🌹🌹🌹വിശുദ്ധനായ വൈദികൻ ❤❤❤

ഇന്നലെ സ്വർഗീയാര മത്തിലേക്ക് പറിച്ചുനടപ്പെട്ട ബഹു. സെബാസ്റ്റ്യൻ പൈനാടത്ത് അച്ചനെക്കുറിച്ചു ഏറെ പേരും പരാമർശിച്ചുകേട്ട ഒരു വാക്കാണ് ഈ കുറിപ്പിന്റെ തലക്കെട്ട്. വിശുദ്ധി എന്ന വാക്കിന് എക്കാലത്തും മനുഷ്യ ഹൃദയങ്ങളിൽ വലിയ മൂല്യം ഉണ്ടായിട്ടുണ്ട്. പ്രഗത്ഭനായ വൈദികൻ,
ചങ്കൂറ്റമുള്ള വൈദികൻ, കഴിവും പ്രാപ്തിയുമുള്ള വൈദികൻ, ഭരണതന്ത്രജ്ഞൻ, പണ്ഡിതൻ, നല്ല ധ്യാനഗുരു, മരാമത്തു പണികളിൽ നിപുണൻ, നല്ല സംഘാടകൻ ഇങ്ങനെയിങ്ങനെ ഒരുപാട് വിശേഷങ്ങൾ അച്ചന്മാരെ കുറിച്ച് കേൾക്കാറുണ്ട്. പക്ഷേ പ്രാർത്ഥിക്കുന്ന… വിശുദ്ധിയുള്ള വൈദികൻ എന്ന വിശേഷണം ഇപ്പോൾ അപൂർവ്വമായി കേൾക്കുന്ന ഒരു പദമായി മാറിയിരിക്കുന്നു എന്നത് തികച്ചും സങ്കടപ്പെടുത്തുന്ന ഒരു വസ്തുതയാണ്. യഥാർത്ഥത്തിൽ ഒരാളെ ക്രിസ്തു തന്റെ പൗരോഹിത്യ ശുശ്രൂഷ യിലേക്ക് വിളിച്ചിട്ടുണ്ടെങ്കിൽ അത് വിശുദ്ധിയിലേക്കുള്ള വിളിക്കുവേണ്ടി മാത്രമാണ്.

നിത്യത പുൽകിയ പൈനാടത്തച്ചൻ ആദ്യം പറഞ്ഞ ഒരു വിശേഷണങ്ങളിലും പെടാത്ത വ്യക്തിയായിരുന്നു എന്നതാണ് സന്തോഷകരമായ കാര്യം. ഒരു പാവം അച്ചൻ, ഒരു സാധു അച്ചൻ….. ഇങ്ങനെയും ഈ അച്ചനെക്കുറിച്ചു കേൾക്കാറുണ്ടായിരുന്നു. പാവവും സാധുവും ആയ വ്യക്തികൾക്കു മാത്രമേ ദൈവഹിതമനുസരിച്ചു വിശുദ്ധിയിൽ വളരാൻ സാധിക്കൂ എന്നൊന്നുമില്ല. പക്ഷേ വിശുദ്ധിയിലേക്ക് ചുവടുറപ്പിക്കാൻ ഈ മൂല്യങ്ങൾ ചിലപ്പോഴെങ്കിലും സഹായിച്ചേക്കാം. ‘ഈശോയുടെ കഴുത’ ആകുവാൻ കഴിയുന്ന വൈദികർ, അവരുപോലും അറിയാതെ വിശുദ്ധിയിലേക്ക് വളരുകയാണ്.

സക്രാരിക്കും മദ്ബഹയ്ക്കും ഇടയിൽ ഇരുന്ന് ആരും കാണാതെ പ്രാർത്ഥിക്കുന്ന വൈദികരെക്കുറിച്ചു കേൾക്കുമ്പോൾ, അജഗണങ്ങൾക്ക് കൊതി തോന്നാം, ഈ അച്ചൻ എന്റെ വികാരിയച്ചനായി വന്നിരുന്നുവെങ്കിൽ എന്ന്. അല്ലെങ്കിൽ ഈ അച്ചന്റെ കൂടി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന്. ദൈവാലയത്തിൽ ഈശോ ഒറ്റക്കായിരിക്കുന്ന സമയങ്ങളിൽ ആ തിരുവോസ്തിയുടെ മുൻപിലിരുന്ന് കണ്ണീർ വാർത്തു പ്രാർത്ഥിക്കുന്ന വൈദികരാണ് ഇനി നമ്മുടെ സഭയ്ക്കാവശ്യം.

വിശുദ്ധിയുള്ള വൈദികർ സഭയിൽ ഇല്ലാതെ വരുന്നുണ്ടെങ്കിൽ അത് ഒരു വൈദികരുടെയും കുറ്റമല്ലാട്ടോ. അത് എന്റെ കുറ്റമാണ്…. സഭയിലെ അംഗങ്ങൾ ആയ ഓരോരുത്തരുടെയും കുറ്റമാണ്. എന്റെ പ്രാർത്ഥനയുടെ കുറവാണ് അതിന്റെ കാരണമെന്ന് ഏറ്റു പറയാനാണ് എനിക്കിഷ്ടം. വൈദികർക്കായി നിരന്തരം പ്രാർത്ഥിക്കുന്ന ജനങ്ങൾ ഉണ്ടെങ്കിൽ എത്രയോ വൈദികർ വിശുദ്ധിയിൽ ജ്വലിച്ചു നിൽക്കുമായിരുന്നു.
ഒരു വൈദികൻ കാലിടറിയാൽ അത് എന്റെ കുറ്റമായി ഞാൻ ദൈവസന്നിധിയിൽ മുട്ടുകുത്തുമെങ്കിൽ, എത്രയോ പുണ്യപ്പെട്ട വൈദികരെ തമ്പുരാൻ പ്രദാനം ചെയ്യുമായിരുന്നു.
സെബാസ്റ്റ്യൻ അച്ചന്റെ ഈ വിയോഗദിനത്തിൽ, നമുക്ക് ഒരു പ്രതിജ്ഞ ചെയ്യാം., നമ്മുടെ പ്രാർത്ഥനയുടെ കുറവുമൂലം ഒരു വൈദികന്റെയും വിശുദ്ധി നഷ്ടപ്പെടുത്തില്ലന്ന്. അനേകം വിശുദ്ധിയുള്ള വൈദികരെ ലഭിക്കാൻ എന്നും ഞാൻ തമ്പുരാന്റെ മുൻപിൽ ഇരുന്ന് പ്രാർത്ഥിക്കുമെന്ന്.

നിത്യപുരോഹിതനായ ഈശോയെ, അങ്ങയുടെ ദാസന്മാരായ വൈദികരെ അങ്ങയുടെ തിരുഹൃദയത്തിൽ സംരക്ഷിച്ചുകൊള്ളണമേ. ആമ്മേൻ.

-എം ഡി ജോയ്
ആയത്തുപ്പടി
9744246939

നിങ്ങൾ വിട്ടുപോയത്