ക്ഷമ എന്ന മലയാളം വാക്കിന് രണ്ടര്‍ത്ഥം ഉണ്ട്.  കാത്തിരുപ്പുമായി ബന്ധപ്പെട്ട ഒരു ക്ഷമ (patience) യും  തെറ്റുകള്‍ ക്ഷമിക്കുക (forgive) എന്ന അര്‍ത്ഥത്തില്‍ മറ്റൊന്നും.  നാമിവിടെ രണ്ടാമതു പറഞ്ഞ ക്ഷമ (forgiveness) നെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതു.

ഏറെ തെറ്റിദ്ധരിക്കക്കപ്പെട്ടിട്ടുള്ള ഒന്നാണീ ക്ഷമ.  പ്രതികാരമൊന്നും ചെയ്യില്ലെന്നു, പറയില്ലെന്നു തീരുമാനിച്ചാല്‍, ആ തീരുമാനം നടപ്പാക്കിയാല്‍ ക്ഷമയായി എന്നാണു പൊതുവേ നാം കരുതാറുള്ളത്‌ . വാസ്തവത്തില്‍ ക്ഷമിക്കുക എന്ന നടപടിയുടെ ആദ്യ ചുവടുവയ്പേ ആയുള്ളൂ അത്.  ഒരു ഉദാഹരണത്തിലൂടെ എന്താണ് ക്ഷമ എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം.

വിശേഷ ചടങ്ങിനായി ഒരുങ്ങി നിന്ന അമ്മയുടെ വസ്ത്രങ്ങളിലേക്ക് കയ്യിലിരുന്ന കുഞ്ഞു മലമൂത്ര വിസര്‍ജനം നടത്തി എന്ന് കരുതുക. ചടങ്ങാകെ അലങ്കോലമായി.  കണ്ടുകൊണ്ടു നിന്ന ഞാന്‍ ഇങ്ങനെ പറയുന്നു എന്ന് കരുതുക.  ‘എന്തൊരു വൃത്തികെട്ട കുഞ്ഞാണിത്?’  തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്തുകൊണ്ട്  ആ അമ്മ പറയും. ‘ഞാന്‍ ആ പാംപര്‍ കെട്ടിയതു ശരിയായില്ല എന്നാ തോന്നുന്നതു.  അല്ലെങ്കിലും ആ പാംപര്‍ വാങ്ങിയപ്പോഴേ എനിക്കു തോന്നിയതാ അതത്ര നല്ലതല്ല എന്ന്.’  ഇങ്ങനെ ആ കുഞ്ഞൊഴികെ മറ്റെല്ലാ കാരണങ്ങളും ആ അമ്മ നിരത്തും.  കുഞ്ഞാണ് അത് ചെയ്തതെന്ന് അവര്‍ക്കറിയില്ല എന്ന് കരുതുന്നുവോ? തീര്‍ച്ചയായും അല്ല.  പിന്നെ, അവര്‍ കള്ളം പറയുകയാണോ? അല്ല.  കുഞ്ഞാണ് കുറ്റം ചെയ്തതെന്നു ഞാന്‍ കയറി വിധി പ്രസ്താവിച്ചാലോ?  ആ അമ്മ പറയും ‘പാവം കുഞ്ഞു!  അതിനു വല്ലതും അറിയാമോ?’  സംഭവം എന്താണെന്നു പിടികിട്ടിയോ?  ആ അമ്മ കുഞ്ഞിനോട് ക്ഷമിച്ചിരിക്കുന്നു.  കുഞ്ഞത് ചെയ്തപ്പോഴേ ക്ഷമിച്ചിരിക്കുന്നു.  അതുകൊണ്ട് കുഞ്ഞത് ചെയ്തിട്ടേ ഇല്ല എന്ന രീതിയിലാണ് അമ്മയുടെ ഇടപാട്.  തന്മൂലമുള്ള എല്ലാ വിപരീതങ്ങളില്‍നിന്നും അതിനെ പൊതിഞ്ഞു പിടിക്കുന്നതാണ് അവരുടെ നിലപാട്. അതാണ്‌ ക്ഷമ. അത് സ്നേഹത്തിന്റെ ഒരു ഉല്പന്നമാണ്.  നമ്മുടെ ജീവിതത്തില്‍ നിന്നും അധികം ഉദാഹരണങ്ങള്‍ കാണിക്കാനില്ലാത്തത് കൊണ്ടും നടപ്പാക്കുക അത്ര എളുപ്പമല്ലാത്തത് കൊണ്ടും പക്ഷെ ഈ നിര്‍വ്വചനം പൊതുവേ അത്ര സ്വീകാര്യമായിരിക്കില്ല എന്ന് മാത്രം.  അതുകൊണ്ട് നമുക്കു ദൈവവചനത്തിലേക്കു തിരിയാം.

