യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യവർഗ്ഗത്തിൻ്റെ അടിസ്ഥാന പ്രശ്നം പാപം ആണ് എന്ന് ദൈവത്തിനു അറിയാമായിരുന്നു.അതിനു യേശുക്രിസ്തു ഈ ഭൂമിയിൽ മനുഷ്യനായി ജനിക്കുകയും, പാപമില്ലാതെ ജീവിക്കുകയും, പാപപരിഹാരമായി മരിക്കുകയും ചെയ്യണമായിരുന്നു.

ഭൂമിയിൽ പാപം ഒഴികെ, എല്ലാ പ്രശ്നങ്ങൾക്കും യേശുക്രിസ്തു ഭൂമിയിൽ വന്നു മരിക്കാതെ തന്നെ ദൈവത്തിനു പരിഹാരം വരുത്തുവാൻ കഴിയുമായിരുന്നു. ലൂക്കാ 5 : 32 ൽ യേശു പറഞ്ഞു, ഞാൻ വന്നിരിക്കുന്നത്‌ നീതിമന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌. ഒരു പാപിക്ക് മാത്രമേ, പാപങ്ങളിൽ നിന്നും രക്ഷിക്കുന്ന യേശു എന്ന രക്ഷകന്‍റെ ആവശ്യമുള്ളൂ.

പഴയ നിയമ കാലത്തു മനുഷ്യന്‍റെ പാപം എന്ന രോഗത്തെ തിരിച്ചറിയാൻ ദൈവം ഒരു സ്കാനിംഗ് ഉപകരണം കൊടുത്തിരുന്നു.അതിൻ്റെ പേരാണ് നിയമം അഥവാ ന്യായപ്രമാണം. ന്യായപ്രമാണത്തിന് മനുഷ്യന്‍ പാപിയാണ് എന്നുള്ള ബോധ്യം നല്‍കാൻ സാധിച്ചു എങ്കിലും, പാപം എന്ന രോഗം സൗഖ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. അതായതു രോഗ നിർണയത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു, അല്ലാതെ രോഗസൗഖ്യത്തിനുള്ള മരുന്നായിരുന്നില്ല നിയമം അഥവാ ന്യായപ്രമാണം. പാപത്തെ നീക്കുവാൻ നിയമത്തിനു കഴിയാതെയിരുന്നപ്പോൾ, യേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിലേയ്ക്ക് വന്നു.

യേശുവിനാലും, വചനത്താലും, താൻ പാപിയാണ് എന്ന് ഒരു മനുഷ്യനു ബോദ്ധ്യപ്പെടുകയും അവൻ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുകയും, കർത്താവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ കർത്താവ് അവൻ്റെ പാപരോഗത്തെ പരിപൂർണ്ണമായി സൗഖ്യമാക്കുന്നു. മാത്രമല്ല, അതോടെ പരിശുദ്ധാത്മാവ് അവൻ്റെ ഹൃദയത്തിൽ വന്നു അവനെ തൻ്റേതാക്കി മുദ്രയിടുന്നു.

ക്രിസ്തുവാകുന്ന വചനം പ്രസംഗിക്കപ്പെടുമ്പോള്‍, അത് മനുഷ്യനെ പാപ ബോധത്തിലേക്കും, മനസാന്തരത്തിലേയ്ക്കും മാത്രമല്ല പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്കും നയിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്