കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇനി ഈ കേസ് CBl അന്വേഷിക്കണമെന്നാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 19/02/21-ന് ഉത്തരവിട്ടിരിക്കുന്നത്.

മൂന്നു കൊല്ലത്തോളമായി അന്വേഷണം നടത്തിയതിൻ്റെ ഒടുവിൽ “മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ്” സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത് (മാതൃഭൂമി വാർത്ത)പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് സംഘംഇതുവരെ അന്വേഷണം നടത്തിയിരുന്നത്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന നൽകിയെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ തയാറാകാതെ അദ്ദേഹം സർവീസിൽനിന്ന് വിരമിക്കുകയും ചെയ്തു.

“ജസ്ന ജീവിച്ചിരിപ്പുണ്ടോ” എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് “അതേക്കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ല” എന്നായിരുന്നു കെ ജി സൈമണിന്‍റെ മറുപടി എന്ന് ‘‘ഏഷ്യാനെറ്റ്” റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും പോസിറ്റീവായ വാർത്ത ഉടൻ പ്രതീക്ഷിക്കാം” എന്നും കെ ജി സൈമൺ പറഞ്ഞതായി “മനോരമ” വാർത്തയിൽ കാണാം.

മകളുടെ തിരോധാനത്തിൻ്റെ കാരണം അന്വേഷിച്ച് മകളെ കണ്ടെത്തണമെന്ന് ജസ്നയുടെ പിതാവ് കുന്നത്തുവീട്ടിൽ ജെയിംസ് കഴിഞ്ഞ ജനുവരി 20-നു പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു.

സത്യം വെളിപ്പെടുത്താൻ കഴിയാത്ത വിധം അന്വേഷണ ഉദ്യോഗസ്ഥർ എന്തോ ഭയപ്പെടുന്നു എന്നത് ഈ കേസ് അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും നമുക്ക് തിരിച്ചറിയാൻ കഴിയുന്ന കാര്യമായിരുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചു ? 18 വയസായ ഒരു പെൺകുട്ടിയെ നഷ്ടപ്പെട്ട കേസാണ് മൂന്നു കൊല്ലത്തോളം ഈ വിധം വലിച്ചിഴക്കപ്പെട്ടത് എന്നത് പെൺകുട്ടികളുളള എല്ലാ മാതാപിതാക്കളെയും ഭയപ്പെടുത്തുന്ന കാര്യമാണ്. ജസ്ന കേസിൻ്റെ നാൾവഴികളിൽ ഉദ്യോഗസ്ഥർ ”പോസിറ്റീവായ” പല ഉറപ്പുകളും നൽകിയിരുന്നുവെങ്കിലും “മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്ന്” കോടതിയിൽ പറഞ്ഞ് ഇപ്പോൾ ആയുധംവച്ചുള്ള കീഴടങ്ങലും എല്ലാം പോലീസ് കളിച്ച നാടകങ്ങളിലെ ഡയലോഗുകൾ മാത്രമായിരുന്നു എന്നത് സാധാരണക്കാരുടെ ഭയത്തെ ഇരട്ടിപ്പിക്കുകയേയുള്ളൂ. ഒരു ടീനേജ് പെൺകുട്ടിയുടെ ജീവൻ വച്ചായിരുന്നോ പോലീസ് ഇത്രയും നാൾ ഈ നാടകം കളിച്ചത് ?

“നീതി ജലം പോലെയും സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും ഒഴുകുന്ന” ദൈവരാജ്യത്തിലല്ല നമ്മൾ ഇന്ന് ജീവിക്കുന്നത്. അതിനാൽ നൂറു ശതമാനം നീതി ലോകത്തിൽ എവിടെ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആധുനിക ലോകത്തിൽ അത്യന്താധുനിക അന്വേഷണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസ് സംവിധാനമുള്ള നാട്ടിൽ, ഒരു പാവം പെൺകുട്ടിയെ കാണാതായ കേസിൽ നീതിപൂർവ്വകമായ അന്വേഷണം ആരും പ്രതീക്ഷിച്ചു പോകും.കാണാതായ വ്യക്തി ജീവിച്ചിരിക്കുന്നുവെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയും ചെയ്തിട്ടും അന്വേഷണം എങ്ങുമെത്താതെ നിഗൂഡമായ വിധത്തിൽ, കൊറോണയുടെയും മറ്റും പേരു പറഞ്ഞ് മന:പൂർവ്വം വൈകിപ്പിക്കുകയും ഒടുവിൽ കൈമലർത്തുകയും ചെയ്യുന്നതിൽ എന്ത് ന്യായമാണുള്ളത് ? ആധുനികതയുടെയും മനുഷ്യാവകാശങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും പേരുപറഞ്ഞ് നാം കെട്ടിപ്പൊക്കുന്നതു മുഴുവൻ പൊള്ളയായ അവകാശവാദങ്ങൾ മാത്രമാണെന്ന് സമ്മതിക്കുകയല്ലേ ഇവിടെ ?

CASA എന്ന സംഘടന ജസ്ന കേസിൻ്റെ പിന്നാലെ വേട്ടനായയെപ്പോലെ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അവളുടെ തിരോധാനം അന്വേഷിക്കാൻ, CBI എന്ന ഇന്ത്യയിലെ സമുന്നത അന്വേഷണ ഏജൻസിയോട് ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. “കാസ” ഇതിനു ഇറങ്ങിത്തിരിച്ചിരുന്നില്ല എങ്കിൽ വിസ്മൃതിയിലാകുന്ന നൂറു കണക്കിന് തിരോധാന കേസുകൾ പോലെ ഇതും എന്നെന്നേക്കുമായി വിസ്മരിക്കപ്പെട്ടിരുന്നേനെ! ജസ്ന തിരോധാന കേസിൽ സമയോചിതമായി ഉടപ്പെട്ട് CASA യുടെ പ്രവർത്തകർക്ക് ഇവിടെ അഭിവാദ്യങ്ങൾ അർപ്പിക്കട്ടെ!

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം! സകല പൗരന്മാരുടെയും ജീവൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയും ചെയ്തുകൊണ്ട് മനുഷ്യാവകാശങ്ങളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന ഉദ്യോഗസ്ഥ – ഭരണ സംവിധാനത്തെ ഈ നൂറ്റാണ്ടിലെങ്കിലും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ ? വിദ്യാഭ്യാസവും ലോകവിവരവമുള്ള മലയാളി സമൂഹം ഇതിലേറെ നീതിബോധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്യത്തെയും പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഭരണചക്രം തിരിക്കുന്നവർ മറക്കരുത്.

മാത്യു ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്