ക്ഷമയെക്കുറിച്ചു ലോക സാഹിത്യത്തിലെ തന്നെ ക്ലാസ്സിക്കല്‍ ഉദാഹരണമാണ് ബൈബിളിലെ ധൂര്‍ത്ത പുത്രന്റെ ഉപമ. അവിടെ ധൂര്‍ത്ത പുത്രന്റെ തിരിച്ചു വരവിന്റെ രംഗമൊന്നു പരിശോധിക്കാം. ‘ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു.  അവന്‍ മനസ്സലിഞ്ഞു ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.’ (ലൂക്കാ.15/20)  ഒന്നു രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കുക.  മകന്‍ മാപ്പു പറഞ്ഞതു കൊണ്ടല്ല അപ്പന്‍ ക്ഷമിച്ചത്.  അവന്‍ എന്തെങ്കിലും പറയും മുമ്പേ അപ്പന്‍ ഓടി ചെന്നിരുന്നു.  മറ്റൊരു കാര്യം.  അവന്റെ തെറ്റിനെക്കുറിച്ചോ കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിച്ചോ പരാമര്‍ശമില്ല.  തിരിച്ചു വന്ന മകനെ അത് പറഞ്ഞു വേദനിപ്പിക്കുന്നില്ല എന്നല്ല,  അനുജന്റെ ദുഷ്കൃത്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്ന ജ്വേഷ്ഠനുമായുള്ള സംഭാഷണത്തിലും  അപ്പനു പറയാനുള്ളതു ഇളയമകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തെക്കുറിച്ചാണ്.  അപ്പന്റെ ഉള്ളു നിറയെ ആ സന്തോഷമാണ്, അല്ലാതെ മകന്റെ പൂര്‍വ്വകാല ചെയ്തികളല്ല.  അതാണ്‌ ക്ഷമ.  (ധൂര്‍ത്ത പുത്രന്റെ ഉപമയെക്കുറിച്ചു കൂടുതല്‍ വായനയ്ക്ക്:  https://georgegloriak.blogspot.com/2020/10/blog-post_23.html)

ലോകചരിത്രം കണ്ടിട്ടുള്ളതില്‍ വച്ചേറ്റം വലിയ ക്ഷമയുടെ,  നിരപരാധിയായ തന്നെ ക്രൂശിച്ചവര്‍ക്കു വേണ്ടി കുരിശില്‍ പിടഞ്ഞു മരിക്കുമ്പോളും പ്രാര്‍ത്ഥിക്കുന്ന യേശുവിന്റെ, മുന്നില്‍ നമ്മെ എത്തിക്കുന്നു, ലൂക്കാ 23/34. ‘പിതാവേ, അവരോടു ക്ഷമിക്കണമേ;  അവര്‍ ചെയ്യുന്നതു എന്തെന്ന് അവര്‍ അറിയുന്നില്ല’. നാം ആദ്യം കണ്ട അമ്മയെയും ഉപമയിലെ പിതാവിനെയും കുരിശിലെ ക്രിസ്തുവിനെയും നോക്കുക.  തെറ്റു ചെയ്തവനെ കുറ്റക്കാരനായി കണക്കാക്കാന്‍ അവര്‍ തയ്യാറല്ല;  അറിയതെയല്ലേ എന്നാണവരുടെ ചോദ്യം.  മറ്റൊരു പ്രത്യേകത ഇവര്‍ മൂവരും തങ്ങള്‍ ക്ഷമിച്ചതായി അവകാശപ്പെടുന്നില്ല.  പിതാവിനോട് ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവും താന്‍ ക്ഷമിക്കുന്നതായി പറയുന്നില്ല.  അതാണു യഥാര്‍ത്ഥമായ ക്ഷമയുടെ മറ്റൊരു ലക്ഷണം.  നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു.(റോമാ 5/8).  നമ്മള്‍ എന്താണെന്ന് നോക്കിയല്ല ദൈവം നമ്മോടു ക്ഷമിക്കുന്നതെന്ന് ചുരുക്കം.  ഇനി നമ്മള്‍ ക്ഷമയെന്നവകാശപ്പെടുന്ന ‘സാധനം’ എന്താണെന്നു സ്വയം പരിശോധിച്ച് നോക്കുക.

