ലോക്ക് ഡൗണിന്റെ വിരസതയിലും പോലീസിന്റെ ചെക്കിങ് പ്രതീക്ഷിച്ചുകൊണ്ടും മഞ്ഞുമ്മലിലെ കർമലീത്തക്കാരുടെ ആശ്രമ ദേവാലയത്തിലേക്ക് ഒരു യാത്ര നടത്തി. കോവിഡ് മൂലം മരിച്ച കൂട്ടുകാരൻ മാത്യു അച്ചന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനാണ് പോയത്. അവിടെ ചെന്നപ്പോൾ കണ്ടത് ഒറ്റയ്ക്കിരുന്ന് കരയുന്ന അച്ചന്റെ അമ്മയെയാണ്. മൂന്നാർകാരിയായ ആ അമ്മയിൽ നിന്നും ഹൃദയം പൊള്ളുന്ന സങ്കടങ്ങളുടെ തിരകൾ പരിദേവനങ്ങളായി പുറത്തേക്ക് ഒഴുകുന്നു. അവരുടെ നൊമ്പരങ്ങളെല്ലാം ദൈവത്തിനോടുള്ള പരിഭവങ്ങളാകുന്നു.

വീടുവിട്ടിറങ്ങിയവന്റെ അവസാനം വഴിയരികിലെ മരണമാണ്. അത് സന്യസ്ത ജീവിതത്തിന്റെ പ്രത്യേകതയാണ്. ജീവിതം ഒരു അന്വേഷണമാണ്. ഉള്ളിൽ നിന്ന് ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള അന്വേഷണം. അതിനുവേണ്ടി ചിലപ്പോൾ അലച്ചിലിന്റെ മാർഗം സ്വീകരിക്കും. യാത്രചെയ്യും സ്ഥലങ്ങൾ മാറും. അങ്ങനെ യാത്ര ചെയ്താണ് മാത്യു അച്ചൻ ഉജ്ജയിൻ വരെ എത്തിയത്. അവിടെവച്ച് കോവിഡ്…

വീട്ടിൽ ജപമാല ചൊല്ലി കാത്തിരിക്കുന്ന അമ്മയാണ് ഓരോ സന്യസ്ത വൈദികരുടെയും ശക്തി. ആ അമ്മയുടെ മുൻപിൽ നിർജീവമായി തിരിച്ചെത്തുക… അങ്ങനെ സംഭവിക്കരുത് എന്നു മാത്രമാണ് എപ്പോഴുമുള്ള പ്രാർത്ഥന…ഇതാ, മാത്യൂ അച്ചന്റെ അരികിൽ വ്യാകുലയായ അമ്മയും.കുരിശിൻ കീഴിൽ തളർന്നിരുന്ന യേശുവിന്റെ അമ്മയുടെ മുഖം ഞാൻ ഇവിടെ കാണുന്നു

./// ഫാ . മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്