യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും

പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം കുറച്ചു വിദ്യാര്‍ഥികള്‍ എന്റെയടുത്തേക്കുവന്നു. തങ്ങള്‍പോണ്‍ (Porn) (പോര്‍ണോഗ്രഫി) കാണാറുണ്ടെന്നും എന്നാല്‍ അതിന് അടിമകളായിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്. മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കിത് വേണ്ടായെന്നു വയ്ക്കാന്‍ കഴിയുമെന്നും ആ ചെറുപ്പക്കാര്‍ പറഞ്ഞു. സംസാരം തുടര്‍ന്നപ്പോള്‍ തങ്ങളുടെ പ്രവൃത്തിയെ സാധൂകരിക്കാനായി കൂടുതല്‍വാദങ്ങള്‍ അവര്‍ നിരത്തി. പോണ്‍ ആസ്വദിക്കുന്നതു സമൂഹത്തില്‍ സാധാരണമാണെന്നും സ്വയംഭോഗമെന്നതു തികച്ചും സ്വാഭാവികമാണെന്നും അവര്‍പറഞ്ഞു. ചുരുക്കത്തില്‍ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ് എന്നാണ് അവര്‍ പറഞ്ഞുവച്ചത്.ബോറടി മാറ്റാനും മാനസിക സംഘര്‍ഷം കുറയ്ക്കാനും ഇവ സഹായിക്കുന്നുണ്ടെന്നും ചിലര്‍ വാദിച്ചു.

പോണ്‍ എന്നത് പലരുടെയും വ്യക്തിപരമായ പ്രശ്‌നവുംഎല്ലാവരുടെയും സാംസ്‌കാരിക പ്രശ്‌നവുമാണ്. എന്നാല്‍ അതിന്റെ യഥാര്‍ഥ ദോഷഫലങ്ങള്‍ അറിയാതെപോകുന്നതോ അവഗണിക്കുന്നതോ ആണ് ഏറ്റവും വലിയ ദുരന്തമെന്നു ഞാന്‍ വിചാരിക്കുന്നു. ഇന്നത്തെ തലമുറ അവര്‍ അറിയാതെതന്നെ ‘അശ്ലീലതയുടെ വായു’ ശ്വസിക്കാനിടവരുകയാണ്. അവരില്‍ പലരും ലൈംഗികതയുടെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് പോര്‍ണോഗ്രഫിയില്‍ നിന്നാണെന്നതും മറ്റൊരുപേടിപ്പെടുത്തുന്ന സത്യം. അങ്ങനെ ലൈംഗികതയില്‍ വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും യഥാര്‍ഥ ഹൃദയൈക്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനാകാതെ ഈ കുഞ്ഞുങ്ങള്‍ വഞ്ചിതരാകുകയാണ്. അശ്ലീലതയുടെ ഈ സംസ്‌കാരം അവരെ ക്രൂരമായി വഴിതെറ്റിക്കുന്നു. ഇക്കാര്യം മുന്‍കൂട്ടിക്കണ്ട വി. ജോണ്‍ പോള്‍ രണ്ടാമാന്‍ മാര്‍പാപ്പ അന്നേ പറഞ്ഞൊരു കാര്യമുണ്ട്. ”ഒരു വ്യക്തിയുടെ മനുഷ്യനെന്ന സവിശേഷത നീക്കിക്കളഞ്ഞാല്‍ പിന്നെ അയാള്‍ക്ക് ഒരു മഹത്വവുമില്ല. ചുരുക്കത്തില്‍ പോര്‍ണോഗ്രഫിയുടെ പ്രശ്‌നം മനുഷ്യനെ പരിധിയില്ലാതെ അനാവൃതമാക്കുന്നു എന്നതല്ല, അത് ഒരു വ്യക്തിയിലെ മനുഷ്യനെ കാണിക്കുന്നതേയില്ല” എന്നതാണ്.

