ഫോർട്ടുകൊച്ചിയുടെ ഇന്നലത്തെ സന്ധ്യയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ അനുഭവസ്ഥർക്കു കഴിയില്ല. കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺസിഞ്ഞോർ ആൻ്റണി കാട്ടിപ്പറമ്പിൽ ശിരസ്സിൽ അഭിഷേകതൈലം ഏറ്റുവാങ്ങിയ ചടങ്ങിൽ പങ്കെടുത്ത നാല്പതോളം മെത്രാന്മാരും നാനൂറോളം വൈദികരും ആയിരത്തോളം സന്ന്യസ്തരും ആയിരക്കണക്കിന് അല്മായരും മൂന്നു മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞതേയില്ല. മറ്റു വാക്കുകളിൽ, ഫോർട്ടു കൊച്ചി പരേഡ് ഗ്രൗണ്ടിലെ സാൻ്റാക്രൂസ് സ്ക്വയറിൽ ഇന്നലെ നടന്നത് പതിനയ്യായിരം കൃപാഭിഷിക്തരുടെ മഹാസമ്മേളനമായിരുന്നു!

ഒന്നര വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിൽ ശാന്തതയുടെയും സൗഹൃദത്തിൻ്റെയും എളിമയുടെയും പ്രാർത്ഥനയുടെയും ആൾരൂപം എന്നു വിശേഷിപ്പിക്കാവുന്ന ഒരിടയനെ ലഭിച്ചതിൽ രൂപതമക്കൾക്കുള്ള ആനന്ദം ഈ സന്ധ്യയ്ക്കു വേണ്ടിയുള്ള ഒരുക്കത്തിൽ ആകമാനം കാണാമായിരുന്നു. വലിയ ഉണർവോടും ഉത്സാഹത്തോടും കൂടിയാലോചനയോടും ഒത്തൊരുമയോടും കൂടെ നടന്ന ഒരുക്കങ്ങൾ ദൈവകൃപയാൽ മഹാവിജയത്തിലെത്തിയതിൻ്റെ ആഹ്ലാദത്തിലാണ് കൊച്ചി രൂപത മക്കൾ. “ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്” (1 കോറി 15,10) എന്ന തിരുവചനം തൻ്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന കാട്ടിപ്പറമ്പിൽ പിതാവിൻ്റെ ബോധ്യം വിശ്വാസീസമൂഹത്തിലേക്കും പടർന്നിറങ്ങിയ വിലപ്പെട്ട നിമിഷങ്ങൾ…
നുൺഷ്യോയുടെ സാന്നിധ്യവും കർദ്ദിനാൾ ഫിലിപ്പ് നേരിയുടെ ഭക്തിനിർഭരമായ പ്രാർത്ഥനകളും ആൻ്റണി പിതാവിൻ്റെ സതീർത്ഥ്യനായ പാംബ്ലാനി പിതാവിൻ്റെ സരസവും സാന്ദ്രവുമായ വചനപ്രഘോഷണവും സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിൽ പിതാവിൻ്റെയും സിബിസിഐ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്തു പിതാവിൻ്റെയും മറ്റു മെത്രാന്മാരുടെയും സാന്നിധ്യവും അതിസുന്ദരമായി ഒരുക്കിയിരുന്ന അൾത്താരയെ കൂടുതൽ വർണാഭമാക്കി.

ഇന്ന് രാവിലെ സാൻ്റാക്രൂസ് ബസിലിക്കയിൽ നിറഞ്ഞുകവിഞ്ഞ ജനാവലി മധ്യേ ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവ് ഔദ്യോഗികമായി ഭദ്രാസനത്തിൽ ഉപവിഷ്ടനായി സ്ഥാനമേറ്റെടുത്തപ്പോൾ ദിഗന്തങ്ങൾ മുഴങ്ങുന്ന കൈയടിയാണ് ഉയർന്നത്. സിംഹാസനസ്ഥനായ പിതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി, വൈദികരും സന്ന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളും സസന്തോഷം വിധേയത്വം പ്രഖ്യാപിച്ച കാഴ്ച രൂപതയിൽ ഉണ്ടാകാനിരിക്കുന്ന വൻ ഐക്യവും കൂട്ടായ്മയും വളർച്ചയും വിളിച്ചോതുന്നതായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, *സ്വർഗം മനം നിറഞ്ഞു ചിരിച്ചു; കൃപയുടെ പെരുംമഴക്കാലം വരവായി…*

ഫാ. ജോഷി മയ്യാറ്റിൽ

