mater populi fidelis: അവസാനിക്കാത്ത ചർച്ചകൾ!
വിശ്വാസ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ mater populi fidelis എന്ന കുറിപ്പിന് ലോകമെമ്പാടും നിന്നുള്ള പ്രതികരണങ്ങൾ ഇപ്പോഴും തുടരുകയാണ്.
നിരവധിയായ ഭാഷകളിലുള്ള ചർച്ചകളിലൂടെ വ്യക്തമാകുന്നത് പരിശുദ്ധ മറിയത്തിനുള്ള പ്രാധാന്യം കത്തോലിക്കാസഭയിൽ വളരെ വലുതെന്നാണ്. മറിയത്തിന്റെ പ്രാധാന്യം അല്പം കുറക്കണമോ അഥവാ ഇനി കുറയുമോ എന്നൊക്കെയാണ് പലരുടെയും സംശയങ്ങൾ. സഭയിൽ പരിശുദ്ധ മറിയത്തിന്റെ സ്ഥാനം മാറ്റമില്ലാതെ നിലനിൽക്കണമെന്നും എന്നാൽ മറിയത്തെ വണങ്ങുകയും ആദരിക്കയും ചെയ്യുന്ന രീതിയിൽ പലയിടങ്ങളിലും മാറ്റം അനിർവാര്യമാണെന്നുമാണ് സഭയുടെ ഇപ്പോഴത്തെ നിലപാട് എന്നുവേണം ഡികാസ്റ്ററിയുടെ 2025 നവംബർ നാലിന് പ്രസിദ്ധീകരിച്ച കുറിപ്പിൽനിന്നും മനസിലാക്കാൻ. അതായത് പരിശുദ്ധ മറിയത്തെ ദൈവമാക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്ന്.
അതുകൊണ്ട് mater populi fidelis ഇന്ന് പ്രസക്തമാണ്.
എന്നാൽ പാരമ്പര്യവാദിയായ ബിഷപ്പ് ഷ്നൈഡർ പറഞ്ഞത് നിരവധി മാർപ്പാപ്പാമാരും
കർദിനാൾ ന്യുമാനെപ്പോലുള്ള നിരവധി വിശുദ്ധരും ഉപയോഗിച്ച ‘മറിയം സഹരക്ഷക’ എന്ന വിശേഷണം ഇനി പാടില്ല എന്ന് പറയുമ്പോൾ മറിയത്തെ സഹരക്ഷക എന്നു വിളിച്ച മാർപ്പാപ്പാമാരെയും വിശുദ്ധരെയും ഈ ഡികാസ്റ്ററി അപലപിക്കയാണ് എന്നാണ്. അത് അധികാരത്തിന്റെയും ഓഫീസിന്റെയും ദുര്യുപയോഗമാണ് എന്നുപറയാനും ബിഷപ്പ് ഷ്നൈഡർ തുനിഞ്ഞു. ഡികാസ്റ്ററിയുടെ കുറിപ്പ് ഒരു പ്രാമാണരേഖ അല്ലെന്നും അത് വളരെ താഴ്ന്ന തലത്തിലുള്ള ഒരു നിർദേശമാണെന്നും അതുകൊണ്ട് ഉന്നയിക്കപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ഇനിയും സിനഡൽ രീതിയിൽ തുടരാമെന്നുമാണ് ബിഷപ്പ് ഷ്നയിഡറിന്റെ നിലപാട്. എന്നിരുന്നാലും ഡികാസ്റ്ററിയുടെ ഇങ്ങനെയൊരു കുറിപ്പ് ക്രൈസ്തവസഭയുടെ അടിസ്ഥാനവിശ്വാസപരമ്പര്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദേശങ്ങളെ ഹൃദയത്തിൽ ഉൾക്കൊള്ളുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ട് ക്രൈസ്തവസഭയുടെ ആരംഭ ചൈതന്യം നിലനിർത്താനാവശ്യമായ ബോധവൽക്കരണമാണ് തുടരേണ്ടത്.
