“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി”. പറഞ്ഞത് വിശുദ്ധ പീറ്റർ ഡാമിയനാണ്.

ബൈസന്റൈൻ ആരാധനക്രമത്തിൽ പരിശുദ്ധ അമ്മയെ ഇങ്ങനെ പ്രകീർത്തിക്കുന്നു, “പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന ആനുകൂല്യങ്ങൾ നിനക്ക് നൽകി. നീ ശിശുവിനെ പ്രസവിച്ചപ്പോൾ നിന്നെ ഒരു കന്യകയായി അവിടന്ന് സൂക്ഷിച്ചു. അങ്ങനെ തന്നെ നിന്റെ ശരീരത്തെ കല്ലറയിൽ അക്ഷയമായി സൂക്ഷിച്ചു. കല്ലറയിൽ നിന്ന് അതിനെ മാറ്റുന്ന ദൈവികപ്രവൃത്തി വഴി അതിനെ മഹത്വപ്പെടുത്തുകയും ചെയ്തു”.

മറിയം ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് പ്രവേശിക്കുന്നത് മൂന്ന് കാരണങ്ങളാൽ ആണെന്ന് വിശുദ്ധ ജോൺ ഡമഷീൻ വിശ്വസിച്ചു. 1,അവളുടെ കന്യാകാത്വ വിശുദ്ധിയും; പരിപൂർണ്ണ വിശുദ്ധിയും; 2, പുത്രനായ യേശുവുമായുള്ള അവളുടെ അടുത്ത ഐക്യം; 3, അവനുമായുള്ള അവളുടെ അവിഭാജ്യ ബന്ധം എന്നിവയാണത്. അതായത് മറിയത്തിന്റെ കന്യാകാത്വവും മാതൃസ്നേഹവും പുത്രഭക്തിയും വിശുദ്ധിയും ആത്മശരീരവിശുദ്ധിയോടെ സ്വർഗത്തിലേക്കുള്ള അവളുടെ കരേറൽ സാധ്യമാക്കി. യേശുവിനെ പ്രസവിക്കുമ്പോൾ കന്യാമറിയം തന്റെ കന്യാത്വം സംരക്ഷിച്ചതിനാൽ, അവളുടെ മരണശേഷം അവളെയും കളങ്കത്തിൽ നിന്ന് സംരക്ഷിക്കുന്നത് ഉചിതം തന്നെ.

“… അവൾ തന്റെ പുത്രനെ കുരിശിൽ കണ്ടു. അവന് ജന്മം നൽകിയപ്പോൾ ഒഴിവാക്കിയ ദുഖത്തിന്റെ വാൾ അതുവഴി സ്വന്തം ഹൃദയത്തിൽ സ്വീകരിച്ചു. അങ്ങനെയുള്ളവൾ പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നവനായി തന്റെ മകനെ കാണുകയെന്നത് ഉചിതമായിരുന്നു. തന്റെ ദിവ്യസുതന് ഉണ്ടായിരിക്കുന്നതെല്ലാം സ്വന്തായി ഉണ്ടായിരിക്കുകയെന്നത് ദൈവമാതാവിന് ഉചിതമായിരുന്നു…” യേശുവിന്റെ മാതൃഭക്തി അവനെ തന്റെ അമ്മയെ ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗത്തിലേക്ക് കൊണ്ടുപോകാനും അനുവദിച്ചു. മനുഷ്യ വർഗ്ഗത്തിന് നടുവിൽ ദൈവത്തിന്റെ വാസസ്ഥലമായി, സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി, ദൈവമാതാവായി മറിയം ഇന്നും വിരാജിക്കുന്നു. പ്രാർത്ഥനയിലൂടെ അവളെ തേടുന്ന എല്ലാവർക്കും അവൾ അടിയന്തിര സഹായം വാഗ്ദാനം ചെയ്യുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി ഇങ്ങനെ പറഞ്ഞു, “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോൽഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവൾ കൂടുതൽ അനുരൂപപ്പെടുന്നതിനു വേണ്ടിയാണത്”.

