്ഠിച്ചു വരുമ്പോഴാണ് റോമിൽ നിന്ന് രൂപതാ മെത്രനായുള്ള നിയമനം ലഭിക്കുന്നത്. ഇറ്റാലിയൻ ഇംഗ്ലീഷ് ഭാഷകളിലെ നൈപുണ്യവും നല്ല രീതിയിൽ തന്നെ ജർമൻ ഭാഷ കൈകാര്യം ചെയ്യാനുള്ള മികവും അദ്ദേഹത്തിന് ഉണ്ട്.
കാട്ടിപ്പറമ്പിൽ അച്ചനെ കുറിച്ച് ഒരു ഷിപ്ര – ഹ്രസ്വ നിർവചനം വേണമെങ്കിൽ, അതിനിണങ്ങുന്ന ഒരു പ്രയോഗം “ദൈവത്തിൻ്റെ സ്വന്തം സൗമ്യനായ വിശ്വസ്തൻ ” എന്നതായിരിക്കും. ഈ സ്വകീയമായ സൗമ്യതയും വിശ്വസ്തതയും, ഇവിടത്തെയും വിദേശരാജ്യങ്ങളിലെയും പഠനവും ആത്മീയ പരിശീലനവും വഴി കൂടുതൽ ആഴമുള്ളതായി മാറിയെന്നതാണ് യാഥാർത്ഥ്യം.

അദ്ദേഹം സേവനം ചെയ്തുപ്പോന്ന ഇന്നാട്ടിലെയും വിദേശത്തേയും പള്ളികളിലെ വിശ്വാസികൾ അദ്ദേഹത്തിൻ്റെ സൗമ്യതയിൽ ചാലിച്ചെടുത്ത ത്യാഗമനോഭാവത്തോടുകൂടിയ സേവന ശുശ്രൂഷകളെകുറിച്ച് വാചാലരാവുന്നത് ഒത്തിരിയേറെ സന്ദർഭങ്ങളിൽ കേൾക്കാൻ ഇടയായിട്ടുണ്ട്. തൻ്റെ മുന്നിൽ വരുന്ന ഏതൊരു വ്യക്തിയെയും സമയവും ശ്രദ്ധയും നൽകിക്കൊണ്ട് മനസ്സിലാക്കുന്ന ഒരു നല്ല ഇടയന്റെ സ്ഥിരമനോഭാവം അദ്ദേഹത്തിന് കൈമുതലാണ്. പലവിധ മാനസിക-ആത്മീയ-ഭൗതിക ബുദ്ധിമുട്ടുകളിൽ വലഞ്ഞ് ആന്റണിയച്ചനെ തേടിയെത്തുന്നവരുടെ മടക്കം പ്രസാദാത്മകത നിറഞ്ഞ മനസ്സുകളും ആയിട്ടാണ് എന്നുള്ളത് അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയായി മാറുന്നു.
ഇന്നത്തെ കാലത്ത് കത്തോലിക്ക വിവാഹ-കുടുംബ ബന്ധങ്ങളിൽ ഉള്ള അസ്വസ്ഥതകൾക്കും അപചയങ്ങൾക്കും വിഷമതകൾക്കും വേർപിരിയലിനുമൊക്കെയുള്ള കാര്യകാരണങ്ങളും പരിഹാരവും നടത്തിക്കൊണ്ടുള്ള ആന്റണി അച്ചൻ്റെ ക്ലാസുകളും കല്യാണ പ്രസംഗങ്ങളും മറ്റും, കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വിവാഹ ജീവിതത്തെ കുറിച്ചുള്ള ക്ലാസിക് വിശകലനങ്ങളും വിശദീകരണങ്ങളുമായി പരക്കെ അറിയപ്പെടുന്നുണ്ട്.