1.ആദിമസഭയും മരിയൻ ഭക്തിയും
വിശുദ്ധ ഗ്രന്ഥത്തിൽ പ്രകടമായ ആദിമ ക്രൈസ്തവരുടെ വിശ്വാസവും ജീവിത ശൈലിയും ജീവിത വീക്ഷണവുമാണ് ഇന്നും എന്നും ക്രൈസ്തവർക്ക് മാതൃക. അവർ ക്രിസ്തുവിനെ കർത്താവും നാഥനുമായി സ്വീകരിച്ചു. ഈശോ ദൈവപുത്രനാണ്, ഈശോ ക്രിസ്തുവാണ്, ഈശോ മനുഷ്യപുത്രനാണ് എന്നൊക്കെയുള്ള വിശ്വാസമായിരുന്നു അവരുടേത്. ഈശോയുടെ കാലം മുതലുള്ളതും പുതിയനിയമ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ വിശ്വാസമാണിത്. അവരുടെ വിശ്വാസം ദൃഢമായിരുന്നെങ്കിലും അതിൽ ഒട്ടനവധി വ്യതിചലനങ്ങളും വ്യത്യസ്തതകളും നിലനിന്നിരുന്നു. അതുകൊണ്ടാണ് എ. ഡി. 325- ൽ ഈശോ “പൂർണ്ണ ദൈവവും പൂർണ്ണമനുഷ്യനും” ആണെന്ന വിശ്വാസം കത്തോലിക്കാസഭ നിഖ്യ സൂനഹദോസിലൂടെ വിശ്വാസസത്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കത്തോലിക്കരായി തുടരാൻ ഈ വിശ്വാസസത്യം ഏറ്റുപറഞ്ഞാൽ മതിയാകുമായിരുന്നു. പിന്നീട് എ ഡി 431- ൽ എഫേസൂസ് കൗൺസിലിൽ മറിയം ദൈവമാതാവെന്നും 649 -ൽ ലാറ്ററൽ കൗൺസിൽ മറിയം കന്യക എന്നും വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ചു. പിന്നീട് ദീർഘമായ ആയിരത്തിലധികം വർഷങ്ങൾ മരിയഭക്തി തുടർന്നുവെങ്കിലും പുതിയ ഡോഗ്മാകളോ ഇന്ന് നിലവിലുള്ള പല ഭക്തി- പ്രാർത്ഥനാരീതികളോ ഉണ്ടായിരുന്നില്ല. ക്രൈസ്തവസഭയുടെ ആദിമനൂറ്റാണ്ടിലെ ചൈതന്യമാണ് മാതൃകയായി സഭ ഇന്നും പൊതുവെ സ്വീകരിക്കുന്നത്.
2.മധ്യശതകവും മരിയൻ ഭക്തിയും
പൗരാണികതയുടെ അന്ത്യവും ആധുനികതയുടെ ആരംഭവും മുദ്രപ്പെടുത്തിയ മധ്യശതകം ഇന്നത്തെ രീതിയിലുള്ള മരിയൻ ഭക്തിയുടെ വിളനിലമായിരുന്നില്ല. മധ്യശതകത്തിൽ കത്തോലിക്കാസഭയിൽ പല സമർപ്പിതസഭകളും സമൂഹങ്ങളും മാതാവിന്റെ പേരിൽ രൂപീകൃതമായി. മരിയഭക്തിയുടെ മധ്യശതകത്തിലെ രൂപഭാവങ്ങൾ അവ പ്രകടമാക്കി. കത്തോലിക്കാസഭയ്ക്ക് ഊർജവും ഉണർവും നൽകിയത് കർമലീത്താക്കാർ മുതൽ അഭയാർഥികളുടെ മാതാവിന്റെ ദാസരുടെ സഭ വരെയുള്ള ഈ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി സമർപ്പിത സമൂഹങ്ങളായിരുന്നു. ഇന്നും കത്തോലിക്കാസഭയുടെ അദ്ധ്യാൽമികതയെയും ഭക്തിപ്രസ്ഥാനങ്ങളെയും സ്വാധീനിച്ചും തിട്ടപ്പെടുത്തിയും മാതാവിന്റെ പേരിലുള്ള നിരവധിയായ സഭകൾ പ്രസക്തങ്ങളായി നിലകൊള്ളുന്നു.
