ഇന്ന് “ഫാതെർസ്‌‌ ഡേ”! ”

മലയാളത്തിൽ പറഞ്ഞാൽ, ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു ജീവിക്കാൻ പ്രാപ്തമാക്കിയ ഒരു വ്യക്തിയെപ്പറ്റി ഓർമ്മിക്കാൻ ഒരു ദിനം. രക്തബന്ധത്തിന്റെ പര്യയനവ്യവസ്ഥകൾക്കതീതമായി, ആരോഗ്യവും സുഖങ്ങളും താല്പര്യങ്ങളും വിസ്മരിച്ചു രക്തത്തിൽ പിറന്ന മക്കൾക്ക് സ്വന്തം ജീവൻ മുഴുവനായി തന്നെ നൽകി സ്വയം ഇല്ലാതാകുന്ന അപരിമേയമായ ഒരു സ്നേഹത്തിന്റെ ഹൃദയംകവരുന്ന കഥയാണ് അപ്പന്റേത്.

അപ്പന്റെ സ്നേഹവാത്സല്യങ്ങളെപ്പറ്റി പലരും ഓര്മിക്കുന്നതിങ്ങനെ: ആകുലത നിറഞ്ഞ മുഖവുമായി എല്ലായ്പ്പോഴും വൈകുന്നേരങ്ങളിൽ പരിക്ഷീണനായി വീട്ടിലെത്തുന്ന അപ്പൻ, സഹിക്കാൻ വയ്യാത്ത വിയർപ്പിന്റെ ദുർഗന്ധം, അട്ടുതുടങ്ങിയ മുഷിഞ്ഞ വേഷം, ചെളിപുരണ്ട്‌ കരുവാളിച്ച വിരലുകൾ ഒതുക്കി കീശയിൽനിന്നു മിട്ടായികൾ എടുത്തു കുട്ടികൾക്ക് കൊടുക്കുന്ന അപ്പൻ, ക്ഷീണത്തിന്റെ കറുത്ത പാടുകൾ നിറഞ്ഞ ആ മെലിഞ്ഞ ശരീരത്തെ ഒന്ന് കസാലയിൽ ഇരുത്തി ആർദ്രതയോടെ ഭാര്യയെ നോക്കുമ്പോൾ അവരുടെ മിഴികളിൽ എപ്പോഴോ ഒഴുകിയൊലിച്ച കണ്ണീരിന്റെ ഉണങ്ങിയ പാടുകൾ. അങ്ങനെ ദുഃഖപൂർണമാണ് പലർക്കും ചെറുപ്പകാലം.

എല്ലാത്തിനും ഒരു താങ്ങും തണലുമായി നിൽക്കാൻ ബാല്യകാലത്തു ഒരപ്പനില്ലാതെപോയതിന്റെ കുറവിനെപ്പറ്റി വിലപിക്കുന്ന എത്രപേർ . ആ പോരായ്മ നികത്താൻ കഷ്ടപ്പെട്ട അമ്മയുടെ കരളലിയിക്കുന്ന കഥകൾ!

ഇന്ന് ജീവിതത്തിന്റെ വ്യാകരണം തെറ്റിപ്പോകുന്ന അവസരങ്ങളിൽ ഞാൻ പലപ്പോഴും എന്റെ അപ്പനെ പറ്റി ഓർമിച്ചുപോകാറുണ്ട്. പരുക്കസ്വഭാവമുള്ള ആളായിരുന്നു അപ്പൻ. ചിരിക്കുന്നതുതന്നെ കഷ്ടപ്പെട്ട്. ഗൗരവം എന്ന വികാരം അപ്പന്റെ രക്തത്തിലൂടെ ഒഴുകിയോളമിട്ടു നടന്നു. കൃഷിയുടെയും സ്വകാര്യ ബാങ്കിന്റെയും നടത്തിപ്പിൽ അപ്പൻ എപ്പൊഴും ആകുലനും അസ്വസ്ഥനുമായിരുന്നു. ജീവിതം എപ്പൊഴും അപ്പന് നിരന്തരമായ ഒരു സംഘർഷത്തിന്റെ ഊഷരഭൂമിയായിരുന്നു. ആ ദേഷ്യവും സംഘർഷങ്ങളും അപ്പൻ വീട്ടിലേക്കുവലിച്ചുകൊണ്ടുവന്നു, അമ്മയിലേക്കും ഞങ്ങൾ മക്കളിലേക്കും. ഞങ്ങൾ അഞ്ചു ആൺമക്കൾ എന്നാൽ അമ്മ തന്ന പ്രാർത്ഥനയുടെയും ഭക്തിയുടെയും നിഴലിൽ ആ പ്രയാസങ്ങളെല്ലാം മായ്ചുകളഞ്ഞു, അവയെ അതിജീവിച്ചു. അപ്പന്റെ ശക്തിയും അമ്മയുടെ ഭക്തിയും ആർജിച്ചു ഞങ്ങൾ വളർന്നു ഓരോ നിലയിലെത്തി. എല്ലാം ദൈവകൃപ!

