“വിളക്കുമാടത്തിലെ വിളക്കണയുമ്പോൾ”

പാലായിലെ വിളക്കുമാടത്ത് ജനിച്ചവൻ തലശ്ശേരിയുടെ ഹൃദയത്തിലൂടെ, മാനന്തവാടിയിലെ ഗ്രാമങ്ങൾക്ക് തണലായി, താമരശ്ശേരിയുടെ മക്കൾക്ക് ആശ്വാസമായി ഒടുവിൽ തൃശിവപ്പേരൂരിന്റെ മണ്ണിലിറങ്ങി…!!!

പറിച്ചുനട്ടിടത്തൊക്കെ വേരിറക്കാൻ പ്രയാസമില്ലാതിരുന്നതുകൊണ്ട് തൃശ്ശിവപ്പേരൂരിന്റെ മണ്ണും അദ്ദേഹം ഫലഭൂയിഷ്ടമാക്കി….!!!

പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് നേരിട്ടു..! ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പക്വമായി പൂർത്തീകരിച്ചു. മദ്ധളപെരുപ്പും മേളങ്ങളും ഉയരുന്ന തൃശൂരിനെ തന്റെ മൃദുവായ ശബ്ദം കൊണ്ട് ശാന്തമായി നയിച്ചു…!!!

തൃശൂർക്കാരൻ അല്ലാതിരുന്നിട്ടും തൃശൂരിലെ മക്കളുടെ ഹൃദയത്തിൽ കയറി ‘നല്ല തൃശൂർക്കാരൻ’ ആകാൻ പിതാവിന് സാധിച്ചത് ആ ലാളിത്യം തന്നെ…!!!

റീജൻസി കാലഘട്ടത്തിലാണ് പിതാവിനെ അടുത്തറിയുന്നത്. പിന്നീടത് പ്രായം മറന്നുള്ള സൗഹൃദം ആയിമാറി. “ എന്തൂട്ടാ വിശേഷം” എന്ന് ചോദിക്കുന്നവരോട് “ എന്നാ ഉണ്ട് വാർത്തകൾ” എന്ന് ചോദിക്കുമ്പോൾ അതിലെവിടെയോ ഒരപ്പന്റെ സ്നേഹം ഒളിപ്പിച്ചതുപോലെ തോന്നാറുണ്ട്…!

വൈകുന്നേരങ്ങളിൽ മുറിയിൽ വച്ചിരിക്കുന്ന ലേഡി ബേർഡ് സൈക്കിൾ പുറത്തെടുത്ത് മൈനർ സെമിനാരിയുടെ മുറ്റത്ത് ചവിട്ടി നടക്കുന്ന മധുരമുള്ള ഓർമ്മകളുണ്ട്.

സെമിനാരിയിൽ പുതിയ വാഹനം വാങ്ങിയ സമയത്ത് താക്കോലെടുത്ത് ചിരിച്ച് കൊണ്ട് ഡ്രൈവ് ചെയ്തുപോയ പിതാവിന്റെ ചുറുചുറുക്ക് ഇപ്പോഴും ഓർത്തുപോകുന്നു.

കൂടെയുള്ള യാത്രകളിൽ ജപമാലയും യാമപ്രാർത്ഥനകളും നിർബന്ധം…!

എല്ലാവരാലും വ്യക്തിപരമായ ബന്ധം പുലർത്തുന്ന പിതാവിന്റെ വോയിസ്‌ മെസ്സേജുകളും, നാമഹേതുക തിരുനാളുകൾക്ക് കൈപ്പടയിൽ എഴുതിയ കാർഡുകളും ഇന്നും ഞങ്ങളുടെ കൈകളിൽ ഭദ്രമാണ്…!!!

അതിരൂപതയുടെ മുഖഛായ മാറ്റിയ ഇന്ന് കാണുന്ന സ്ഥാപനങ്ങളെല്ലാം അഭിവന്ദ്യപിതാവിന്റെ കരസ്പർശമുള്ളവയാണ്.

2023 ജൂൺ മാസത്തിൽ ആണ് പിതാവ് അവസാനമായി റോമിൽ വരുന്നത്. താൻ പഠിച്ച ഉർബാനിയൻ സെമിനാരിയിൽ വീണ്ടും വരണമെന്ന ആഗ്രഹത്തോടെ ഓടിയെത്തിയതോർക്കുകയാണ്.

താൻ പൗരോഹിത്യംസ്വീകരിച്ച അൽത്താരയിൽ ഓടിക്കയറി ബലിപീഠം ചുംബിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപുള്ള ചുറുചുറുക്കുള്ള സെമിനാരിക്കാരന്റെ മുഖമായിരുന്നു പിതാവിന്…!!!

താൻ സ്ഥിരമായി പോയി പ്രാർത്ഥിക്കാറുള്ള ഗ്രോട്ടോയുടെ അരികിൽ നിന്ന് കൈകൾ മുറുക്കി പിടിച്ച് “Salve Regina…” എന്ന ഗാനം ഉച്ചത്തിൽ ആലപിക്കുമ്പോൾ മുറുക്കിപ്പിടിച്ച കരങ്ങളിലെ ആ ചൂടിന് സ്നേഹത്തിൻറെ പൊള്ളലുണ്ടായിരുന്നു….!!!

നടന്ന വഴികളിലൂടെ പുറകെ നടക്കാൻ പിതാവ് ആരെയും നിർബന്ധിച്ചില്ല. പക്ഷെ നടന്ന വഴികളിൽ സഞ്ചാരയോഗ്യമല്ല എന്ന് തോന്നിയതൊക്കെ വെട്ടിത്തെളിച്ച് പിതാവ് സുന്ദരമാക്കി. ഇനി യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടരുതല്ലോ..!!!

അവസാന നാളുകളിൽ പുഞ്ചിരിപോലും വാങ്മയമാക്കി, തലോടലുകളിൽ പിതൃസ്നേഹം ചാലിച്ചുനൽകി…..!!!

വത്സല പിതാവ് ഇന്ന് മണ്മറയുമ്പോൾ തൃശ്ശൂരിൽ അദ്ദേഹം രൂപം നൽകിയ മേരി മാതാ സെമിനാരിയിൽ പരിശീലനം നൽകിയ വൈദികർ ഇന്ന് ബലിയിൽ അദ്ദേഹത്തെ ഓർക്കുന്നു…!!!

ജൂബിലി മെഡിക്കൽ കോളേജിൽ പ്രാഗല്ഭ്യം നേടിയ ഡോക്ടർമാർ പിതാവിന് നന്ദി പറയുന്നു…!!!

പാലയൂരിന്റെ മണ്ണിലേക്ക് തീർത്ഥയാത്ര പോകുന്നവർ പിതാവിന്റെ ഓർമ്മകളെ സ്മരിക്കുന്നു…!!!

പിതാവ് രൂപം കൊടുത്ത ക്രിസ്തു ദാസി സന്യാസിനികൾ പിതൃമൊഴികൾ നെഞ്ചോട് ചേർത്ത് ക്രിസ്തുവിന്റെ മുഖമാകുന്നു….!!!

അങ്ങനെ ജീവനുള്ള, നിലനിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച് പിതാവ് യാത്രയാകുമ്പോൾ പിതാവ് വീണ്ടും ഓർമ്മിപ്പിക്കുന്നു..…“ ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു…….”♥️🤍🙏

Fr. Salvin Kannanaickal 

നിങ്ങൾ വിട്ടുപോയത്