3.ആധുനിക കാലവും മരിയൻ ഭക്തിയും
ആധുനിക കാലഘട്ടം പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെയാണ്. ഈ കാലഘട്ടത്തിന്റെ 1500 മുതൽ 1800 വരെയുള്ള കാലഘട്ടത്തെ ആദ്യകാല ആധുനിക കാലഘട്ടമെന്നും 1800 മുതൽ 1945 വരെയുള്ള കാലഘട്ടത്തെ അവസാനകാല ആധുനിക കാലഘട്ടമെന്നും തിരിക്കുന്നു. നവോത്ഥാനം, നവീകരണം, ജ്ഞാനോദയം, വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ (Renaissance, Reformation, Enlightenment, the Industrial Revolution, and the World Wars) തുടങ്ങിയവ ആധുനിക കാലഘട്ടത്തിന്റെ സംഭവനകളായിരുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾക്ക് പ്രചാരം ലഭിച്ച ഈ കാലഘട്ടത്തിൽ മതനിഷേധവും ദൈവനിഷേധവും യുക്തിബോധവും എവിടെയും സ്വാധീനശക്തിയും നിർണ്ണായകവുമായി. യുക്തിബോധവും സ്വതന്ത്ര്യബോധവും കത്തോലിക്കാസഭയുടെ പല നിലപാടുകളെയും ചോദ്യം ചെയ്യാനും തള്ളിപ്പറയാനും തുടങ്ങി. നവീകരണപ്രസ്ഥാനത്തിലൂടെ കത്തോലിക്കാസഭയുടെ നല്ലൊരുഭാഗം പ്രൊട്ടസ്റ്റന്റായി മാറിയതും ആധുനികയുഗത്തിലാണ്. നവീകരണത്തിന്റെ വക്താക്കളായ പ്രൊട്ടസ്റ്റന്റുകാർ ദൈവചനത്തിനും വചനവ്യാഖ്യാനത്തിനും പ്രാധാന്യം കൊടുക്കുകയും മരിയൻ ഭക്തി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ട്രെന്തോസ് സൂനഹദോസ് (1545-1563) കത്തോലിക്കരെ പ്രൊട്ടസ്റ്റന്റുകാരിൽനിന്നും സംരക്ഷിച്ചു് കത്തോലിക്കാവിശ്വാസത്തിൽ നിലനിർത്താനുദ്ദേശിച്ചുള്ളതായിരുന്നു. ത്രെന്തൊസ് സൂനഹദോസിനു ശേഷമാണ്
നവോത്ഥാനവും, നവീകരണപ്രസ്ഥാനവും, ജ്ഞാനോദയവും, വ്യാവസായിക വിപ്ലവവും ലോകമാകയുദ്ധങ്ങളുമൊക്കെ യൂറോപ്പിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും മനഃസാക്ഷിയെയും ജീവിതത്തെയും അമിതമായി സ്വാദീനിച്ചത്. മരിയഭക്തി ഇന്നത്തെ രീതിയിലേക്ക് വളർന്ന ഈ കാലഘട്ടത്തെ ആദ്യകാല അധുനിക യുഗമെന്നും (early modern period: 1600-1800) അവസാനകാല അധുനിക യുഗമെന്നും (late modern period: 1800-1945) രണ്ടായി തിരിക്കാം.
4.ആദ്യകാല അധുനിക യുഗവും മരിയൻ ഭക്തിയും
ഇന്ന് നിലവിലുള്ള പല മരിയൻ പ്രാര്ഥനകളുടെയും ഭക്തി-പ്രാർത്ഥനാരീതികളുടെയും ഉദയകാലഘട്ടമായിരുന്നു ഇത്. ആദ്യകാല ആധുനിക ലോകത്തിന്റെ (1500-1800) ഗതി നിശ്ചയിച്ച നവോത്ഥാനത്തിന്റെയും, നവീകരണപ്രസ്ഥാനത്തിന്റെയും, ജ്ഞാനോദയത്തിന്റെയും, വ്യാവസായിക വിപ്ലവത്തിന്റെയും ദശകങ്ങളിലാണ് നന്മനിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ മൂലവാചകം പൂർണ്ണമാകുന്നത്. നന്മനിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ ഒന്നാം ഭാഗം ആറാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നെങ്കിലും അതിന്റെ രണ്ടാം ഭാഗം അതായത് “ഞങ്ങളുടെ മരണസമയത്തും” എന്ന ഭാഗം 1568 -ൽ പിയൂസ് അഞ്ചാമൻ മാർപ്പാപ്പായാണ് ഔദ്യോഗികമായി കൂട്ടിച്ചേർത്തത്. അതായത് മരിയൻ ഭക്തിയിൽ ഏറ്റവും പ്രധാനപ്പെട്ട “നന്മനിറഞ്ഞ മറിയമേ” എന്ന പ്രാത്ഥനയുടെ പൂർണ്ണരൂപം ആധുനികയുഗത്തിലാണ് രൂപീകൃതമാകുന്നത്.
അതുപോലെ പരിശുദ്ധ മറിയത്തെ അനുസ്മരിക്കുന്ന “കർത്താവിന്റെ മാലാഘ” (angelus) 1263 -ൽ വി. ബൊനവന്തുരായുടെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻസ് ആദ്യമായി പ്രാർഥിച്ചു തുടങ്ങിയിരുന്നുവെങ്കിലും “കർത്താവിന്റെ മാലാഘ” (angelus) എന്ന പ്രാർത്ഥനാരൂപം പ്രാർത്ഥിക്കാൻ സെലിസ്റ്റ് മൂന്നാമൻ മാർപ്പാപ്പ ഔദ്യോഗികമായി നിർദേശിക്കുന്നത് 1456- ലാണ്. അന്നത് ത്രികാലജപമായിട്ട് ആയിരുന്നില്ല. ഈ പ്രാർത്ഥന ത്രികാലജപമാകുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഇന്നത്തെ രൂപം ലഭിച്ചത് 1571 നു ശേഷമാണ്. അതായത് ത്രികാലജപവും ആധുനികയുഗത്തിന്റെ സംഭാവനയാണ്.