1950 നവംബർ ഒന്നാം തിയ്യതി പന്ത്രണ്ടാം പീയൂസ് പാപ്പ ‘അത്യുദാരനായ ദൈവം’ ( മൂണിഫിച്ചന്തിസീമൂസ് ദേവൂസ് ) എന്ന പ്രമാണരേഖയിലൂടെ മാതാവിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അവളുടെ വിശുദ്ധ ശരീരം ഒരിക്കലും കല്ലറയിലെ ജീർണ്ണിക്കലിന് വിധേയമായിട്ടില്ലെന്നും ദൈവചനത്തിന്റെ കൂടാരം ഒരിക്കലും പൊടിയും ചാരവുമായി തീർന്നിട്ടില്ലെന്നും അതിൽ ഏറ്റുപറയുന്നു.

പരിശുദ്ധ അമ്മയോട് അതീവഭക്തിയുണ്ടായിരുന്ന വിശുദ്ധ അന്തോണീസിന്, 1225 ഓഗസ്റ്റ് പതിനാലാം തിയ്യതി മാതാവ് പ്രത്യക്ഷപ്പെടുകയും തന്റെ സ്വർഗ്ഗാരോപണ വിവരം ആ ദർശനത്തിൽ കൂടി വിശുദ്ധനെ അറിയിക്കുകയും ചെയ്തിരുന്നു. തന്റെ മരണത്തിനു ശേഷം മൂന്നാം ദിവസം മാലാഖമാരോട് കൂടെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട് ദൈവപുത്രന്റെ വലതുഭാഗത്ത് രാജ്ഞിയായി വാഴുന്നുവെന്ന് മാതാവ് പ്രസ്താവിക്കുകയുണ്ടായി.

അവളുടെ ഭൗമികജീവിതം വഴി യോഗ്യതയിൽ എല്ലാവർക്കും മുന്നോടിയായതു പോലെ ഉത്ഥാനത്തിലും അവൾ മുന്നോടിയായി. അവളിൽ നിന്ന് ശരീരം സ്വീകരിച്ചവൻ, ഉത്ഥാനം വഴി മരണത്തെ പരാജയപ്പെടുത്തിയവൻ, മഹത്വത്തോടെ സ്വർഗത്തിലേക്ക് കരേറിയവൻ, തന്റെ മഹത്വത്തിന്റെ ഒരു പങ്ക് അവൾക്ക് നല്കാനും അവളെ സർവ്വലോകരാജ്ഞിയാക്കി തീർക്കാനും കഴിവുള്ളവനാണ്.

വിശുദ്ധ ഫ്രാൻസിസ് സാലസ് ഇങ്ങനെ ചോദിച്ചു, ” ഏത് പുത്രനാണ് തനിക്ക് കഴിയുമെങ്കിൽ തന്റെ അമ്മയെ അവളുടെ മരണശേഷം ജീവിപ്പിക്കുകയും പറുദീസയിലേക്ക് കൊണ്ടുവരികയും ചെയ്യാതിരിക്കുക?” വിശുദ്ധ അൽഫോൺസ് ലിഗോരിയും പറയുന്നു, …”താൻ ആരിൽ നിന്ന് ശരീരം സ്വീകരിച്ചുവോ അവളുടെ കന്യാശരീരം പൊടിയാക്കി മാറ്റപ്പെടുക എന്നത് അവിടത്തേക്ക് തന്നെ അഭിമാനക്കേടുണ്ടാക്കും”.

പുത്രന്റെ കൂടെ സ്വർഗ്ഗത്തിലിരുന്നു കൊണ്ട്, ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതലായി മനുഷ്യമക്കൾക്കായി മാധ്യസ്ഥം വഹിക്കുന്ന നമ്മുടെ നല്ല അമ്മ. ദൈവം കഴിഞ്ഞാൽ, ഏറ്റവും കൂടുതലായി നമ്മൾ ശരണപ്പെടേണ്ടത് അവളിലാണ്.

അവളുടെ കൈകളിൽ നല്കപ്പെട്ടിരിക്കുന്ന ശക്തി അപരിമേയമാണ്. ‘ലോകം മുഴുവന് വേണ്ടിയും പരിഹാരം ചെയ്യുന്നവൾ’. സർവ്വ സ്വർഗീയദാനങ്ങളുടെയും വിതരണക്കാരി.

