ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗ്രാമങ്ങളില്‍ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യം ഡോ. ഷെയ്‌സണ്‍ പി ഔസേഫിന്റെ ഒരു ഡോക്യുമെന്ററിയ്ക്കു വിഷയമായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ സാനിറ്ററി പാഡ് ഉപയോഗിക്കുന്ന പതിവില്ല. ഉണക്കിയ ചാണകപ്പാളികളാണ് അവര്‍ ആര്‍ത്തവദിനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. അതു നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ഷെയ്‌സണ്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഡേയ്‌സ് ഫോര്‍ ഗേള്‍സ് പോലെയുള്ള അന്താരാഷ്ട്രസംഘടനകളുടെ ശ്രദ്ധയില്‍ ഡോക്യുമെന്ററിയിലൂടെ ഈ വിഷയം വന്നു. അവര്‍ ഇതില്‍ ഇടപെട്ടു. ഈ സംഘടനകളുടെ ശ്രമഫലമായി ഇപ്പോള്‍ കെനിയയിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററിപാഡുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു കുട്ടിയ്ക്കും ഏതു നേരത്തും പാഡുകള്‍ സൗജന്യമായി ലഭിക്കുമെന്ന സ്ഥിതി ഇപ്പോഴുണ്ട്. ഒരു തലമുറയെയാകെ ആരോഗ്യശീലങ്ങളിലേയ്ക്കു വഴി നടത്താന്‍ ആ ഡോക്യുമെന്ററിയ്ക്കു കഴിഞ്ഞു. ഒരു ഡോക്യുമെന്ററി സംവിധായകനെന്ന നിലയില്‍ ഡോ. ഷെയ്‌സണു ആത്മസംതൃപ്തി പകര്‍ന്ന അനേകം രചനകളിലൊന്നുമാത്രമായിരുന്നു അത്.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മുപ്പത്തഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വ്യത്യസ്തങ്ങളായ വിഷയങ്ങളെ കുറിച്ചു ഡോക്യുമെന്ററികള്‍ ചെയ്തിട്ടുള്ള ചലച്ചിത്രകാരനാണു ഡോ. ഷെയ്‌സണ്‍ പി ഔസേഫ്. ഫിക്ഷനേക്കാള്‍ നോണ്‍ ഫിക്ഷന്‍ ഇഷ്ടപ്പെടുന്ന ചലച്ചിത്രകാരന്‍. അതിന്റെ പ്രശ്‌നങ്ങളെയും പരിമിതികളെയും വെല്ലുവിളികളായി കാണുകയും വസ്തുതകള്‍ ചിത്രീകരിക്കുന്നതിന്റെ അപാരമായ സാദ്ധ്യതകളില്‍ വിശ്വസിക്കുകയും ചെയ്യുന്നയാള്‍.

ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം ഒരു മുഴുനീള ഫീച്ചര്‍ സിനിമയാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധായകനിപ്പോള്‍. സിസ്റ്റര്‍ റാണി മരിയയുടെ നാടായ പുല്ലുവഴിയിലും കര്‍മ്മഭൂമിയായിരുന്ന ഇന്‍ഡോറിലുമായിട്ടാണ് ഈ സിനിമ എടുക്കുക. സിനിമയുടെ ചിത്രീകരണം, സിസ്റ്ററുടെ രക്തസാക്ഷിത്വദിനമായ അടുത്ത ഫെബ്രുവരി 25 ന് ആരംഭിക്കും. ഫേസ് ഓഫ് ദ ഫേസ്‌ലെസ് എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ നിരവധി പ്രമുഖ കലാകാരന്മാര്‍ സഹകരിക്കുന്നുണ്ട്.