സൗമ്യമായി അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ ആത്മാവിൽ കോറിയിടുന്നത് സ്നേഹത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളെയാണ്. ഇവയെ ഒരായുസ്സിൻ്റെ ആത്മീയ മുതൽക്കൂട്ടായിട്ടാണ് പലരും കരുതിപ്പോരുന്നത്. മുതിർന്ന തലമുറയുടെയും മാതാപിതാക്കളുടെയും അതിര് കടന്നുള്ള “വാത്സല്യ “വും “നിഷ്കർഷത”യും എങ്ങനെയാണ് യുവ ദമ്പതികളെ പെട്ടെന്ന് ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് വേർപിരിയാൻ ഇടയാക്കുന്നത് എന്ന് അനുദിന ജീവിതത്തിലെ ചെറു ചെറു ഉദാഹരണങ്ങളും അടുക്കിലും ചിട്ടയിലുമുള്ള ലളിതമായ പദപ്രയോഗങ്ങളിലൂടെ മധുരതരമായി കോർത്തെടുത്ത് അദ്ദേഹം സമർത്ഥിക്കുമ്പോൾ അത് ഒരു ദാമ്പത്യജീവിതത്തിന് ജീവിതഗന്ധിയായ മൂലധനമായി മാറുന്നു. തന്റെ മുന്നിൽ പ്രശ്നങ്ങളുമായി നിൽക്കുന്നവർ, ദൈവം സ്നേഹത്തിൽ ഒന്നിപ്പിച്ചവരാണെന്ന് “കാട്ടിയച്ച”ന് ഉറപ്പു തോന്നിയാൽ, പിന്നെ കേരള കത്തോലിക്കാ സഭയിലെ ഏറ്റവും പഴയ അരമന കോടതിയിലെ അകത്തിളങ്ങളിൽ നടക്കുന്ന ഒരു “അജപാലനമുറ”യുണ്ട്. തൻ്റെ തനതു ശൈലിയിൽ ആന്റണിയച്ചൻ നടത്തുന്ന “സ്നേഹ കരച്ചിലു”കളും “അഭ്യർത്ഥനകളും” “വാത്സല്യ ഭീഷണികളും” ‘കാലു പിടിക്കലും” ‘കണ്ണുരുട്ടലും “കയർക്കലും” ഒക്കെ ഉൾപ്പെടുന്ന ഒന്നാണത്. ഇങ്ങനെയുള്ള ഈ “അജപാലനയഞ്ജ”ത്തിലൂടെ ഒത്തിരിയേറെ ദമ്പതിമാരെ രമ്യതയുടെ പാതയിൽ തിരികെ എത്തിക്കാൻ അച്ചനു കഴിയുന്നു.

ശണ്ഠകൂടി വേർപിരിയുവാൻ വേണ്ടി പരക്കംപാഞ്ഞു വരുന്നവരെ, അനുനയത്തിന്റെയും വികാരവിക്ഷോഭങ്ങളുടെ “അക്ഷരത്തെറ്റുകളെ”യും ചൂണ്ടിക്കാട്ടി നല്ല നസ്രായന്റെ പ്രതിപുരുഷൻ എന്ന കണക്ക് മണിക്കൂറുകൾ എടുത്ത് വീണ്ടും “സ്നേഹകണ്ണികൾ” വിളക്കി ചേർത്ത് വിടുന്ന വൈഭവം ആൻറണി അച്ചൻ്റെ എടുത്തു പറയേണ്ട കരുതലിൽ നിന്ന് വരുന്നതാണ്. അത് ക്ഷമയുടെ കാതലിൽ തീർത്തെടുത്ത ഒന്നുമാണ്. അദ്ദേഹം ഒരു ദാമ്പത്യ ബന്ധത്തെ അസാധുവാക്കി, കാനോനിക നിയമങ്ങളുടെ അപര്യാപ്തത അതിൽ കണ്ട് ഉറപ്പിച്ചാൽ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്; അതായത് സ്നേഹനൂലിഴകളുടെ വീണ്ടും കൊരുക്കലിന് ഒരു വിദൂരസാധ്യത പോലും ആ ബന്ധങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് അത്. ചില നേരങ്ങളിൽ ചില ദമ്പതികളുടെ മനസ്സുകളിലെ മുറിവുകളെ എത്ര ഉണക്കുവാനും സൗഖ്യപ്പെടുത്തുവാനും ശ്രമിച്ചിട്ടും, അതിൽ സഹകരിക്കാത്ത അവരുടെ തീരുമാനങ്ങളിൽ “എന്തു പറയാനാണ്!”,എന്നു പറഞ്ഞ്