“porne, graphein’ എന്നീ രണ്ടു ഗ്രീക്ക് പദങ്ങളില്‍നിന്നാണ് പോര്‍ണോഗ്രഫിയെന്ന (pornography)വാക്കിന്റെ ഉത്ഭവം. വേശ്യകളെക്കുറിച്ചുള്ള സാഹിത്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. (pornography)എന്ന വാക്കിനെ പരിഭാഷപ്പെടുത്തിയാല്‍ വേശ്യ, തടവുകാരി എന്നൊക്കെയാണ്. “porne’ എന്നതിന് വ്യഭിചാരം, ലൈംഗിക അധാര്‍മികത എന്നീ അര്‍ഥങ്ങളാണുള്ളത്.

പോര്‍ണോഗ്രഫിയുടെ ധാര്‍മിക, ദൈവശാസ്ത്രപരമായ വശങ്ങള്‍ചര്‍ച്ചചെയ്യുന്നതിനുമുന്‍പ് ഇത്തരം സിനിമകളും സാഹിത്യവും നമ്മളെ അടിമത്തത്തിലേക്കു നയിക്കുമോ എന്നു പരിശോധിക്കാം. ന്യൂറോസയന്‍സിലെ ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് ലഹരിയുടെഅടിമത്തം പോലെതന്നെ പോര്‍ണോഗ്രഫിയും മസ്തിഷ്‌കത്തിനു ദോഷം ചെയ്യുന്നുവെന്നാണ്. പോണ്‍എന്നാല്‍ നിരുപദ്രവമായ ഒരു വിനോദമാണെന്നു കരുതുന്നവര്‍ ശാസ്ത്രം തെളിയിച്ചിരിക്കുന്ന ഈവസ്തുതയാണ് കണ്ടില്ലെന്നു നടിക്കുന്നത്. പോര്‍ണോഗ്രഫിയോടുള്ള അടിമത്തം (porn addiction)  എന്നത് ഒരു യാഥാര്‍ഥ്യമാണ്. പോണ്‍ പുതിയൊരു ലഹരിവസ്തുവായി, കാട്ടുതീപോലെ നമ്മുടെ സമൂഹത്തില്‍ പടരുന്നുമുണ്ട്. കേംബ്രിജ് ന്യൂറോസൈക്യാട്രിസ്റ്റ് ഡോ. വലേറിവൂണ്‍ തന്റെ പഠനത്തില്‍ കണ്ടെത്തിയത് പോണ്‍ കാണുന്നതു പതിവാക്കിയ ആളുടെ തലച്ചോറും മദ്യാസക്തിക്ക് അടിമയായ ആളുടെ തലച്ചോറും തമ്മില്‍ കാര്യമായ സമാനതകളുണ്ടെന്നാണ്. തലച്ചോറിന്റെ വെന്‍ട്രല്‍ സ്ട്രയാറ്റം എന്ന ഭാഗത്തെക്കുറിച്ചായിരുന്നു പഠനം. ബ്രെയിന്‍ റിവാര്‍ഡ് സിസ്റ്റത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെന്‍ട്രല്‍ സ്ട്രയാറ്റം. മുന്‍അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏതെങ്കിലും ഒരുപ്രേരണ അല്ലെങ്കില്‍ ഉദ്ദീപനത്തോട് (stimulus)വളരെ താത്പര്യത്തോടെ പ്രതികരിക്കാനും ആ അനുഭവം വീണ്ടും ലഭ്യമാക്കാനും ഇടവരുത്തുന്ന മസ്തിഷക സംവിധാനമാണ് ബ്രെയിന്‍ റിവാര്‍ഡ് സിസ്റ്റം. മദ്യമോ മദ്യത്തിന്റെ ചിത്രമോ കണ്ടാല്‍ മദ്യത്തിന് അടിമയായ ഒരാളിലുണ്ടാകുന്ന തീവ്രമായ ആനന്ദത്തിനു കാരണംഈ ഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെയാണ്. പോണ്‍കാണുന്നത് ഒഴിച്ചുകൂടാനാകാത്ത ആളുകളിലും ഇതേഅവസ്ഥയാണെന്നാണു (Sensitisation) പഠനംപറയുന്നത്. അതായത് ഉദ്ദീപനം ആളില്‍ ശക്തമായആസക്തി ജനിപ്പിക്കുകയും അതിന്റെ ഉപയോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ പോണ്‍ ശീലമാക്കിയവര്‍ അതുമായി ബന്ധപ്പെട്ട ഏതുകാഴ്ചയോടും ഉയര്‍ന്ന സംവേദനക്ഷമതയുള്ളവരായിത്തീരും. ഇങ്ങനെ ഉത്തേജിപ്പിക്കപ്പെട്ടാല്‍ പോണ്‍ കാണുന്നതിനുള്ള അഭിവാഞ്ഛ അടക്കാനാകാത്ത സ്ഥിതിയിലേക്ക് അവര്‍ എത്തിപ്പെടുകയും ചെയ്യും. ഇതിനാണ് റിവാര്‍ഡ് സര്‍ക്യൂട്ട് ആക്ടിവിറ്റി എന്നു പറയുന്നത്. അഡിക്ഷനെനിര്‍വചിക്കുമ്പോള്‍ ഈ പ്രക്രിയയാണ് മസ്തിഷ്‌കത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമായി ഡോ. വൂണ്‍പറയുന്നത്. അനിയന്ത്രിതമായ ലൈംഗിക ചോദനകളുള്ള compulsive sexual behaviour രോഗികളുടെയുംഈ രോഗമില്ലാത്തവരുടെയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്തപ്പോള്‍ വലിയ വ്യത്യാസങ്ങളാണു കണ്ടെത്തിയത്. ലഹരിക്ക് അടിമപ്പെട്ടവരില്‍കാണുന്ന അതേ വ്യതിയാനങ്ങളാണ് ഇവരിലും കണ്ടതെന്നു ഡോ. വൂണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗവേഷണത്തിന്റെ ഭാഗമായി പോണ്‍ ദൃശ്യങ്ങള്‍ കാണിച്ച ചെറുപ്പക്കാരിലാണ് റിവാര്‍ഡ് സര്‍ക്യൂട്ട് ആക്ടിവിറ്റി ഏറ്റവും ഉയര്‍ന്നതോതില്‍ കണ്ടെത്തിയത്. ഡോപ്പമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഹോര്‍മോണിന്റെ ഉത്പാദനം ഏറ്റവും ഉയര്‍ന്ന അളവിലായതിനാലും റിവാര്‍ഡ് സര്‍ക്യൂട്ട് അക്ടിവിറ്റിയുടെ തോത് ഉയര്‍ന്നിരിക്കുന്നതിനാലും പോണ്‍ അഡിക്ഷനിലേക്കും ലൈംഗികമായ തഴക്കങ്ങളിലേക്കും വഴുതിവീഴാന്‍ ഏറ്റവും സാധ്യത കൗമാരക്കാര്‍ക്കാണെന്നാണ് ഇതു തെളിയിക്കുന്നത്. അതേസമയം, പഠനത്തില്‍ തെളിഞ്ഞ മറ്റൊരു കൗതുകകരമായ വസ്തുതയുമുണ്ട്. പോണ്‍ ശീലമാക്കിയവര്‍ അതിനായുള്ള തീവ്ര ആസക്തി പ്രകടിപ്പിച്ചെങ്കിലും അവരുടെ ലൈംഗികമായ ആഗ്രഹം (sexual desire) പോണ്‍ ഉപയോഗിക്കാത്തവരെക്കാള്‍ കൂടുതലായിരുന്നില്ല എന്നതാണത്. പോണ്‍ ഉപയോഗിക്കുന്നവര്‍ വീണ്ടും വീണ്ടും അതിനായി വെമ്പല്‍കൊണ്ടത് അവര്‍ അത് ഇഷ്ടപ്പെട്ടിട്ടാകണം എന്നു നിര്‍ബന്ധമില്ലെന്നും കണ്ടെത്തി. ഈ നിരീക്ഷണം അടിവരയിടുന്നത് അഡിക്ഷന്റെ നിലവിലുള്ള നിര്‍വചനത്തിനുതന്നെയാണ്. അതോടൊപ്പം, ഉയര്‍ന്ന ലൈംഗിക താത്പര്യമാണ് പോണ്‍ ഉപയോഗത്തിലേക്കു നയിക്കുന്നതെന്ന തെറ്റായ പ്രചാരണത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ലഹരിയുടെ അടിമകളെ സംബന്ധിച്ചും ഇതുതന്നെയാണ് കണ്ടുവരുന്നത്. ലഹരി ശീലമാക്കിയവര്‍ അതു തേടുന്നത് അവര്‍ക്ക് ലഹരി ഒഴിവാക്കാനാകില്ല എന്നു തോന്നിയിട്ടാണ്. അല്ലാതെ അവര്‍ അത് ആസ്വദിച്ചിട്ടല്ലെന്നു ശാസ്ത്രം പറയുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ ലഹരി ഉപയോഗം അവര്‍ക്ക് സന്തോഷം നല്‍കാതാകും. എങ്കിലും ഭക്ഷണവും വെള്ളവും പോലെ, ജീവന്‍ നിലനിറുത്താന്‍ ലഹരി കൂടിയേ തീരൂവെന്ന അവസ്ഥയിലേക്ക് അവര്‍ എത്തിപ്പെടും. ശാസ്ത്രലോകം ഇന്‍സന്റിവ് മോട്ടിവ് എന്നുവിളിക്കുന്ന ഇതാണ് അഡിക്ഷന്റെ ഏറ്റവും വലിയ ലക്ഷണം.