മുംബൈ സെ. സേവ്യര്‍ കോളേജിലെ ഫിലിം, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ഡിപാര്‍ട്‌മെന്റില്‍ കോഴ്‌സ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഷെയ്‌സണ്‍ ചാലക്കുടിക്കടുത്ത് കുറ്റിച്ചിറ, മോതിരക്കണ്ണി, പെരുമ്പള്ളിക്കാടന്‍ കുടുംബാംഗമാണ്. വിദ്യാഭ്യാസത്തിനു ശേഷം ഡോക്യുമെന്ററി ഫിലിം മേക്കിംഗ് തന്റെ കര്‍മ്മരംഗമായി തിരഞ്ഞെടുക്കുകയായിരുന്നു.

2008 ല്‍ ഇന്ത്യയിലെ വീട്ടുജോലിക്കാരായ സ്ത്രീകളുടെ മക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു ചെയ്ത ഡോക്യുമെന്ററിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചു. അതൊരു തുടക്കമായിരുന്നു. അതോടെ അന്താരാഷ്ട്രതലത്തില്‍ ഡോക്യുമെന്ററികളുടെ ലോകത്തേയ്ക്കുള്ള പ്രവേശനം ലഭ്യമായി. വിവിധ രാജ്യങ്ങളില്‍ നിന്നു വിവിധ ഏജന്‍സികള്‍ ഡോക്യുമെന്ററികള്‍ ചെയ്യാന്‍ ഷെയ്‌സണെ ക്ഷണിച്ചു. ലോകത്തുടനീളം യാത്രകള്‍ ചെയ്തു വിവിധ വിഷയങ്ങളെ കുറിച്ചു ഡോക്യുമെന്ററികളെടുക്കാന്‍ ഇത് അവസരമേകി.

ആഫ്രിക്ക പ്രകൃതിവിഭവങ്ങള്‍ കൊണ്ടു സമ്പന്നമാണ്. എന്നിട്ടും എന്തുകൊണ്ട് അവര്‍ ദാരിദ്ര്യം അനുഭവിക്കുന്നു? ഇതായിരുന്നു ഒരു ഡോക്യുമെന്ററിയുടെ വിഷയമെങ്കില്‍ ഡെന്മാര്‍ക്കില്‍ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങളാണ് വിഷയമാക്കിയത്. ഇറ്റലിയിലെ കുടിയേറ്റപ്രശ്‌നങ്ങള്‍ എന്തുകൊണ്ടെന്നു പരിശോധിച്ചുവെങ്കില്‍ അമേരിക്കയില്‍ വിവിധ നാടുകളിലെ വിവിധ തരത്തിലുള്ള കല്ലുകളുടെ സവിശേഷതകളായിരുന്നു ഒരു ഡോക്യുമെന്ററിയുടെ വിഷയം.

സ്വീഡനില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് നേപ്പാളില്‍ ഭൂകമ്പം ഉണ്ടാകുന്നത്. നേരെ നേപ്പാളിലേയ്ക്കു പോകുകയും ഭൂകമ്പം നേപ്പാളില്‍ സൃഷ്ടിച്ച ദുരിതങ്ങളെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ചെയ്തു. കൃത്യസമയത്തു അന്താരാഷ്ട്രസമൂഹത്തിന്റെ മുമ്പിലേയ്ക്ക് എത്തിയ നേപ്പാള്‍ ഭൂകമ്പത്തെ കുറിച്ചുള്ള ഒരു ദൃശ്യരേഖയായിരുന്നു അത്. എഴുത്തു പോലെയല്ല ദൃശ്യങ്ങള്‍. എണ്ണമറ്റ പത്രറിപ്പോര്‍ട്ടുകളുടെ ഫലം ഒരൊറ്റ ഡോക്യുമെന്ററി ചെയ്യും. ഈ ഡോക്യുമെന്ററി കണ്ട്് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ നേപ്പാളിലെ ഭൂകമ്പദുരിതാശ്വാസത്തിനു പണം നല്‍കുകയും പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് നേപ്പാളിലേയ്ക്ക് അന്താരാഷ്ട്രസഹായമെത്തിക്കുന്നതിന് ഈ ഡോക്യുമെന്ററി സഹായിച്ചു.

