തോട്ടം എന്ന വാക്കിനു ഗ്രീക്കു പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദമാണ് പറുദീസാ. 

 പ്രഭുവിന്റെ വേലികെട്ടി സംരക്ഷിച്ചിട്ടുള്ള സ്വകാര്യ ഫലവൃക്ഷോദ്യാനം എന്ന അര്‍ത്ഥമാണ് ബൈബിളിനു പുറത്തു ഗ്രീക്കില്‍ ആ വാക്കിനുള്ളത്.

   പുതിയ നിയമ പുസ്തകങ്ങള്‍ മിക്കവാറും എല്ലാം തന്നെ മൂല ഭാഷയായി നമുക്കു കിട്ടിയിരിക്കുന്നതു ഗ്രീക്കാണ്. അതിനാല്‍ പുതിയനിയമത്തില്‍ പറുദീസാ എന്ന പേരേ കാണുകയുള്ളൂ.  അതായതു ഏദന്‍ തോട്ടവും പറുദീസായും ഒന്ന് തന്നെ.  പുതിയ നിയമത്തില്‍ മൂന്നിടത്താണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നതു.  അതില്‍ മൂന്നാമത്തേത് വെളിപാട് 2/7 ല്‍ ആണ്.  ‘വിജയം വരിക്കുന്നവനു ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തില്‍ നിന്ന് ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും’  പുതിയനിയമ വായനക്കാരന്‍ പറുദീസ എന്ന വാക്കിനെ ഉല്പത്തിപുസ്തകത്തില്‍ ജീവന്റെ വൃക്ഷവുമായി നില്‍ക്കുന്ന തോട്ടമായി തന്നെയാണ് കാണേണ്ടതെന്നു വ്യക്തം. 

രണ്ടാമതായി പറുദീസഎന്ന വാക്ക് പുതിയനിയമത്തില്‍ നാം കാണുന്നതു 2കോറി.12/3 ല്‍ ആണ്.  തനിക്കുണ്ടായ ദര്‍ശനങ്ങളെയും വെളിപാടുകളെയും പരാമര്‍ശിക്കവേ വി. പൗലോസ്‌ മൂന്നാം സ്വര്‍ഗ്ഗം വരെ ഉയര്‍ത്തപ്പെട്ട ഒരനുഭവം വിവരിക്കുന്ന കൂട്ടത്തില്‍ പറയുകയാണ്‌  ‘ഈ മനുഷ്യന്‍ പറുദീസയിലേക്കു ഉയര്‍ത്തപ്പെട്ടു എന്ന് എനിക്കറിയാം’  പുതിയനിയമകാലത്തും (ഇപ്പോഴും) പറുദീസ നിലവിലുണ്ട് എന്നും അതിന്റെ നിലനില്‍പ്പ്‌ സ്വര്‍ഗ്ഗത്തോട് ചേര്‍ന്നോ അതിന്റെ ഭാഗമായോ ആണെന്നും നമുക്ക് മനസിലാക്കാം. 

പുതിയനിയമത്തില്‍ ആദ്യമായി പറുദീസ കാണുന്നതു യേശുവിന്റെ മരണമൊഴികളിലൊന്നിലാണ്.  ‘യേശുവേ, നീ നിന്റെ രാജ്യത്തുപ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!’ എന്നു അതിവിശിഷ്ടമായ തന്റെ വിശ്വാസം ഏറ്റുപറയുന്ന ക്രൂശിതനായ കള്ളനോട് യേശു  അരുളിച്ചെയ്തു: ‘സത്യമായി ഞാന്‍ നിന്നോടു പറയുന്നു,  നീ ഇന്നു എന്നോടുകൂടി പറുദീസയില്‍ ആയിരിക്കും.’(ലൂക്കാ.23/43)  ക്രൂശുമരണത്തിനു ശേഷം യേശു പാതാളങ്ങളിലേക്കിറങ്ങി എന്നു വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നു. 