വി. ഡൊമിനിക് പരിശുദ്ധ മറിയത്തിന്റെ ജപമാല തുടങ്ങിയത് പതിമൂന്നാം നൂറ്റാണ്ടിലാണ്. മാതാവ് വി. ഡൊമിനിക്കിന് കൊന്ത കൊടുത്തുവെന്ന് പറയുന്നത് 1208- ലാണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ പിയൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് അഞ്ചു രഹസ്യങ്ങളും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുമായി ഇന്നത്തെ രൂപത്തിൽ ക്രമപ്പെടുത്തിയ ജപമാല ഔദ്യോഗികമായി അംഗീകരിക്കുന്നത്. അതായത് പ്രധാനപ്പെട്ട മരിയൻ പ്രാർത്ഥനകൾ ആരംഭകാല ആധുനിക യുഗത്തിന്റെ സംഭാവനകളാണ്. അന്നത്തെ വെല്ലുവിളികൾ നേരിടാൻ ഇവ സഭയെ സഹായിച്ചു എന്ന് വിശ്വസിക്കാം.
5.അവസാനകാല അധുനിക യുഗവും മരിയൻ ഭക്തിയും
പുതിയ രണ്ട് മരിയൻ ഡോഗ്മാകളുടെയും മാതാവിന്റെ നിരവധി പ്രത്യക്ഷീകരണങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്.
അവസാനകാല അധുനിക യുഗത്തിലാണ് (1800-1945) മാതാവിനെക്കുറിച്ചുള്ള അമലോത്ഭവ (1854) സ്വർഗ്ഗാരോപിത (1950) എന്നീ രണ്ട് വിശ്വാസസത്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത്.
മാതാവ് ആദ്യം പ്രത്യക്ഷപ്പെടുന്നത് എ ഡി 40-ൽ സ്പെയിനിലെ സരഗോസ (Zaragosa) യിൽ അപ്പസ്തോലനായ വി യാക്കോബിനാണെന്നാണ് പാരമ്പര്യം. പരിശുദ്ധ മറിയം മരിച്ചുവെന്ന് കരുതപ്പെടുന്ന വർഷവും എ. ഡി. 40 ആണ്. ആദിമകാലം മുതൽ മാതാവ് പ്രത്യക്ഷപ്പെട്ടതായി പാരമ്പര്യം ഉണ്ടെങ്കിലും പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപ്പെടൽ 1930 മുതലാണ് സഭ ഔദ്യോഗികമായി അംഗീകരിച്ചു തുടങ്ങിയത്. അതായത് ആധുനികകാലത്തിന്റെ അവസാനഘട്ടത്തിൽ. ഫ്രാൻസിലെ ലൂർദിലും ലാസലേറ്റിലും പാരീസിലും പോർട്ടുഗലിലെ ഫാത്തിമയിലും ബൽജിയത്തെ ബാനോയിലുമൊക്കെ മാതാവ് പ്രത്യക്ഷപ്പെടുന്നത് അവസാനകാല ആധുനിക യുഗത്തിലാണ്. പാരീസിലേത് 1830- ലും ലൂർദിലേത് 1858- ലും ലാസലേറ്റിലേത് 1846-ലും ബൽജിയത്തെ ബാനോയിലേത് 1933-ലും (Banneux) പോർട്ടുഗലിലെ ഫാത്തിമയിലേത് 1917-ലുമാണ്. 1531 -ൽ മാതാവ് ഗുഡലുപ്പേയിൽ (guadalupe) പ്രത്യക്ഷപ്പെട്ടത് ആദ്യകാല ആധുനികയുഗത്തിലാണ്. പതിനാറാം നൂറ്റാണ്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ട വേളാങ്കണ്ണിയും ആദ്യകാല ആധുനികയുഗമാണ്.
അതായത് മാതാവിനെക്കുറിച്ച് കത്തോലിക്കാസഭ പുറപ്പെടുവിച്ച നാല് വിശ്വാസസത്യങ്ങളിൽ പകുതിയും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് പ്രശസ്തമായ തീർത്ഥാടനകേന്ദ്രങ്ങളായി നിലനിൽക്കുന്നവയുമെല്ലാം ആധുനികയുഗത്തിന്റെ സംഭാവനയാണ്. നവോത്ഥാനത്തിന്റെയും നവീകരണപ്രസ്ഥാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും രീതികളോടുള്ള ദൈവവിശ്വാസികളുടെയും മതനേതൃത്വത്തിനെയും പ്രതികരണം ഈ അനുഭങ്ങളോടുള്ള സഭയുടെ പ്രതികരണത്തിൽ പ്രകടമാണ്.
മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ ലഭിക്കുന്ന ആൽമീയ പ്രഭയും പ്രസരിപ്പും മറ്റൊരിടത്തും ഇല്ലെന്നുതന്നെയാണ് എന്റെ അഭിപ്രായം.
ആധുനികാനന്തരയുഗവും സത്യാനന്തരയുഗവും ആണിപ്പോഴുള്ളത്. ആധുനികയുഗത്തിൽ വെല്ലുവിളികളെ നേരിടാൻ അന്നത്തെ മനുഷ്യർക്ക് ലഭിച്ച പ്രതിവിധികളിൽ ചിലത് ആയിരുന്നു മാതാവിന്റെ പ്രത്യക്ഷപ്പെടലുകളും അന്ന് രൂപീകൃതമായ പ്രാർത്ഥനകളും ഭക്തകൃത്യങ്ങളും വിശ്വാസസത്യപ്രഖ്യാപനങ്ങളും. ആധുനികാനന്തരയുഗവും സത്യാനന്തരയുഗവും മുന്നോട്ടുവെക്കുന്ന വെല്ലുവിളികളെ നേരിടാൻ ഇവ മതിയാകുമോ? ആധുനികാനന്തരയുഗത്തിലും സത്യാനന്തരയുഗത്തിലും ജീവിക്കുന്ന ഇന്നത്തെ മനുഷ്യർക്ക് എല്ലാവർക്കും മധ്യശതകത്തിലെയും ആധുനികയുഗത്തിലെയും സഹായനിർദേശങ്ങളും അദ്ധ്യാൽമിക പ്രതിവിധികളും ഉപകരിക്കുമോ? കാലഘട്ടത്തിനനുസരിച്ചുള്ള യുക്തിയും ഭക്തിയും ഒന്നിച്ചുപോകണമെന്ന ദർശനവും mater populi fidelis എന്ന കുറിപ്പിന് പിന്നിൽ പരോക്ഷമായിട്ടെങ്കിലും ഉണ്ടെന്നുവേണം വേണം കരുതാൻ.
ജോസഫ് പാണ്ടിയപ്പള്ളിൽ

mater populi fidelis:
“വിശ്വാസികളുടെ മാതാവ്” എന്ന കുറിപ്പ് അനിർവാര്യമായിരുന്നോ?
“വിശ്വാസികളുടെ മാതാവ്” എന്ന പേരിൽ വത്തിക്കാനിലെ വിശ്വാസ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി പ്രസിദ്ധീകരിച്ച കുറിപ്പിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി പ്രതികരണങ്ങളാണ് കുറിപ്പുകളായും പ്രഭാഷണങ്ങളായും ഇതിനകം ഇറങ്ങിയിട്ടുള്ളത്.
ഞാനും ഈ പേജിൽ അതിനെ പിന്തുണച്ചും വിശദീകരിച്ചും ഉടനെതന്നെ ചെറിയൊരു കുറിപ്പെഴുതിയിരുന്നു.
നിരവധി ദൈവശാസ്ത്രജ്ഞരും ഭക്തരും വിശ്വാസികളും ഡിക്കാസ്റ്ററിയുടെ ഈ കുറിപ്പിനെപ്പറ്റി വിലയിരുത്തലുകളും അഭിപ്രായ പ്രകടനങ്ങളും നടത്തിയെന്ന് മാത്രമല്ല സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് ഞായറാഴ്ച ദേവാലയങ്ങളിൽ വായിക്കാനായി ഒരു ഇടയലേഖനം ഈ കുറിപ്പിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കേരള കത്തോലിക്കരുടെ നിരവധിയായ പ്രതികരണങ്ങളൊക്കെ ഡികാസ്റ്ററിയുടെ ഈ വിശദീകരണകുറിപ്പിനെ പ്രതിരോധിച്ചുകൊണ്ടുള്ളതായിരുന്നെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രതികരണങ്ങളെല്ലാം ഈ കുറിപ്പിനെ പ്രതിരോധിച്ചുകൊണ്ടുമാത്രമുള്ളതായിരുന്നില്ല.
കത്തോലിക്കർ മാത്രമല്ല ക്രൈസ്തവരായ മറ്റ് സഭാവിഭാഗങ്ങളും മറ്റു മതസ്ഥരും ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ പറഞ്ഞു എന്നതാണ് ഒരു പ്രത്യേകത.
പലതും കേട്ട കൂട്ടത്തിൽ ചില രാഷ്ട്രീയ പാർട്ടികളുടെ പ്രതികരണങ്ങളും ചില മാധ്യമപ്രവർത്തകരുടെ വിശകലനങ്ങളും വിലയിരുത്തലുകളും അവരുടെ വീക്ഷണകോണിൽനിന്നും ഇക്കാര്യത്തിൽ കേരളത്തിൽ കേട്ടത് എന്നെ അത്ഭുതപ്പെടുത്തി.
