വര്‍ത്തമാനങ്ങള്‍ക്കപ്പുറം വെറുതെ ഒരു കൂടെയിരിപ്പ്…! ഏറെ നേരം അങ്ങനെ…. ഞായറാഴ്ചകളില്‍ പതിവു തെറ്റാറില്ല. പലപ്പോഴും ഗൗരവമായൊന്നും പങ്കുവയ്ക്കാനുണ്ടായിരുന്നില്ലെങ്കിലും പള്ളിമേടയുടെ നിശബ്ദതയില്‍ ആ ഒപ്പമിരിപ്പില്‍ വിശുദ്ധമായൊരു തണല്‍ അനുഭവിക്കാനായിട്ടുണ്ട്. ഈ പതിവ് എനിക്കു നല്‍കിയ ഉള്‍ക്കരുത്തും ആത്മീയമായ ഉണര്‍വും ചെറുതല്ലായിരുന്നു. അത്രമേല്‍ അനുഗ്രഹമായിരുന്നു ആ പുണ്യസാമീപ്യം…. അതായിരുന്നു, അല്ല; വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കുമെല്ലാം അതീതമായിരുന്നു ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് എന്ന എന്റെ പ്രിയ വികാരിയച്ചന്‍.

നാലാഴ്ച മുമ്പാണു, അതിരൂപതയും സഭയും ഇടവകയും സമൂഹവുമെല്ലാം വര്‍ത്തമാനങ്ങളായ ഒരു സായാഹ്നത്തില്‍, തന്റെ രോഗാവസ്ഥയെക്കുറിച്ചും അദ്ദേഹം പതിവില്ലാതെ തെല്ലു വാചാലനായി.’ ഇനി വയ്യ… ഏറെ മുന്നോട്ടില്ലെന്നു തോന്നിത്തുടങ്ങി. വിശ്വാസിസമൂഹം എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് ആരോഗ്യം ക്ഷയിച്ച എനിക്കു കൊടുക്കാനാവുന്നില്ലെങ്കില്‍ പിന്നെ ഞാനിങ്ങനെ ഇവിടെ….!!!’തങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന്റെ വിശുദ്ധമായ സാന്നിധ്യം മാത്രം മതി ഇവിടുത്തെ ജനത്തിന്റെ പ്രതീക്ഷകളുടെ സംതൃപ്തിക്കെന്നു ഞാന്‍. വിശ്രമമന്ദിരത്തിലേക്കുള്ള പറിച്ചുനടല്‍ മനസില്‍ സങ്കടമെങ്കിലും, അധികാരികള്‍ നിര്‍ദേശിക്കുന്നതെന്തും പൂര്‍ണമനസോടെ അനുസരിക്കാനുള്ള സന്നദ്ധതയും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.കുർബാനപ്പണം നിശ്ചിത സമയങ്ങളിൽ കൃത്യമായി കണക്കുകളെഴുതി അതിരൂപത കച്ചേരിയിലേൽപിക്കാൻ തന്നു വിടുമ്പോഴും ആ വിനീത വിധേയത്വവും വിശ്വസ്തതയും ഈയുള്ളവൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

*നാള്‍വഴികളുടെ കൈപ്പട*

കുര്‍ബാനയുടെ കണക്കുകള്‍ എഴുതിവച്ച ചെറിയ ബുക്കിന്റെ താളുകളിലൊന്നില്‍, സ്വന്തം കൈപ്പടയില്‍ കുറിച്ച ജീവിതത്തിന്റെ നാള്‍വഴികള്‍ അച്ചന്‍ അന്ന് എന്തിനോ കാണിച്ചു തന്നു.ജനന തിയതി 23-10-1948 (1123 തുലാം 5) എന്നു തുടങ്ങി, സെമിനാരി പ്രവേശനത്തിന്റെയും തിരുപ്പട്ടത്തിന്റെയും, വിവിധ പള്ളികളില്‍ സേവനം ചെയ്തതിന്റെയും തിയതികള്‍ , ഒപ്പമുണ്ടായിരുന്ന സഹ വികാരിമാര്‍ … അവസാന വരിയില്‍ എന്റെ ഇടവകയായ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ ചുമതലയേറ്റെടുത്ത തിയതി കുറിച്ചിട്ടുണ്ട്. 28-02-2015. അതെ കിഴക്കുംഭാഗത്തെത്തിയതിന്റെ ആറാം വാര്‍ഷികദിനത്തലേന്നാണ്, രോഗത്തിന്റെ തീവ്രവേദനകള്‍ക്കും സഹനങ്ങള്‍ക്കുമൊടുവില്‍ അച്ചന്‍ അന്ത്യയാത്ര പറഞ്ഞകന്നത്.