കഠിനാദ്ധ്വാനം ആവശ്യമാണ് എന്നതുകൊണ്ട് ഡോക്യുമെന്ററി നിര്‍മ്മാണം കര്‍മ്മരംഗമായി സ്വീകരിക്കുന്ന ആളുകള്‍ കുറവായിരിക്കുമെന്നു ഡോ. ഷെയ്‌സണ്‍ പറഞ്ഞു. പക്ഷേ ആളുകളുടെ ദൃശ്യാഭിമുഖ്യം കൂടി വരികയാണ്. നല്ല ഡോക്യുമെന്ററികള്‍ക്കു പകരം നില്‍ക്കാന്‍ മറ്റു യാതൊരു രചനാരീതികള്‍ക്കും സാധിക്കില്ല. അര്‍പ്പണവും അഭിനിവേശവും ഉള്ളവര്‍ക്ക് ഡോക്യുമെന്ററി രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

ഇന്നത്തെ കുട്ടികളെ മുന്നോട്ടു നയിക്കുന്നത് ദൃശ്യങ്ങളാണെന്ന് സിനിമാനിര്‍മ്മാണം കോളേജില്‍ പഠിപ്പിക്കുകയും ഒപ്പം മറ്റുള്ളവര്‍ക്കായി അനേകം പരിശീലനശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഡോ. ഷെയ്‌സണ്‍ പറഞ്ഞു. ആപ്ലിക്കേഷനുകള്‍ കൊണ്ടു നയിക്കപ്പെടുന്നവരാണു പുതിയ തലമുറ. ഇന്നലത്തെ ആഗ്രഹമല്ല ഇന്ന് കുട്ടികള്‍ക്ക്. പുതിയ ആപ്പ് കിട്ടിയാല്‍ പുതിയ ആളായി കുട്ടി മാറും. എങ്കിലും കുട്ടികളുടെ ആഭിമുഖ്യങ്ങളും അഭിരുചികളും തന്നെയാണ് അവരുടെ ഉപരിപഠനവിഷയങ്ങള്‍ സ്വീകരിക്കുമ്പോള്‍ മാനദണ്ഡമാക്കേണ്ടത്. കുട്ടികളുടെ ഇഷ്ടം തന്നെയാണ് പ്രാഥമിക പ്രാധാന്യമര്‍ഹിക്കുന്നത്. പക്ഷേ അവരെ ആ ഇഷ്ടത്തിലേയ്ക്കു നയിച്ചത് എന്താണെന്നു മാതാപിതാക്കള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല. കാരണം, പരിസരസമൂഹം കുട്ടികളെ സ്വാധീനിക്കും. എന്തുകൊണ്ട് ആ തീരുമാനത്തിലെത്തി എന്നറിയണം. മാതാപിതാക്കള്‍ മക്കളുടെ മികച്ച ഭാവിയാണ് ആഗ്രഹിക്കുന്നത്. പക്ഷേ സാഹചര്യങ്ങളാകെ മാറുകയാണ്. കേരളത്തില്‍ രക്ഷാകര്‍ത്താക്കളും അച്ചന്മാരും സിസ്റ്റര്‍മാരുമൊക്കെ ടി വി കാണുന്നതിനു പൊതുവെ എതിരായിരുന്നു? കോവിഡ് വന്നപ്പോള്‍ എന്തു സംഭവിച്ചു? ടി വി കാണാന്‍ പറയുന്ന സ്ഥിതിയായി. അതുകൊണ്ടു മാറ്റങ്ങളെ കുറിച്ചു മാതാപിതാക്കളും അവബോധമുള്ളവരാകണം. അതനുസരിച്ചു പുതിയ തലമുറയ്ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ സാധിക്കണം. – അദ്ധ്യാപനപരിചയത്തെ മുന്‍നിറുത്തി ഡോ. ഷെയ്‌സണ്‍ വിശദീകരിച്ചു.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്