മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാരും

തെറ്റുതിരുത്താന്‍ തയ്യാറാകണം

.

കത്തോലിക്കാ സഭയിലുള്ള ചില വ്യക്തികളുടെയും ഭക്തസംഘടനകളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യക മറിയത്തെ “സഹരക്ഷക” എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത്. അതിനായി അവര്‍ മുന്നോട്ടുവച്ച നിരവധി വാദങ്ങളുണ്ട്. ഇവരുടെ ഈ വാദങ്ങളെയെല്ലാം സഭയുടെ ഉപദേശവിഷയങ്ങള്‍ പരിശോധിക്കുന്ന Dicastery for the Doctrine of the Faith വര്‍ഷങ്ങളെടുത്തു വിശദമായി പഠനവിധേയമാക്കി. ഒടുവില്‍ അവര്‍ കൈക്കൊണ്ട തീരുമാനം ലിയോ മാര്‍പാപ്പായ്ക്കു (Pope Leo XIV) സമര്‍പ്പിച്ചു. അദ്ദേഹം ഈ പഠനത്തെ പൂര്‍ണ്ണമായി പിന്തുണച്ചുകൊണ്ട് അതിന് അംഗീകാരം നല്‍കി. പരിശുദ്ധ കന്യകമറിയത്തിനു സഹരക്ഷക, സര്‍വ്വ കൃപകളുടെയും മധ്യസ്ഥ തുടങ്ങിയ നാമവിശേഷണങ്ങളൊന്നും നല്‍കുവാന്‍ പാടില്ലെന്ന അതിശക്തവും ചരിത്രപരവുമായ തീരുമാനമായിരുന്നു തിരുസ്സഭ ഈ വിഷയത്തില്‍ കൈക്കൊണ്ടത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ പ്രാദേശിക മാധ്യമങ്ങള്‍വരെ ഇതു വാര്‍ത്തയാക്കി. വത്തിക്കാൻ്റെ ഈ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

പ്രസ്തുത വാര്‍ത്ത മലയാള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചയുടനെ കേരളത്തിലെ പെന്തക്കൊസ്ത്, ബ്രദറന്‍ സംഘടനകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ വിചിത്രമായ പ്രതികരണങ്ങളാണ് നടത്തിയത്. “കത്തോലിക്കാ സഭയ്ക്ക് ബോധോദയം ഉണ്ടായി”, “കത്തോലിക്കാ സഭ തെറ്റുതിരുത്തി”, “ഇതല്ലേ ഞങ്ങള്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്”, “കത്തോലിക്കര്‍ മറിയാരാധന നിര്‍ത്തുന്നു” എന്നിങ്ങനെ വിവിധ രീതിയില്‍ കഥയറിയാതെ ആട്ടംകാണുന്നവനെപ്പോലെ സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുമായി അവർ നിറഞ്ഞാടി.

കത്തോലിക്കാ സഭയോടുള്ള വിരോധത്തേക്കാള്‍ ദൈവമാതാവായ കന്യകമറിയത്തോടുള്ള തങ്ങളുടെ വെറുപ്പും പുശ്ചവും പ്രകടിപ്പിക്കാനാണ് ചിലര്‍ ഈയവസരം ഉപയോഗിച്ചത്. പതിറ്റാണ്ടുകളായി കത്തോലിക്കാ സഭാവിരോധം പ്രചരിപ്പിച്ചുകൊണ്ടു തങ്ങളുടെ പെന്തക്കൊസ്തു സംഘടന വളര്‍ത്തുന്ന പലരും ഈയവസരം മുതലാക്കി കുപ്രചാരണങ്ങൾ പടച്ചുവിട്ടു; ചിലർ എഴുത്തിലൂടെയും മറ്റു ചിലർ വീഡിയോകള്‍ തയ്യാറാക്കിയും രംഗം കൊഴുപ്പിച്ചു.

മലയാളി പെന്തോ, ബ്രദറണ്‍

വിഭാഗത്തിന്‍റെ കത്തോലിക്കാ

വിരോധത്തിന് കാരണമെന്ത്?

