ആത്മഹത്യ

മനപ്പൂർവമുള്ള ജീവിതം അവസാനിപ്പിക്കൽ എല്ലാവർക്കും വേദന ഉണ്ടാക്കുന്ന ഒന്നാണ്. അത് അവസാനിപ്പിക്കുന്നവർക്ക് ആത്മഹത്യക്ക് മുമ്പും, അതിനെ കുറിച്ചു കേൾക്കുന്നവർക്ക് അതിന് ശേഷവും. ജീവൻ ഒടുക്കാൻ തീരുമാനിക്കുന്നതിൽ ആരും അപവാദം ആകില്ല. അതിൽ ഞാനും നിങ്ങളും പെട്ടേക്കാം. ആത്മഹത്യാ സാഹചര്യങ്ങളെ ആരോഗ്യപരമായി കൈകാര്യം ചെയ്യുകയും അതിനെ കുറിച്ചു പക്വതയോടെ മാത്രം സംസാരിക്കേണ്ടതുമുണ്ട്.

കേരളം പോലെ കപട സദാചാര സമൂഹങ്ങൾ നിർബന്ധിച്ചു മുന്നോട്ടു വെക്കുന്ന ഒരു ജീവിത മാനദണ്ഡം ഉണ്ട്. ഒന്ന് ആദർശപരമായി ഇങ്ങനെ ആവണം. അതല്ലാത്തതെല്ലാം മോശമോ, ഇകഴ്തപ്പെടേണ്ടതോ ആണ് എന്ന ബോധം വ്യക്തികളിലും കുട്ടികളിലും ചില്ലറ സമ്മർദം ഒന്നുമല്ല ചെലുത്തുന്നത്. ആത്മീയ മേഖലയിലും ഇത് പ്രതിഫലിക്കാറുണ്ട്.

ഈ കുറിപ്പ് ആത്മഹത്യയെ കുറിച്ചല്ല. അതിനെ കുറിച്ചുള്ള പ്രതികരണങ്ങളെ കുറിച്ചാണ്.

കത്തോലിക്കാ സഭ പോലുള്ള ഒരു സാമൂഹ്യ സ്ഥാപനത്തിലെ ഔദ്യോഗിക വ്യക്തികൾ ആത്മഹത്യ ചെയ്താൽ അതിനെ കുറിച്ചു പറയുന്ന യുക്തികൾ വിശ്വസനീയമല്ലാതാകുന്നത് എന്തുകൊണ്ടാണ്? ഒരു പ്രധാന കാരണം സമൂഹത്തിൽ പൊതുവെ സഭക്ക് വിശ്വസനീയതയും ആധികാരികതയും നഷ്ടപ്പെടുന്നു എന്നതാണ്. അത് ആത്മഹത്യയുമായി മാത്രം ബന്ധപ്പെട്ടതല്ല. പൊതുവിലുള്ള സഭയുടെ അസ്തിത്വവും ആയിത്തീരലും (ബീയിങ് ആൻഡ് ബികമിങ്) നാൾക്കുനാൾ വിശ്വസനീയമല്ലാത്തതായി മാറിക്കൊണ്ടിരിക്കുകയാണ്. മൊത്തത്തിലുള്ള വിശ്വസനീയത ഉയർത്താൻ നാം എന്താണ് ചെയ്യുന്നത്? എന്താണ് ചെയ്യാനുള്ളത്?

