ദുഃഖവെള്ളിക്ക്സമാനമായ

കാഴ്ചഇവിടെയുണ്ട്

ഇതെഴുതുന്നത് ദുഃഖവെള്ളിഅല്ലാതിരുന്നിട്ടും മനസിൽ ദുഃഖവെള്ളിയുടെവികാരമാണ്.

ദുഃഖവെള്ളിയിൽ മനസിനെ നോവിക്കുന്ന ചിത്രം ക്രിസ്തുവിന്റെ ക്രൂശുമരണമല്ല,

കുരിശിന്റെ വഴിയിലെ പത്താം സ്ഥലമാണ്.ലോക രക്ഷകനായ ക്രിസ്തുവിനെ ജനക്കൂട്ടത്തിനു മധ്യേ വിവസ്ത്രനായ് നിർത്തുന്ന സ്ഥലം.

മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവചിത്രം ആരുടെ മനസിനെയാണ് ഭാരപ്പെടുത്താത്തത്?

ക്രിസ്തുവിന് പകരം ഞാനോ, നിങ്ങളോ വിവസ്ത്രരാക്കപ്പെടുന്ന രംഗം ഒന്നോർത്തു നോക്കൂ.

എത്ര ദാരുണമാണത്. മനുഷ്യന് ഏറ്റവും വലിയത് പ്രാണനല്ല, മാനമാണെന്നാണ് എന്റെ പക്ഷം.

മണിപ്പൂർ കലാപം തുടങ്ങിയിട്ട് മാസം രണ്ട്. സുഹൃത്തുക്കൾ പലരും അവിടുത്തെ വാർത്തകൾ അയച്ചു തരുമായിരുന്നെങ്കിലും ഇന്നലെ കണ്ട വാർത്ത ഹൃദയം തകർക്കുന്നതായിരുന്നു.

ദുഃഖവെള്ളിക്ക് സമാനമായ കാഴ്ച. ക്രിസ്തുവിന് പകരം നഗ്നരാക്കപ്പെട്ടത് രണ്ടു സ്ത്രീകളായിരുന്നു.

ആക്രോശവും അട്ടഹാസവുമായി വിധിയാളന്മാരും ജനക്കൂട്ടവും ഒപ്പമുണ്ട്.

നഗ്നരാക്കപ്പെട്ടത് നമ്മളിൽ ഒരാളോ, നമ്മുടെ മാതാപിതാക്കളോ, സഹോദരങ്ങളോ ആയിരുന്നെങ്കിൽ ആ വേദന എത്ര വലുതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ.

2008 ൽ സമാനമായ സംഭവം ഒറീസയിലെ കാണ്ടമാലിൽ നടന്നിരുന്നു. അന്ന് അർദ്ധ നഗ്നരാക്കി റോഡിലൂടെ നടത്തപ്പെട്ടത് ഫാ. തോമസ് ചെല്ലനും സിസ്റ്റർ മീന ബർവ്വയുമാണ്.

മണിപ്പൂരിലെ അക്രമങ്ങൾ കുലത്തിന്റെയും വർണ്ണത്തിന്റെയും മതത്തിന്റെയും പേരിൽ ചാർത്തിക്കൊടുത്ത്, ഇന്ത്യ ഏറ്റവും വലിയ മതേതര രാജ്യമാണെന്ന് ലോക രാഷ്ട്രങ്ങൾക്കു മുമ്പിൽ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയിൽ മതേതരത്വം വിൽക്കപ്പെടുന്നു എന്നതല്ലെ സത്യം?

കിടപ്പാടവും കൂടപ്പിറപ്പുകളും സ്വത്തും മാനവും പ്രാണനും നഷ്ടപ്പെട്ടവർ ഏറെയാണ്. എത്രയോ ദൈവാലയങ്ങളും കുടിലുകളും സ്ഥാപനങ്ങളുമാണ് അഗ്നിക്കിരയാക്കപ്പെട്ടത്?

മാനഭംഗത്തിന്നിരയായാലും പ്രാണൻ നഷ്ടപ്പെട്ടാലും അതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യാത്ത നായകന്മാർ ഉള്ളതാണ് നമ്മുടെ വിധി!

നഷ്ടപ്പെട്ടവർക്ക് ഒന്നും തിരിച്ചു കിട്ടില്ല.

മുതലക്കണ്ണീരും വാഗ്ദാനങ്ങളുമായ് നേതാക്കന്മാർ ദൃശ്യമാധ്യമങ്ങളിൽ നിറയുമായിരിക്കും.

അവയൊന്നും പരിഹാരമാകില്ല.എങ്കിലും അധികാരികൾ കൺതുറന്ന് കാണാനും ചെവി തുറന്ന് കേൾക്കാനും വേണ്ടി സങ്കീർത്തകനോടൊപ്പംനമുക്കും പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യാം.

“എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക്‌ അങ്ങ്‌ അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!”(സങ്കീ 4 : 1)

ഫാദർ ജെൻസൺ ലാസലെറ്റ്ജൂലൈ 21- 2023

നിങ്ങൾ വിട്ടുപോയത്