ലോകത്തുള്ള മറ്റ് പെന്‍റക്കൊസ്റ്റ് വിഭാഗങ്ങള്‍ കത്തോലിക്കാ സഭയോടും കന്യകാ മറിയത്തോടും വച്ചുപുലര്‍തതുന്ന സമീപനമല്ല മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാര്‍ക്കുമുള്ളത്. തിരുസ്സഭയോടും ദൈവമാതാവിനോടും ഇവരുടെയുള്ളില്‍ നുരഞ്ഞുപൊന്തുന്ന ഈ വെറുപ്പിനും പരിഹാസത്തിനും എന്താണ് കാരണമെന്ന് പരിശോധിക്കാം.

വര്‍ഷങ്ങളോളം ഇംഗ്ലണ്ടില്‍ എന്‍റെ അയല്‍വാസിയായിരുന്നത് സിംബാബ്വെയില്‍നിന്നുള്ള ഒരു പെന്‍റക്കൊസ്റ്റ് കുടുംബമായിരുന്നു. ഉച്ചത്തിലുളള അവരുടെ പ്രാര്‍ത്ഥനയും അന്യഭാഷയും ഞങ്ങളുടെ വീട്ടില്‍ കേള്‍ക്കാമായിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ ഒരാവശ്യത്തിനു ചെന്നപ്പോള്‍ അവിടെക്കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു കത്തോലിക്കാ കുടുംബത്തിലുള്ളതുപോലെ പരിശുദ്ധ മറിയത്തിന്‍റെയും ഈശോമശിഹായുടെയും ചിത്രങ്ങള്‍ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു! അതിനടുത്ത് ഒരു ക്രൂശിതരൂപം. എനിക്കു പരിചയമുള്ള പെന്‍റക്കൊസ്റ്റരുടെ വീടുകളില്‍ കാണപ്പെടാത്ത ഈ ചിത്രങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് ദൈവമാതാവിനോടുള്ള അവരുടെ ആദരവു മനസ്സിലായത്. “മദര്‍ മേരി” എന്നു വളരെ ബഹുമാനത്തോടെയാണ് അവര്‍ ദൈവമാതാവിനെക്കുറിച്ചു സംസാരിച്ചത്.

Sebechleby – The Heart of Virgin Mary. Typical catholic image printed in Germany from the end of 19. cent. originally by unknown painter.

യഹോവയുടെ സാക്ഷി വിശ്വസത്തിലുള്ള ബരാക്ക് എന്നൊരു നൈജീരിയക്കാരന്‍റെ കൂടെ ഏതാനും വര്‍ഷങ്ങള്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കിടയില്‍ സമയം കിട്ടുമ്പോള്‍ വിശ്വാസ വിഷയങ്ങളെക്കുറിച്ച് ബരാക്കും ഞാനും സംസാരിക്കുമായിരുന്നു. ഈ സംസാരവേളകളിലെല്ലാം ദൈവമാതാവിനെ “മദര്‍ മേരി” എന്നു മാത്രമേ അവന്‍ അഭിസംബോധന ചെയ്തിട്ടുളളൂ എന്നത് ഓര്‍മ്മിക്കുന്നു.

ഇനി നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ബ്രദറന്‍, പെന്‍റക്കൊസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരോടു ദൈവമാതാവിനെക്കുറിച്ചു സംസാരിച്ചു നോക്കൂ. അപ്പോള്‍ പരമപുശ്ചത്തോടെ അവര്‍ “മറിയ” എന്ന് യാതൊരു ആദരവുമില്ലാതെ പരിഹാസ്യമായ വിധത്തിൽ ദൈവമാതാവിനെ വിളിക്കുന്നത് കേള്‍ക്കാം. ഈ വിളി കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ പല സന്ദര്‍ഭങ്ങളിലും ഇക്കൂട്ടരോടു ദൈവമാതാവിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാളി ബ്രദറണ്‍, പെന്‍റക്കൊസ്റ്റര്‍ വിഭാഗങ്ങള്‍ ബൈബിളില്‍ ആരെയെങ്കിലും വെറുക്കുന്നുണ്ടെങ്കില്‍ അത് പരിശുദ്ധ ദൈവമാതാവിനെയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഇത് കേട്ടറവില്ല, രണ്ടു പതിറ്റാണ്ട് ഈ വിഭാഗങ്ങളില്‍ ഉള്ളവരുമായി അടുത്തിടപഴകി ജീവിച്ചതില്‍നിന്നു തിരിച്ചറിഞ്ഞ സംഗതിയാണ്. എന്താണ് ഇവരുടെ വെറുപ്പിനു കാരണം?

മലയാളി പെന്തക്കൊസ്ത് നേതാവ്

കെ.ഇ. ഏബ്രഹാം വിതച്ച വിഷവിത്തുകള്‍

കേരളത്തില്‍ പെന്‍റക്കൊസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ടത് കെ.ഇ. ഏബ്രഹാം എന്ന വ്യക്തിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പെന്‍റക്കൊസ്റ്റ് സഭയായ ”ഇന്ത്യന്‍ പെന്‍റക്കൊസ്റ്റ് സഭ”യുടെ (ഐ.പി.സി) സ്ഥാപകനാണ് കെ.ഇ ഏബ്രാഹം. യാക്കോബായ സഭയിലെ അംഗമായിരുന്ന അയാള്‍ ഒരു സ്കൂള്‍ അധ്യാപകനായിരുന്നു. പെന്‍റക്കൊസ്റ്റ് നേതാവായതോടെ തന്‍റെ സംഘത്തില്‍ ആളുകളെ കൂട്ടുവാന്‍ വേണ്ടി അപ്പൊസ്തൊലിക സഭകളെക്കുറിച്ച് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും അയാള്‍ ഉന്നയിച്ചിട്ടുണ്ട്. അതിനായി 1971-ല്‍ അയാള്‍ തയ്യാറാക്കിയ ഒരു പുസ്തകമണ് “മഹതിയാം ബാബിലോണ്‍ അഥവാ റോമാ മതം” എന്നത്. ഈ പുസ്തകത്തിന്‍റെ ഇന്നുള്ള പേര് “മഹതിയാം ബാബിലോണ്‍” എന്നാണ്.

19-ാം നൂറ്റാണ്ടില്‍ അലക്സാണ്ടര്‍ ഹിസ്ലോപ്പ് (Alexander Hislop) എന്ന പ്രൊട്ടസ്റ്റന്‍റ് ഫ്രീ ചര്‍ച്ച് ഓഫ് സ്കോട്ട്ലന്‍ഡ് സഭയുടെ പാസ്റ്റര്‍, കത്തോലിക്കാ സഭാ വിരോധം മൂത്തു ഭ്രാന്തുപിടച്ച് ഒരു പുസ്തകം എഴുതി. The Two Babylons എന്നായിരുന്നു ഇതിന്‍റെ പേര്. ഈ പുസ്തകത്തില്‍ കത്തോലിക്കാ സഭയുടെ ആരാധനയും ലിറ്റര്‍ജിയും പൗരോഹിത്യവുമെല്ലാം പൗരാണിക ബാബിലോണില്‍നിന്ന് ഉണ്ടായതാണെന്ന് അയാള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ഗ്രന്ഥത്തിന് വലിയ പ്രചാരം ലഭിച്ചില്ല. പിന്നീട് 1966-ല്‍ ഈ പുസ്തകത്തെ ആസ്പദമാക്കി റാല്‍ഫ് വുഡ്രോ (Ralph Woodrow) എന്ന വ്യക്തി Babylon Mystery Religion എന്ന പേരില്‍ മറ്റൊരു പുസ്തകം തയ്യാറാക്കി. റാല്‍ഫ് വുഡ്രോയുടെ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി, അതിലെ വാദങ്ങള്‍ക്കു കൂടുതല്‍ മൂര്‍ച്ചകൂട്ടിയാണ് കെ.ഇ. ഏബ്രഹാം “മഹതിയാം ബാബിലോണ്‍ അഥവാ റോമാ മതം” എന്ന പുസ്തകം 1971-ല്‍ തയ്യാറാക്കിയത്.