ഇതെല്ലം കേട്ടപ്പോൾ അത്രമാത്രം പ്രാധാന്യം വിശ്വാസകാര്യങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററിയുടെ ഈ വിശദീകരണകുറിപ്പിനുണ്ടോ എന്ന് സംശയിച്ചുപോകുന്നു.
കത്തോലിക്കാസഭയുടെ എല്ലാ കോണുകളിൽനിന്നും കേൾക്കുന്നതുപോലെ mater populi fidelis എന്ന വിശദീകരണക്കുറിപ്പുവഴി പരിശുദ്ധ മാറിയത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളിൽ മാറ്റം ഒന്നും
കത്തോലിക്കാസഭ വരുത്തിയിട്ടില്ല.
സഭ പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്ന
പദപ്രയോഗങ്ങളിലും മാറ്റം ഒന്നും വരുത്തിയിട്ടില്ല.
പിന്നെന്തിനാണ് ഇത്രയേറെ പ്രതികരണങ്ങൾ എന്നുചോദിക്കുക സ്വാഭാവികമാണ്.
എന്നാൽ കത്തോലിക്കാസഭയുടെ പഠനങ്ങൾ പ്രൊട്ടസ്റ്റന്റ് ദർശങ്ങളിൽ നിന്നും ഒരുപാട് അകലെയും വ്യത്യസ്തവുമാണ് എന്ന ധാരണ mater populi fidelis തിരുത്തി.
അതേസമയം പ്രൊട്ടസ്റ്റന്റ് പഠനങ്ങളിൽ നിന്നും കത്തോലിക്കാസഭയുടെ പഠനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന നിലപാട് സഭ തിരുത്തിയിട്ടുമില്ല.
പ്രൊട്ടസ്റ്റന്റുകാരും ഓർത്തഡോക്സ്കാരുമായി മരിയൻ ദർശനത്തിൽ എന്നെങ്കിലും ഐക്യപ്പെടാനാകുമെന്ന തോന്നൽ mater populi fidelis വഴി സൃഷ്ടിച്ചു എന്നതും നേട്ടമാണ്.
അതുവഴി എക്ക്മെനിസത്തിന് ഒരു വാതിൽകൂടി കത്തോലിക്കാസഭ തുറന്നു. അതേസമയം കത്തോലിക്കാസഭ പ്പ്രോട്ടസ്റ്റന്റായിക്കൊണ്ടിരിക്കുന്നു എന്ന പഴിയും ഒപ്പമുണ്ടായി.
ചില മരിയൻ ഭക്തർ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും മാതാവിന് അവർ നൽകിപ്പോന്നിരുന്നതുമായ “മറിയം സഹരക്ഷക” എന്ന വിശേഷണം കത്തോലിക്കാസഭ ഔദ്യോഗികമായിത്തന്നെ തള്ളിപ്പറഞ്ഞു എന്നതാണ് ഈ കുറിപ്പിന്റെ മറ്റൊരു പ്രത്യേകത.
മറിയം ക്രിസ്തുവിനെപ്പോലെയോ ക്രിസ്തുവിന് തുല്യയോ ആയ മധ്യസ്ഥ എന്ന തെറ്റിധാരണ ഒഴിവാക്കാനായി “മറിയം മധ്യസ്ഥ”, “മറിയം സർവ കൃപാവരങ്ങളുടെയും മധ്യസ്ഥ” തുടങ്ങിയ പ്രയോഗങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും ഈ കുറിപ്പിന്റെ ഉള്ളടക്കങ്ങളിൽ പെടുന്നു.
അതുകൊണ്ട് തീവ്രവിശ്വാസികളെന്നോ തീവ്ര മരിയൻഭക്തരെന്നോ പലരാലും വിശേഷിപ്പിക്കപ്പെടുന്ന സത്യകത്തോലിക്കരിൽ ഒരു വിഭാഗത്തിന് ഈ പ്രബോധനം നിരാശാജനകവും അസ്വീകാര്യവുമായി ഭവിച്ചു.
അക്കാരണത്താൽ ഇത്തരം വിശദീകരണക്കുറിപ്പുകൾ കത്തോലിക്കാസഭക്കുള്ളിലെ കൂട്ടായ്മക്ക് കോട്ടം തട്ടാൻ കാരണമായെന്നും വരാം. കത്തോലിക്കാസഭക്കുള്ളിലെ കൂട്ടായ്മക്ക് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ടവർക്കുണ്ട്.
ഇത്തരമൊരു കുറിപ്പ് വഴി പൊതുവായ നിർദേശം നൽകാതെ മറിയം സഹരക്ഷകയെന്നൊരു വിശ്വാസസത്യം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടവരോട് മാത്രം ഇക്കാര്യം പറഞ്ഞാൽ മതിയാകുമായിരുന്നില്ലേ എന്ന് ചിന്തിക്കുന്നവരും ഇന്ന് കത്തോലിക്കർക്കിടയിലുണ്ട്.