മറ്റൊന്ന് ആത്മഹത്യയെ കുറിച്ചു സഭ ഊതിവീർപ്പിച്ചിരുന്ന ആത്മീയ സദാചാരം (ഈത്തോസ്) ആണ്. ആത്മഹത്യയെ കുറിച്ചു പഠിച്ചാൽ അതിൽ മിക്കവയും സ്വതന്ത്രവും ശുദ്ധവുമായ ഇച്ഛയോടെ ചെയ്യുന്നതാവില്ല. അത് ശാരീരിക മാനസിക വൈകാരിക താളം തെറ്റലുകളുടെ പരിണതിയാവും. (വിഷാദം/ഡിപ്രഷൻ പോലും അടക്കം പറയേണ്ട ഹീനാവസ്ഥ ആയിട്ടാണ് പലരും കണക്കാക്കുന്നത്.) അതിനെ വ്യക്തിയുടെയും കുടുംബത്തിന്റെയും തെറ്റായി ചിത്രീകരിച്ചു മരണാനന്തര കർമ്മങ്ങളിൽ വരെ വിവേചനം കാണിക്കുന്നത് ജീവിച്ചിരിക്കുന്നവരെ നോവിക്കുന്നതിന് തുല്യമാണ്. ആത്മഹത്യയെ മഹത്വവൽക്കരിക്കണ്ട, മാനുഷിക പരിഗണന കൊടുത്തു കൂടെ? സാധാരണ വിശ്വാസികളോട് പെരുപ്പിച്ചു പറയുന്ന ആത്മഹത്യ-ആത്മീയത ഔദ്യോഗിക വ്യക്തികളിൽ ഇല്ലാതാവുമ്പോൾ ദുരൂഹത ആരോപിക്കപ്പെടുക സ്വാഭാവികം.

അതേ സമയം ഒരു ആത്മഹത്യയെ തടയാൻ സംഘാതമായി നാം എന്തു പ്രതിക്രിയകൾ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. സഭ ഒരു കോർപറേറ്റ് ആവുമ്പോൾ വ്യക്തിബന്ധങ്ങൾ വെറും ബിസിനസ് ആവും. മാത്സര്യം വർദ്ധിക്കും. സമ്മർദ്ദം ഏറും… പിന്നെ… ജീവനെയും ദൈവവിളിയെയും ദൈവികമായി കാണുന്നുണ്ടെങ്കിൽ അഹന്തകളുടെ ഫണങ്ങൾ മടക്കി വെച്ചു കർത്താവിന്റെ കരുണയുടെ പാദന്തികത്തിൽ ഇരുന്ന് കരുണ സ്വീകരിക്കുവാനും കൊടുക്കുവാനും എളിമയോടെ പഠിക്കുകയാണ് വേണ്ടത്. ആത്മീയ ശുശ്രൂഷയിലും സേവനത്തിലും ഏർപെട്ടിരിക്കുന്നവരുടെ മാനസികാരോഗ്യത്തെ പരിശോധിക്കുകയും പരിപോഷിപ്പിക്കുകയും, ഉത്തരവാദിത്തപ്പെട്ടവരോട് അതേ കുറിച്ചു പക്വമായി സംസാരിക്കുകയും, അത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരുക്കുകയും വേണം.

ഒരു മരണം ഉണ്ടായാൽ, അത് ആരുടേതെങ്കിലുമാകട്ടെ, അതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ ഒരുതരത്തിലും അറിയാത്തവർ പോലും പൊടുന്നനെയുള്ള മുൻവിധികൾ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല. ദുരൂഹതകൾ അന്വേഷിക്കപ്പെടണം. അതിന് സർക്കാരിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും സഹായങ്ങൾ തേടണം. പിഴവുകൾ ഇല്ലാതെ അവ നടപ്പാക്കപ്പെടണം. എന്നാൽ ആ വ്യക്തിയെയും, കുടുംബത്തെയും, ഒരു സമൂഹത്തെയും മുഴുവൻ കാലങ്ങളോളം കുത്താനുള്ള ഒരു ആയുധമായി ഓരോ മരണത്തെയും ഉപയോഗിക്കുന്നത് ഹീനമാണ്. അത് ചെയ്യുന്നവരുടെ ഉദ്ദേശ്യത്തിലാണ് ദുരൂഹത.

Jose Vallikatt

നിങ്ങൾ വിട്ടുപോയത്