എന്തിനോടെങ്കിലും അടക്കാനാകാത്ത ആഗ്രഹം തോന്നുകയും അതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയും ദൂഷ്യവശങ്ങള്‍ അനുഭവിച്ചാലും അതിന്റെ ഉപയോഗം നിറുത്താനാകാതെ വരുകയും ചെയ്യുന്ന അവസ്ഥയെയാണ് അഡിക്ഷന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് മസ്തിഷ്‌കത്തിന്റെ ഘടനയില്‍മാറ്റമുണ്ടാക്കുകയും ആനന്ദത്തെ തിരിച്ചറിയുന്ന രീതികളെ വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നു. പോര്‍ണോഗ്രഫി ഒരാളെ എങ്ങനെ അഡിക്ഷനിലേക്കു നയിക്കുമെന്നത് മനസ്സിലാക്കാന്‍ ഡോപ്പമിനെക്കുറിച്ച് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. നമ്മള്‍ എങ്ങനെആനന്ദത്തെ അനുഭവിക്കണമെന്നതിനെ നിയന്ത്രിക്കുന്നത് തലച്ചോറിലുള്ള ഡോപ്പമിന്‍ എന്ന രാസവസ്തുവാണ്. ഉത്തേജന പ്രക്രിയയില്‍ ഇതിന്റെ പങ്ക് വളരെ വലുതാണ്. ആനന്ദമുണ്ടാകുന്ന സമയങ്ങളിലും സാഹചര്യങ്ങളിലും ഈ ന്യൂറോട്രാന്‍സ്മിറ്ററിന്റെ ഉത്പാദനമുണ്ടാകും. ഇതാണ് ഒരു വ്യക്തിയെ വീണ്ടും വീണ്ടും അതേകാര്യം ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഭക്ഷണം, ലൈംഗികത, ലഹരി ഉപയോഗം എന്നിവയെല്ലാം മസ്തിഷ്‌കത്തിന്റെ വിവിധഭാഗങ്ങളില്‍, പ്രത്യേകിച്ച് ന്യൂക്ലിയസ് അക്യുംബന്‍സ്, പ്രീഫ്രൊന്റല്‍ കോര്‍ട്ടക്‌സ് എന്നിവിടങ്ങളില്‍ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്ന ഉദ്ദീപനങ്ങളാണ്.ഇങ്ങനെയുണ്ടാകുന്ന ആനന്ദം വീണ്ടും ലഭിക്കാനായി അതേ പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ വ്യക്തിക്ക്പ്രേരണയുണ്ടാകുന്നു.

