കേരള സഭാനവീകരണം 2022-2025
കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍

ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളാണല്ലോ. 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള സിനഡ് തീര്‍ത്ഥാടകസഭയില്‍ കൂട്ടായ്മയുടെയും സമവായത്തിന്റെയും പുതിയനാളുകള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം. അതിനായി നമുക്ക് ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

2021 ഡിസംബറില്‍ നടന്ന കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരളസഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ട് എന്ന ബോധ്യത്തിലെത്തിച്ചേര്‍ന്നു. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിച്ച മരവിപ്പും, കൂടാതെ ഇക്കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മുന്നേറാന്‍ ആന്തരിക നവീകരണത്തിന്റെയും ശക്തീകരണത്തിന്റെയും പുതിയ പാതകള്‍ സഭയില്‍ രൂപപ്പെടണമെന്ന് കൗണ്‍സില്‍ നിര്‍ദേശിക്കുകയും അതിനായി ഒരു കമ്മിറ്റിക്ക് രൂപം നല്കുകയും ചെയ്തു. കെസിബിസിയുടെ കരിസ്മാറ്റിക്, ഡോക്‌ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. 2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെയായിരിക്കും കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുന്നത്.

സഭ: ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം

കേരളസഭാനവീകരണത്തിന് കെസിബിസി സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം ”സഭ: ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം” എന്നാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ എഫേസൂസു കാര്‍ക്കെഴുതിയ ലേഖനം 2:20-22 ല്‍ പറയുന്ന കാര്യങ്ങളാണ് ഈ ആപ്തവാക്യത്തിന് ആധാരം. അപ്പോസ്തലന്‍ ഇപ്രകാരം എഴുതുന്നു:

”അപ്പോസ്തലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.”

ദൈവത്തിന്റെ ഭവനവും ക്രിസ്തുവിന്റെ ശരീരവും യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട് ഒന്നുചേര്‍ക്കപ്പെട്ടവരുടെ സമൂഹമായ സഭ ക്രിസ്തുവിന്റെ മൗതികശരീരവും ദൈവത്തിന്റെ ഭവനവുമായി പരി. ആത്മാവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്താണ് പ്രാരംഭകാലം മുതല്‍ സഭ യാത്രചെയ്തിട്ടുള്ളത്. പരിശുദ്ധാത്മപ്രകാശത്തില്‍ കാലത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കുകയും ദൈവിക പദ്ധതിയുടെ ശുശ്രൂഷകള്‍ക്കായി പിന്‍ചെല്ലേണ്ട പാതകള്‍ നിര്‍ണയിക്കുകയും ചെയ്യുക എന്നത് സഭയുടെ എക്കാലത്തെയും വെല്ലുവിളിയും ദൗത്യവുമാണ്.

എന്റെ സഭ, എന്റെ ഭവനം

സഭാംഗങ്ങള്‍ വ്യത്യസ്ത വ്യക്തികളാണെങ്കിലും (റോമാ 12:5) എല്ലാവരും അനാദിയിലേ ക്രിസ്തുവില്‍ തെരഞ്ഞെടുക്കപ്പെട്ടവരും (എഫേ 1:4) അവിടത്തെ മരണത്തിലും ഉത്ഥാനത്തിലും പങ്കുപറ്റുന്നവരും പരിശുദ്ധാത്മാവിനെ അവകാശമായി ലഭിക്കുന്നവരും (1 കോറി 12:13) യേശുവിന്റെ രണ്ടാമത്തെ വരവിന് സാക്ഷ്യംവഹിക്കുന്നവരുമാണെന്ന് പൗലോസ് അപ്പോസ്തലന്‍ പഠിപ്പിക്കുന്നു. ശരീരത്തില്‍ പല അവയവങ്ങളുണ്ടെങ്കിലും അവയെല്ലാം ചേര്‍ന്ന് ക്രിസ്തുവില്‍ ഏക ശരീരമായിത്തീരുന്നു (1 കോറി 12:12-26) എന്നതുകൊണ്ട് സഭാംഗങ്ങളെല്ലാവരും വിളി സ്വീകരിച്ചവരും വിളിക്കനുസൃതമായ ദൗത്യം നിര്‍വഹിക്കാന്‍ കടപ്പെട്ടവരുമാണ്.

