ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്മനസ്സോടെതന്നെ പ്രസംഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്സര്യംമൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ദ്ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട്‌ ആത്മാര്‍ത്ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നാലെന്ത്‌? ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്‌. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും. (ഫിലിപ്പി 1 : 15,17,18)

പൌലോസ്ശ്ലീഹായ്ക്കു സന്തോഷിക്കാന്‍ കഴിയുന്നത്‌ ക്രിസ്തു പ്രസംഗിക്കപ്പെടുന്നതു കൊണ്ടാണ്.  എന്നാല്‍ കക്ഷിമാത്സര്യം മൂലം സുവിശേഷം തടയപ്പെട്ടാലോ?  പത്തിരുപതു കൊല്ലം മുമ്പ് സംഭവിച്ചതാണ്.  വലിയൊരു കണ്‍വെന്‍ഷന്‍ നടക്കുന്ന ഗ്രൌണ്ടിനു വെളിയില്‍ റോഡരുകില്‍ മാസിക വിറ്റുകൊണ്ടിരുന്ന ഒരു വൈദീകനെ അവിടെ നിന്നും കെട്ടുകെട്ടിച്ചു.  കാരണം ആ മാസിക ‘ഞങ്ങളുടെ’ മാസിക അല്ല.  തന്നെയുമല്ല ഈ മാസികയുടെ വില്പന ഗ്രൌണ്ടിനകത്ത് വില്‍ക്കുന്ന ‘ഞങ്ങളുടെ’ മാസികയുടെ വില്പനയെ വിപരീതമായി ബാധിക്കുകയും ചെയ്യും.  വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നാ വൈദീകന്‍ തലച്ചുമടായി തിരികെ കൊണ്ടുപോയ മാസികയുടെ പ്രചാരം ലക്ഷങ്ങളിലെത്തി;  പല ഭാഷകളിലും ഇറങ്ങി.  ആ ‘ഞങ്ങളുടെ’ മാസികയുടെ പ്രചാരം ഒരിക്കലും ഇരുപതിനായിരം കവിഞ്ഞതുമില്ല.  ‘ഈ ഉദ്യമം മനുഷ്യനില്‍ നിന്നാണെങ്കില്‍ പരാജയപ്പെടും.  ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.  മാത്രമല്ല,  ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും’ എന്ന ഗമാലിയേല്‍ തത്വം വലിയ വെളിപാടൊന്നുമല്ല;  വെറും സാമാന്യ ബുദ്ധി.  മാത്സര്യം മൂലം അതുകൂടി നഷ്ടമായാലോ?

ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസം ഞാന്‍ സംബന്ധിച്ച ഒരു വിവാഹ വിരുന്നില്‍ ഉണ്ടായ സംഭവമാണ്.  ആ വിരുന്നിന്റെ അന്ത്യത്തില്‍ ‘താങ്ക്സ് കാര്‍ഡ്’ കൊടുത്ത കൂട്ടത്തില്‍ ഒരു ആത്മീയ മാസിക കൂടി വിരുന്നുകാര്‍ക്കു കൊടുത്തിരുന്നു.  ചെറുക്കന്‍ വീട്ടുകാരുടെയും പെണ് വീട്ടുകാരുടെയും അനുമതി മാത്രമല്ല, സ്പോണ്സര്‍ഷിപ്പും  അതിനുണ്ടായിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്.  ഊണും കഴിഞ്ഞിറങ്ങിയ ക്ഷണിതാക്കളിലൊരാള്‍ അതു തടഞ്ഞു. കാരണം?

 ‘അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു.  യേശുപറഞ്ഞു: അവനെ തടയേണ്ട, എന്തെന്നാല്‍, നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.’(ലൂക്കാ 9/49, 50)


George Gloria

നിങ്ങൾ വിട്ടുപോയത്