“The wicked lie in wait to destroy me, but I consider your testimonies.”
‭‭(Psalm‬ ‭119‬:‭95‬) ✝️

ദുഷ്ടൻ നാം ഒരോരുത്തരെയും പലവിധം നശിപ്പിക്കാൻ നോക്കുന്നു, എന്നാൽ നമ്മുടെ ആശ്രയം ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആയിരിക്കണം. സാത്താന്റെ ആക്രമണം നേരിട്ടപ്പോൾ പോലും യേശു വചനത്തിലാണ് ഉറച്ചു നിന്നതും സാത്താനെ നേരിട്ടതും. നമ്മുടെ ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ നാം നേരിടുമ്പോൾ അവയെ ഓർത്ത് ഭയപ്പെടാതെ ദൈവത്തിന്റെ വചനത്തിൽ എന്താണോ പറയുന്നത് അത് ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കുക അതായത് ജീവിതത്തിലെ ഏത് പ്രതികൂല ഘട്ടങ്ങളിലും വചനാധിഷ്ഠിത പ്രാർത്ഥന നടത്തുക.

ദുഷ്ടർ പലവിധ പ്രവർത്തികളിലുടെ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടാകാം. എന്നാൽ തന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും കഴിയാത്ത ഒരു മാനസികാവസ്ഥയിലാണോ നിങ്ങളിന്ന്? ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്നോർക്കുക. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവരിലേക്കും ദൈവം തന്റെ ആത്മാവിനെ അയക്കുന്നുണ്ട് – നമ്മുടെ മുറിവുകളെയും ഭീതികളെയും മുൻവിധികളെയും വ്യാകുലതകളെയും ഒക്കെ തന്റെ സ്പർശനത്താൽ ഉണക്കുന്ന സൗഖ്യദായനകായ പരിശുദ്ധാത്മാവിനെ. വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും  അവജ്ഞയുടെയും  പകയുടെയും ഒക്കെ കെട്ടുകൾ പൊട്ടിച്ചെറിയാൻ യേശുക്രിസ്തുവിനു കഴിയും. 

ജീവിതത്തിലെ ഏതു സാഹചര്യത്തിലും നമ്മെ വിട്ടു പിരിയാത്ത ഒരു ദൈവം കൂടെയുണ്ട്. മാനുഷികമായ രീതിയിൽ ചിന്തിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന വേളകളിൽ പോലും അസാധ്യമായി ഒന്നും ഇല്ലാത്ത ദൈവത്തിലും വചനത്തിലും വിശ്വസിക്കാൻ നമുക്കാവണം. ദൈവത്തിൽ ആശ്രയിച്ച്, തന്നെ മുഴുവനായും ദൈവഹിതത്തിനു സമർപ്പിച്ച്‌, ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ ദൈവം ഒരിക്കലും കൈവിടുകയില്ല. മാത്രവുമല്ല, അവരുടെ ആവശ്യവേളകളിൽ അവിടുന്ന് തക്കസമയത്ത് ഇടപെടുകയും ചെയ്യും. ദുഷ്ടനെ കണ്ട് ഭയക്കരുത്, ദൈവത്തിലുള്ള ആശ്രയമാണ് നമ്മുടെ ജീവിതത്തിലുള്ള എല്ലാ അനാവശ്യ ഭയങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്