സ്വയം വേദനിച്ച് അവർക്കു വേണ്ടി പ്രാർത്ഥിച്ച് നെടുവീർപ്പിട്ട് പോകുന്ന അച്ചൻ്റെ സങ്കട മനസ്സിനെ അടുത്തുനിന്നു വായിക്കുവാൻ പലവുര എനിക്ക് ഇടവന്നിട്ടുണ്ട്. സൗമ്യതയുടെ സംസ്കൃതിയിൽ രൂപപ്പെടുത്തിയ മനസ്സും സ്വഭാവവും അച്ചനെ ഈ വക കാര്യങ്ങൾ മടുപ്പും മുഷിപ്പും കൊണ്ടു മൂടുന്നില്ല എന്ന് മാത്രമല്ല നിരാശനാകാതെ കൂടുതൽ തെളിമയോടെ നടക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
കത്തോലിക്ക വൈദിക സാഹിതിയിൽ നന്മയുടെ സ്ഥിരനിക്ഷേപ സ്വഭാവമുള്ള ശുഭദായകമായ ഒരു പദപ്രയോഗം ഉണ്ട് “വിളിച്ചവൻ വിശ്വസ്തനാണ് ” എന്നതാണ് അത്. ഈ ആശയത്തിന്റെ യഥാർത്ഥ അർത്ഥ പരിണാമങ്ങൾ തിരിച്ചറിയേണ്ടത് വിളിക്കപ്പെട്ടവൻ വിളിച്ചവനോടും ചുറ്റുമുള്ളവരോടും താൻ അനുഭവിച്ചറിഞ്ഞ വിശ്വസ്തതയുടെ നാനാർത്ഥങ്ങളിലുള്ള പകർത്തിയെഴുത്ത് നടത്തുമ്പോഴാണ്.
ഒരു വൈദികൻ വിശുദ്ധനാകുന്നത് ഈ വിശ്വസ്തതയുടെ പകർത്തി എഴുത്തിലാണ്. വിളിച്ചവൻ്റെ, -ദൈവത്തിൻ്റെ- വിശ്വസ്തത അടങ്ങിയിരിക്കുന്നത് സ്നേഹത്തിലും വിശ്വാസത്തിലും നീതിയിലും കരുണാർദ്രതയിലും ആണ്.
കരുതലുള്ള സ്നേഹം ആൻ്റെണിയച്ചൻ പകർത്തി എഴുതുന്നത് അൾത്താര ബാലകരിൽ തുടങ്ങി അന്ത്യ ശുശ്രൂഷ സ്വീകരിക്കുന്ന ആത്മാവിനുവരെ ഹൃദയനനവിന്റെ തന്ത്രി മീട്ടി കൊടുത്തു കൊണ്ടാണ്. ഇത് കൊച്ചി രൂപതയുടെ പടിഞ്ഞാറെ അറ്റത്തുള്ള കല്ലഞ്ചേരി ദ്വീപും കിഴക്കേ അറ്റത്തുള്ള കുമ്പളം ദ്വീപു വരെയും ഒരുപോലെ അനുഭവിച്ചറിഞ്ഞതാണ്. സ്വന്തം ഭവനത്തിൽ നിന്ന് പഠിച്ചെടുത്ത ദൈവഭയത്തിലും ഭക്തിയിലും ചാലിച്ചെടുത്ത കത്തോലിക്ക വിശ്വാസത്തെ, സഭാ ആസ്ഥാനമായ വത്തിക്കാൻ്റെ സ്വന്തം സെമിനാരിയിൽ “കോളേജോ ഉർബാനോ” യിൽ വെച്ച് ആത്മീയതയുടെ ആഴത്തിൽ സ്ഫുടം ചെയ്തെടുത്തതിൻ്റെ തെളിച്ച വെളിച്ചങ്ങളുടെ സമഗ്രത അച്ചൻ തൻ്റെ മുഴു ജീവിതത്തിലും കാത്തുസൂക്ഷിക്കുന്നു. അത് ഏവർക്കും ഇണങ്ങും വിധം അദ്ദേഹത്തിന് പങ്കുവയ്ക്കാൻ ആകട്ടെ! മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുടെ തട്ടും മുട്ടും ഇല്ലാതെ ഏവർക്കും സ്വീകാര്യമായ ക്രമങ്ങൾ ഒരുക്കുന്നതിലും പങ്കുവയ്ക്കുന്ന നീതി നടപ്പാക്കുന്നതിലും അജപാലനത്തിന്റെ ആദ്യനാളുകൾ തുടങ്ങിയ സാന്ത