അന്ധമായ കത്തോലിക്കാ വിരോധം തലയ്ക്കുപിടിച്ച ഒരുവന്‍റെ ജല്‍പ്പനങ്ങള്‍ പോലെ കത്തോലിക്കാ സഭയെയും പാരമ്പര്യ അപ്പൊസ്തൊലിക വിശ്വാസത്തെയുമെല്ലാം ഏബ്രഹാം തൻ്റെ പുസ്തകത്തിലുടനീളം പരിഹസിക്കുന്നതു കാണാം. ദൈവമാതാവിനോടുള്ള അയാളുടെ വെറുപ്പ് കുമിഞ്ഞുകൂടിയിരിക്കുകയാണ് ഈ പുസ്തകത്തിന്‍റെ ഓരോ താളിലും.

കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കെ.ഇ. ഏബ്രഹാം കേരളത്തില്‍ പെന്തക്കൊസ്തു വളര്‍ത്തിയത്. സുറിയാനി ക്രൈസ്തവരില്‍ ഒരു വിഭാഗം കാലാന്തരത്തില്‍ ചരിത്രപരമായ കാരണങ്ങളാല്‍ റോമിലെ മാര്‍പാപ്പായോടും (കത്തോലിക്കാ സഭ) മറ്റൊരു വിഭാഗം അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കീസിനോടും (ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭ) ചേര്‍ന്നു. എന്നാൽ കേരളത്തിൽ ഈ രണ്ടു വിഭാഗങ്ങളും സുറിയാനി പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാരമ്പര്യവിശ്വാസമാണ് പിന്തുടരുന്നത്. ലിറ്റര്‍ജിയിലും വിശ്വാസ വ്യാഖ്യാനങ്ങളിലും കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ചില അഭിപ്രായഭിന്നതകളുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരേ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന അപ്പൊസ്തൊലിക സഭകളാണ് രണ്ടും. എന്നാല്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളെ മനഃപൂര്‍വ്വം ഒഴിവാക്കി കത്തോലിക്കാ വിരോധം മാത്രമാണ് കെ.ഇ. ഏബ്രാഹം പ്രകടിപ്പിച്ചത്. എന്തായിരുന്നു അതിനു കാരണം?

റാല്‍ഫ് വുഡ്രോയുടെ പുസ്തകം വായിച്ച അറിവു മാത്രമാണ് കത്തോലിക്കാ സഭയെക്കുറിച്ചു കെ.ഇ. അബ്രഹാമിനുണ്ടായിരുന്നത്. റാല്‍ഫ് വുഡ്രോയുടെ പുസ്തകത്തെ ആസ്പദമാക്കിയും അതുകൂടാതെ അയാള്‍ സ്വന്തം തോന്നലുകളും ഭാവനകളും ഈ പുസ്തകത്തില്‍ ആവശ്യത്തിന് കുത്തിനിറക്കുകയും ചെയ്തു. അതിനാലാണ് യാക്കോബായ, ഓർത്തഡോക്സ് സഭകളെ അയാൾ പരിഹസിക്കാൻ കൂട്ടാക്കാതിരുന്നത്.

തെറ്റുതുരിത്തി റാല്‍ഫ് വുഡ്രോ, എന്നാല്‍

കെ.ഇ. ഏബ്രാഹം അതു കണ്ടില്ല ?