ദൈവം ക്ഷമിക്കുന്നതാണ് ക്ഷമ എന്ന് തിരിച്ചറിയാനായെങ്കില്‍ എങ്ങിനെ ആ ക്ഷമ പരിശീലിക്കാം എന്ന് നോക്കാം.  സ്നേഹത്തിന്റെ ഒരുല്പന്നമാണ് ഈ ക്ഷമയെന്നു മുന്‍പു സൂചിപ്പിച്ചല്ലോ.  ഈ സ്നേഹമാകട്ടെ നമ്മില്‍ ഉരുവാകുന്ന ഒന്നല്ല.  ദൈവം ആദ്യം നമ്മെ സ്നേഹിച്ചു.  ആ സ്നേഹം സ്വീകരിച്ചു പ്രതിഫലിപ്പിക്കാന്‍ മാത്രമേ നമുക്കാകൂ.  ക്ഷമയുടെ കാര്യവും അങ്ങിനെ തന്നെ.  ദൈവത്തില്‍ നിന്നു ക്ഷമ സ്വീകരിച്ചു മറ്റുള്ളവരോടു ക്ഷമിക്കുക.  ദൈവം പൂര്‍ണ്ണമായും നമ്മോടു ക്ഷമിച്ചിരിക്കുന്നു എന്നതു നമ്മുടെ ഭാഗ്യം.  ‘അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങു ദ്വേഷിക്കുന്നില്ല;  ദ്വേഷിച്ചിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്നില്ല.’(ജ്ഞാനം 11/24).  അപ്പോള്‍ പിന്നെ ഈ വചന ഭാഗം നാം എങ്ങിനെയാണ് മനസ്സിലാക്കുക?  ‘ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.’(മത്താ.6/12) എന്നു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചിട്ടു യേശു പറയുകയാണ്‌  ‘മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.’(മത്താ.6/15)  നമ്മള്‍ ക്ഷമിച്ചാലേ ദൈവം ക്ഷമിക്കുകയുള്ളോ?  നമ്മള്‍ ക്ഷമിച്ചതുപോലെയേ ദൈവം ക്ഷമിക്കുകയുള്ളോ? കാര്യം മനസ്സിലാക്കാനായി കര്‍ത്താവു ഒരുപമ പറഞ്ഞിട്ടുണ്ട്, നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ.  മത്തായി 18/23 -35 വചനങ്ങളില്‍ നാമതു വായിക്കുന്നു. അതിന്റെ ചുരുക്കം ഏതാണ്ട് ഇങ്ങനെയാണ്.  വന്‍തുകയ്ക്ക് കടക്കാരനായിരുന്ന ഒരുവനു, അവന്റെ അപേക്ഷ കേട്ടു മനസ്സലിഞ്ഞ രാജാവ്  കടം പൂര്‍ണ്ണമായും ഇളവു ചെയ്തുകൊടുത്തു.  അങ്ങിനെ ഇളവു നേടിയവന്‍ തനിക്കിളവു കിട്ടിയ കടത്തിന്റെ ഏതാണ്ട് ആറു ലക്ഷത്തിലൊന്നു മാത്രം തന്നോടു കടപ്പെട്ടിരുന്നവനെ ജയിലിലാക്കുന്നു.  രാജാവ് ഈ വിവരം അറിയുന്നു.  രാജാവ് അവനെ വിളിച്ചു പറയുന്നു. ശേഷം വചനത്തില്‍ നിന്ന് തന്നെ വായിക്കാം.  ‘ഞാന്‍ നിനോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?  യജമാനന്‍ കോപിച്ചു കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരഗൃഹാധികൃതര്‍ക്ക് ഏല്പിച്ചു കൊടുത്തു.’(33, 34)  കഥ സമാപിപ്പിച്ചു കൊണ്ട് യേശു പറഞ്ഞു ‘നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും.’(35)  അപ്പോള്‍ കാര്യം പിടികിട്ടിയല്ലോ.  പക്ഷെ ഞാന്‍ എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കാര്യമാണു ആ ഇളവു കിട്ടിയ സേവകന്‍ എന്തുകൊണ്ട് അങ്ങിനെ ചെയ്തു എന്നതു.  അവസാനം, ഞാന്‍ എപ്പോഴാണ്  അങ്ങിനെ പെരുമാറുന്നതു എന്നു പരിശോധിക്കാനാരംഭിച്ചു.  ഉത്തരം വേഗം കിട്ടി. കാലുപിടിച്ചു നാണം കെട്ടു ഇളവുനേടി അപമാനിതനായി ഇറങ്ങിവരുന്ന എന്റെ മുന്നിലേക്കാണ്‌ എനിക്കു കടക്കാരനായ ഒരുത്തന്‍ വന്നു പെടുന്നത്.  എത്ര ചെറുതാണെങ്കിലും ഇവന്റെ കടവും കൂടിയാണ്   എന്നേ ഈ അപമാനകരമായ അവസ്ഥയിലെത്തിച്ചതു.  കലിപ്പു മുഴുവന്‍ അവന്റെ മേല്‍ തീര്‍ത്തില്ലെങ്കിലെ അത്ഭുതമുള്ളൂ.  അത് കൃത്യമാണ്. ഉപമയില്‍ ആ രംഗം വര്‍ണ്ണിക്കുന്നതു നോക്കൂ.  ‘അവന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്കു തരാനുള്ളതു തന്നു തീര്‍ക്കുക.’(28)  എനിക്കാ സേവകന്റെ വികാരം മനസ്സിലായി.  കാരണം, ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരേ വികാരമായിരുന്നു.  എവിടെയാണ് ഞങ്ങള്‍ക്കു തെറ്റിയത്?  ദൈവത്തില്‍ നിന്നാണെങ്കിലും ഇളവു നേടിയതു അഭിമാനക്ഷതത്തോടെയായിരുന്നു.  നിങ്ങളുടെ കാര്യത്തില്‍ അതെങ്ങനെയാണ്‌ എന്നറിയാന്‍ ചെറിയൊരു ലിറ്റ്മസ് ടെസ്റ്റ്‌ പറയാം.  കുമ്പസാരക്കൂട്ടില്‍ നിന്നും നിങ്ങള്‍ ഇറങ്ങിവരുന്നതു ‘ഹോ! രക്ഷപ്പെട്ടു.’ എന്ന വികാരത്തോടെയാണോ?  അതോ നിറഞ്ഞ ആനന്ദത്തോടെയാണോ? ‘അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.’(സങ്കീ.32/1)  ആ ഭാഗ്യത്തില്‍ ആനന്ദിക്കുവാന്‍ കഴിയാതെ പോകുന്നതു യഥാര്‍ത്ഥമായ പശ്ചാത്താപത്തിന്റെ അഭാവം മൂലമാകാം.