അമേരിക്കൻ കത്തോലിക്കരിൽ ചിലർ മാതാവിനെക്കുറിച്ചുള്ള ഈ കുറിപ്പിൽ അത്ര ഹാപ്പിയല്ല എന്നാണ് പ്രതികരണങ്ങളിൽനിന്നും മനസിലാകുന്നത്.
ട്രിഡന്റായിൻ കുർബാനയോട് വെറുപ്പുള്ളവർ സഭയിൽ സ്വാധീനശക്തിയായപോലെ മാതാവിന്റെ പ്രാധാന്യം കൂടുന്നതിൽ വെറുപ്പുളവാകുന്നവരും സഭയിലുണ്ട് എന്ന് പറയുന്നവരായി ഈ കുറിപ്പിന്റെപേരിൽ പ്രതികരിക്കുന്നവരിൽ ചിലരുണ്ട്. പാരമ്പര്യവാദികളോട് സഹിഷ്ണതയില്ലാത്തവരാണ് ഈ പുതിയ പഠനത്തിന്റെ പിന്നാമ്പുറത്ത് എന്നവർ പറയുന്നു.
മരിയൻഭക്തി നിയന്ത്രിക്കാൻ വത്തിക്കാൻ ശ്രമിക്കുന്നു എന്നൊരു ആരോപണവും ഇതോടെ ഉന്നയിക്കപ്പെടുന്നുണ്ട്.
പ്രൊട്ടസ്റ്റന്റ് ചിന്തയാണ് അവരിൽ ആരോപിക്കപ്പെടുന്നത്.
ഇത്തരമൊരു നിഷേധകുറിപ്പ് ഇറക്കാതെ മൗനം പാലിച്ച് വിവാദങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കുകയായിരുന്നു വേണ്ടത് എന്ന് പറയുന്നവരും ഉണ്ട്.
06.11.-ലെ എന്റെ ആദ്യത്തെ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചതുപോലെ അപ്രമാദിത്ത സ്വഭാവമുള്ള അസാധാരണ പഠനമല്ല matar populi fidelis.
വിശ്വാസ കാര്യാലയത്തിൽ നിന്നുള്ള സാധാരണ വിശദീകരണകുറിപ്പാണ് ഇത്. മജിസ്റ്റീരിയത്തിന്റെ അസാധാരണ പഠനങ്ങൾ അപ്രമാദിത്ത സ്വഭാവമുള്ളവയാണ്.
സാധാരണ വിശദീകരണകുറിപ്പുകൾക്ക് അപ്രമാദിത്ത സ്വഭാവമില്ല.
അങ്ങനെയെങ്കിൽ മാർപ്പാപ്പാമാരായ പത്താം പിയൂസും പതിനൊന്നാം പിയൂസും ജോൺ പോൾ രണ്ടാമനും “മറിയത്തെ സഹരക്ഷക” എന്ന് വിളിച്ചതുപോലുള്ള ആധികാരികതയെ “മറിയത്തെ സഹരക്ഷക എന്ന് വിളിക്കരുത്” എന്ന് പറയുമ്പോഴും ഉള്ളോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഏതർത്ഥത്തിലാണ് ഓരോ സാഹചര്യത്തിലുമുള്ള ഈ പദപ്രയോഗങ്ങൾ എന്നതിന്റെ വെളിച്ചത്തിലെ അതിന് മറുപടി പറയാനാകയുള്ളു.
യഥാർത്ഥത്തിൽ ഇതുവരെ പഠിപ്പിച്ച കാര്യങ്ങൾ അജപാലനോദേശത്തിനായി വിശദീകരിക്കുക മാത്രമാണ് mater populi fidelis ചെയ്തിരിക്കുന്നത്. പുതിയ പഠനം ഒന്നുമില്ല.
എന്നിരുന്നലും ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ട്.
സഭയുടെ മജിസ്റ്റീരിയത്തിൽനിന്നുള്ള അപ്രമാദിത്ത സ്വഭാവമില്ലാത്ത സാധാരണ നിർദേശങ്ങളും പഠനങ്ങളും പോലും പാലിക്കാനും അനുസരിക്കാനുമുള്ള ബാധ്യത വിശ്വാസികൾക്കുണ്ട്.
അനുസരിക്കുന്നതിൽ കുറവുണ്ടായാൽ അപ്രമാദിത്ത സ്വഭാവമുള്ള ഒരു പഠനം നിഷേധിക്കുന്നതുപോലുള്ള ഗൗരവം അതിന് ഉണ്ടാകില്ല എന്നുമാത്രം.