ബാബിലോണ്‍ മിസ്റ്ററി റിലിജിയന്‍ എന്ന പുസ്തകമെഴുതിയ റാല്‍ഫ് വുഡ്രോ നടത്തിയ തുടരന്വേഷണത്തില്‍ അദ്ദേഹം ഒരുകാര്യം കണ്ടെത്തി; ഹിസ്ലോപ്പിന്‍റെ പുസ്തകത്തെ ആസ്പദമാക്കി കത്തോലിക്കാ സഭയെ പരിഹസിച്ച തനിക്കു ഗുരുതരമായ തെറ്റുപറ്റിയെന്ന യാഥാര്‍ത്ഥ്യം റാല്‍ഫ് വുഡ്രോ തിരിച്ചറിഞ്ഞു. തനിക്കു തെറ്റുപറ്റിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്‍റെ വാദങ്ങളെല്ലാം പിന്‍വലിച്ചുകൊണ്ട് അയാള്‍ വേറൊരു പുസ്തകം പിന്നീട് 1997-ല്‍ എഴുതി പ്രസിദ്ധീകരിച്ചു. അതിന്‍റെ പേരാണ് The Babylon Connection?. ഈ പുസ്തകത്തില്‍ അദ്ദേഹം ഹിസ്ലോപ്പിനെ നിശിതമായി വിമര്‍ശിക്കുകയും അയാള്‍ കൊണ്ടുവന്ന വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് തന്‍റെ സത്യസന്ധത തെളിയിക്കുകയും ചെയ്തു.

എന്നാല്‍ റാല്‍ഫ് വുഡ്രോ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കെ.ഇ. അബ്രാഹം മരിച്ചുപോയിരുന്നു. എന്നാല്‍ ഈ തെറ്റുതിരുത്താനുള്ള ബാധ്യത ഐ.പി.സിയോ കെ.ഇ. ഏബ്രഹാമിന്‍റെ മക്കളോ പിന്‍ഗാമികളോ കാണിച്ചില്ല. ഈ സത്യമെല്ലാം മറച്ചുവച്ചുകൊണ്ടാണ് ഇന്നും കേരള ക്രൈസ്തവലോകത്ത് ഈ പുസ്തകം കത്തോലിക്കാ വിരോധം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ പെൻ്റക്കൊസ്റ്റ് കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷനില്‍ ഇന്നും ഏറെ വിറ്റഴിക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിന്‍റെ കുറഞ്ഞത് പത്തുലക്ഷത്തോളം കോപ്പികളെങ്കിലും ഇതിനോടകം അച്ചടിച്ച് വിതരണം ചെയ്തു കാണുമെന്ന് കരുതുന്നു. ഈ ഗ്രന്ഥം വായിക്കുന്നവര്‍ കത്തോലിക്കാ സഭയെയും സകലമാന അപ്പൊസ്തൊലിക സഭകളെയും വെറുക്കുകയും പെന്തക്കൊസ്ത് സംഘടനയാണ് പൂര്‍ണ്ണമായും ശരിയെന്നു കരുതി അതിലേക്ക് പോവുകയും ചെയ്യും. അത്രമേല്‍ വിഷലിപ്തമായിട്ടാണ് ഏബ്രഹാം അപ്പൊസ്തൊലികസഭകളെ ഈ ഗ്രന്ഥത്തില്‍ അവഹേളിച്ചിരിക്കുന്നത്.

കെ.ഇ. അബ്രഹാം കലക്കിയ സഭാവിരോധവും ദൈവമാതാവിനോടുള്ള വെറുപ്പും മലയാളി പെന്തക്കൊസ്തരുടെ മനസ്സു മുഴുവന്‍ വിഷലിപ്തമാക്കി. അതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ കണ്ടത്. “ഇന്നു മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തപ്പെടുമെന്നു” (ലൂക്ക 1:48) പറഞ്ഞ ദൈവമാതാവിനെ ഇക്കൂട്ടര്‍ “മറിയ” എന്ന് വെറുപ്പും പരിഹാസവും കലര്‍ന്ന പേരിൽ വിളിക്കുന്നതിന് ഇതാണ് കാരണം.

