എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു.

സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ് ക്യാമ്പ്’ സംഘടിപ്പിക്കുന്നതിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്യാമ്പ് നടത്തിയതിന്റെ ഓർമ്മകളും പിന്നീടു വർഷങ്ങൾക്കു ശേഷവും ക്യാമ്പിലെ ‘കുട്ടികൾ’ ‘വള്ളിക്കാടൻ ബ്രദറല്ലേ അച്ചൻ’ എന്നു ചിരിച്ചുകൊണ്ട് ‘ ഓടിവന്നിട്ടുള്ളതുമെല്ലാം മനോഹരമായ ഓർമകളാണ്!

പിന്നെയും, എത്രയെത്ര ക്യാമ്പുകൾ സെമിനാറുകൾ പരിശീലന പരിപാടികൾ! പി ഓ സിയിൽ ആയിരിക്കുമ്പോഴും, കാലാനുസൃതമായി സഭയിൽ നടക്കേണ്ട ബോധവൽക്കരണ, പരിശീലന പരിപാടികളെപ്പറ്റി ഏറെ പഠനവും ചർച്ചകളും ആലോചനകളും നടന്നിട്ടുള്ളത് ഓർക്കുന്നു. പലതിന്റെയും രൂപരേഖയും നിർദ്ദേശങ്ങളുമെല്ലാം തയ്യാറാക്കുന്നതിൽ പങ്കുചേർന്നിട്ടുമുണ്ട്! കുട്ടികൾക്കും യുവജനങ്ങൾക്കും ജീവിത ദർശനം നൽകുന്ന വിവിധ പരിപാടികൾ ഇടവകകളും രൂപതകളും സഭകളും നടത്തുന്നുണ്ട്. അതിനുള്ള കടമയും ഉത്തരവാദിത്വവും അനുഭവ പരിചയവും കത്തോലിക്കാ സഭയ്ക്കും ഇതര ക്രൈസ്തവ സമൂഹങ്ങൾക്കും വേണ്ടുവോളമുണ്ട്.

ഇപ്പോൾ രാഷ്ട്രീയ പ്രേരിതമായി, ചില വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്നു, ക്രിസ്ത്യാനികളുടെ വായടപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലുമടക്കം അത്ര ചെറുതല്ലാത്ത വിധമുള്ള ദുഷ്പ്രചരണങ്ങൾ നടത്തുന്നുണ്ട്. “കേരള സ്റ്റോറി” എന്ന സിനിമ മുന്നോട്ടു വയ്ക്കുന്ന പ്രമേയം, ഇന്നത്തെ യുവജനങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്ന ഒരു അവലോകനം, ചില രൂപതകൾ നടത്തിയ ജീവിത ദർശന ക്യാമ്പുകളിൽ ഉൾപ്പെടുത്തി എന്നതാണ് ഇവരെയെല്ലാം വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇക്കൂടെ, ‘സൂഫിയും സുജാതയും’ എന്ന സിനിമകൂടി ഉൾപ്പെടുത്തിയാൽ ഒരു പക്ഷേ അവരുടെ വിമർശനം അവസാനിച്ചേക്കും!

‘പൂച്ച പാലുകുടിക്കുന്ന പോലെ’ എന്ന മാതിരി നമ്മുടെ സമൂഹത്തിൽ ചില പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രസ്ഥാനങ്ങൾക്കു കുടപിടിച്ചും കുഴലൂതിയും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടികളും മുന്നണികളും മലയാളിയുടെ കപട സാമൂഹ്യബോധത്തിന്റെ ഭാഗമായി മാറിയിട്ടുമുണ്ട്. മതേതരത്വം ഉച്ചത്തിൽ പ്രസംഗിക്കുകയും, മത തീവ്രവാദം പ്രചരിപ്പിക്കുകയും, ഭീകര പ്രവർത്തനത്തിന് അനുകൂലമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും അതിനെയെല്ലാം മതേതരത്വത്തിന്റെ ലേബലിൽ പൊതിഞ്ഞു സംരക്ഷിക്കുകയും, ഒപ്പം സാധാരണ മത വിശ്വാസികളെ ഞെരുക്കി വരുതിയിൽ നിർത്തുകയും ചെയ്യുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരികയാണ്!

ഇസ്ലാമിസ്റ്റ് തീവ്രവാദത്തിനു പരവതാനി വിരിക്കുന്നവർതന്നെ, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മതേതരത്വം പ്രസംഗിക്കുകയും, ക്രിസ്ത്യാനികൾ എന്തു ചെയ്യണം എന്തു ചെയ്തുകൂടാ എന്നു ഫത്വ പുറപ്പെടുവിക്കുകയും ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ല! ഇക്കാര്യത്തിൽ കേരളത്തിലെ ഇടതു വലതു മുന്നണികൾ കുറേകൂടി സുതാര്യതയും സത്യസന്ധതയും പുലർത്തിയേ മതിയാകൂ..! കേരള സമൂഹം മതപരമായും രാഷ്ട്രീയമായും വളരെയേറെ റാഡിക്കലൈസ് ചെയ്യപ്പെട്ടിരിക്കുന്നു! സമൂഹത്തിന്റെ ഡീ-റാഡിക്കലൈസേഷനിലൂടെയേ മലയാളിക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന ‘മനുഷ്യത്വം’ വീണ്ടെടുക്കാനാകൂ…

റാഡിക്കലൈസേഷൻ സമൂഹത്തിന്റെ ‘ബ്രൂട്ടലൈസെഷനി’ൽ കലാശിക്കും! അതു സമൂഹത്തിൽ അസഹിഷ്ണുതയും അക്രമവും വർധിപ്പിക്കുകയും സമൂഹ്യ ജീവിതത്തെത്തന്നെ ശിഥിലമാക്കുകയും ചെയ്യും! ഇതിനെതിരെ കുട്ടികളെയും യുവജനങ്ങളെയും ബോധവൽക്കരിക്കേണ്ടത് സഭയുടെ മാത്രമല്ല സമൂഹത്തിന്റെ മുഴുവൻ കടമയാണ്!

ഈ തെരഞ്ഞെടുപ്പു കഴിഞ്ഞും മനുഷ്യർക്കു സമാധാനമായി ഈ നാട്ടിൽ ജീവിക്കാൻ കഴിയണം. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതു മറന്നു പോകരുത്!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്