ആരോഗ്യം, സൗഖ്യം, രക്ഷ

2016 – ലെ ജൂലൈ മാസത്തിലാണ് ആരോഗ്യം എന്ന വിഷയം ഒരു ആകുലതയായി അനുഭവപ്പെട്ടത്.

ബൈബിൾ പഠനത്തിന്റെ ഭാഗമായുള്ള ഇസ്രായേൽ യാത്രയിൽ വച്ചുണ്ടായ ഒരു അപകടത്തിലാണ് ശരീരം, ആരോഗ്യം, മരണം തുടങ്ങിയ ചിന്തകൾ എന്നിൽ കലശലായത്.

രണ്ടു ദിവസം ജെറുസലേമിലെ ഒരു മെഡിക്കൽ കോളേജിൽ ബോധമില്ലാതെ കിടന്നു. പിന്നീട് ഐസിയു വാർഡിൽ ഏകനായി, ആശുപത്രി ഉപകരണങ്ങളുടെ സ്വരം മാത്രം ശ്രവിച്ച് അനങ്ങാതെയുള്ള കിടപ്പ്. ആ അനുഭവങ്ങൾ സമ്മാനിച്ചത് ചില ബോധ്യങ്ങളായിരുന്നു. മാത്രമല്ല, മരണത്തിന്റെ പടിവാതിൽ വരെ എത്തിയതിനുശേഷം തിരിച്ചു വരുന്നവനു കിട്ടുന്ന ഒരു ധൈര്യമുണ്ടല്ലോ, അതൊരു ദൈവിക സമ്മാനമായി അനുഭവപ്പെട്ടു. അങ്ങനെ കിട്ടിയ ആത്മധൈര്യത്തിലാണ് എന്റെ ജീവിതം .

ജീവിക്കേണ്ടത് ഞാനാണ്. മറ്റുള്ളവരല്ല; മറ്റുള്ളവർ എന്തു വിചാരിക്കും, എന്തും പറയും എന്ന ചിന്തയിൽ ഞാൻ എന്തായിരിക്കുന്നുവൊ അതിനു വിട്ടുവീഴ്ച്ച ചെയ്യേണ്ട കാര്യമില്ല; മരണമെന്ന യാഥാർത്ഥ്യം തൊട്ടരികിലുണ്ട്. അതുകൊണ്ട് ആവുന്നതും നന്മയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം കൊടുക്കുക; വ്യക്തി ബന്ധങ്ങളിൽ ആർദ്രതയ്ക്ക് മുൻതൂക്കം നൽകുക എന്നീ ചിന്തകൾ രൂഢമൂലമായത്.

മരണത്തെ കുറിച്ചു ആഴമായി പഠിക്കണം എന്ന ചിന്തയുമായി നടന്നിരുന്ന എനിക്ക് ജറുസലേമിലെ ആശുപത്രി വാസം ഒരു ബോണസ് അനുഭവമായിരുന്നു. എങ്കിൽ പിന്നെ ബൈബിൾ വിജ്ഞാനീയത്തിൽ ഞാൻ ചെയ്യുന്ന ബിരുദാനന്തര പഠനം മരണത്തെ കുറിച്ചു തന്നെയാകട്ടെ എന്നു കരുതി. അങ്ങനെയാണ് യോഹന്നാന്റെ സുവിശേഷത്തിലെ മരണ സംബന്ധിയായ പദങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ച് ഒരന്വേഷണത്തിനു മുതിർന്നത്. അങ്ങനെ ഏകദേശം അഞ്ചു വർഷക്കാലം റോമിലെ ബിബ്ലിക്കുമിലെ ലൈബ്രറിയിൽ തന്നെയായിരുന്നു വാസം എന്നു പറയാം. പക്ഷെ മരണത്തെ കുറിച്ചുള്ള ചിന്തകളും പുസ്തകങ്ങളും മാത്രമായി ജീവിതം ഒതുങ്ങിയപ്പോൾ ശരീരത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും പൂർണ്ണമായി മറന്നു പോയി.

അങ്ങനെയിരിക്കുമ്പോഴാണ് 2020 ആഗസ്റ്റ് മാസത്തിന്റെ അവസാനം തലയിൽ ഒരു മുഴ വന്നത്. വേദനയൊന്നുമില്ലാത്ത സുന്ദരനായ മുഴ. ഒന്നര മാസത്തോളം ഞാൻ അതും കൊണ്ടു നടന്നു. പിന്നീട് സെപ്തംബർ അവസാനത്തോടെ ഡോക്ടറെ കാണിച്ചപ്പോൾ പെട്ടെന്ന് തന്നെ സർജറി വേണമെന്ന് പറഞ്ഞു. ഉള്ളിലേക്ക് വളരുന്ന മുഴയായിരുന്നു അത്. മാത്രവുമല്ല, ആ മുഴയിലെ ചില അവശിഷ്ടങ്ങളെടുത്ത് ബയോപ്സിക്ക് വിട്ടപ്പോൾ കിട്ടിയ റിസൽട്ട് പോസിറ്റീവും. കേട്ടപാടെ ആദ്യം സർജറി നടത്തിയ സ്ഥലത്ത് വീണ്ടും ഒരെണ്ണം കൂടി നടത്തി. പിന്നെയും ബയോപ്സിക്ക് അയച്ചു. രണ്ടാമത്തേത് നെഗറ്റീവായിരുന്നു. ട്യൂമർ പടർന്നിട്ടില്ല.

