കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമയുടെ പ്രീമിയർ ഷോ കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നു പ്രമുഖരുൾപ്പെടെ നിരവധി പേർ എത്തി. ആശംസ നേരാൻ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും മുഖ്യാതിഥിയായി എത്തിയിരിന്നു. സിസ്റ്റർ റാണി മരിയയുടെ ജീവിതത്തിന്റെ ഹൃദ്യമായ ആവിഷ്കാരമായ “ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമ ലോകത്തിനു നന്മ യുടെ സന്ദേശമാണു പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ജനതയുടെ വിമോചനത്തിനായി രക്തസാക്ഷിയായ മലയാളി വനിതയുടെ യഥാർഥ കഥയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ചലച്ചിത്രമെന്നു സംവിധായകൻ ഷൈസൺ പി. ഔസേപ്പ് പറഞ്ഞു. സിസ്റ്റർ റാണി മ രിയയുടെ വിശുദ്ധ ജീവിതം ഇന്ത്യയിൽ ഇന്ന് ഏറെ പ്രസക്തമാണെന്നും മനുഷ്യ വിമോചനത്തിൽ വിശ്വസിക്കുന്ന ക്രിസ്തുദർശനം സ്വജീവിതത്തിൽ പകർത്തിയ ഒരു വനിതയാണ് സിസ്റ്ററെന്നും സംവിധായകൻ അനുസ്മരിച്ചു. ഇന്ത്യൻ മതരാഷ്ട്രീയ ഭൂമികയിൽ ചർച്ച ചെയ്യേണ്ട സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണു റാണി മരിയയായി അഭിനയിച്ചത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ് (5), സ്നേഹലത (നാഗ്പുർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ട്രൈ ലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണു സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം ഇതിനകം പതിനൊന്ന് അന്തർദേശീയ അവാർഡുകൾ നേടി. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഔദ്യോഗിക റിലീസിനായി സിനിമ ഒരുങ്ങുകയാണ്.

നിങ്ങൾ വിട്ടുപോയത്