അപ്പൻ

ആ സംഭവം ഇന്നും ഓർമയിലുണ്ട്.
സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്
ഒരു സർജറി ഉണ്ടായിരുന്നു.

ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.
അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

അയാളുടെ കവിൾത്തടം
നനയുന്നതു കണ്ടപ്പോൾ
എന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു.

അച്ചാ,
ലേബർ റൂമിൽ ഭാര്യയുണ്ട്.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ്
പത്തു വർഷത്തെ കാത്തിരിപ്പിനു ശേഷം
ലഭിക്കുന്ന കുഞ്ഞാണ്. അവളെ അകത്ത് കയറ്റിയിട്ട് മണിക്കൂറുകളായി.
ഇതു വരെ പ്രസവിച്ചിട്ടില്ല.
എന്തു പറ്റിയെന്നറിയില്ല….
അച്ചനും പ്രാർത്ഥിക്കണേ…. “

ഞങ്ങൾ പ്രാർത്ഥന തുടരുന്നതിനിടയിൽ
ദൂരെ നിന്നും നഴ്സിൻ്റെ ശബ്ദം മുഴങ്ങി:
“പ്രീതിയുടെ ഭർത്താവുണ്ടോ….?”

അയാൾ ഓടിച്ചെന്നു.
കൂടെ വീട്ടുകാരും.
കൈക്കുഞ്ഞുമായ് അവർ
എനിക്കരികിലേക്ക് വരുന്നതു കണ്ട്
ഞാൻ എഴുന്നേറ്റു.

അയാൾ പറഞ്ഞു:
”അച്ചൻ്റെ പ്രാർത്ഥനക്ക് നന്ദി.
അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നെങ്കിലും സുഖപ്രസവമായിരുന്നു. മുപ്പത്തിനാലാം വയസിൽ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി!”

വലിയ സന്തോഷത്തോടെ
അയാൾ തുടർന്നു:
”കുഞ്ഞിൻ്റെ തലയിൽ കൈവച്ച് പ്രാർത്ഥിക്കാമോ? മാത്രമല്ല,
ഇവൻ്റെ കാതിൽ ഇമ്മാനുവേൽ
എന്നൊന്ന് വിളിക്കണേ…?”

കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ച
ശേഷം, മെല്ലെ ഞാൻ വിളിച്ചു:
“ഇമ്മാനുവേൽ….”

കുഞ്ഞിനെ നഴ്സിന് നൽകിയ
ശേഷം അയാൾ ചിരിച്ചുകൊണ്ട് എൻ്റെയടുക്കലേക്ക് വന്നു.
നൂറു രൂപ എടുത്ത് തന്ന് പറഞ്ഞു:

“എൻ്റെ കുടുംബത്തിൻ്റെ നന്ദിസൂചകമായി അച്ചനൊരു വിശുദ്ധ കുർബാന ചൊല്ലണം.
ഇന്ന് ഞാൻ കർത്താവിന് നന്ദി പറയുന്ന ദിവസമാണ്. ഞാനും ഒരു അപ്പനായി.
എനിക്കും ഒരു കുഞ്ഞിനെ നൽകി
ദൈവം അനുഗ്രഹിച്ചു. പറഞ്ഞറിയിക്കാൻ
കഴിയാത്ത ആനന്ദമാണെനിക്ക്…”

തിരിച്ച് ആശ്രമത്തിൽ എത്തിയപ്പോൾ
ഞാൻ ചിന്തിച്ചത് ഈ ലോകത്തിലെ അപ്പന്മാരെക്കുറിച്ചാണ്.

കുഞ്ഞിൻ്റെ കാലനക്കം
ഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽ
അവളെ ശുശ്രൂഷിച്ചുകൊണ്ട്
കുഞ്ഞിനുവേണ്ടി കിനാവു
കാണുകയാണ് അപ്പൻ.

ജോലി കഴിഞ്ഞ് ഭാര്യയുടെ പ്രത്യേക ആഗ്രഹമനുസരിച്ച് പലഹാരങ്ങളുമായി വീടണയുകയാണ് അയാൾ.

അവസാനം,
മാസത്തിൻ്റെ തികവിൽ
നിശബ്ദതയോടെ
ലേബർറൂമിനു മുമ്പിൽ
ചങ്കിടിപ്പോടെ അയാൾ കാത്തു നിൽക്കുന്നു.

കുഞ്ഞിനെ കരങ്ങളിലെടുക്കുമ്പോഴും
കുഞ്ഞിൻ്റെ പൂവിതൾ കവിളിൽ
അരുമയോടെ മുഖം ചേർത്തു വയ്ക്കുമ്പോഴും
ഹൃദയത്തിൽ കീർത്തനമാലപിക്കുകയാണ് അപ്പൻ!

ഒരുപക്ഷെ,
ഭർത്താവിൻ്റെ ഏറ്റവും വലിയ നൊമ്പരം, ഭാര്യയുടെ പ്രസവ സമയത്ത്
കൂടെയുണ്ടാകാൻ സാധിക്കതിരിക്ക
എന്നതാണെന്ന് തോന്നുന്നു.

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കുഞ്ഞിനെ ലഭിക്കുമ്പോൾ സ്ത്രീയോടൊപ്പം സന്തോഷമുണ്ടാകും പുരുഷനും.
പറഞ്ഞറിയിക്കാൻ സാധിക്കാത്തത്ര സന്തോഷം.

അങ്ങനെയൊരു സന്തോഷത്തിൻ്റെ ചിത്രം ലൂക്കാ സുവിശേഷകനും വരച്ചു വച്ചിട്ടുണ്ട്; സഖറിയായുടെ കീർത്തനത്തിലൂടെ
(Ref ലൂക്ക 1: 67-80).

എലിസബത്ത് ഗർഭവതിയായെന്ന്
അവിശ്വസിച്ച അയാൾ ഊമനാക്കപ്പെട്ടു.
അന്നു മുതൽ അലയടിക്കുന്ന ആനന്ദം അയാൾ പാടിത്തീർക്കുന്നത് ശിശുവിൻ്റെ ജനനത്തിനു ശേഷം അധരങ്ങൾ തുറക്കപ്പെടുമ്പോഴാണ്.

അതെ,
ആശുപത്രി വരാന്തയിൽ,
നഴ്സിൻ്റെ പാദപതനത്തിന് കാർത്തോർത്തിരിക്കുമ്പോഴും,
മുറിക്കുള്ളിൽ കുഞ്ഞിൻ്റെ
കരച്ചിലുയരുമ്പോഴും
ഒരായിരം വികാരങ്ങളുടെ ഓളപ്പരപ്പിൽ
സ്വയം ഉയർന്നുപൊന്തുകയാണ് അയാൾ.

തൻ്റെ ഭാര്യ അനുഭവിക്കുന്ന
പ്രാണനൊമ്പരം നെഞ്ചിലേറ്റി,
മിഴിനീരോടെ കീർത്തനമർപ്പിക്കുന്നവനെ….. അപ്പനെന്നല്ലാതെ മറ്റെന്തു വിളിക്കും?

പിതൃദിന ആശംസകൾ!

ഫാദർ ജെൻസൺ ലാസലെറ്റ്
ജൂൺ 20- 2021

നിങ്ങൾ വിട്ടുപോയത്