ലൈംഗിക ബന്ധത്തിന്റെ സമയത്തും പോര്‍ണോഗ്രഫി കാണുമ്പോഴും മസ്തിഷ്‌കഭാഗങ്ങളിലേക്ക് ഡോപ്പമിന്‍ സ്രവിക്കപ്പെടുന്നുണ്ട്. അങ്ങനെയാണ് കാഴ്ചക്കാരന്‍ അതിലേക്കു കൂടുതല്‍ ശ്രദ്ധിക്കുന്നതും (sharp focus)അതുവേണമെന്ന ശക്തമായ ആഗ്രഹം അയാളില്‍ ഉണ്ടാകുകയും ചെയ്യുന്നത്. ‘എനിക്ക് ഇതുവേണം, ഇപ്പോള്‍ എനിക്ക് വേണ്ടത് ഇതുതന്നെയാണ്’ എന്ന ശക്തമായ അഭിവാഞ്ഛയാണ് അയാളില്‍ അപ്പോള്‍ ഉണ്ടാകുന്നത്. അടുത്തതവണ കൂടുതല്‍ ലൈംഗികസുഖത്തിനുള്ള പ്രേരണയുണ്ടാകുമ്പോള്‍ മസ്തിഷ്‌കത്തില്‍ വീണ്ടും ഡോപ്പമിന്‍ ഉത്പാദനമുണ്ടാകും. കഴിഞ്ഞ തവണ എങ്ങനെയാണ് തനിക്ക് കൂടുതല്‍ ആനന്ദം ലഭിച്ചത് എന്ന് ഡോപ്പമിന്‍ ആ വ്യക്തിയെ ഓര്‍മിപ്പിക്കുകയും വീണ്ടും അവിടെയെത്തി അതേ ആനന്ദം അനുഭവിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും. അതേസമയം, ഡോപ്പമിന്‍ ഉത്പാദനത്തിലേക്കു നയിക്കുന്ന മസ്തിഷ്‌കത്തിലെ ഉത്തേജന കേന്ദ്രങ്ങള്‍ അഥവാ ഡോപ്പമിന്‍ റിസപ്‌റ്റേഴ്‌സ് എളുപ്പത്തില്‍ ദുര്‍ബലമാകാവുന്നതാണ്. തുടര്‍ച്ചയായുള്ള ഉത്തേജനങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പൂര്‍ണ
മായി ഇല്ലാതാക്കുകയോ ചെയ്‌തേക്കാം. അതിനാല്‍ഡോപ്പമിന്‍ റിസപ്‌റ്റേഴ്‌സിനെ സംരക്ഷിക്കാനായി ഡൗണ്‍റഗുലേഷന്‍ എന്നൊരു പ്രക്രിയയും നടക്കുന്നുണ്ട്.

പോണ്‍ ഉപഭോഗം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ ഒരാളുടെ മസ്തിഷ്‌കത്തില്‍ സ്രവിക്കപ്പെടുന്ന ഡോപ്പമിന്റെ അളവും വര്‍ധിക്കും. ഇങ്ങനെ അസാധാരണമായ അളവിലുള്ള ഡോപ്പമിന്‍ ഉത്പാദനം മസ്തിഷ്‌കത്തിനു ദോഷമായേക്കാം. ഇതൊഴിവാക്കാന്‍ മസ്തിഷ്‌കം സ്വയം ചില പുനഃക്രമീകരണങ്ങള്‍ നടത്തി ഉയര്‍ന്ന അളവിലുള്ള ഡോപ്പമിനെയും താങ്ങാവുന്ന നിലയിലേക്കാക്കും. ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന കഴിവാണ് ഇതിനു സഹായിക്കുന്നത്. ഇതിനെ ടോളറന്‍സ്(tolerance)എന്നുവിളിക്കും. ഈ പ്രക്രിയ തുടരുമ്പോഴാണ് മറ്റൊരു പ്രശ്‌നമുണ്ടാകുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന ഡോപ്പമിന് ആദ്യസമയങ്ങളിലുണ്ടായിരുന്ന അതേ അളവില്‍ആനന്ദം ഉളവാക്കാന്‍ കഴിയാതെവരും. ഈയവസ്ഥയില്‍ ആസക്തി ശമിപ്പിക്കാനായി കൂടുതല്‍ ഉദ്ദീപനം വേണമെന്ന നിലയിലേക്ക് ഒരാള്‍ എത്തപ്പെടുന്നു.പോണിനോ ലഹരിക്കോ അടിമയായ വ്യക്തികളില്‍ ഒരിക്കലും തൃപ്തിപ്പെടുത്താനാകാത്ത ആസക്തിനിലനില്‍ക്കുന്നത് ഇതുമൂലമാണ്. പോണ്‍ ആസ്വാദനം ശീലമാക്കിയ ഒരാള്‍ കാലക്രമേണ ആനന്ദലബ്ദിക്കായി പോണില്‍ തന്നെ വ്യത്യസ്തതകള്‍ തേടും. എന്നുവച്ചാല്‍കൂടുതല്‍ തീവ്രമായതോ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ചതോ ആയ ദൃശ്യങ്ങള്‍. അക്രമാസക്തമായ ലൈംഗിക പ്രവൃത്തികളടങ്ങുന്ന ദൃശ്യങ്ങള്‍നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഇത്തരക്കാരെ സംതൃപ്തിപ്പെടുത്താനാണ്. ഒരുപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ കാണുന്ന ഒരു ദൃശ്യവും ഇവര്‍ക്കു സംതൃപ്തി നല്‍കില്ലെന്ന സ്ഥിതിയിലെത്തുകയും, യഥാര്‍ഥ ജീവിതത്തില്‍ ഇതെല്ലാം നടപ്പാക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്‌തേക്കാം.