ഇപ്രകാരം ”യേശുക്രിസ്തുവിന്റെ സ്വന്തമാകാന്‍ വിളിക്കപ്പെട്ടവരായ” (റോമ 1, 6) നാമെല്ലാവരും സഭയുടെ ഭാഗമാണ്, സ്വന്തമാണ് എന്ന ബോധ്യമുണ്ടാകണം. ”എന്റെ സഭ, എന്റെ ഭവനം” എന്ന വികാരം സഭാംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകണം. ഓരോ വ്യക്തിയുടെയും വ്യക്തി സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്, അത് വിലമതിക്കപ്പെടണം. എന്നാല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് സഭയുടെ സന്താനമായി മാറിയ വ്യക്തിയുടെ സ്വാതന്ത്ര്യം എന്നതാകണം ക്രിസ്തുവിശ്വാസിയുടെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. അമ്മയായ സഭയോടുള്ള സ്‌നേഹം ക്രിസ്തുവിനോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്. സഭ എന്റെ അമ്മ അഥവാ എന്റെ കുടുംബം എന്ന നിലയില്‍ എത്രമാത്രം സ്‌നേഹിക്കപ്പെടുന്നുവെന്ന് ഓരോരുത്തരും വിലയിരുത്തണം. എന്റെ സഭയെ സംരക്ഷിക്കാന്‍ എനിക്കും കടമയുണ്ട് എന്ന അവബോധത്തില്‍ ക്രിസ്തുവിശ്വാസികള്‍ വളരുന്നിടത്താണ് പൊതു സമൂഹത്തില്‍ സഭ ക്രിസ്തുവിന്റെ മുഖവും ഗാത്രവുമായി അവതരിക്കപ്പെടുന്നത്.

നവീകരണമേഖലകളും പ്രക്രിയകളും

യഥാര്‍ത്ഥവും സുദൃഢവുമായ മാനസാന്തരമാണ് സമഗ്രനവീകരണത്തിന് അടിസ്ഥാനമായിട്ടുള്ളത്. സഭാ ശുശ്രൂഷകളുടെ സമസ്ത മേഖലകളിലും ഈ മാനസാന്തരം സംഭവിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഭയുടെ മിഷനറി സ്വഭാവത്തെ ഏറ്റെടുക്കുക എന്നതാണ്. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ, ‘ സഭയെ സംബന്ധിച്ച ഒരു ഐച്ഛിക വിഷയമല്ല പ്രേഷിതപ്രവര്‍ത്തനം, കാരണം സഭ പ്രേഷിതയാണ്.’ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അജപാലന ദൗത്യങ്ങളുടെയും മേഖലയില്‍ മാനസാന്തരം സംഭവിക്കണം.

വിശ്വാസികളുടെ സമൂഹമായ സഭ ദൈവജനത്തിന്റെ കൂട്ടായ്മയാണ്. അതുകൊണ്ട് സഭയെ സ്ഥാപനവത്കരിക്കുന്ന പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. നിലനില്ക്കുന്ന സംവിധാനങ്ങള്‍ ക്കപ്പുറം നമുക്ക് ഒന്നും ചെയ്യാനില്ല എന്ന കാഴ്ച്ചപ്പാടുകള്‍ മാറണം. യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമായതും എപ്പോഴും സജീവവുമായ സുവിശേഷചൈതന്യം സഭയുടെ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നില്ക്കണം

വിശ്വാസ പരിശീലനം സഭയുടെ സുപ്രധാന ദൗത്യങ്ങളില്‍ ഒന്നാണ.് കാലോചിതവും ക്രിസ്തു സാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കത്തക്കവിധം മതബോധന സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. ജ്ഞാനസ്‌നാനത്തിന്റെ ഫലങ്ങളെ മുറുകെപ്പിടിച്ച് യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞ് ജീവിക്കാനും ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും ഊന്നിയ പ്രേഷിതചൈതന്യത്തില്‍ വളര്‍ന്നുവരാനും സഹായിക്കുന്ന വിധമാകണം വിശ്വാസപരിശീലനം. വൈദിക-സന്ന്യസ്ത-അല്മായ-യുവജന പരിശീലന മേഖലകളും അപ്രകാരം തന്നെയാകണം.

