ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയുടെ ആദ്യഭാഗം(2/9) മുതല്‍ അവസാന പുസ്തകമായ  വെളിപാടിന്റെ അവസാന ഭാഗം(22/14) വരെ ശാഖകള്‍ വിരിച്ചു നിറഞ്ഞു നില്‍ക്കുന്ന മരമാണു ജീവന്റെ വൃക്ഷം. ഈ വൃക്ഷം മനുഷ്യനു എങ്ങിനെ നഷ്ടമായി, എങ്ങിനെ അത് വീണ്ടുകിട്ടി- ഇതാണു ബൈബിളിന്റെ ആകെത്തുക എന്നു വേണമെങ്കില്‍ പറയാം.   എങ്കിലും,  ഈ വൃക്ഷത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചോ തിരിച്ചറിയാനുള്ള അടയാളങ്ങളെക്കുറിച്ചോ  വചനത്തില്‍ ഏറെ പരാമര്‍ശമില്ല.  ഉല്പത്തി 3ല്‍ ജീവന്റെ വൃക്ഷത്തില്‍ നിന്നും മനുഷ്യനെ അകറ്റി. എങ്കിലും  അതു മനുഷ്യനെ തേടിവരുന്നതായി നാം കാണുന്നു. പുറപ്പാടിന്റെ പുസ്തകത്തില്‍ മോശയുടെ വടിയായി, മന്നയായി,  മരുഭൂമിയില്‍ ജലം നല്‍കുന്ന പാറയായി, അഗ്നിസ്തംഭമായി, മേഘത്തൂണായി ഒളിഞ്ഞും തെളിഞ്ഞും ദൈവജനത്തിനു തണല്‍ വിരിക്കുന്നുണ്ട്, ജീവന്റെ വൃക്ഷം.  പിന്നീടു കല്പനകളായി, വാഗ്ദാനപേടകമായി അതിന്റെ നിഴലുകള്‍ ദൈവജനത്തെ തുണക്കുന്നുണ്ട്.  എങ്കിലും,ഉല്‍.3/22ല്‍ അമര്‍ത്ത്യത നല്‍കുന്നതാണെന്നു  പറയുന്ന ഇതിന്റെ ഫലം അതിന്റെ തനിമയില്‍ നാം വീണ്ടും കാണുന്നതു യോഹന്നാന്‍ 6ല്‍ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പഠനത്തിലാണ്.  അവിടെ തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം കുടിക്കുകയും ചെയ്യുന്നവന്‍ എന്നേക്കും ജീവിക്കും എന്നു യേശു പഠിപ്പിക്കുന്നു.  ജീവന്റെ വൃക്ഷം യേശു ആണെന്നും അതിന്റെ ഫലം അവിടുത്തെ ശരീരരക്തങ്ങളാണെന്നും ഇവിടെ നാം മനസ്സിലാക്കുന്നു.  ഉല്‍.2/9ല്‍ ഏദന്‍ തോട്ടത്തിന്റെ നടുവില്‍നില്‍ക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ വൃക്ഷം  വെളി.22/2ല്‍ എത്തുമ്പോഴേക്കും ഭീമാകാരമായി വളര്‍ന്നു ഒരു നദിയുടെ ഇരു കരകളിലുമായി നില്‍ക്കുന്നതായി നാം കാണുന്നു. ഇവിടെ അതിനു 12 തരം ഫലങ്ങള്‍ നാം കാണുന്നു.  അതിന്റെ ഇലകളാകട്ടെ, ജനതകളുടെ രോഗശാന്തിക്കായി നല്‍കപ്പെട്ടിരിക്കുന്നു.  (സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന പുതിയ ജറുസലേമിലും ജനവും ജനതകളും നിലനില്‍ക്കുന്നു എന്ന പരാമര്‍ശം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.)  ‘ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്ന് പുറപ്പെടുന്നതും സ്ഫടികം പോലെ തിളങ്ങുന്നതുമായ ജീവജലത്തിന്റെ നദി’ പരിശുദ്ധാത്മാവു തന്നെ.  അങ്ങിനെയെങ്കില്‍,  ആ നദിയുടെ ഇരുകരകളിലുമായി നില്‍ക്കുന്ന വൃക്ഷത്തില്‍ ഉണ്ടാകുന്ന ഫലങ്ങള്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ തന്നെ. ക്രിസ്തുവിന്റെ സാദൃശ്യം പൂര്‍ണ്ണമായി പേറുന്ന, ക്രിസ്തുവിന്റെ ശരീരമായ സഭ തന്നെ ആ വൃക്ഷം.  ഇപ്പുറത്തു നിന്നുള്ള കാഴ്ചയില്‍ പരിശുദ്ധാത്മാവാകുന്ന നദി സഭയെന്ന വൃക്ഷത്തില്‍ നിന്ന് വരുന്നു എന്നേ തോന്നൂ.  സഭയുടെ വലിയൊരു ദൌത്യം ഇവടെ അനാവൃതമാകുന്നു.