വിദ്യാസമ്പന്നരായ ഇന്നുള്ള പല പെന്‍റക്കൊസ്റ്റ് പാസ്റ്റര്‍മാരും അധ്യാപകരും സാധാരണ വിശ്വാസികളുമെല്ലാം “മറിയ” എന്നു മാത്രമേ ദൈവമാതാവിനെ വിളിക്കുകയുള്ളൂ. ഇത് ഒരുപക്ഷേ സകലക്രൈസ്തവര്‍ക്കും വിചിത്രമായി തോന്നിയേക്കാം. ഇതിനെല്ലാം കാരണം ഇവരുടെ മനസ്സില്‍ വിഷം കുത്തിവച്ച കെ.ഇ.ഏബ്രഹാമും അയാളുടെ പുസ്തകവുമാണെന്നു നിസ്സംശയം പറയാന്‍ കഴിയും. മറിയത്തെ മൊട്ടത്തോടായി കണക്കാക്കുന്നതാണ് ഇവിരുടെ മരിയോളജി. യേശു കഴുതപ്പുറത്തു കയറിയതിനാല്‍ കഴുതയേ ആരാധിക്കണമോ എന്നുള്ള കെ.ഇ.എബ്രാഹം ശൈലിയിലുള്ള ന്യായവാദങ്ങളാണ് പലപ്പോഴും ഇവരില്‍ പലരും മുന്നോട്ടു വയ്ക്കുന്നത്.

ദൈവമാതാവും

പ്രൊട്ടസ്റ്റന്‍റ് സഭകളും

കത്തോലിക്കാ സഭയെ പിളര്‍ത്തിയ മാര്‍ട്ടിന്‍ ലുഥറിലും അയാളുടെ വിപ്ലവവീര്യത്തിലും ആഹ്ലാദിക്കുന്ന പെന്‍റക്കൊസ്റ്റ് ബ്രദറണ്‍ വിഭാഗങ്ങള്‍ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ ജീവിതാവസാനം വരെയും മറിയത്തെ “ദൈവമാതാവ്” (Theotokos) എന്നായിരുന്നു വിളിച്ചിരുന്നത്. കത്തോലിക്കാ ദൈവശാസ്ത്രവുമായി ലൂഥര്‍ക്കു വലിയ അകലമുണ്ടായിരുന്നുവെങ്കിലും ലൂഥര്‍ സ്ഥാപിച്ച ലൂഥറന്‍ ചര്‍ച്ച് കന്യകാ മറിയം ദൈവമാതാവാണെന്ന് ഔദ്യോഗികമായി വിശ്വസിക്കുന്നു. മറ്റൊരു പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സഭയായ ആംഗ്ലിക്കന്‍ സഭയും ഔദ്യോഗികമായി മറിയത്തെ ദൈവമാതാവ് എന്ന് പഠിപ്പിക്കുന്നു.

ലൂഥറന്‍, ആംഗ്ലിക്കന്‍ സഭകള്‍ മുന്നോട്ടുവച്ചതാണ് ഇന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രം. പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രത്തെ കൂട്ടുപിടിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി പെന്‍റക്കൊസ്റ്റുകളും ബ്രദറുകാരും ദൈവമാതാവിനെ സംബന്ധിച്ചു പ്രൊട്ടസ്റ്റന്‍റുകള്‍ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്നറിയാന്‍ ഇനിയെങ്കിലും ശ്രമിക്കണം. ക്രൈസ്തവരുടെ ഇടയില്‍ വെറുപ്പും പരിഹാസവും പ്രചരിപ്പിക്കുന്ന പൈശാചികതയുടെ വിത്തുപാകിയ കെ.ഇ. ഏബ്രഹാമിനെയും അയാളുടെ പുസ്തകത്തെയും തള്ളിക്കളയുവാനും സത്യാന്വേഷികളാകുവാനും നിങ്ങള്‍ തയ്യാറാകണം. കത്തോലിക്കാ സഭയും കേരളത്തിലെ സുറിയാനി സഭകളും എന്താണ് വിശ്വസിക്കുന്നതെന്നും പഠിപ്പിക്കുന്നതെന്നും ദൈവമാതാവിനെ സംബന്ധിച്ച് എന്താണ് തങ്ങളുടെ വിശ്വാസബോധ്യങ്ങളെന്നും അറിയാന്‍ മുന്‍വിധികള്‍ മാറ്റിവച്ച് പഠിക്കണം. ഈ വിഷയത്തില്‍ നിങ്ങള്‍ക്കു ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, അത് തിരുത്തുവാന്‍ തയ്യാറാകത്തിടത്തോളം ദൈവവചനത്തോടും ദൈവിക വ്യവസ്ഥിതിയോടുമായിരിക്കും നിങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നത് എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്