അവിടെയാണോ പറുദീസ?  അതോ അവിടെനിന്നു യേശു പറുദീസയിലേക്കു അന്ന് തന്നെ കരേറിയോ?  എന്തായാലും അന്ന് യേശു സ്വര്‍ഗ്ഗത്തിലേക്കു കയറിയിട്ടില്ല.  ഉയര്‍പ്പു ഞായറാഴ്ച അതിരാവിലെ യേശു മഗ്ദലേന മറിയത്തോടു പറയുന്നു: ‘ഞാന്‍ പിതാവിന്റെ അടുത്തേക്കു ഇതുവരെയും കയറിയിട്ടില്ല.’ (യോഹ. 20/17)   ഉല്‍പത്തിയില്‍ നാം കണ്ട പറുദീസ മനുഷ്യന്‍ ദൈവസാദൃശ്യത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ ദൈവം ഏര്‍പ്പാടാക്കിയ ഇടമായിരുന്നു. 

യേശുവിനെ രക്ഷകനായി ഹൃദയത്തില്‍ വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്ത കള്ളനു ദൈവമക്കളാകാനുള്ള കഴിവു എന്നനിലയില്‍ രക്ഷ കൈവന്നു എന്നു നിസ്സംശയം കരുതാം.  അയാളെ ദൈവസാദൃശ്യത്തില്‍ – ക്രിസ്തുവില്‍ – വളരാന്‍ പറുദീസയിലാക്കി എന്ന് കരുതുന്നതില്‍ യുക്തിയുണ്ട്.  സഭാ പഠനങ്ങളിലും(C C C 1030-1032) മരണത്തിനും സ്വര്‍ഗ്ഗത്തിനും ഇടയില്‍ ഇങ്ങനെ ഒരു ഇടത്താവളം കാണാം. 

ശുദ്ധീകരണസ്ഥലം എന്നാണു സഭ അതിനെ വിളിക്കുന്നതു.  ക്രിസ്തുവില്‍ അടിസ്ഥാനമിട്ടെങ്കിലും പണിതുയര്‍ത്തിയതില്‍ വന്ന അപാകത മൂലം അഗ്നിയിലൂടെയെന്നവണ്ണം നഷ്ടം സഹിച്ചു രക്ഷയിലെത്തുന്നവര്‍.(1 കോറി.3/11-15 നോക്കുക)  ഈ ശുദ്ധീകരണസ്ഥലം വേദനയുടെയും നഷ്ടത്തിന്റെയും ഇടമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

മിസ്റ്റിക്കുകളുടെയും ദര്‍ശനക്കാരുടെയും സാക്ഷ്യവും ഇതുമായി പൊരുത്തപ്പെടുന്നു. എന്നാല്‍ പറുദീസയാകട്ടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കേദാരവും.  ഇതാണ് പറുദീസയും ശുദ്ധീകരണസ്ഥലവും ഒന്നാണെന്നു പറയുന്നതിനു പ്രധാന തടസ്സവും.  എന്നാല്‍, ദൈവസാദൃശ്യത്തില്-  യേശുക്രിസ്തുവില്‍- വളര്‍ന്നു നിറയുന്നതിനുള്ള ഇടമാണു രണ്ടും എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല താനും.  ‘പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും’ ജെറെമിയായെ ദൈവം അധികാരപ്പെടുത്തിയതു പോലെ, മനുഷ്യനില്‍ പണതുയര്‍ത്തപ്പെട്ടവയില്‍ നിന്ന് അനാവശ്യമായവ  പൊളിച്ചുമാറ്റാനും നശിപ്പിക്കാനും ആവശ്യമായവ വളര്‍ത്തിയെടുക്കാനും മരണാനന്തരം ഏര്‍പ്പാടാക്കിയിരിക്കുന്ന സംവിധാനമായി മനസ്സിലാക്കാമെങ്കില്‍ പറുദീസയും ശുദ്ധീകരണസ്ഥലവും ഒരേ യാഥാര്‍ത്ഥ്യത്തിന്റെ രണ്ടു ഭാവങ്ങളായി കാണാവുന്നതേയുള്ളൂ;  ജീവന്റെ, നന്മതിന്മാ അറിവിന്റെ വൃക്ഷത്തിന്റെ കാര്യത്തില്‍ കണ്ടപോലെ ഒരു ദ്വന്ദഭാവം.  അനാവശ്യമോ ആപത്കരമോ ആയ വളര്‍ച്ചകളെ മുറിച്ചുമാറ്റി റേഡിയേഷനൊക്കെ നല്‍കുന്ന വാര്‍ഡും  വേണ്ടത്ര വളര്‍ച്ചയും ആരോഗ്യവും ഇല്ലാത്തവര്‍ക്കു പോഷകാഹാരവും ടോണിക്കുകളും കൊടുക്കുന്ന വാര്‍ഡും ഒരേ ആശുപത്രിയില്‍  ഉണ്ടാകാമല്ലോ. 