വൃക്ഷം ഒന്നോ? രണ്ടോ?

ഉല്പത്തി പുസ്തകത്തില്‍,  സര്‍പ്പത്തിന്റെ ചോദ്യത്തിനു മറുപടിയായി സ്ത്രീ പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?  ‘തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുക പോലുമോ അരുത്.’(ഉല്‍.3/3) ‘തോട്ടത്തിന്റെ നടുവിലുള്ള മരം’  ഏതാണാ മരം? ‘ജീവന്റെ വൃക്ഷവും നന്മതിന്മാ അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍’  ദൈവം വളര്‍ത്തി എന്നാണു ഉല്പത്തി 2 ല്‍  നാം കാണുന്നതു.  ഇതില്‍ ഏതു വൃക്ഷമാണ് സ്ത്രീ ഉദ്ദേശിച്ചത്?  ഫലം ഭക്ഷിക്കരുതെന്നേ ദൈവം പറഞ്ഞിരുന്നുള്ളൂ എന്നിരിക്കെ തൊടുകപോലും അരുതെന്നു പറഞ്ഞിട്ടുള്ളതായി അവള്‍ അവതരിപ്പിക്കുന്നതു ശ്രദ്ധിച്ചോ?  കള്ളം പറയുന്നവന്‍ ആണയിടുന്നതുപോലെ.  നന്മതിന്മാ അറിവിന്റെ വൃക്ഷത്തിലേക്കു അത്രയ്ക്ക് ആകൃഷ്ടയായി പോയതിനാല്‍ ജീവന്റെ വൃക്ഷം ശ്രദ്ധിക്കാതെ പോയതാണോ? അതോ തോട്ടത്തിന്റെ നടുവില്‍  ഒരു വൃക്ഷമേ ഉണ്ടായിരുന്നുള്ളോ?  ഇക്കാര്യം പരാമര്‍ശിക്കുന്ന ഉല്‍.2/9 ലെ പ്രസക്ത ഭാഗത്തിന്റെ മൂലഭാഷയിലെ വാക്യ ഘടന ഏതാണ്ടിങ്ങനെയാണു്:  ജീവന്റെ നന്മതിന്മാ അറിവിന്റെ വൃക്ഷം.   കപ്ലം പപ്പായ മരം എന്ന് പറയുമ്പോലെ.  കപ്ലത്തിന്റെ മറ്റൊരു പേരാണ് പപ്പായ എന്നറിയാവുന്നവര്‍ക്ക് ഒരു മരമേ ഉള്ളു എന്നു മനസ്സിലാകും.  അല്ലാത്തവര്‍ രണ്ടുമരം ഉണ്ടെന്നു കരുതും.  എന്തായാലും മരം എന്ന് ഏകവചനത്തിലാണ് പ്രയോഗം.  പ്രശ്നം അത്ര ലളിതമല്ല.  ജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ അമര്‍ത്ത്യത;  നന്മതിന്മാ അറിവിന്റെ വൃക്ഷഫലം തിന്നാല്‍ മരണം.  രണ്ടും നേരേ വിപരീതമാണ് എന്നിരിക്കെ രണ്ടും കൂടി ഒന്നാകുന്നതെങ്ങിനെ?  തോട്ടത്തില്‍ നിന്ന് പുറത്തായ മനുഷ്യനെ തേടിയെത്തിയ ജീവന്റെ വൃക്ഷമാണ് യേശു എന്നും ആ വൃക്ഷത്തിന്റെ ഫലമാണു ദിവ്യകാരുണ്യമെന്നും നാം നേരത്തെ കണ്ടതാണല്ലോ.  ആ ഫലം ഭക്ഷിച്ചാല്‍ നിത്യം ജീവിക്കുമെന്നും (യോഹ. 6) നമുക്കറിയാം.  എന്നാല്‍ ,ആരെങ്കിലും അയോഗ്യതയോടെ ഈ അപ്പം ഭക്ഷിച്ചാല്‍  അത് മരണകാരണമാകുമെന്ന്  1കോറി. 11/27-30 ല്‍ നാം വായിക്കുന്നു.  യേശുവിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും ഈ ദ്വന്ദസ്വഭാവം കാണാം.  ഈ വചന ഭാഗങ്ങള്‍ ശ്രദ്ധിക്കുക.  ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

 ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌. (യോഹന്നാന്‍ 6 : 63)  ആത്മാവും ജീവനുമായ വചനം തന്നെ അനുസരിക്കാത്തവര്‍ക്ക് പാപകാരണമായിത്തീരുന്നത് നോക്കുക.  ഞാന്‍ വന്ന്‌ അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച്‌ അവര്‍ക്ക്‌ ഒഴികഴിവില്ല. (യോഹന്നാന്‍ 15 : 22)

അവന്‍ നമ്മുടെ സമാധാനമാണ്‌. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്‌തു.(എഫേസോസ്‌ 2 : 14)  സമാധാനം സ്ഥാപിക്കുന്ന ക്രിസ്തു ഭിന്നത ഉണ്ടാക്കുന്നവനാകുന്നു.  ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.(ലൂക്കാ 12 : 51)
വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.  ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.  (അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12)  ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്‌ഷാവിധിയില്ല.(റോമാ 8:1)  ഏക രക്ഷകനായ യേശുവിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ശിക്ഷാവിധിയില്ല.  എന്നാല്‍ പ്രകാശമായ അവിടുത്തെ സ്നേഹിക്കാത്തവര്‍ക്ക് അതു ശിക്ഷാവിധിയായിത്തീരുന്നു.  ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. (യോഹന്നാന്‍ 3:19)
എന്തുകൊണ്ടെന്നാല്‍, രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്‌തുവിന്റെ പരിമളമാണ്‌.  ഒരുവനു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനില്‍നിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെല്പുള്ളവന്‍ ആരാണ്‌?(2കോറിന്തോസ്‌ 2/15-16).  ക്രിസ്തുജ്ഞാനം പകരുന്നവരെയും ഈ ദ്വന്ദസ്വഭാവത്തിലെത്തിക്കാന്‍ കഴിവുള്ളവനാണ്‌ ദൈവം.  യേശുവിന്റെ പഴയ നിയമ പ്രതീകങ്ങള്‍ക്കു പോലും ഈ ദ്വന്ദസ്വഭാവം ഉണ്ടായിരുന്നു.  ദൈവജനത്തിനു വെള്ളം വിഭജിച്ചു വഴിയൊരുക്കിയ മോശയുടെ വടി ഈജിപ്തുകാരെ വെള്ളത്തില്‍ മുക്കുന്നു.  അനുസരിക്കുന്നവരുടെ വിശപ്പു മാറ്റുന്ന മന്നാ അനുസരിക്കാത്തവര്‍ക്കു പുഴുവാകുന്നു.  ജനത്തിന്റെ ദാഹം തീര്‍ത്ത പാറയിലെ അടി മോശയ്ക്കു കനാന്‍ ദേശത്തു പ്രവേശിക്കുന്നതിനു തടസ്സമാകുന്നു.  ജനത്തിനു സംരക്ഷണവും വഴികാട്ടിയുമായ അഗ്നിസ്തംഭം ഈജിപ്തുകാര്‍ക്കു പരിഭ്രാന്തി പകര്‍ന്നു.(പുറ.14/24 നോക്കുക)  ജനത്തിനു സംപൂജ്യമായിരുന്ന വാഗ്ദാന പേടകം അനുസരിക്കാത്തവര്‍ക്കു മരണകാരണമാകുന്നു.  ദൈവം തന്റെ ജനത്തിനു നിയമങ്ങള്‍ നല്‍കിയിട്ട് പറയുന്ന വാക്കുകള്‍ തന്നെ നിയമത്തിന്റെ ദ്വന്ദ സ്വഭാവം വ്യക്തമാക്കുന്നു. ‘ഇതാ,  ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍  ജീവനും നന്മയും,  മരണവും തിന്മയും വച്ചിരിക്കുന്നു’(നിയ.30/15)  അങ്ങിനെയെങ്കില്‍ ജീവന്റെ വൃക്ഷവും നന്മതിന്മാ അറിവിന്റെ വൃക്ഷവും ഒന്നു തന്നെ ആവില്ലേ?  ദുഃഖവും നിലവിളിയുമില്ലാത്ത,  രാത്രിയില്ലാത്ത പുതിയ ജെറുസലേമില്‍ മാത്രമാണ് ജീവന്റെ വൃക്ഷം ദ്വന്ദ സ്വഭാവം വിട്ടു നന്മ മാത്രമായി നില്‍ക്കുന്നതു നാം കാണുന്നതു.(വെളി.22/2)  നന്മയും തിന്മയും വേര്‍തിരിച്ചു ഒരു ബന്ധവുമില്ലാത്ത അകലങ്ങളിലാക്കിയിരിക്കുന്നുവല്ലോ അതിനു മുമ്പേ.


George Gloria

തുടരും…..പറുദീസാ

നിങ്ങൾ വിട്ടുപോയത്