Many are saying of my soul, “There is no salvation for him in God. (Psalm 3:2 )
മനുഷ്യനെ വിധിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ചിത്രമാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. പ്രസ്തുത വചന ഭാഗം ദാവീദ് ദൈവത്തോട് പറയുന്നതാണ്. ദൈവഹിത പ്രകാരം നടന്നിട്ടും ദാവീദിന്റെ ജീവിതത്തിൽ ദൈവം കഷ്ടത അനുവദിച്ചു. ജീവിതത്തിൽ പല വ്യക്തികളും കഷ്ടതയിലൂടെ പോകുമ്പോൾ മനുഷ്യർ പരസ്പരം പറയും, ദൈവം പോലും അവനെ സഹായിക്കുകയില്ല എന്ന്. ചിലപ്പോൾ കഷ്ടത അനുഭവിക്കുന്ന വ്യക്തി ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരിക്കും. ദൈവ ഭക്തന്മാരുടെ ജീവിതത്തിൽ നോക്കിയാൽ പലപ്പോഴും കഷ്ടതയിലൂടെ സഞ്ചരിക്കേണ്ടതായി വരും, എന്നാലും ദൈവത്തിലുള്ള ആശ്രയം, പ്രത്യാശ അവനെ കഷ്ടതയിൽ പിടിച്ചു നിൽക്കുവാൻ ശക്തി നൽകും.

ജീവിതത്തിൽ കഷ്ടത വെളിപ്പെടുന്നത് ദൈവത്തിന്റെ മഹത്വം ജീവിതത്തിൽ ഇറങ്ങാനാണ്. ഒരു പക്ഷെ സുഹ്യത്തുക്കളും, സഹോദരങ്ങളും പലതും പറഞ്ഞേക്കാം, ദൈവത്തിൽ വിശ്വസിച്ചിട്ടും കഷ്ടതയും വേദനയും ആണെന്ന് പറഞ്ഞു നിരാശപെടുത്തിയേക്കാം എങ്കിലും തളർന്നു പോകരുത് ഏശയ്യാ 41:10 ൽ പറയുന്നു, ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. കഷ്ടതയുടെ കാരണവും ആരംഭവും എന്താണെന്ന് വ്യക്തമാക്കുവാൻ ക്രിസ്തു ശ്രമിച്ചില്ല. കഷ്ടതയിൽ വിജയം പ്രാപിക്കുവാനുള്ള മാർഗ്ഗമാണ് ക്രിസ്തു ചൂണ്ടിക്കാണിച്ചത്. ദൈവഹിതത്തിന് പരിപൂർണ്ണമായി വിധേയപ്പെടുന്നതിലാണ് കഷ്ടതയുടെ മേലുള്ള വിജയം.

ദൈവ വചനത്തിൽ തന്നെ അനേക ഭക്തന്മാരുടെ ജീവിതം എടുത്തു പരിശോധിച്ചാൽ കഷ്ടത അവർക്കു അനുഗ്രഹമായി തീർന്നു എന്ന് അവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ കാണുവാൻ കഴിയുന്നു. ജോബിന്റ ജീവിതത്തിൽ കഷ്ടത വന്നു എന്നാൽ കഷ്ടത വന്നപ്പോൾ ജോബ് നിരാശപ്പെട്ടു പോയില്ല, ദൈവത്തോട് പാപം ചെയ്തതും ഇല്ല. കഷ്ടതയിലൂടെ പോയപ്പോഴും പ്രത്യാശയുടെ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു ഇതാണ് കർത്താവിൽ വിശ്വസിക്കുന്നവന് വേണ്ടത്. കഷ്ടത ജോബിന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി തീർന്നു എന്നു പറയാം. ജോബിന്റെ ജീവിതത്തിൽ നഷ്ടപെട്ടതല്ലാം ദൈവം എല്ലാം ഇരട്ടിയായി കൊടുത്തു. ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടത ദൈവികപ്രവർത്തികളുടെ ഇടപെടലാണ്. ജീവിതത്തിൽ നാം ഓരോരുത്തർക്കും ഉണ്ടാകുന്ന കഷ്ടതകളെ ദൈവകരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.