പത്താം പിയൂസ് മാർപ്പാപ്പയും പതിനൊന്നാം പിയൂസ് മാർപ്പാപ്പയും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും “സഹരക്ഷക” എന്ന് പരിശുദ്ധ മറിയത്തെ വിളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഡികാസ്റ്ററിയുടെ പുതിയ നിർദേശം അനുസരിക്കുമെങ്കിലും അതിനോട് യാതൊരു യോജിപ്പും ഇല്ലെന്നു അമേരിക്കയിൽനിന്നുള്ള ഏതാനും കത്തോലിക്കാ വൈദികർ mater populi fidelis വായിച്ചശേഷം പ്രതികരിച്ചു.
“മറിയം സഹരക്ഷക” എന്നത് ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നില്ല എന്ന് പറഞ്ഞാൽ മനസിലാക്കാനും അംഗീകരിക്കാനും എളുപ്പമുണ്ടെന്നും എന്നാൽ ഇത്തരം പ്രയോഗങ്ങൾ പാടെ ഉപേക്ഷിക്കണമെന്ന് പറയുന്നത് അംഗീകരിക്കാൻ എളുപ്പമല്ലെന്നും പ്രസംഗിച്ചവരുമുണ്ട്.
കേരളത്തിലെ ചില പന്തക്കുസ്തസഭാവിശ്വാസികൾ mater populi fidelis ശരിക്കും ആഘോഷിച്ചു എന്ന തോന്നൽ എനിക്കുണ്ടായി.
ഇതിൽ അത്ര ആഘോഷിക്കാന്മാത്രം ഒന്നുമില്ല എന്നതാണ് സത്യം.
ഞങ്ങളത് പണ്ടേ പറഞ്ഞതല്ലേ, കത്തോലിക്കർ ഇപ്പോഴെങ്കിലും ഞങ്ങളെപ്പോലെ ആയല്ലോ എന്നൊക്കെയായിരിക്കും അവർ ചിന്തിച്ചത്. എന്തുപറഞ്ഞാലും, കത്തോലിക്കാസഭയുടെ മാതാവിനോടുള്ള ഔദ്യോഗിക നിലപാടിലോ വിശ്വാസികളുടെ മരിയൻ ഭക്തിയിലോ വ്യത്യാസമൊന്നും വന്നിട്ടില്ല; വരാൻ പോകുന്നുമില്ല.
“ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ”
“ആത്മജ്ഞാനപൂരിത പാത്രമേ”
“ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ” തുടങ്ങിയ പരിശുദ്ധ മറിയത്തിന്റെ ലുത്തീനിയായിലെ വിശേഷണങ്ങൾ ദൈവശാസ്ത്രപരമായും ദാർശനികമായും വിശകലനം ചെയ്യുമ്പോൾ ഈ വിശേഷണങ്ങളൊക്കെ അത്ര പന്തിയാണോ എന്ന് ആരെങ്കിലും ചോദിച്ചെന്ന് വരാം.
ഭക്തർ നൽകുന്ന വിശേഷണങ്ങൾ പലതിനും വിശ്വാസസിദ്ധാന്തത്തിന് വേണ്ടിയുള്ള ഡികാസ്റ്ററി താത്വികമായി വിശദീകരിക്കേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത്. കത്തോലിക്കാവിശ്വാസികളിൽ ഭൂരിപക്ഷവും ബുദ്ധിജീവികളോ ദൈവശാസ്ത്രജ്ഞരോ അല്ലല്ലോ! സാധാരണ ഭക്തരെന്നോ വിശ്വാസികളെന്നോ അവരെ വിളിക്കാം.
ഭക്തരെ പലതും കൃത്യമായി പഠിപ്പിക്കുക എളുപ്പമല്ല. അതിന്റെ ആവശ്യവും ഇല്ല.
അറിവിന്റെയും ചിന്തയുടെയും തലങ്ങളേക്കാളുപരി വികാരത്തിന്റെയും വിശ്വാസത്തിന്റെയും തലങ്ങളാണ് ഭക്തരെ പലപ്പോഴും നയിക്കുന്നത്.
ചിലപ്പോഴത് അന്ധവിശ്വാസമായി താണുവെന്നു വരാം. അവർ അവരുടെ വഴിയേ ദൈവാന്വേഷികളാകട്ടെ എന്ന നിലപാടായിരിക്കും ഒരുപക്ഷെ ശരി.
എന്നാലത് വലിയ കച്ചവടസാധ്യതയായി ആരെങ്കിലും കണ്ടാൽ ഒന്ന് തടയിടാനും ഉത്തവാദിത്തപ്പെട്ടവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും.
ചില തടയിടലുകളും ഈ കുറിപ്പിന് പിന്നിലുണ്ട് എന്ന് കരുതേണ്ടിവരും.
ജോസഫ് പാണ്ടിയപ്പള്ളിൽ