പിശാച് ആവേശിച്ചിരുന്ന ഒരാളോട് ഭൂതോച്ചാടകൻ ചോദിച്ചു പരിശുദ്ധ മറിയം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. “അവൾ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്'” എന്നായിരുന്നു മറുപടി. എന്തിനാണത് ? സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട അമ്മ അവിടെ സ്വസ്ഥമായി രാജ്ഞിഭരണം ആസ്വദിച്ചു ഇരിക്കുകയല്ല, മനുഷ്യർക്ക് കൃപകൾ കൊണ്ടുവരുവാൻ ഭൂമിയിലേക്ക് ഇറങ്ങുകയും നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവാനുഗ്രഹം നേടിയെടുക്കുവാൻ സ്വർഗത്തിലേക്ക് കയറുകയുമാണ് അവൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ സ്വർഗ്ഗത്തിന്റെ ഗോവണി’ എന്നാണു വിശുദ്ധ പീറ്റർ ഡാമിയൻ അവളെ വിളിച്ചത്. വിശുദ്ധ ബെർണാഡ് ‘ സ്വർഗ്ഗത്തിലേക്കുള്ള വാഹനം ‘ എന്നും. നമ്മുടെ രക്ഷയുടെ വഴി ആണവൾ …സ്വർഗ്ഗത്തിന്റെ കവാടം…സമുദ്രതാരം.

‘റൊസാരിയും വീർജിനിസ് മരിയേ’ യിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു ലോകസമാധാനം, കുടുംബം എന്നിവയെ കൊന്തനമസ്കാരം എന്ന പ്രാർത്ഥനയുടെ ശക്തിക്ക് താൻ ഭരമേൽപ്പിക്കുന്നു എന്ന്. ജപമാലഭക്തിയിൽ സ്ഥിരതയുള്ളവരായിരിക്കാം നമുക്ക്.

മറിയത്തോടൊത്ത് ആനന്ദിക്കുക

മറിയത്തോടൊത്ത് വിലപിക്കുക

മറിയത്തോടൊത്ത് പ്രാർത്ഥിക്കുക

മറിയത്തോടൊത്ത് നടക്കുക

മറിയത്തോടൊത്ത് ഈശോയെ തേടുക.

പരിശുദ്ധ ദൈവമാതാവേ, സർവ്വേശ്വരൻ നിന്നെ മോക്ഷത്തിലേക്ക് വിളിച്ച നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ !

ദൈവപ്രസാദത്തിന്റെ മാതാവേ, നീ ദൈവദൂതരാൽ മോക്ഷത്തിലേക്ക് കരേറ്റപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ, മോക്ഷവാസികൾ സകലരും നിന്നെ എതിരേൽക്കാൻ വന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

അത്യന്തവിരക്തിയുള്ള മാതാവേ, സർവ്വേശ്വരൻ അത്യന്തം ബഹുമാനത്തോടെ നിന്നെ മോക്ഷത്തിൽ കൈക്കൊണ്ട നേരം സ്തുതിക്കപെട്ടതാകട്ടെ !

ഉത്തമകന്യകയായ മാതാവേ, സർവ്വേശ്വരൻ നിന്റെ ദിവ്യകുമാരന്റെ വലതുവശത്തു നിന്നെ ഇരുത്തിയ നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ !

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, നീ മോക്ഷത്തിൽ ആനന്ദമഹിമയോട് കൂടെ മുടി ധരിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാകട്ടെ !

സ്നേഹഗുണത്തിനു പാത്രമായ മാതാവേ, നീ മോക്ഷത്തിൽ ദൈവത്തിന്റെ മകളും മാതാവും മണവാട്ടിയുമെന്ന നാമധേയങ്ങളാൽ അലങ്കരിക്കപ്പെട്ട നാഴിക സ്തുതിക്കപെട്ടതാവട്ടെ !

അത്ഭുതത്തിനു വിഷയമായ മാതാവേ, നീ ത്രിലോകരാജ്ഞിയായി സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

സൃഷ്ടാവിന്റെ മാതാവേ , മോക്ഷവാസികൾ സാഷ്ടാംഗം വീണു നിന്നെ വണങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

രക്ഷകന്റെ മാതാവേ , ഞങ്ങളുടെ മധ്യസ്ഥയായി നീ സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

വിവേകപൂർണ്ണയായ മാതാവേ, നീ മോക്ഷരാജ്യത്തിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ തുടങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

വല്ലഭയായ കന്യകേ, മോക്ഷത്തിൽ ഞങ്ങളെ കൈക്കൊള്ളാൻ നീ തീരുമനസ്സാകുന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

QUEEN ASSUMED INTO HEAVEN, PRAY FOR US WHO HAVE RECOURSE TO THEE. AMEN.

എല്ലാവർക്കും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്