കീമോതെറാപ്പി ചെയ്യേണ്ടി വരുമെന്നു ആദ്യം പറഞ്ഞെങ്കിലും പിന്നെ ചില മരുന്നുകളിൽ കാര്യങ്ങൾ ഒതുങ്ങുകയായിരുന്നു. 2020 ഒക്ടോബർ മാസം വേദനയുടെ നാളുകളായിരുന്നു. പക്ഷെ ആ ദിനങ്ങളിലായിരുന്നു മരണത്തെ കുറിച്ചുള്ള ദൈവശാസ്ത്രപരമായ എന്റെ കാഴ്ച്ചപ്പാടുകൾക്ക് പുതുമ ലഭിച്ചതായി അനുഭവപ്പെട്ടത്. അങ്ങനെ പ്രബന്ധത്തിന്റെ ഭാഗമായി ഏകദേശം മുപ്പതോളം പേജുകൾ എഴുതുവാനുള്ള കൃപ തമ്പുരാൻ തന്നു. മാത്രവുമല്ല, ആരോഗ്യം ദൈവം തരുന്ന ദാനമാണെന്നും അതിനെ പരിപോഷിപ്പിക്കുകയെന്നത് നമ്മുടെ എല്ലാവരുടെയും കടമയുമാണെന്ന ഡോക്ടറുടെ ഉപദേശം ഇത്തിരി സമയം വ്യായാമങ്ങൾക്ക് കൊടുക്കാൻ എന്നെ പ്രാപ്തനാക്കി.

ആരോഗ്യമുള്ള മനസ്സ്, ശരീരം, ആത്മാവ്. സെമിനാരി കാലയളവിൽ നിരന്തരം കേട്ടിരുന്ന ഉപദേശങ്ങൾ ഈ ദിവസങ്ങളിൽ മനസ്സിലേക്ക് കടന്നു വരുന്നുണ്ട്. മൂന്നും പരസ്പരപൂരകമാണെന്നും ഒന്നു തളർന്നാൽ മറ്റുള്ളവകളും തളരാൻ സാധ്യതയുണ്ടെന്നും അതിനാൽ മൂന്നിനേയും പരിപോഷിപ്പിക്കുകയെന്നത് ആത്മീയ ഉത്തരവാദിത്തമാണെന്ന പഴയകാല ഉപദേശങ്ങൾ വീണ്ടും മനസ്സിലേക്ക് വരുന്നു. അതെ, ഉണർന്നിരിക്കുന്ന ആത്മാവാണ് ആരോഗ്യ ലക്ഷണം. സ്നേഹത്തിന്റെ പരിമളം നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്നാൽ മാത്രമേ തുടിക്കുന്ന മനുഷ്യ സ്വത്വത്തിനുള്ളിലെ ആത്മാവിനെ പരിചരിക്കാനും പരിപോഷിപ്പിക്കാനും സാധിക്കു. അപ്പോഴും അസ്വസ്ഥമാക്കുന്ന ഒരു വചനഭാഗമുണ്ട്. ജോബിന്റെ പുസ്തകം 2:4-5 ആണത്. “ചർമത്തിനു പകരം ചർമം! ജീവനുവേണ്ടി തനിക്കുള്ളതെന്തും മനുഷ്യൻ ഉപേക്ഷിക്കും. അങ്ങ് അവന്റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുക; അപ്പോൾ അവൻ അങ്ങയെ ദുഷിക്കും”. സാത്താന്റെ വെല്ലുവിളിയാണിത്. ദൈവത്തിനു സാത്താനും ഇടയിൽ പെട്ടുപോയവനാണ് ജോബ്. ആരുടെയൊക്കെയോ വാതുവയ്പ്പിൽ ശരീരം അടിമുതൽ മുടിവരെ വ്രണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു നിഷ്കളങ്ക കഥാപാത്രം. ആരോഗ്യം ക്ഷയിച്ച് ഇല്ലാതാകുന്നത് കാണുമ്പോൾ ദൈവത്തെയും ശപിച്ച് മരണത്തിൻ്റെ പാതയിലേക്ക് അവനും ഇറങ്ങാമായിരുന്നു. പക്ഷേ അവനത് ചെയ്യുന്നില്ല.

