ഈശോ എന്ന നാമത്തിന്റെ മഹത്വത്തെ കേരളത്തിലെ ക്രൈസ്തവ ജീവിതം നയിക്കുന്ന (ക്രിസ്ത്യാനി പേര് ഉള്ള എല്ലാവരെയും ഉദ്ദേശിച്ചല്ല) വിശ്വാസികളെ ബോധ്യപ്പെടുത്താൻ ഈ കാലഘട്ടത്തിലെ ചില സമകാലിക സംഭവങ്ങളിലൂടെ കഴിഞ്ഞു എന്നത് സഭയുടെ മതബോധന രംഗത്തെ വലിയ നേട്ടമാണ്.

ഈശോ മിശിഹാ എന്ന വ്യക്തിയിൽ കേന്ദ്രീകൃതം ആണ് ക്രൈസ്തവ വിശ്വാസവും ക്രിസ്തുവിന്റെ സഭയും. ബൈബിളിനു പോലും ഈശോ മിശിഹാ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം ഇല്ല. കാരണം, അവിടുന്ന് ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ സമ്പൂർണ ദൈവം ആണ്. അവിടുത്തെ നാമം പരിശുദ്ധമാണ്. ഈ ലോകത്തിൽ ആരാധനയ്‌ക്കും സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യമായ ഏക നാമം ഈശോ മിശിഹായുടെ നാമം മാത്രം ആണ്.

“ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് ” എന്നത് ദൈവപ്രമാണങ്ങളിൽ ഒന്നാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ ഒരു പ്രമാണം. മനുഷ്യനായി അവതരിച്ച ഈശോ മിശിഹാ തന്റെ ലോകജീവിത കാലത്തു വളരെ പ്രാധ്യാന്യം കൊടുത്ത ഒരു കല്പനകൂടിയാണിത്. ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഇടമായ ജെറുസലേം ദൈവാലയം കച്ചവട സ്ഥലമാക്കിയവർക്കു നേരെ ചാട്ട എടുക്കാൻ ഈശോ മിശിഹാ തയ്യാറായി. അവിടുന്ന് കാരുണ്ണ്യവും സ്നേഹവും തന്നെയാണ് എങ്കിലും ചില കാര്യങ്ങൾക്കു മേൽ ചാട്ട എടുക്കണം എന്ന് ലോകത്തെ പഠിപ്പിക്കാനും അവിടുന്ന് ഇതിലൂടെ ഉദ്ദേശിച്ചു.

ത്രിത്വത്തിന്റെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിനു എതിരെ ദൂഷണം പറയുന്നവരോട് ക്ഷമിക്കപ്പെടില്ല എന്ന് കൂടി ഈശോ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിൽ പിതാവും പുത്രനായ ഈശോ മിശിഹായും പരിശുദ്ധാത്മാവും ഒരു പോലെ ഏക ദൈവമായിരിക്കുന്നതിനാൽ ഇവരുടെ നാമം ദുരുപയോഗിക്കുന്നതു ദൈവസന്നിധിയിലും ലോകജീവിതത്തിലും ക്ഷമിക്കപ്പെടാനാകാത്ത കുറ്റമാണ് എന്നത് ക്രൈസ്തവ വിശ്വാസം ജീവിക്കുന്നവർക്ക് അറിവുള്ളതാണ്.

ക്രൈസ്തവ നാമം ഉള്ളവരോ ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ചവർ എല്ലാവരും തന്നെയോ ക്രൈസ്തവ വിശ്വാസം ജീവിക്കുന്നവരല്ല. അതുകൊണ്ടു തന്നെ ക്രൈസ്തവ വിശ്വാസത്തിനു എതിരെ സംസാരിക്കാൻ ക്രൈസ്തവ നാമധാരികളെ തന്നെ സുലഭമായി ലഭിക്കും. ഇവരെ ഇരയാക്കി ആണെല്ലോ കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ മാധ്യമങ്ങൾ വരുമാനം സമ്പാദിക്കുന്നത്. ഈശോ മിശിഹാ ജീവിച്ചിരുന്ന കാലത്തു തന്നെ ദൈവനാമം ദ്വേഷിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവർ ധാരാളം ഉണ്ടായിരുന്നു. ദൈവമായ അവിടുത്തെ കുരിശിൽ കൊലപ്പെടുത്തിയ ആളുകളുടെ പിൻതലമുറക്കാരും നമ്മുടെ ഇടയിൽ ഉണ്ട്!!! അവരുടെ ജോലി അവർ തുടർന്നുകൊണ്ടിരിക്കുന്നു.

ക്രിസ്ത്യാനികൾ ചാട്ട എടുക്കേണ്ടടത്തു എടുക്കുക തന്നെ വേണം. അത് ആദ്യം നമ്മുടെ ഉള്ളിലെ തിന്മയുടെ ശക്തിയെ ചെറുത്തു തോൽപ്പിക്കാൻ ആയിരിക്കണം. ക്രിസ്തുവിന്റെ സഭ ചരിത്രത്തിൽ ഉടനീളം പ്രതിരോധനം ഏറ്റുവാങ്ങിയാണ് വളർന്നത്. ഈ സഭയെ ആരെങ്കിലും പുറത്തു നിന്ന് നശിപ്പിക്കാൻ ശ്രമിച്ചാൽ സഭ നന്നായി വളരും. എന്നാൽ, അകത്തുകയറി നശിപ്പിക്കാൻ ശ്രമിച്ചാൽ ചിലയിടങ്ങളിൽ തളർന്നു പോയതായും കാണാം. അതിനാൽ, ക്രിസ്തുവിന്റെ സഭയുടെ യഥാർത്ഥ ശത്രുക്കൾ ഇന്ന് പുറത്തല്ല; സഭയ്ക്ക് അകത്താണ്.

ഈശോ മിശിഹാ എന്ന നാമത്തെ ക്രിസ്ത്യാനികൾ എപ്രകാരം വിശുദ്ധമായി കാണുന്നു എന്ന് സ്വയം വിലയിരുത്താൻ സമകാലിക സംഭവങ്ങൾകൊണ്ട് കാരണമായി. അതിന്റെ അവസാനത്തിൽ, ഈ തിരുനാമത്തിന്റെ മഹത്വം നമ്മുടെ ഹൃദയങ്ങളിൽ മുദ്രിതമായിട്ടില്ല എന്നൊരു തിരിച്ചറിവിൽ ആണ് നമ്മൾ എത്തി നിൽക്കുന്നത്. ഈ അവസ്ഥയും നമ്മുടെ വിശ്വാസജീവിതത്തിന്റെ മരവിപ്പും ആണ് മറ്റു എന്തിനേക്കാളും കൂടുതൽ അപകടകരമായത്

.ജോർജ് പനന്തോട്ടം

നിങ്ങൾ വിട്ടുപോയത്