മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ?

അല്ല എന്നാണ് ഉത്തരം.

മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ ഫലമായാണ് പ്രാദേശികവും ദേശീയവുമായ ഗോത്ര മതങ്ങൾ ലോക മതങ്ങളായി രൂപാന്തരപ്പെട്ടത്.

മതം ഒരു ജനതയുടെ പ്രപഞ്ച വീക്ഷണത്തെ (വേൾഡ് വ്യൂ) അതായത്, ജീവിതത്തെയും യാഥാർത്ഥ്യത്തെയും കുറിച്ചുള്ള ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആകെത്തുകയെയാണ് അടയാളപ്പെടുത്തുന്നത്.

E5KATG Atheists or Religious concept. Direction signs pointing to different sides.

എന്താണ് പ്രപഞ്ചം? അതെങ്ങിനെ ഉണ്ടായി? ആരാണ് ദൈവം? ആരാണ് മനുഷ്യൻ? വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ മാനദണ്ഡം എന്തായിരിക്കണം? ജീവിതത്തിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കു യുക്തിയുടെയും സങ്കല്പശക്തിയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യൻ രൂപപ്പെടുത്തിയെടുക്കുന്നതും, മനുഷ്യ ജീവിതം അർത്ഥപൂർണ്ണമായി ജീവിക്കാൻ സഹായിക്കുന്നതുമായ ഒരു ദർശന സാകല്യമാണ് പ്രപഞ്ച വീക്ഷണം. പ്രപഞ്ച വീക്ഷണത്തിലുണ്ടാകുന്നവികാസ പരിണാമങ്ങൾക്കനുസൃതമായി, വിശ്വാസങ്ങളിലും ആരാധനാ രീതികളിലും ആചാരങ്ങളിലും ധാർമിക സങ്കൽപ്പങ്ങളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് മനുഷ്യ ചരിത്രം അതിന്റെ പ്രയാണം തുടരുന്നത്.

ഒരു ദൈവ സങ്കല്പം പ്രാധാന്യമർഹിക്കുന്നത്, അതു ദൈവത്തെപ്പറ്റി എന്തു പറയുന്നു എന്നതുകൊണ്ടു മാത്രമല്ല, ആ ദൈവ സങ്കല്പം മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളും മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്. അതായത്, മനുഷ്യനെയും മനുഷ്യന്റെ വ്യക്തി ജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും സംബന്ധിച്ച് മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകൾ മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് മതവും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പ്രസക്തമായ ചോദ്യം.

ആധുനിക

ജനാധിപത്യ ലോക ക്രമത്തിൽ,

“മാനുഷരെല്ലാരും ഒന്നുപോലെ… ” എന്ന മനുഷ്യ സാഹോദര്യത്തിന്റെയും തുല്യാന്തസ്സിന്റെയും ദർശനത്തിനു പകരം വയ്ക്കാൻ മത ശാസനകൾ മതിയാവുകയില്ല. മനുഷ്യ സാഹോദര്യവും തുല്യ അന്തസ്സും തുല്യ മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന ദൈവ സങ്കൽപ്പങ്ങളും, മത ദർശനങ്ങളും മത നിയമങ്ങളും കലഹരണപ്പെട്ടു പോകും.

എന്നാൽ, ഇന്നു നാം കാണുന്നത് അത്തരം മതാധിഷ്ഠിത അനീതികൾ തിരികെ പ്രതിഷ്ഠിക്കുന്നതിനായി ആക്രമണോത്സുകമായി നടത്തുന്ന പരിശ്രമങ്ങൾ ലോകമെങ്ങും വർദ്ധിച്ചു വരുന്നതാണ്. വംശീയവും വർഗീയവുമായ തീവ്ര നിലപാടുകൾ സമൂഹത്തിൽ മേൽക്കൈ നേടുന്നതിനായി ഹിംസാത്മകമായി ഇടപെടുന്നു. മതം ജാതി വംശം എന്നിവയുടെ മേൽക്കോയ്മയിൽ വിശ്വസിക്കുന്നവർ അവരുടെ ആധിപത്യം മറ്റുള്ളവരുടേമേൽ അടിച്ചേൽപ്പിക്കാൻ ഏതു മാർഗവും സ്വീകരിക്കും എന്ന സ്ഥിതി വന്നിരിക്കുന്നു! പ്രാദേശികമായും ദേശീയമായും ആഗോള തലത്തിലും, ഇത്തരം ശക്തികൾ ആധിപത്യത്തിനായി മത്സരിക്കുന്ന പ്രതിഭാസം അതി ശക്തമായിക്കൊണ്ടിരിക്കുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റം മനുഷ്യന്റെ പ്രപഞ്ച വീക്ഷണത്തെ വിശാലമാക്കുന്നതിനു പകരം സങ്കുചിത മത വർഗീയ വംശീയ കാഴ്ചപ്പാടുകൾ ഇന്നു ലോകമെങ്ങും ശക്തിപ്പെടുകയാണ്. മതങ്ങൾ മനുഷ്യ സഹോദര്യത്തെയും തുല്യാന്തസ്സിനെയും സഹവർതിത്വത്തെയും വളർത്തുന്നതിനു പകരം, ആധിപത്യത്തിനുള്ള ഉപകാരണമായി മാറുന്ന ദുരന്ത പൂർണ്ണമായ കാഴ്ചയാണ് ഏറ്റവും ഹൃദയ ഭേദകമായത്!

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്. വെറുപ്പും വിദ്വേഷവും കോപവും അക്രമവും വിളിച്ചു വരുത്താനാണ് മതം ഉപയോഗപ്പെടുത്തുന്നതെങ്കിൽ, നവീകരണത്തിനുള്ള സമയം കഴിഞ്ഞിരിക്കുന്നു എന്നാണത് വ്യക്തമാക്കുന്നത്.

ജീർണത മറ്റെന്തിലും എന്നതുപോലെ മത ജീവിതത്തിലും സംഭവിക്കാം. മതത്തിനുള്ളിൽ നവീകരണവും പരിഷ്കരണവുമില്ലെങ്കിൽ, വിശ്വാസങ്ങൾ അന്ധമാവുകയും സമൂഹം ക്ഷയിക്കുകയും മതങ്ങൾ അപ്രസക്തമാവുകയും ചെയ്യും.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്