ക്രൂശിതനായ ക്രിസ്തുവിന്റെ മുന്‍പില്‍ നില്‍ക്കുക.  ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണതു, ക്ഷമയുടെ പൂര്‍ണ്ണമായ പ്രകാശനവും.  അവിടെ നിന്ന് ചെയ്തികളെ വിലയിരുത്തുക.  അതിനു മറുവിലയായി ദൈവം എന്തു കൊടുത്തു എന്നു യേശുവിന്റെ മുഖത്തുനിന്നു തിരിച്ചറിയുക.  ചങ്ക് പൊട്ടിക്കരയുക.  തന്റെ ഏക ജാതനെപ്പോലും നമുക്കായി ബലിയാക്കിയ പിതാവിന്റെ സ്നേഹത്താല്‍ ഉള്ളു നിറയ്ക്കുക.  ആനന്ദം അനുഭവിക്കുക.  നമ്മുടെ കടക്കാര്‍ക്കും ആ ആനന്ദം പകരാന്‍ നാം കഴിവുള്ളവരാകും.

ഇനി ഈ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തുക:

1.       നിങ്ങള്‍  ഇതില്‍ ഏതു കൂട്ടത്തില്‍  പെടുന്നു?

a.      കൂടെ കൂടെ തെറ്റു പറ്റുകയും തിരിച്ചറിയുമ്പോഴോക്കെ അതംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നയാള്‍.

b.      തെറ്റു പറ്റാതെ ഏറെ ശ്രദ്ധിക്കുകയും അഥവാ ഒന്ന് സംഭവിച്ചാല്‍ അതംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നയാള്‍.

2.      മേല്പറഞ്ഞ a, b വിഭാഗങ്ങളില്‍ ഏതു കൂട്ടരോടു ഇടപഴകാനാണ് നിങ്ങള്‍ക്കു കൂടുതല്‍ താല്പര്യം?നിങ്ങളുടെ അഭിപ്രായത്തില്‍, ഇതില്‍ ഏതു കൂട്ടരോടാണ് ദൈവത്തിനു കൂടുതല്‍ താല്പര്യം?

George Gloria

നിങ്ങൾ വിട്ടുപോയത്