കോവിഡു കാലം സൃഷ്ടിച്ച മുറിവുകളാല്‍ തളര്‍ന്നുപോയ ധാരാളം കുടുംബങ്ങളുണ്ട് ‘ഹോം മിഷന്‍’ ഉള്‍പ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകള്‍ സജീവമാകണം. അജപാലനപരമായ ‘സന്ദര്‍ശന’ത്തിനപ്പുറത്ത് ആത്മീയ ‘സ്ഥിരം സാന്നിധ്യ’ത്തിലേക്ക് ഉയരാന്‍ ശുശ്രൂഷാനേതൃത്വത്തിനു കഴിയണം.

ദിവ്യബലിയിലുള്ള പങ്കാളിത്തമാണ് ക്രൈസ്തവ സമൂഹത്തിന്റെ കേന്ദ്രം. ദൈവവചനപ്രഘോഷണം കൂദാശ കളുടെ പരികര്‍മ്മം, പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍, എന്നിവയിലെല്ലാം സഭാംഗങ്ങളെ മുഴുവന്‍ പങ്കാളികളാക്കുന്നതിന് അവസരങ്ങളൊരുക്കണം. ക്രിസ്തീയ ആനന്ദത്തോടും പ്രത്യാശയോടും കൂടെ ജീവിക്കാനും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനും ആദ്ധ്യാത്മിക മേഖലയില്‍ ഉണര്‍വുണ്ടാകുക എന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.

ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും അനാഥരും വിധവകളും രോഗികളും നിരാലംബരും വൃദ്ധജനങ്ങളും ഭവനരഹിതരും പീഡന ങ്ങള്‍ ഏല്ക്കുന്നവരും കുഞ്ഞുങ്ങളുമെല്ലാം എക്കാലവും സഭയുടെ പ്രേഷിത ശുശൂഷകളില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവരാണ്. ‘ദരിദ്രന്റെ വിലാപം സഭയുടെ പ്രത്യാശയുടെ വിലാപമാണ്’ എന്ന് ഫ്രാന്‍സിസ് പാപ്പാ സഭാമക്കളെ ഓര്‍മ്മിപ്പിക്കുന്നു. ‘ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു’ (1കോറി 5:14) എന്ന പൗലോസിന്റെ മനോഭാവമാണ് സാമൂഹ്യ ശുശ്രൂഷകളിലും പരിസ്ഥിതി സംരക്ഷണത്തിലും എന്നും സഭ പുലര്‍ത്തിപോന്നിട്ടുള്ളത്.

കേരള സഭാനവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഒരുക്ക പരിപാടികള്‍ക്ക് സംസ്ഥാനതലത്തിലും രൂപതാ തലത്തിലും ഇടവക തലത്തിലുമൊക്കെ ടീമുകളെ രൂപപ്പെടുത്തേണ്ടതുണ്ട്. ഓരോ രൂപതയിലെയും പ്രത്യേകസാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് നവീകരണ പ്രക്രിയകള്‍ നടക്കേണ്ടത്.

ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള”
ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണം. എല്ലാ സംഭാഷണങ്ങളുടെയും കൂടിച്ചേരലുകളുടെയും സഹഗമനത്തിന്റെയും ലക്ഷ്യം അവയിലൂടെയെല്ലാം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതുകൊടുക്കുന്നതും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കണം. ഓരോരുത്തരുടെയും വിളിക്കനുസൃതമായ ശുശ്രൂഷയുടെ അരൂപിയില്‍ സഭാംഗങ്ങളുടെ കൂട്ടായഉത്തരവാദിത്തം വളര്‍ത്തപ്പെടണം. ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടണം. അങ്ങനെ കേരളസഭയില്‍ ആരംഭിക്കുന്ന ഈ നവീകരണ കാലഘട്ടം കൂടുതല്‍ ഊര്‍ജസ്വലതയോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ ശക്തരാക്കട്ടെ.

എല്ലാവര്‍ക്കും ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട്,

സ്‌നേഹാദരങ്ങളോടെ,

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കെസിബിസി പ്രസിഡന്റ്

ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍
കെസിബിസി വൈസ് പ്രസിഡന്റ്

ബിഷപ്പ് ജോസഫ് മാര്‍ തോമസ്
കെസിബിസി സെക്രട്ടറി ജനറല്‍

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
പി.ഒ.സി., കൊച്ചി – 682 025

നിങ്ങൾ വിട്ടുപോയത്