യാദൃശ്ചികതകള്‍ ഇനിയുമുണ്ട്.പൈനാടത്തച്ചന് എടക്കുന്ന് പ്രീസ്റ്റ് ഹോമിലേക്കു സ്ഥലം മാറ്റമെന്ന ഔദ്യോഗിക അറിയിപ്പ് അതിരൂപത വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിനും അച്ചന്റെ വിയോഗ വാര്‍ത്ത ഡോക്ടര്‍മാര്‍ അറിയിച്ചതിനും തമ്മില്‍ ഏതാനും മിനിട്ടുകളുടെ ഇടവേള മാത്രമാണുണ്ടായിരുന്നത്.

അച്ചന്‍ പള്ളിയിലുണ്ട് ഇടവകയിലെ അച്ചന്റെ ആറു വര്‍ഷം പഠിക്കുമ്പോള്‍ എവിടെയായിരുന്നു പൈനാടത്തച്ചന്‍ ഏറ്റവുമധികം സമയം ചെലവഴിച്ചതെന്ന ചോദ്യത്തിന് പള്ളി എന്നു തന്നെയാണ് ഉത്തരം. പള്ളിയ്ക്കും പ്രാര്‍ഥനയ്ക്കും അജഗണങ്ങളുടെ ആത്മീയ പോഷണത്തിനും വലുതായിരുന്നില്ല അച്ചനു മറ്റൊന്നും ; തന്റെ ആരോഗ്യം പോലും .!ഇടവകയിലെ ആരെങ്കിലും കിടപ്പിലായാല്‍ അവശത മറന്നും അച്ചന്‍ അവിടെയെത്തും; അവര്‍ക്കൊപ്പമിരിക്കും. അത്തരമൊരു സന്ദര്‍ശനാനന്തര മടക്കം ജീവിതത്തിലെ അവസാനമടക്ക യാത്രയിലേക്കു നിമിത്തമായെന്നതും ദൈവഹിതമാണെന്നു വിശ്വസിക്കാനാണിഷ്ടം.!ആക്ടീവായ അച്ചന്‍ എന്നു പൊതുവേ വിശേഷിപ്പിക്കുന്ന അലങ്കാരമൊന്നും അച്ചനുണ്ടായിരുന്നില്ലെങ്കിലും, എനിക്കും എന്റെ നാട്ടുകാര്‍ക്കും ആ *സുകൃത സാന്നിധ്യം അക്ഷരാര്‍ഥത്തില്‍ പുണ്യാനുഭവമായിരുന്നു* .

*യാത്രയയപ്പ്*

സ്ഥലം മാറിപ്പോകുന്ന വികാരിയച്ചന് വലിയ സങ്കടത്തോടെയെങ്കിലും ഹൃദ്യമായ യാത്രയയപ്പു നല്‍കാനിരുന്നതാണു നാട് . അതിനാവാതെ ഉള്ളിലടക്കിയ വിലാപത്തോടെ അച്ചന് അവസാന യാത്രാമൊഴി ചൊല്ലുകയാണിപ്പോള്‍ !അച്ചാ, അങ്ങ് ഞങ്ങള്‍ക്കായ് പങ്കുവച്ചതിനളവില്ല !ഒരു നന്ദി വാക്കു പോലും പറയാനാകാതെ …!ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിശബ്ദനായി പുഞ്ചിരി മായാത്ത മുഖത്തോടെ അച്ചന്‍ മയങ്ങുമ്പോഴും, ഞങ്ങളുടെ അമ്മമാര്‍ക്ക് ഒന്നു മാത്രമായിരുന്നു പ്രാര്‍ഥന : ഒരു ദിവസമെങ്കിലും ഞങ്ങളുടെ അള്‍ത്താരയില്‍ നിന്നൊന്നു കുര്‍ബാന ചൊല്ലാന്‍ വികാരിയച്ചനു വരാനായെങ്കില്‍…. ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ… എന്ന പ്രാര്‍ഥനയ്‌ക്കൊടുവില്‍ അച്ചനില്‍ നിന്നു ഈശോമിശിഹായ്ക്ക് എന്നൊന്നു കേള്‍ക്കാന്‍… സ്തുതിയായിരിക്കട്ടെ എന്നു മറുവാക്കു ചൊല്ലാന്‍… ഞങ്ങള്‍ക്കായില്ലല്ലൊ അച്ചാ; അങ്ങയുടെ കൂപ്പിയ കരങ്ങളിലേക്കും വിടര്‍ന്ന കണ്ണുകളിലേക്കും നോക്കി അവസാനമായി ഒരു സ്തുതി പറയാന്‍..!!!