ഒരു വാര്‍ഡില്‍  വേദനയൊക്കെ സഹിച്ചിട്ടാണെങ്കിലും, വേഗം സുഖം പ്രാപിച്ചു വീട്ടില്‍ പോകാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന രോഗികള്‍.  മറ്റൊന്നില്‍ അവിടുത്തെ സൌകര്യങ്ങളൊക്കെ ആസ്വദിച്ചു വേഗം വളര്‍ന്നു വീട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവരും.  രണ്ടു വാര്‍ഡുകളിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പൊതികളുമായി സന്ദര്‍ശനത്തിനെത്തുകയും അവരുടെ വീട്ടില്‍പോക്കിനെ ത്വരിതപ്പെടുത്തുകയും ആവാമല്ലോ.  പറുദീസ വാഗ്ദാനം ചെയ്യപ്പെട്ട കള്ളന്‍ സ്വമേധയാ സ്വീകരിച്ചു സമര്‍പ്പിച്ച ക്രൂശീകരണത്തിന്റെ കഷ്ടതകള്‍ (ലൂക്കാ.23/41 നോക്കുക) അയാളില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഉരിഞ്ഞു മാറ്റലിനു മതിയായിരിക്കാം.  അല്ലെങ്കില്‍ യേശു അയാള്‍ക്കു നല്‍കിയ പ്രത്യേക കൃപയാല്‍ അതു സാദ്ധ്യമായിരിക്കാം.  എങ്കിലും ക്രിസ്തുവിലുള്ള വളര്‍ച്ച പൂര്‍ത്തിയാകാനായി പറുദീസയില്‍ ആക്കിയതാവില്ലേ?  അങ്ങിനെയെങ്കില്‍ സ്വന്തം കുറ്റത്താലല്ലാതെ സുവിശേഷം സ്വീകരിക്കാനാവാതെ പോയവരെങ്കിലും രക്ഷയ്ക്കു യോഗ്യരെന്നു ദൈവം കണ്ടെത്തിയവരും (തിരുസഭ 16 നോക്കുക) അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ മരണമടഞ്ഞവരും ഒക്കെ എത്തിച്ചേരുന്നത് ഇവിടെത്തന്നെയാവില്ലേ? 

തന്റെ തനയരില്‍ ക്രിസ്തു രൂപപ്പെടുംവരെ ഈറ്റുനോവനുഭവിക്കാനും അവരെ വിശുദ്ധീകരിക്കാനും സഭയ്ക്കുള്ള ദൌത്യത്തിന്റെ ഫിനീഷിംഗ് ടച് ആണ് ഇവിടെ നടക്കുന്നത് എന്നതിനാല്‍ സഭയ്ക്ക് ഇവിടെയുള്ളവരോട് കാര്യമായ ഉത്തരവാദിത്തമുണ്ട് എന്നു കൂടി നമുക്കോര്‍ക്കാം.


George Gloria

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?