ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമായ ഫിലിപ്പിയൻസിലെ സെബു (Cebu) നഗരത്തിലെ കത്തീഡ്രലിൽ ഉൾപ്പെടെ നിരവധി ദൈവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഒരു ഒരു തിരുസ്വരൂപമാണ് യൗസേപ്പിതാവിനോട് “എന്നെ എടുക്കു!” എന്നാവശ്യപ്പെടുന്ന ബാലനായ ഈശോയുടെ രൂപം. വളർത്തപ്പനിൽ സുരക്ഷിതത്വം തിരിച്ചറിഞ്ഞു കൊഞ്ഞിക്കൊണ്ട് യൗസേപ്പിതാവിൻ്റെ വക്ഷസ്സിലേക്കു ഓടി അണയുന്ന ബാലനായ ഈശോ. യൗസേപ്പിതാവു നൽകുന്ന സുരക്ഷിതത്വബോധത്തിലായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ചിന്ത.

യൗസേപ്പിതാവിൻ്റെ കരങ്ങളിലെ സുരക്ഷിതത്വം ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തി ഈശോ യായിരുന്നു. തിരുസഭയുടെയും പാലകനും സംരക്ഷകനുമാണ് യൗസേപ്പിതാവ്. യൗസേപ്പിതാവു കൂടെയുള്ളപ്പോൾ ഒരു സുരക്ഷിത കവചം സഭയുടെ മേലുണ്ട്. ഈ സത്യം തിരിച്ചറിഞ്ഞാണ് 1870 ഡിസംബർ മാസം എട്ടാം തീയതി ഒൻപതാം പീയൂസ് മാർപാപ്പ ക്വുവേമാദ്മോഡും ദേവൂസ് (Quemadmodum Deus) എന്ന തിരുവെഴുത്ത് വഴി യൗസേപ്പിനെ സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.

സുരക്ഷിതത്വബോധം ഇല്ലായ്മ ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സർവ്വത്ര ഭയം നമ്മളെ അലട്ടുന്നു. ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വിരിയുന്ന അരക്ഷിതാവസ്ഥ മാനസിക സംഘർഷങ്ങളിലേക്കു മനുഷ്യനെ തള്ളിവിടുന്നു. സുരക്ഷിതത്വം ഉള്ളിടത്ത് ഒരു മാനസിക സംതൃപ്തിതിയുണ്ട്. ഏതു പരാജയത്തിലും എത്ര വലിയ തകർച്ചയിലും ആശ്രയിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക, അത് മനുഷ്യൻ്റെ അവശ്യമാണ്.

സുരക്ഷിതബോധമുള്ളിടത്ത് മനസ്സുകൾ തമ്മിലുള്ള അകലം കുറയും, അവിടെ തുറവിയുടെ വിശാലതയും ജീവൻ്റെ സമൃദ്ധിയും താനേ വന്നുകൊള്ളും.

സുരക്ഷിതത്വത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മനുഷ്യർ, സുരക്ഷയ്ക്കു വേണ്ടിയാണ് ഓരോ സർക്കാരും അതിൻ്റെ ഖജനാവിലെ ഭൂരിഭാഗവും ചെലവഴിക്കുക ലോകത്തിലുള്ള നിയമങ്ങളെല്ലാം സുരക്ഷയ്ക്കു വേണ്ടിയാണ്. സുരക്ഷിതത്വബോധം നൽകുന്ന വ്യക്തികളെയും ഭവനങ്ങളെയും വിശ്വസിക്കാൻ നമുക്ക് എളുപ്പമാണ്. വാത്സല്യത്തിന്റേയും ആത്മബന്ധത്തിന്റേയും സ്നേഹ വികാരങ്ങളുടേയും നിറവും സുരക്ഷിതത്വബോധവും സമ്മാനിക്കുന്ന കുടുംബങ്ങളും സുഹൃത്തുക്കളുമാണ് ഈ കാലത്ത് ആവശ്യം.

സുരക്ഷിതത്വം തേടി നമ്മൾ ആശ്രയിക്കേണ്ട മടിത്തട്ടാണ് ജോസഫ്.വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ നമുക്കും മറ്റുള്ളവർക്കു സുരക്ഷിതത്വം നൽകുന്നവരാകാൻ പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്