തലശേരി: തലശേരി അതിരൂപത ആർച്ച്ബിഷപ്പായി നിയമിതനായ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണവും സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിനുള്ള യാത്രയയപ്പും 20ന്. തലശേരി സെന്റ് ജോസഫ് കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകമായി തയാറാക്കിയ വേദിയിൽ രാവിലെ ഒന്പതിനാണ് സ്ഥാനാരോഹണ ചടങ്ങ്.
സ്ഥാനാരോഹണത്തിലും ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിനുള്ള യാത്രയയപ്പ് സമ്മേളനത്തിലും മത-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
രാവിലെ ഒന്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരാകും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഓസ്വാൾസ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലെയോപോൾ ദോ ജിറേല്ലി മുഖ്യാതിഥിയായിരിക്കും.