ക്രൂസ്സ് ബസിലിക്ക മുതൽ ഇന്നത്തെ ജുഡിഷ്യൽ വികാർ എന്ന പദവിയിൽ വരെ അദ്ദേഹത്തിന് ആയിട്ടുണ്ട്. കരുണാർദ്രതയുടെ കാര്യത്തിൽ കണ്ണീരിലും നൊമ്പരത്തിലും കാട്ടിപ്പറമ്പിൽ അച്ചൻ കയ്യിലുള്ളവ മാത്രമല്ല പങ്കുവെച്ചിരുന്നത്, കടം മേടിച്ചു ദാനം ചെയ്ത് കണ്ണീരൊപ്പുന്ന കഥകൾ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ ഇടവകകളിൽ നിന്നും തന്നെ കേൾക്കാറുണ്ട്.
ജനസാന്ദ്രത കൊണ്ട് മുന്നിലും ഭൂവിസ്തൃതി കൊണ്ട് പിന്നിലുമാണ് ഒരു കാലത്ത് ദക്ഷിണേഷ്യയുടെ സിംഹഭാഗങ്ങൾ കൈയ്യാളിയിരുന്ന കൊച്ചി രൂപത ഇന്ന്. 27 വർഷം ബഹുമാനപ്പെട്ട ആന്റണിയച്ചൻ വൈദിക ജീവിതത്തിൽ കാത്തുസൂക്ഷിച്ച സ്നേഹത്തിന്റെയും നീതിയുടെയും വിശ്വാസത്തിന്റെയും കരുണാർദ്രതയുടെയും സമ്പത്ത് വർദ്ധിത പലിശയുള്ള സ്നേഹമായി രൂപത മുഴുവൻ എത്തട്ടെ. അതുവഴി ആത്മീയ നേതൃത്വവഴികൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യുഗത്തിലും മാഞ്ഞുപോകില്ല എന്ന് ഉറപ്പ് ഈ മുത്തശ്ശി രൂപതയിലൂടെ ഉണ്ടാകട്ടെ. അത് മനുഷ്യർക്ക് അനിവാര്യമായി വേണ്ടതാണെന്ന് കൊച്ചിയുടെ നിയുക്ത മെത്രാന് തെളിയിക്കാൻ ആവട്ടെ.
നീണ്ട 25 വർഷങ്ങൾക്കുശേഷമാണ് എറണാകുളം ആലപ്പുഴ ജില്ലകളിൽ പടർന്നുകിടക്കുന്ന കൊച്ചി രൂപതയ്ക്ക് പഴയ കൊച്ചി രാജ്യത്തിൻ്റെ പ്രദേശത്തുനിന്ന് ഒരു കൊച്ചിക്കാരനെ തന്നെ ഇടയാനായി കിട്ടുന്നത്. മുൻഗാമികളായ രണ്ടു തിരുവതാംകൂർകാരായ ( റവ. ഡോ. ജോൺ തട്ടുങ്കൽ, റവ. ഡോ. ജോസഫ് കരിയിൽ) പിതാക്കന്മാർ തുടങ്ങിവച്ചതും നിലനിൽക്കുന്നതുമായ സകലതും പരിപോഷിപ്പിക്കാൻ അദ്ദേഹത്തിന് ആവട്ടെ. അവസാനത്തെ കൊച്ചിക്കാരനായ കൊച്ചിയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിൻ്റെ അവസാനകാല സെമിനാരിക്കാരിൽ ഒരാളായ കാട്ടിപ്പറമ്പിലച്ചന് പഴയ കൊച്ചിയുടെയും പുതിയ കൊച്ചിയുടെയും സകല സ്പന്ദനങ്ങളും അറിഞ്ഞു മുന്നേറുവാനും തൻ്റെ ജനത്തിനായി ജീവിക്കാവാനുമുള്ള കരുത്തും കൃപയും ജഗദീശ്വരൻ നൽകട്ടെ. അതിനെല്ലാം ജ്യേഷ്ഠ സഹോദരനെ പോലെ സെമിനാരിക്കാരനായ കാലം മുതൽ അദ്ദേഹത്തെ അറിയുന്ന ആലപ്പുഴ രൂപതയുടെ മെത്രാനും കൊച്ചി രൂപതയുടെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററുമായ കൊച്ചിക്കാരനായ ബിഷപ്പ് ജെയിംസ് ആനാപറമ്പലിന്റെ പിന്തുണയും ഉണ്ടാകും എന്ന് ഉറപ്പാണ്. ആൻ്റെണി അച്ചനൊപ്പവും രൂപതയ്ക്കൊപ്പവും ജീവിതത്തിൻറെ മുക്കാൽ ഭാഗവും, കൃത്യമായി പറഞ്ഞാൽ നാലു പതിറ്റാണ്ട് കൂടെ നടക്കാൻ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയിൽ സ്നേഹസമ്പന്നനായ ആൻ്റെണിയച്ചന് സകല ദൈവാനുഗ്രഹങ്ങളും നേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്