പകുത്തുകിട്ടിയ സൗഭാഗ്യം മരണത്തിന് ഏതാനും ദിവസം മുമ്പ് നോമ്പിലെ വിഭൂതിപ്പിറ്റേന്ന് അച്ചനായി രക്തം പകുത്തു നല്‍കാനായത്, ആ സഹന ശരീരത്തില്‍ ചെറു ചോരത്തുടിപ്പു പകരാനായത്, മഹാസൗഭാഗ്യം.വികാരിയച്ചന്റെ പഴയൊരു കൊച്ചച്ചന്‍ ഇതറിഞ്ഞപ്പോള്‍ പറഞ്ഞതും- നീ ഭാഗ്യവാന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലേക്കു മാറ്റുന്നതിനു മണിക്കൂര്‍ മുമ്പ് തീവ്രപരിചരണവിഭാഗത്തിലെ കിടക്കയ്ക്കരികെ, ആ കണ്ണുകളിലേക്കു നോക്കി ഒന്നു സ്തുതി പറയാന്‍, വികാരിയച്ചാ എന്നു വിളിച്ചപ്പോള്‍ സമ്മാനിച്ച ഒരു ചെറുപുഞ്ചിരി ഏറ്റുവാങ്ങാന്‍, വിടര്‍ന്ന കണ്ണുകളുടെ കടാക്ഷം പുല്‍കാന്‍…. വിശുദ്ധ നിമിഷങ്ങള്‍. അന്നു മടങ്ങും മുമ്പു ഇടവകയില്‍ നിന്നുവന്നവരെ നോക്കി ആശീര്‍വാദമെന്നോണം ഉയര്‍ന്ന ആ വൈദിക കരങ്ങള്‍ പ്രത്യാശയായിരുന്നു. തന്റെ പ്രിയപ്പെട്ട ഇടവകജനത്തിനെല്ലാമായി സമാപനാശീര്‍വാദം.!!!!

വിശുദ്ധ പാഠങ്ങള്‍എത്രയോ നാവുകളില്‍ നിന്ന് ഈയുള്ളവന്‍ കേട്ടു: * പൈനാടത്തച്ചന്‍ വിശുദ്ധനായൊരു വൈദികന്‍*

അതു പറഞ്ഞവരില്‍ എത്രയോ വൈദികര്‍, എത്രയോ സന്യാസിമാര്‍, എത്രയോ അല്മായര്‍…സഹനത്തിന്റെ നെരിപ്പോട്ടില്‍ ജീവിതം കുര്‍ബാനയായി പരുവപ്പെടുത്തിയ വന്ദ്യ വൈദികന്റെ സ്‌നേഹസാമീപ്യം ഒരു വട്ടമെങ്കിലും അനുഭവിച്ചവര്‍ക്ക് അതു പറയാതെ വയ്യ :

*വിശുദ്ധനായൊരു വൈദികന്‍*

അതെ :പൗരോഹിത്യം പൂച്ചെണ്ടുകളേക്കാള്‍ കല്ലേറുകളേല്‍ക്കുന്ന കാലത്ത് ആരാകണം ഒരു പുരോഹിതന്‍ എന്ന ചോദ്യത്തിനു ലളിതമായ ഉത്തരമാണു പൈനാടത്തച്ചന്‍. പുണ്യമുള്ള പാഠപുസ്തകമാണ് ആ ജീവിതം .ആകുലതകളുടെ ഇരുട്ടില്‍ പ്രത്യാശയുടെ വെട്ടമാണ് ആ ജീവിതം.വിരാമത്തിനു മുമ്പേ..പൈനാടത്തച്ചന്റെ വിയോഗ വിവരം കുറിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തിനു താഴെ, അതിരൂപതയിലെ വിശ്വാസ പരിശീലകനായ സുഹൃത്ത് രേഖപ്പെടുത്തിയത് ഇങ്ങനെ: ‘വിളിച്ചു മധ്യസ്ഥം ചോദിക്കാവുന്ന വിശുദ്ധനായ വൈദികന്‍.’ആമ്മേന്

സിജോ പൈനാടത്ത്

നിങ്ങൾ വിട്ടുപോയത്