പോര്‍ണോഗ്രഫിക്കെതിരെ ശക്തമായ പ്രചാരണംനടത്തുന്ന ആക്ടിവിസ്റ്റ് ഗെയ്ല്‍ ഡൈന്‍സ്, പോണിന് അടിമകളായ ചെറുപ്പക്കാരുടെ ചില ലക്ഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോലിയിലുള്ള ശ്രദ്ധ കുറയുക, പണമില്ലെങ്കില്‍ പോലും വലിയ തുകകള്‍പോണിനായി ചെലവഴിക്കുക, മറ്റുള്ളവരില്‍ നിന്ന്അകന്നു ജീവിക്കുക, വിഷാദത്തിന് (depression) അടിപ്പെടുക എന്നിവയാണവ (Pornland, 93).പോണ്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും മസ്തിഷ്‌കത്തിന്റെ സിന്‍ഗുലേറ്റ് കോര്‍ട്ടക്‌സ് എന്ന ഭാഗത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഇല്ലിനോയ്സര്‍വകലാശാലയിലെ (ഷിക്കാഗോ) ഡോ. വില്യം സ്ട്രൂത്തേഴ്‌സ് സ്ഥാപിക്കുന്നു. ധാര്‍മികവും സദാചാരപരവുമായ തീരുമാനങ്ങളെടുക്കുന്നതിനും മനോധൈര്യം പ്രകടിപ്പിക്കുന്നതിനും ഈ ഭാഗത്തിന്റെപ്രവര്‍ത്തനം അനിവാര്യമാണ്. പോണ്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകാവുന്ന പലവിധ വ്യക്തി വൈകല്യങ്ങളെക്കുറിച്ചും ഡോ. സ്ട്രൂത്തേഴ്‌സ് വിശദീകരിക്കുന്നു. എപ്പോഴും മറ്റുള്ളവരെ പഴിക്കുക, ചുറ്റുമുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുക (controlling), രൂക്ഷമായ അന്തര്‍മുഖത, വിഷാദം, ആശങ്ക, ആകാംക്ഷ എന്നിവ പ്രകടിപ്പിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍പറ്റാതെവരുക, ആത്മാഭിമാനം കുറഞ്ഞവരോ ആത്മാരാധകരോ( narcissistic) ആയി മാറുക തുടങ്ങിയപ്രശ്‌നങ്ങളാണ് എടുത്തു പറയുന്നത്. (Dr. W. Struthers, Wired for Intimacy, 64-65). അങ്ങനെ നൈമിഷികമായ സന്തോഷാനുഭവം നല്‍കുന്ന പോര്‍ണോഗ്രഫി നീണ്ടുനില്‍ക്കുന്ന ഗുരുതര മാനസികപ്രശ്‌നങ്ങളിലേക്കു
നയിക്കുന്നുവെന്നതാണു സത്യം.