-ചാൻസിലർ, കൊച്ചി രൂപത

കൊച്ചി രൂപതയുടെ ബിഷപ്പായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ച ഫാ. ആന്റണി കാട്ടിപ്പറമ്പിലിന് ആശംസകൾ. എറണാകുളത്ത് മുണ്ടംവേലിയുടെ മണ്ണിൽ പിറന്ന്, വിശ്വാസ സമൂഹത്തിന് എന്നും തണലായി മാറിയ ഫാ. ആന്റണി കാട്ടിപ്പറമ്പിൽ, ഈ ശ്രേഷ്ഠമായ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നിമിഷമാണ്. നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരി എന്ന നിലയിൽ അദ്ദേഹം നടത്തിയ ആഴമേറിയ സേവനത്തിന്റെ അംഗീകാരം കൂടിയാണിത്.
അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതം കർമ്മനിരതമായിരുന്നു. ഫോർട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയിൽ സഹ ഇടവക വികാരിയായും, കൊച്ചിൻ രൂപതാ വിവാഹ ട്രൈബ്യൂണലിൽ നോട്ടറിയായും, കുമ്പളങ്ങിയിലെ സെന്റ് ജോസഫ് പള്ളിയിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററായും, സിനഡിനായുള്ള രൂപത കോൺടാക്റ്റ് പേഴ്സണായും ഫാ. ആന്റണി കാട്ടിപ്പറമ്പിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
റോമിലെ ഉർബാനിയ സർവകലാശാലയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലും ലൈസൻഷ്യേറ്റ് നേടിയ അദ്ദേഹത്തിന്റെ അറിവിന്റെ വെളിച്ചം ഈ പുതിയ ദൗത്യത്തിൽ കൊച്ചി രൂപതയ്ക്ക് വഴികാട്ടിയാകും.
ഇനി മുന്നോട്ടുള്ള അജപാലന ശുശ്രൂഷയിൽ, വിശ്വാസത്തിൻ്റെ പടവുകൾ താണ്ടി, ദൈവജനത്തിന് ആത്മീയ വെളിച്ചം പകർന്ന് ഫാ. ആന്റണി കാട്ടിപ്പറമ്പിൽ കൊച്ചി രൂപതയെ സ്നേഹത്തോടെ നയിക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ അപ്പസ്തോലിക ദൗത്യത്തിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു.
പ്രാർത്ഥനാശംസകൾ

നിയുക്ത മെത്രാൻ അഭിവന്ദ്യ ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവിനു വേണ്ടി എല്ലാ ദിനവും ദിവ്യബലി മധ്യേ കാഴ്ചവയ്പിനു മുമ്പ് ചൊല്ലാനായി അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് തയ്യാറാക്കിയ പ്രാർത്ഥന…

