ആദ്ധ്യാത്‌മിക ഗുരുക്കന്മാർ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കാറുണ്ട് – യേശുവെന്നാണോ ഈശോയെന്നാണോ യേശുവിനെ (പ്രാർത്ഥനയിൽ) വിളിക്കാറ്? യേശുവെന്നാണെങ്കിൽ അൽപ്പം അസ്തിത്വപരമായ ബന്ധം ഉണ്ടെന്നും മറിച്ചു ഈശോയെന്നാണെങ്കിൽ ആ വ്യക്തിക്ക് യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടെന്നും ആണ് സൂചന.

ഈശോ എന്ന നാമം എത്ര മധുരമുള്ളതാണെന്നു ആദ്യം മനസ്സിലായത് അമ്മയിൽ നിന്നാണ്. അമ്മിഞ്ഞ പാലിനൊപ്പം ആ നാമവും പകർന്നു കൊടുക്കുന്ന അമ്മമാരുള്ള എല്ലാ വീടുകളിലും ഇത് തന്നെയാണ് അനുഭവം. പിന്നീട് ആ നാമത്തിന്റെ മാധുര്യവും ശക്തിയും അനുഭവിച്ചത്‌ കരിസ്മാറ്റിക് പ്രാർത്ഥനാനുഭവത്തിൽ ആയിരുന്നു. പിന്നെ സന്യാസസഭയിൽ ചേർന്നപ്പോൾ “മാറാനാത്ത” പ്രാർത്ഥനകളിലും, ആരാധനകളിലും, ഭക്തി ഗാനങ്ങളിലും, ധ്യാന ശരണങ്ങളിലും അലിഞ്ഞു ചേർന്ന ആ മന്ത്രം വ്യക്തിത്വത്തിന്റെ തന്നെ ഒരു ഭാഗമായി.

ഈശോയെന്ന നാമത്തോട് വൈകാരികമായ ഒരടുപ്പം ആണ് ക്രിസ്ത്യാനികൾക്ക് ഉള്ളത്. വർഷങ്ങൾ നീണ്ട ജപങ്ങളിലൂടെയും, പ്രാർത്ഥനകളിലൂടെയും വളർത്തിയെടുത്ത അടുപ്പം. അതിനെയാണ് കച്ചവട സിനിമാക്കാർ ഇപ്പോൾ വിൽപ്പനച്ചരക്കാക്കാൻ ഉദ്ദേശിക്കുന്നത്. ചങ്കു പറിക്കുന്ന വേദന വിശ്വാസികൾക്ക് തോന്നുന്നതും അത് കൊണ്ട് തന്നെ.

എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യരായതു കൊണ്ട് സ്നേഹത്തോടെ അല്ലാതെ പ്രതികരിക്കാനാവില്ല. പക്ഷെ അതിനെത്തന്നെ ഒരവസരമാക്കിയെടുക്കുന്നവരെ കുറിച്ച് എന്ത് പറയാൻ? അറിഞ്ഞു കൊണ്ട് ക്രിസ്ത്യാനിയെ വേദനിപ്പിക്കുന്നത് പത്തു കാശ് കൂടുതൽ കിട്ടാൻ വേണ്ടി മാത്രമാണെന്നറിയാം. ഒരു ജനതയുടെ വികാരങ്ങളെ മുഴുവൻ വേദനിപ്പിച്ചു നേടുന്ന പത്തു കാശിന് എന്ത് വില!

യേശുവിനെ വിറ്റു കാശാക്കാമെന്ന് ആദ്യം മനസ്സിലാക്കിയത്, തെളിയിച്ചത് യൂദാസായിരുന്നു. ഇന്ന് വളരെ ആസൂത്രിതമായി യൂദാസുമാരെയും കച്ചവട മിമിക്രിക്കാർ അണിനിരത്തുന്നത് കണ്ടു. ടോമാൻഡ് ജെറിമാരൊന്നും ക്രൈസ്‌തവ ആശുപത്രിയെ പറ്റിച്ചു അബോർഷൻ പടം പിടിച്ച അന്ന-ജൂദുമാരെക്കാൾ മോശമല്ല. എവിടെയാണ് ക്രൈസ്‌തവന്റെ കാറ്റിക്കിസം (പഠിപ്പിക്കൽ) തെറ്റിപ്പോയതെന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. ഒരു വിനയനും ആലപ്പി അഷറഫിനും ഉള്ള സെൻസിറ്റിവിറ്റി പോലും അവർക്കില്ലാതെ പോകുന്നു, അതും ദൈവമുഖരിതമായ ഈ മതേതര രാഷ്ട്രത്തിൽ!

Fr. Jaison Mulerikkal

A Carmelite of Mary Immaculate.

നിങ്ങൾ വിട്ടുപോയത്