പോണ്‍ ഉപയോഗത്തിന് അടിമകളായ പുരുഷന്‍മാരില്‍ ഭൂരിഭാഗവും പങ്കുവയ്ക്കുന്ന ഏറ്റവും വലിയപ്രശ്‌നംസ്ത്രീകളെ കാണുമ്പോള്‍ സ്വയമേവ അവരിലുണ്ടാകുന്ന പ്രതികരണങ്ങളാണ്. ഇത്തരക്കാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയില്ല. നോട്ടം ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്കുമാത്രം കേന്ദ്രീകരിക്കും. തുടര്‍ന്ന് തങ്ങളുടെ ലൈംഗിക പ്രവൃത്തിയില്‍ ആ സ്ത്രീയെ പങ്കാളിയായി മനസ്സില്‍ കാണുകയും ചെയ്യും. ഇതെല്ലാം അവര്‍ അറിയാതെതന്നെ, അനൈച്ഛികമായി (reflexive) സംഭവിക്കുന്നതാണ് എന്നതാണ് പ്രധാനം. അത് ലജ്ജാകരമാണെന്ന് അവര്‍ക്കുതന്നെ മനസ്സിലാകുന്നുമുണ്ട്. തുടര്‍ച്ചയായി കാണുന്ന പോണ്‍ ദൃശ്യങ്ങളുടെ ഓര്‍മയും അനുബന്ധിച്ചുള്ള ലൈംഗിക സങ്കല്‍പങ്ങളുമാണ് അവരെ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. ഇങ്ങനെ മുന്നില്‍ വരുന്ന ഏതു സ്ത്രീയെയും വസ്തുവല്‍ക്കരിക്കുകയും സമ്മതത്തോടെയോ ബലംപ്രയോഗിച്ചോ അവരുമായി ലൈംഗികപ്രവൃത്തി നടത്തുന്നത് സങ്കല്‍പിക്കുകയും ചെയ്യും. ഒരു വ്യക്തിയെ സുഖത്തിനുള്ള വെറും വസ്തുവായി സങ്കല്‍പിക്കുന്നത് ആ വ്യക്തിയിലുള്ള ദൈവസാന്നിധ്യത്തിനെതിരെയുള്ള തിന്മയാണ്.

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നത് ഇങ്ങനെയാണ്; ”അദ്യശ്യമായ ആത്മാവിനെയും ദൈവത്വത്തെയുംദൃശ്യമാക്കാന്‍ നമ്മുടെ ശരീരത്തിന് അതില്‍തന്നെകഴിവുണ്ട്. നമ്മുടെ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ, ചരിത്രാതീതകാലം മുതല്‍ ദൈവത്തില്‍ കുടികൊള്ളുന്ന രഹസ്യത്തെ ദൃശ്യലോകത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് പകരാനാണ്. അങ്ങനെ നമ്മുടെ ശരീരം ദൈവികരഹസ്യത്തിന്റെ അടയാളമാകുന്നു.” ((TOB 19:4)

നമുക്ക് ദൈവത്തെ കാണാന്‍ സാധിക്കില്ല, എന്നാല്‍ നമ്മുടെ ശരീരം അവിടത്തെ വെളിപ്പെടുത്തുന്നു. നമ്മുടെയും മറ്റുള്ളവരുടെയും ശരീരത്തെക്കുറിച്ച് ഈ ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്. എന്നാല്‍ ശരീരത്തെ വിലകുറച്ചുകാണുന്ന ഒരു വ്യവസ്ഥിതിയുടെഇരകളായ നമ്മള്‍ക്ക് ഈ കാഴ്ചപ്പാട് നഷ്ടപ്പെട്ടിരിക്കുന്നു. പോര്‍ണോഗ്രഫി മനുഷ്യ ശരീരത്തെ വെറുമൊരു ഉപഭോഗവസ്തുവാക്കി മാറ്റുകയാണ്. അത് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവിതങ്ങളെ നശിപ്പിക്കുന്നു. കുടുംബങ്ങളെയും വിവാഹബന്ധങ്ങളെയും സമൂഹത്തെത്തന്നെയും തകര്‍ക്കുന്നു.


ബാബു ജോൺ

TOB for Life സ്ഥാപകനും, ഡയറക്ടറും തിയോളജി ഓഫ് ദി ബോഡി പ്രഭാഷകനുമാണ് ലേഖകന്‍

കടപ്പാട്

Kairos

നിങ്ങൾ വിട്ടുപോയത്