ഇന്ന് രണ്ടു പെണ്മക്കളുടെ അപ്പനായശേഷമാണ് ഞാൻ വാസ്തവത്തിൽ എന്റെ മരിച്ചുപോയ അപ്പന്റെ നന്മകളെ പറ്റി ഓർത്തുതുടങ്ങിയത്.

അതങ്ങനെയാണല്ലോ, ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാൾ ചെയ്യുന്ന നല്ല കാര്യങ്ങളെപ്പറ്റി ആരും ഓർക്കാറില്ല. കുറ്റങ്ങൾ കണ്ടുപിടിക്കാനുള്ള നെട്ടോട്ടമല്ലേ അപ്പോൾ എല്ലാവർക്കും. എന്നാൽ ഒരാൾ കൺമുമ്പിൽനിന്നു മറഞ്ഞുപോയാൽ നാം ആ ശൂന്യതയിൽ വിഷണ്ണരാകും, അത് നമ്മെ അവാച്യമായ അനിർവചനീയമായ അസ്വസ്ഥകളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകും. അർഹിച്ചിട്ടും കൊടുക്കാതെപോയ സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമ്മകളും, വാർധക്യത്തിന്റെ ഏകാന്തതയിൽ അപ്പന് നിഷേധിക്കപ്പെട്ട അനുകമ്പയും ആർദ്രതയും എല്ലാം എല്ലാം നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും, അത് നമ്മെ അശാന്തിയുടെ തീരങ്ങളിലേക്കു ദാക്ഷണ്യമില്ലാതെ കൈപിടിച്ചികൊണ്ടുപോകും.

ഇന്ന് ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ പീഡിപ്പിക്കപ്പെടുന്ന ജീവിതാനുഭവങ്ങൾ മുന്നിലേക്ക് കടന്നുവരുമ്പോൾ ഞാൻ ഓർത്തുപോകുന്നു എന്റെ അപ്പനെ, ഒരു കുടുംബം പുലർത്താനായി അപ്പൻ നേരിടേണ്ടിവന്ന യാതനകൾ! എല്ലാം എല്ലാം ഇന്ന് മനസ്സിലാകുന്നു. ഉള്ളിൽ തോന്നിയ നീരസങ്ങളോട് മാപ്പാക്കണമെന്നുമാത്രം അപേക്ഷ.

എന്റെ ആറാമത്തെ പുസ്തകം സമർപ്പിച്ചരിക്കുന്നതു അപ്പനാണ്, അതിന്റെ ആദ്യതാളിൽ ഞാൻ ഇങ്ങനെ എഴുതി:” ജന്മവും ജീവിതവും ദാനമായി നൽകി, സ്നേഹമുള്ള മനുഷ്യരെ സൃഷ്ടിക്കാനാകാതെ കുഴങ്ങുന്ന ഒരു ലോകത്ത്‌, ഖിന്നനും പരതന്ത്രനുമായ എന്നെ ഏകനാക്കി, കാലത്തിന്റെ ഭാഗമായി മാറിയ അപ്പനെക്കുറിച്ചുള്ള ഓർമ്മകൾ…

എഴുത്തിന്റെ ആദ്യാക്ഷരങ്ങൾ അച്ചടിച്ചുവന്നപ്പോൾ പഠനം മുടങ്ങുമെന്നുപറഞ്ഞു ശാസിച്ച നാളുകൾ! അപ്പന്റെ ആഗ്രഹം ഞാനൊരു ഡോക്ടറായിത്തീരണമെന്നു മാത്രമായിരുന്നു. ഇന്ന്, വൈദ്യവും എഴുത്തും, ജീവിതത്തിന്റെ സ്വാഭാവിക നിയമങ്ങളെപ്പോലെ താലോലിച്ചു മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഓർമ്മിക്കുന്നു അപ്പനെ, നിറമിഴികളോടെ..

.സ്നേഹാദരങ്ങളോടെ….”

അപ്പന്റെ സ്വന്തം ജോർജുകുട്ടി

നിങ്ങളുടെ സ്വന്തം ഡോ ജോർജ് തയ്യിൽ

നിങ്ങൾ വിട്ടുപോയത്