നൊമ്പരങ്ങളെ തിന്മയുടെ പര്യായമായി കരുതിയ പാരമ്പര്യത്തിനു ഒരു നീതിമാന്റെ വേദനകളെ ന്യായീകരിക്കാൻ ഒരു പ്രാപഞ്ചിക പന്തയത്തിന്റെ കഥ മെനയേണ്ടി വന്നു. എന്നിട്ടും കഥയുടെ അവസാനം സങ്കടക്കടൽ താണ്ടിയ ജോബിന് ദൈവത്തിൻ്റെ ചില ചോദ്യങ്ങളുടെ മുന്നിൽ വാപൊത്തി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. വീണ്ടും താളുകൾ മറിച്ചു മുന്നോട്ടു പോകുമ്പോൾ കുരിശിന്റെ നിഴലു പതിഞ്ഞ ഗെത്സെമനിയിലിരുന്നു മറ്റൊരു നിഷ്കളങ്കൻ ഏങ്ങലടിക്കുന്നുണ്ട്. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുർബലമെന്നതായിരുന്നു അവന്റെയും ആകുലത. എന്നിട്ടും എന്റെ ഇഷ്ടമല്ല നിന്റെ ഹിതം എന്നിൽ നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടവൻ വികൃതമാക്കപ്പെട്ട തന്റെ ശരീരവും പേറി ഗാഗുൽത്തായിലേക്ക് ഇഴഞ്ഞു കയറുന്നു. അത് കണ്ടതിനുശേഷമാണ് സ്വന്തം തടി നോക്കി ഓടിയൊളിച്ചൊരു ശിഷ്യൻ പിന്നീട് കുറിച്ചത്: “അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1പത്രോ 2:24).

ജീവിതകാലം മുഴുവനും തന്റെ അരികിൽ വന്നവർക്ക് ആയുരാരോഗ്യം പകർന്നു നൽകിയവനാണ് മുറിവേറ്റ് കുരിശിൽ കിടക്കുന്നത്. അവന്റെ നിഴലെങ്കിലും പതിയുന്നതിനുവേണ്ടി രോഗികൾ കാത്തുനിന്നിരുന്നു. ഇപ്പോഴിതാ അരുമ ശിഷ്യൻ പറയുന്നു അവന്റെ മുറിവുകളിൽ നിന്നാണ് സൗഖ്യത്തിന്റെ പ്രവാഹം നിർഗ്ഗളമായി ഒഴുകിയതെന്നു. അതെ, കുരിശിലാണ് യഥാർത്ഥ സൗഖ്യം. മുറിവിലാണ് ആരോഗ്യം. അവന്റെ മുറിവിൽ നമ്മുടെ ആരോഗ്യം. നമ്മുടെ രക്ഷ. അങ്ങനെ നോക്കുമ്പോൾ അവൻ നൽകിയ എല്ലാ സൗഖ്യങ്ങളും കുരിശിലേക്കുള്ള ഒരു ചൂണ്ടുവിരൽ ആയിരുന്നില്ലേ? അവൻ നൽകിയ എല്ലാ സൗഖ്യങ്ങളും കുരിശുമരണത്തിന്റെ പ്രാഗ്‌രൂപങ്ങളായിരുന്നില്ലേ? അതെ, അവയെല്ലാം സാമ്പിളുകൾ മാത്രമായിരുന്നു. യഥാർത്ഥ സൗഖ്യം അവന്റെ മുറിവിലായിരുന്നു. അപ്പോൾ മുറിവിൽ പോലും വിരലിടണമെന്ന ശാഠ്യത്തെ എങ്ങനെ വ്യാഖ്യാനിക്കണം? വിരലിടുവാൻ ആഗ്രഹിച്ചവൻ സംശയിച്ചത് രക്ഷയെയല്ലേ?

ഇല്ല. ചോദ്യങ്ങൾ അധികമില്ല. ആരോഗ്യം ഒരു വിഷയമാകുമ്പോൾ ഒരു കാര്യം മാത്രം ഉള്ളിൽ പതിഞ്ഞു കിടക്കട്ടെ: അവന്റെ മുറിവിനാൽ നമ്മൾ സൗഖ്യള്ളവരാക്കപ്പെട്ടിരിക്കുന്നു.

///ഫാ . മാർട്ടിൻ N ആന്റണി ///

പിൻകുറിപ്പ്:- പുനെ പൊന്തിഫിക്കൽ സെമിനാരിയിലെ ചിമിഴ് എന്ന ഈ-മാഗസിനുവേണ്ടി എഴുതിയത്.

നിങ്ങൾ വിട്ടുപോയത്